Friday, March 30, 2018

മേരിയെ കണ്ടുമുട്ടുമ്പോൾ

മേരീ,
ലോകത്തിന്റെ പാപം പേറിയവൻ
നിന്റെ മടിയിൽ മരിച്ചുകിടന്നിട്ടുണ്ട്.
പെറ്റവയറിന്റെ ചുളിവുകളോട് ചേർത്ത്
അന്നേരമവനെ നീ
നാഥനെന്നുമാത്രം വിളിച്ചിട്ടുണ്ടാവണം.
മുറിവിലെ ചോരയിൽനിന്നവന്റെ കൈയ്യെടുത്ത്
മതിവരുവോളം ചുംബിച്ചിട്ടുണ്ടാവണം.
നീ തലോടിയ തണുത്ത ദേഹത്തവൻ
മൂന്നുനാളിനു മുൻപേ, ഒരുവട്ടം
ഉയർത്തിട്ടുണ്ടാവണം.
തരിശുകിടക്കുന്ന പലനെഞ്ചിലും 
പിഞ്ചുകാലുകൊണ്ട്
തച്ചന്റെ വീട്ടിലെ
ഒരു മേശയെങ്കിലും
മറിച്ചിട്ടിട്ടുണ്ടാവണം.

Thursday, March 8, 2018

കവിതയില്ലാത്ത രണ്ടുചിന്തകൾ.

-വന്ധ്യത-

നമ്മുടെ കഴിവിൽ
മറ്റുള്ളവർക്ക് വിശ്വാസമില്ലാതാവുന്നതും
അതുതന്നെ.

-പാദസേവ-

അടുക്കളവരാന്തയിൽ നിന്ന് ഇറയത്തേക്ക്
അമ്മയുടെ ചുമലിൽ
അച്ഛന്റെ ചെരുപ്പ്.

Tuesday, January 23, 2018

മൊട്ട

(പടം പിടിച്ചത്: സജിത്)
വരൂ, നമുക്ക് പൂക്കാത്തമരങ്ങളെക്കുറിച്ച് സംസാരിക്കാം.
മഴവന്നു പോകുമ്പോൾ
മരിച്ചുവളമാകുന്ന അവരുടെ ശിഖരങ്ങൾ
ആരാമത്തിനു കൊടുത്തുപോയ
ആയിരംവസന്തങ്ങളെ മറന്നുകൊണ്ടുതന്നെ...

Monday, January 22, 2018

#MeToo


(ചിത്രം ഇവിടെനിന്ന്: https://www.pinterest.com/pin/301600506279226363/ )
പൊതു ഇടത്തിൽ
പകർത്തിയെഴുതാനറിയാത്ത
പലവരികൾ... 

ആശുപത്രി വരാന്തയിൽ
വലിച്ചടക്കപ്പെട്ട വാതിലിനു മുഖാമുഖം
ഇരപിടുത്തക്കാരന്റെ വിരലിനാൽ
ഇറുക്കപ്പെട്ടവരേയും കൊണ്ട്
മണിക്കൂറുകളോളം,
അമ്മയായിങ്ങനെ
ചുമരുപറ്റി നിൽക്കുന്നതെത്രപേർ?

വഴിയാത്രക്കാരന്റെ
വഴുക്കുന്ന നോട്ടത്തിൽ
തിരക്കിനു നടുവിൽ
വസ്ത്രമുരിയപ്പെട്ടതെത്രപേർ?

ഇടവഴിയോരത്ത്
പള്ളിക്കൂടസഞ്ചിയുമായി ഓടിപ്പോകുമ്പോൾ
ആണടയാളങ്ങൾ കാട്ടി
തിരിച്ചോടിക്കുന്നതെത്രപേർ?

വേദനയൊലിച്ചിറങ്ങുന്ന ഗുഹയിൽ
ചുവന്ന മഴയുടെ ശൂന്യതകണ്ടുരസിച്ച്
മൂന്നുവയസ്സുകാരി മകൾക്കു മുന്നിൽ
ഒന്നരവയസുകാരിയെ പ്രാപിക്കുന്നതെത്രപേർ?

വിനോദത്തിന്റെ കൊട്ടകമുറിയിൽ
വെളിച്ചം കെട്ടുകഴിയുമ്പോൾ
കൈക്കുഴിവിടവിലൂടെ ദുഃസ്വപ്നം പോലെ വന്ന്
മാറിടം വലിച്ചുപറിക്കുന്നതെത്രപേർ?

പകച്ചും പേടിച്ചും
തളർന്നുകിടക്കുന്ന ശരീരത്തിലേയ്ക്ക്
സങ്കരയിനം വിത്തുകൾ വിതറി
കർഷകശ്രീകളാവുന്നതെത്രപേർ?

തുടർക്കഥ പകർത്തുന്നവരും
പതിവു കേൾക്കുന്നവരും
കഥയില്ലാതൊഴുകിയിറങ്ങുന്ന
കന്യകാത്വങ്ങളോർത്ത്
തെരുവിൽ നിലവിളിക്കുന്നു.

അപ്പൊഴും, ചേരികളുടെ കവാടങ്ങളിൽ
ചരടുകളിൽ ബന്ധിച്ച പെണ്ണുങ്ങളെ
കലപ്പയിൽ കെട്ടിയിട്ടുതെളിക്കുന്ന
തിരക്കിലാണ് നമ്മൾ!

Sunday, January 14, 2018

അവറാച്ചന്റെ കത്തുകൾ

(ചിത്രം ഇവിടെ നിന്ന് : here)
മാങ്ങാപ്പഴം തിന്നുന്ന കൂട്ടുകാരിക്ക്,
ഇതിങ്ങ് കോഴിക്കോടു നിന്നാണ്.
ഓർമ്മയുടെ മഞ്ഞകേറിയ ഏതോപുറത്തിൽ
ഓർത്തുകൊണ്ടുമാത്രം കണ്ടുമുട്ടുന്ന
നമ്മളെക്കുറിച്ച് ഓർമ്മിപ്പിക്കാൻ
അവറാച്ചൻ എഴുതുന്നത്.

നിന്റെ പഠിപ്പും പഠിപ്പീരും
നല്ലതെന്നു കരുതുന്നു.
അവിടെ, ഒപ്പമുള്ളവരൊക്കെ
ഒത്തിരി വലിപ്പത്തിലെത്താൻ
തമ്പുരാനോട് പറയുന്നു.
തല്ലിയോടിച്ചതിനെയൊക്കെ തിരിച്ചുതരാൻ
തല്ലുകൊണ്ടവർക്കുതന്നെ തോന്നട്ടെ...

കാലമങ്ങനെ ഉരുണ്ടുനടക്കുമ്പൊ,
സ്നേഹംകൊണ്ട് പഴുത്തും പഴുപ്പിച്ചും
നമ്മളൊക്കെ മാവിലകളാവില്ലേ,
അന്നേരമിത്തിരി ഉപ്പുവിളമ്പുവാൻ
നീ അയക്കുന്ന ഓരോകടലാസ്സും
ഞാനിവിടെ നെഞ്ചിലൊളിച്ചുവയ്ക്കുന്നു.
ഓർമ്മപ്പിശകിന്റെ വൈകുന്നേരങ്ങളിൽ
എന്നെ മാന്തിപ്പൊളിച്ചു നിന്നെ വായിക്കുന്നു.
മേടയിലെ ഒടുവിലെത്തിരിക്കും കാവലിരിക്കാൻ
ചിലനേരമതെന്നോടു പറയുന്നു.

എടീ കൊച്ചേ,
നേരിന്റെ ചുരമിറങ്ങുമ്പോൾ
വിറയ്ക്കുന്ന കൈയുള്ളൊരു വയസ്സന്റെ കണ്ണീരിലൂടെ
നീ നടന്നുപോകുന്നത്
എന്റെ കണ്ണുകൾ ഒപ്പിവയ്ക്കുന്നു.
ഓർമ്മയുടെ പിടിവള്ളി മുറിയുന്ന നേരത്ത്
നിന്നെ ഓർത്തുകൊണ്ട് ഞാൻ
ഉയർത്തെഴുന്നേൽക്കുന്നു.
കല്ലായി*കടന്നന്നേരമൊരു കാറ്റ്
എന്റെ കവിളിലെ
വറ്റിയപുഴയുടെ ചാലുകീറുന്നു.

അകലെയിരുന്നെങ്കിലും
ശൂന്യതയുടെ പടമുരിഞ്ഞുഞാൻ,
പതിവുപോലെന്നെ ഇറക്കിവച്ച്
നിന്റെ പരാതികളുടെ ഭാരമേൽക്കുന്നു.
സ്നേഹക്കൂടു പൊളിച്ച്
പുളിപ്പുള്ള മധുരങ്ങളുണ്ണുന്നു.
കയ്യകലങ്ങളിൽ, കണ്ണടച്ചിരുന്ന്
ഓർമ്മക്കമ്പിളിയുടെ പൊടികുടഞ്ഞുപുതക്കുന്നു.

പിന്നെ നിന്നോട് പറയാൻ
മൗനത്തിന്റെ വീഞ്ഞുകുടഞ്ഞുവളർത്തിയ
വാക്കുകളെ കട്ടെടുക്കുന്നു.
കരുതലിൽ പൊതിഞ്ഞതിനെ
കത്തുകളെന്ന് നീ പേരിട്ടുവിളിക്കുന്നു.

ഇവിടെ, ഒപ്പമുള്ളവരൊക്കെ
മരങ്ങളായും മനുഷ്യരായും വളരുന്നു.
മുറിവുകളിൽ സ്നേഹം വിതച്ച്
സ്നേഹത്തോട് പൊരുതിത്തോൽക്കുന്നു.
ജീവിതം രുചിച്ച് രുചിച്ച്
മാങ്ങാപ്പഴംപോലെ മധുരിച്ചുകൊണ്ടിനിയു-
മെഴുതാമെന്നോർത്ത്
ഇപ്പോൾ ചുരുക്കുന്നു...
എന്ന്, 
അവറാച്ചൻ.

(*കല്ലായിപ്പുഴ)