Saturday, December 20, 2014

(അ)ഭയാർത്ഥികൾ

എഴുതാത്തവരിപോൽ നിശബ്ദരായ്
വിശപ്പിന്റെനേർക്കവർ കൈകൾനീട്ടി.
ആത്മാവിന്നാർത്തികണ്ടപ്പോൾ,
അറിയാതെയെങ്കിലും മുഖമൊന്നുചിരിച്ചു.
പലകാലമായ് മണ്ണിലഭയംതിരഞ്ഞ്,
വെയിൽപ്പാടുകൊണ്ടവർ.
പകൽ തെളിച്ചത്തിലും
ഇരുൾ വെളിച്ചത്തിലും
ഒരുപോലെ കല്ലും കല്ലറയുമായവർ,
പുറമ്പോക്കിലെന്നും പരാജയമെഴുതിയോർ,
ജീവന്റെദാഹം വിശപ്പായ് വിളറിവീഴുന്നവർ.
നിറമില്ലാപ്പുറന്തോലുപോലെ,
വെറും കഥകളായ് കണ്ണിൽ
ജീവിതമെരിപ്പവർ.
മഞ്ഞിച്ച നിഴലുകൊണ്ടിന്നും,
കനവിന്റെയുള്ളിൽ അഭയം വരപ്പവർ.
ചിരകാലം മണ്ണിനെ മഴവില്ലിലേറ്റിയോർ,
ചിതറിത്തെറിക്കുന്ന ചില്ലുകണ്ണാടികൾ,
ഛായാമുഖങ്ങൾ...

Friday, December 19, 2014

അടുക്കളത്തോട്ടം

അ) അടുപ്പും തീയും
                   വെന്തും വേവിച്ചും
                   വിശപ്പിനു
                   ശ്വാസമാകുന്നോർ.

ആ) ചോറ്

                   ചുടുചുടെയാവി പറന്ന ചെമ്പൻ*
                   കുമ്പയ്ക്കരിമണിയായതെന്തേ?

ഇ) പച്ചക്കറി

                   ഇന്നുനിറമൊത്തിരി
                   നാളെ ഗുണമിത്തിരി.

ഈ) കറിപ്പൊടികൾ

                   മഞ്ഞയായ്‌ ചുവപ്പായ് കറുപ്പായ്
                   മുന്തിയ എരിവു പൊള്ളിച്ചു നീ,
                   അടുക്കളമച്ചിൽ സമാസമം.

ഉ) അമ്മി

                   ഉരസിയുടഞ്ഞെത്ര
                   രുചിക്കൂട്ടുതന്നു.
                   ഉരസലിൽ ജീവിത-
                   മെത്രയുടച്ചു.

ഊ) ഉപ്പ്

                   നീരോളമൊഴുകി നീ
                   ചേർന്നില്ലയെങ്കിൽ
                   അമ്മക്കു നെഞ്ചിൽ
                   വേവും വിയർപ്പും,
                   'രുചിയിതുപോരേ?'

ഋ) ചൂല്

                   പലകാലമൊത്തിരി
                   സേവിച്ചു ശുഷ്ക്കിച്ച
                   കഥയുണ്ട് ചൊല്ലാൻ.

എ) അമ്മക്കൈ

                   കുതിർന്നു ക്ഷീണിച്ച്,
                   ഞരമ്പുകളെല്ലിച്ച്,
                   വിധികൊണ്ടു വീർത്തോ-
                   രൻപിന്റെയുരുള.


                   കാലം കഴിഞ്ഞിട്ടും
                   കഥമാറിയില്ല..


(*ചെമ്പാവരി)

Thursday, December 18, 2014

നക്ഷത്രക്കാഴ്ചകൾ

ആകാശം,
നീ, നിലാവിലുറങ്ങിയ
സ്വപ്നക്കണ്ണുകളെ,
പകലിലും തെളിയിച്ച്
കാഴ്ചവറ്റിക്കുന്നൊ-
രിരുണ്ട കാട്ടാളൻ.
നിന്റെ മടിയിൽ
ഇമകളടർന്നവർ
ചിമ്മാനറിയുന്ന
ഇരുൾവെട്ടമായോ?
അതോ,
ചിരിക്കാനറിയുന്ന
നക്ഷത്രമായോ?
ആകാശത്തടവറയിലിന്നും,
ഇമയില്ലാത്താരകൾ
ഉറങ്ങുവാനാകാതെ
ഉണർവുകളറിയാതെ..

Wednesday, December 17, 2014

തലക്കെട്ടുകളില്ലാതെ..

കുഞ്ഞ് :
ഉന്നംപിടിച്ചവർക്ക്
ഉന്നതിയിലെത്തുവാൻ
തിരകൊണ്ടുവീണ
മതമായി ഞാൻ.
അമ്മേ, നീതന്നൊ-
രുമ്മക്കും ഉരുളക്കുമപ്പുറം
കുഞ്ഞായിരുന്നില്ല ഞാനവർക്ക്.
ഞാനപ്പോൾ,
നിറയൊഴിക്കാനൊരുത്തരം.
നിലയില്ലാകയത്തിൽ
ജീവനുപേക്ഷിച്ച
ഒരുവലിയ ഉത്തരം.
ചോദ്യങ്ങളില്ലമ്മേ..

അമ്മ:
എന്റെ മരവിപ്പ്‌
നിങ്ങൾക്കു വിപ്ലവമാകുമോ?
എന്റെ പ്രതികരണം
നിങ്ങൾക്കു പ്രതികാരമാകുമോ?

കാഴ്ച:
കാവിയായ് പച്ചയായ്
വെളുപ്പായ് ചെന്നിട്ടു
മണ്ണിന്റെ കണ്ണുകക്കുന്നവർ,
പാപികൾ.
ഇന്നു ദൈവത്തിന്റെ
പേരുവിൽക്കുന്നവർ,
പച്ചമാംസത്തിന്റെ
ഗന്ധം രുചിച്ചവർ,
ഒരു മീമാംസക്കിരുപുറം
പുതിയ കഥകളെഴുതിയോർ,
പടച്ചകൈകളിലും
പ്രതികാരമെഴുതാൻ
പടയൊരുക്കുന്നവർ,
പാപികൾ..മഹാപാപികൾ..
പെഷവാർ..
ഞാനും നിങ്ങളും
നമ്മളൊക്കെയും
ഭീരുക്കളായാൽ,
ഇനിയുമവർ വരും.
കൊല്ലും.. കൊല്ലിക്കും,
നമുക്കുവേണം മോചനം.
ഇനി ഭൂമിയിൽ
പിഞ്ചുകൈകൾ
ജീവനായ് കേഴുന്നകാഴ്ച
കണ്ടുകൂടാ, നമ്മൾ കണ്ടുകൂടാ..

Tuesday, December 16, 2014

ബോധി.

ജനനവും മരണവും
ചക്രവാളത്തിനു
മപ്പുറത്തായാൽ
ആശിക്കയില്ലേ ഞങ്ങൾ,
അസ്തമയത്തിനായ്?
പറയൂ പ്രിയപ്പെട്ട ബുദ്ധാ,
കപിലയിൽ വളർന്നൊരു
പോർമരമാകാതെ
ബോധിയായെന്തിനിളം,
തണലുതന്നു?
ആശകൾവിട്ടോടി
ആത്മാവുകാണുവാൻ
ഗയയിലേക്കെന്തിനു
കൈകൾപിടിച്ചു?
ദിക്കുതിരിക്കാ നിശബ്ദ-
തകൊണ്ടെന്തേ
ബോധങ്ങളൊന്നായ്,
പകുത്തിങ്ങുതന്നു?
അറിയണം,
ബോധിവൃക്ഷത്തിന്റെ നാളം
ആ കപിലരേണുക്കളിൽനിന്നും.
പറയൂ ബുദ്ധാ,
പരസ്പ്പരമാശകൾ വയ്ക്കാതെ
ജീവന്റെയക്കങ്ങൾ മണ്ണിൽകുറിക്കാതെ
എങ്ങനെയായ് ബോധവാനാകാൻ!
പറയൂ, പ്രിയപ്പെട്ട ബുദ്ധാ..

Monday, December 15, 2014

ചിലരോട്..

ഇവിടെ ജീവിച്ചുമരിച്ച ഒരുവൾ. അവൾ ഒരു 'ഞരമ്പാണെന്നു' നിങ്ങൾ എങ്ങനെയാണു പറയുക? അങ്ങനെയൊരു വാക്കിന് എന്താണു നിങ്ങളെ പ്രേരിപ്പിച്ചത്?
നിങ്ങൾക്കവളോടടുപ്പമുണ്ടോ?
അതോ നിങ്ങളിലെ ഞരമ്പു തിരിച്ചറിയാത്തവരെല്ലാം 'വെറും' ഞരമ്പുകളാണോ?
പൊള്ളയായ ഉത്തരങ്ങൾ കൊണ്ട് നിങ്ങൾ പറഞ്ഞതിനെ പെരുപ്പിച്ചുകൊള്ളൂ.
പക്ഷേ, അതു ഹൃദയങ്ങളിലേക്കടിച്ചേൽപ്പിക്കരുത്.
കാരണം, അവളെ വായിച്ചവരിലും ഒരു ഞരമ്പുണ്ട്,
ഏഴുത്തോലയെ കാമുകനായ്ക്കണ്ട് അവനിൽ മരിച്ചവളെ പ്രണയിച്ചൊരു നീലഞരമ്പ്‌.
വാകച്ചോട്ടിലവളുറങ്ങിയിട്ടും ഉറക്കംവരാത്തൊരോർമ്മഞരമ്പ്‌..


മട്ടിക്കുണ്ട*

വരണ്ട വിരൽപ്പാടുകൾ നിനക്കുമേൽ
നാമേറ്റ നെടുവീർപ്പുപോലെ.
പുകമണം പരക്കാൻ സമയമായി,
ചിതൽപ്പൊത്തിലേക്കിനി
ഒരുമിച്ചു യാത്ര.
മറക്കില്ല മണ്ണിൽ
നീ തന്ന ദാഹവും,
നീ തന്ന ശമനവും.
മറക്കില്ല,
മൃതിജലമായ് ചിതയിൽ
പൊട്ടിവീഴുമ്പൊഴും.
ഒപ്പമുടഞ്ഞു നീ
മണ്ണിൻ ചീളുകളാകവേ,
കണ്ണീരിൻ സ്വപ്നത്തി-
ലിനിനാമിരുപേരും മൃതർ.
ബലിച്ചോറുരുട്ടുമ്പോൾ
കൈകൊട്ടുമോർമ്മകൾ,
ഓർമ്മകൾ, നാമിനി അത്രമാത്രം..
(*മണ്‍കുടം)

Saturday, December 13, 2014

ഉന്മാദിയുടെ പാട്ട്

നീലരാത്രിയുടെ  ഒർമ്മയിലാണ്
അവളുടെ താഴ്വരയിൽ
പനകൾ തളിർത്തതും ചെമ്പകം പൂത്തതും.
അന്നാകാശത്തിന്റെ വാതിൽ തുറന്നൊരു
ഗന്ധർവനവളുടെ സ്വപ്നത്തിൽ വന്നു.
വെള്ളനിറമുള്ള പൂക്കളെകൊടുത്തയാൾ
ഉന്മാദിയാക്കിയവളുടെ,
ഓർമ്മകളെടുത്തു.
അവന്റെ കണ്ണിണച്ചൂടിൽ
കാലം മറന്നുപോയവൾ
ആകാശക്കൊമ്പിൽ ചേക്കേറിയ
ദേവതയായി.
ഓർമ്മകൾ നശിച്ചിട്ടും
കാമനകൾ നശിക്കാത്ത
ഗതകാല ശില്പമായ്
അവളെന്നശില്പി,
ആകാശക്കൊമ്പിലിരുന്നിപ്പോഴുമാ-
താഴ്വരനോക്കി പാടുന്നുണ്ട്..

Friday, December 12, 2014

ചെമ്പകച്ചോട്ടിൽ

ഒരുനാളിലകൾകൊഴിയുംപോലെൻ
പലനാൾ മണ്ണിന്നോർമ്മകളാകും.
പകലിൻചിറകാം ഋതുഭേദങ്ങൾ
ഇരുളിലലിഞ്ഞൊരു നിഴലായ്ത്തീരും.
അവിടെയടഞ്ഞുകിടക്കും വാതിൽ
കണ്ടുമറന്നൊരു ജാലകമാകും.
അതിനോരത്തെന്നരുമയിണക്കിളി,
നിറമില്ലാത്തൊരു ചെമ്പകമായി..
അവനിൽപടർന്നോരാശകളപ്പോൾ
ആകാശംപാർത്തൊന്നുചിരിച്ചു.
വരില്ല ഞാനാമടിയിലുറങ്ങാൻ,
വരില്ല ഞാനെൻ തണലിനെവിട്ട്,
പ്രാണനലിഞ്ഞീ മണ്ണിനെവിട്ട്,
മണൽപ്പരപ്പിൽ മുത്തുകൾ പൂത്തത്
ഇവിടീ ചെമ്പകച്ചോട്ടിൽ മാത്രം..

Thursday, December 11, 2014

അമ്മത്തവളയും കുഞ്ഞിത്തവളയും

അമ്മക്കുണ്ടൊരു കുഞ്ഞിത്തവള
കിക്കിരി മാക്കിരി പോക്കിരി തവള.
പാടവരമ്പത്തൂയാലാടി
ചാടിനടന്നവൾ/ൻ പാട്ടുകൾ പാടി.
ടപ്പോ ടപ്പോ ഇടിവെട്ടുമ്പോൾ
ചക്കരമുത്തായ് മഴപെയ്യുമ്പോൾ
അമ്മത്തവളക്കരുകിലണഞ്ഞി-
ട്ടിമ്മാതിരിയൊരു പോക്രോം ചൊല്ലി,
പാടവരമ്പത്തയ്യോ കണ്ടു
മുട്ടൻ തടിയൻ ചേരച്ചേട്ടൻ.
പേടിച്ചിട്ടെൻ മുട്ടു വിറച്ചു
പാവം ഞാനോ ഓടിയകന്നു.
എന്നാലും ഞാനാവഴിയോർത്തു
അമ്മപറഞ്ഞിട്ടില്ലേ പാരിൽ
നമ്മെ വിഴുങ്ങാൻ പാമ്പിൻപറ്റം
പമ്മിയൊതുങ്ങി ചുരുണ്ടു നടക്കും,
അതുകൊണ്ടീവഴിയെല്ലാമുലകിൽ
നോക്കിനടക്കൂ നീയെൻ കുഞ്ഞേ..

പകലിന്റെ കാമുകീ..

പകലിന്റെ മോഹങ്ങൾ
കുടിച്ചുവറ്റിച്ചിട്ടെന്തിനാ-
ണിരുളിൻ നിറമുള്ള രാത്രികൾ?
പറയാനൊക്കെയറിഞ്ഞി-
ട്ടുമെന്തിനീ ദീർഘമൗനത്തിന്റെ
ഇടവേളകൾ?
പിരിയാതിരിക്കാമെന്നിരിക്കേ,
പടവിന്റെ-
പാതിവഴിയിലുപേക്ഷകൾ.
വറുതികൾ നീയായെരിഞ്ഞു തീരെ
കണ്ണിലലിവിന്റെ കാമനത്തട്ടം.
ചുണ്ടിലരുമസ്നേഹത്തിന്റെ മധുരം.
ഒക്കെയൊതുക്കി നീ കൈകൾ നീട്ടി,
പറയാൻ പതുക്കെ സ്വരമുയർത്തി,
പുകച്ചുരുളായ്,
ഇലകൊഴിഞ്ഞോരു ചന്ദനത്തണലിൽ
വഴിതെറ്റിവന്ന വസന്തമായി.
പകലിന്റെ കാമുകീ,
നിനക്കിന്നിരുളിന്റെ ശയ്യയിൽ
വെറുമൊരു സന്ധ്യാമയക്കം..


(നീർമാതളത്തെ വായിക്കാൻ പറഞ്ഞ എന്റെ പ്രിയപ്പെട്ട താച്ചിക്ക്)

Wednesday, December 10, 2014

കുഞ്ഞേ..

അമ്മയാവുകയെന്നാൽ
നിന്റെ നാവോള-
മമ്മിഞ്ഞയാവുകയെന്നായ്.

(പ്രിയപ്പെട്ട ഫൗസിയബിലാലിനും അവളുടെ തക്കിടിമുണ്ടനും..)

Tuesday, December 9, 2014

ആകാശത്തിന്റെ ശിഖരം മുറിഞ്ഞപ്പോൾ

(മുറിച്ചു വീഴ്ത്തലിലും വെട്ടിയൊതുക്കലിലും മുറിപ്പെട്ട എല്ലാ അമ്മക്കിളികൾക്കും..)

പുറംതൂവലൊക്കെ പൊഴിഞ്ഞൊരമ്മക്കിളി
മുറിവേറ്റ ചിറകാലുരുമ്മിനിന്നു.
ദാഹങ്ങളൊഴിഞ്ഞ കണ്ണുകൊണ്ട്
കാലത്തെനോക്കി തളർന്നിരുന്നു.
വെട്ടിയൊതുക്കിയ പിടച്ചിലോർത്ത്
ആകാശമപ്പോൾ വിതുമ്പിവീണു.
അമ്മക്കിളിക്കുമുണ്ടായിരുന്നാ-
വാനിൻ ചുവട്ടിൽ
പഞ്ഞിപ്പുതപ്പുള്ള കുഞ്ഞിക്കിളികളും,
അവർക്കുറങ്ങാനൊരരുമക്കിളിക്കൂടും.

പൊട്ടിച്ചെറിഞ്ഞില്ലേ ശിഖരങ്ങളറുത്ത്,
ആകാശത്തിനും അതിരുകെട്ടിയോർ നമ്മൾ.
അവൾക്കിളംകിളിയെ ചിറകിലൊതുക്കാ-
നിടം കൊടുക്കാതെ
അവളുടെ കുഞ്ഞിനുറങ്ങാൻ ചില്ലയും കൊടുക്കാതെ
തിരിച്ചയച്ചില്ലേ മണ്ണിൻ ചുവട്ടിൽ.
പുറംതൂവലൊക്കെ പൊഴിഞ്ഞൊരമ്മക്കിളി
പാപിയായ് പാവമായ്
പഴങ്കഥയായി..

Monday, December 8, 2014

ഒരു പുഴ ജനിക്കുന്നതും കാത്ത്.

ഒന്നായൊഴുകി പിണങ്ങുവാൻ വയ്യാതെ
രണ്ടുവഴിക്കു പിരിഞ്ഞവർ,
അവൾ പുഴയും അവൻ പരലും.
അവർ,
സ്വപ്‌നങ്ങൾ സ്വത്തായ് പകുത്ത്
സ്വർഗത്തിലേക്കു നടന്നു കേറുംവഴി
മേഘങ്ങളാൽ ശപിക്കപ്പെട്ട്
മണ്ണിൽ പടുജന്മമായി.
അതിൽ പിന്നെ എന്തിനോ
മടുത്തും മടുപ്പിച്ചും
വരണ്ടതീരം കണ്ട
വഴികൾ പോയി.
വറ്റിച്ചു നിന്നെ ഞാൻ,
പറ്റിച്ചു നീ എന്നെ,
തീരങ്ങളെണ്ണി പകച്ചുനില്ക്കുന്നിതാ.
എന്നിൽനിന്നെന്നിലേക്കൊഴുകിയടുക്കാതെ
കടലിന്റെ മടിയിൽ പാടിപ്പരന്നു നീ.
തിരകളെ ചുംബിച്ച
ചെഞ്ചുണ്ടുകണ്ടു ഞാൻ,
നിന്നെ മേഘപരപ്പിൽ
വിചാരണക്കിരുത്തുന്നു.
വിധി പറഞ്ഞവൾ
കരയുന്ന മാലാഖ,
തിരികെവിളിച്ചവളെ മഴമുത്തുകൊണ്ട്.
ഒരു പുഴ ജനിക്കുന്നതും കാത്ത്
അവളുടെ ജാരനാം പരലിപ്പൊഴും
കടൽപ്പരപ്പിൽ തപസ്സിരിക്കുന്നു..

(ആന്ധ്രയിൽ ഗണ്ടി പാലത്തിനുതാഴെ വരണ്ടുപോയൊരു പുഴയുണ്ട്.
പേരുംപെരുമയുമറ്റ് മണൽപ്പുഴയായവൾ..
അകലത്തെങ്ങോ അവളെയോർത്തിരിക്കുന്നൊരു കാമുകനുണ്ടായിക്കോട്ടെ..)

Sunday, December 7, 2014

രാമനോട്.

എന്തു വിചാരിച്ചു രാമാ,
ഒരുപെണ്ണിന്റെ മുഖമറുത്തപ്പോൾ
മൗനംകൊണ്ടതിനനുവാദം കൊടുത്തപ്പോൾ
ഒഴികണ്ണുമായതു കണ്ടുനിന്നപ്പോൾ
എന്തുവിചാരിച്ചു രാമാ?
ഞാൻ വെറുമൊരു പെണ്ണല്ല,
പലതായി മാറാനറിയുന്ന,
പ്രതികാരം പടർത്താനറിയുന്ന,
പത്തുതലയുള്ള ദ്രാവിഡയാണ്.
ഇരുട്ടിന്റെമറവിൽ പതിഞ്ഞൊന്നുനിന്ന്,
പലരെയുംകൂട്ടിഞാനൊളിപ്പോരുതെളിക്കും.
നിന്റെ കാഞ്ചനസീതയെ ശപിച്ചും ശപിപ്പിച്ചും,
കലികാലരാവണയുദ്ധം നടത്തും.
എന്തറിഞ്ഞൂ നീ രാമാ?
ആയിരം കൈകൊണ്ടു ചുടുചോറുവാരിഞാ-
നാർത്തലച്ചെന്റെ തലമുറയെ ഊട്ടും.
അവരുറങ്ങാതിരിക്കാൻ തഴപ്പായിൽ,
മുഖമറുത്തോരു കഥകൊത്തിവയ്ക്കും.
എന്തു പറയുന്നൂ രാമാ,
വാളെടുക്കുന്നോ,
വിശുദ്ധമായ് ഉപചാരംവക്കുന്നോ?
എന്തുപറഞ്ഞാലും പരാ,
മോഹംകൊണ്ടഗ്നിപരീക്ഷനടത്തി നീ
മോഹിച്ചവളുടെ മുഖമറുത്തപ്പോൾ
മണ്ണെടുത്തുപോയ് നിന്റെ സീതായനങ്ങൾ.
മണ്ണിൽ പ്രതികാരമൊരുപക്ഷമല്ലത്രേ!

മനുഷ്യാ, നിന്നെ വരക്കാൻ വരകളില്ല!

കൊന്നുതിന്നുന്നു
കൊല്ലാതെ തിന്നുന്നു
ഭാണ്ഡമഴിച്ചതിൻ
പങ്കുപറ്റുന്നു
കണ്ടുകണ്ടയ്യോ
നെഞ്ചുനീറുന്നു
തൊണ്ടകാറുന്നു,
കണ്ടും കേട്ടും
മതിയായി
മരവിച്ചു
മരപ്പാവയായി
എന്നിട്ടും
മറക്കാനാകുന്നില്ല
കരിതേച്ച നഗ്നത
കഴുതപ്പുറത്ത്..
കൈകൊട്ടിയാർക്കാൻ
കഴുതകൾ പുറത്ത്..

( പ്രത്യേകശ്രദ്ധക്ക്,
എണ്‍പതുകാരിക്ക് കഴുതപ്പുറത്ത് യാത്ര.
അടുത്തത് നീയാണ്
ഇനിയവർ നിന്റെ കഴുത്തറുക്കും.)

Saturday, December 6, 2014

ഹിജാബ്

ഹിജാബ്..
പ്രിയപ്പെട്ട അങ്കവസ്‌ത്രം,
തുരുമ്പിച്ച വളകളെ
ഒളിപ്പിച്ച സുറുമയെ
തുടച്ചൊപ്പിമാറ്റിയ
കറുത്ത വസ്‌ത്രം.

ഹിജാബ്..
നീയെന്റെ അടിമ വസ്ത്രം,
അടിമയാമെന്നിലൊളിച്ച വസ്ത്രം,
അതിരുകൾ താണ്ടിനാമൊത്തുപോകാ-
നിടംതേടിയെന്നിലലിഞ്ഞ വസ്ത്രം.  

ഹിജാബ്..
എന്തിനാണു നീ മരുഭൂമിയിൽ വന്നത്?
കറുപ്പേറ്റു മരിക്കാനോ?
വെയിലേറ്റു ശമിക്കാനോ?

അവസരവാദി

മഴതന്ന മുറിവുകൾ
പോരാതെ വന്നപ്പോൾ
മഞ്ഞിന്റെ മാറിൽ മുഖമമർത്തി
ഋതുകൊണ്ടവസരവാദിയായി.

താച്ചിക്ക്..

നിന്നോളമാരുമറിഞ്ഞില്ലെന്റെ
നിഴലിൻ കറുപ്പും
നിശബ്ദശബ്ദങ്ങളും..

Thursday, December 4, 2014

നീതിമാന്റെ നോട്ടം

എനിക്കുവേണമെങ്കിൽ നിന്നെ തുറുങ്കിലടക്കാം,
പരസ്ത്രീ ആയിരുന്നിട്ടും
യോഗ്യനാമെന്നെ നീ പ്രാപിക്കുന്നില്ല,
വേണ്ടതുതരാൻ മനസ്സുകാണിക്കുന്നില്ല.

പെരുമാറ്റദൂഷ്യംകൊണ്ടിവൾ വേശ്യയും
അതു വിധിപ്പാൻ വിധിച്ചവൻ നീതിമാനും.
നല്ലതിലും നല്ലതാമവനവളിൽ
മാനക്കേടിന്റെ പുതുമണം കണ്ടു.
കാരണമില്ലാതെയവന്റെ കണ്ണിൽ
ആ രാത്രിയവളെന്തായിരുന്നോ,
അതായിമാത്രമവളെ നീതിയും കണ്ടു.
കൊള്ളാം, നീതിമാന്റെ നല്ലനോട്ടം!

നിന്റെയഴുക്കുകൾ ചുമക്കാൻ വിധിച്ച്,
ആഴത്തിൽ വേരോടി വിശന്നവൾ വേശ്യ!
വിധിപ്പുകളൊഴിച്ചാൽ നിനക്കു ചുമക്കാൻ,
വരുമിതിലും ചുളിഞ്ഞ കുപ്പായങ്ങൾ വേറെ.
വിശക്കാതെ നീയവളെയൊന്നു നോക്കൂ,
അവൾ പിടഞ്ഞോടുന്ന സുഖങ്ങൾ നോക്കൂ.

വേശ്യകൾ പലായനം ചെയ്ത മണ്ണിൽ
പുണ്യാളൻ പിറന്നില്ലയെങ്കിൽ,
നീതിമാനേ നിനക്കും പിഴച്ചു.
നോട്ടമാണിവിടെ വിശപ്പും വിലാപവും
പാവമാശരീരം ഇരുട്ടിലോടി മറയട്ടെ.


(Inspired by a conversation about Nawal El Saadawi's ' Woman at Point Zero')

Wednesday, December 3, 2014

കേരളാ ടാക്കീസിൽ ആലിംഗനബദ്ധതയും ചുംബനച്ചോപ്പും

എവിടായിരുന്നു നിങ്ങൾ?
അയലത്തെ മൂന്നുമാസ്സക്കാരി
മൂന്നാംമുറയിൽ പീഡിപ്പിക്കപ്പെടുമ്പോൾ,
കവലയിൽ മജിസ്ട്രേട്ടുകോടതിയിൽ
തർക്കവിചാരണ നടക്കുമ്പോൾ,
ആ വരാന്തയിൽ പോയി
ചതുരക്കൂടിനകത്തുനിൽക്കുന്നവന്റെ
മുഖത്തു തുപ്പാതെ,
അവനെ ചെരുപ്പിനടിക്കാതെ,
എവിടായിരുന്നു നിങ്ങൾ?
മുപ്പതാംവർഷത്തിലവളെ
മുഖാമുഖം ചെയ്ത
തീക്കൊള്ളി വായിച്ചുരസിക്കുമ്പോൾ,
എവിടായിരുന്നു പിന്നെയും നിങ്ങൾ?
വെട്ടത്തും ഇരുട്ടത്തുമവൾക്ക്
കൈയും കരളും വിറക്കാതിരിക്കാൻ
കസർത്തു പഠിച്ചപ്പോൾ,
വേലിക്കുപുറകിൽനിന്നവളുടെ
എല്ലെണ്ണിരസിച്ചോരെ നോക്കാതെ,
എവിടായിരുന്നു പിന്നെയും-
പിന്നെയും നിങ്ങൾ?
നീ ബദ്ധതയും ചോപ്പും പറഞ്ഞെന്റെ
വായനപ്പത്രം നിറച്ചപ്പോൾ
ഒന്നു പറയാതെവയ്യെന്റെ കണ്ണേ
ഒരു പെണ്ണു നശിപ്പിക്കപ്പെടുമ്പോൾ
ഒരായിരം പെണ്ണുങ്ങൾ ഒത്തുനശിക്കുന്നു.
ഒരു കുഞ്ഞു കൊല്ലപ്പെടുമ്പോൾ
ഒരായിരം കുഞ്ഞുങ്ങൾ
ചിതയിലൊടുങ്ങുന്നു.
പ്രകാശമില്ലാത്തവരുടെ
ആകാശച്ചുവട്ടിൽ,
ചുംബനച്ചൂടിനും മേലേ വിയർക്കുന്ന
കണ്ണും ചെവിയും നീ മണ്ണിൽ വളർത്തൂ..

Monday, December 1, 2014

ഒരു ചിരിയിൽ എന്തുകാണാം?


 


(ഗൂഗിളിൽ വായിനോക്കുമ്പോൾ കിട്ടിയ 
ഈ ചിത്രം തന്നതാണ് 
'ഒരു ചിരിയിൽ എന്തുകാണം?')

ഒരായിരം ദിവസങ്ങൾ
ഒത്തുകാണാം.
പിന്നെ ചായംപൊഴിച്ച
കുറേ മുത്തുകാണാം.
മതിവരാനോട്ടങ്ങൾ-
കണ്ണിൽ വരച്ചിട്ട
പെണ്ണിന്നും ആണിന്നും
ചിരികൾ പലത്
നോട്ടങ്ങൾ പലത്
കാഴ്ചക്കു കണ്ണിൽ
നിറങ്ങളും പലത്.
ഒടുവിലായ് ചിരി-
തെളിച്ചുപറഞ്ഞെന്റെ
പെണ്ണിനുമാണിന്നും
വലംചിരി ഇടംചിരി.
ആണിന്നു വലംചിരിയിൽ
മണ്ണിന്റെ പച്ചകാണാം.
ഇടംചിരിയിൽ ഇത്തിരി നീലകാണാം.
പെണ്ണിന്നു വിപ്ലവച്ചോപ്പുകാണാം.
പിന്നെ ശ്വാസം നീലിച്ചതിന്റെ
ചവർപ്പുകാണാം..

Sunday, November 30, 2014

വിശപ്പ്

വിശപ്പിനെന്തുകൊണ്ടാണ് 
തടിച്ച ചുണ്ടുകളും ചുരുണ്ട മുടിയും?
വിശപ്പിനെന്തുകൊണ്ടാണ്
കള്ളന്റെ നോട്ടവും പതിഞ്ഞ ശബ്ദവും?
വിശപ്പിനെന്തുകൊണ്ടാണ്
കറുത്തനിറവും വെളുത്ത ആതമാവും?

എനിക്കു വിശക്കുന്നു,
എന്റെ ആത്മാവുചുവക്കുന്നു,
പേരറിയാ വൃക്ഷച്ചുവട്ടിൽ
കലാപം പഠിപ്പിച്ച ചോരപ്പുഴ നനഞ്ഞ്.
വിശപ്പിന്റെ ചുരുളും തടിപ്പും
പാവമെന്നെ കറുമ്പനെന്നു വിളിച്ചു,
അതുകേട്ടാത്മാവിലും ഞാൻ കരിപൂശി വച്ചു.
(Inspired by 'Twelve Years a Slave')
Friday, November 28, 2014

മൂന്നു സുന്ദരികൾ നൃത്തം ചെയ്യുന്നു

ഒന്നാമത്തെ സുന്ദരീ,
നിൻ കാൽചിലങ്കകൊണ്ടിളം
പൈതലിൻ വിവശമാം
കേളികളോർമ്മപ്പെടുത്തല്ലേ.
ചങ്ങലക്കിട്ടൊരാ പൈതലെന്നുള്ളിൽ
നിന്നെന്നോ പിരിഞ്ഞുപോയ്.

രണ്ടാമത്തെ സുന്ദരീ,
മൃദുലമാം ആ വിരൽ
പാടെന്റെ ചിറകോടിണചേർത്തു
വിളമ്പിയ മധുപാത്രം
നീ എടുത്തുകൊള്ളൂ.
മുറിവേറ്റ മുഖങ്ങളിൽ
മനസ്സൊളിപ്പിച്ചെന്റെ
ചിരിക്കാത്ത യൗവ്വനവും
നീ എടുത്തു കൊള്ളൂ.


മൂന്നാമത്തെ സുന്ദരീ,
നിന്റെ ചേലയുടെ സൗന്ദര്യം
ചുളിവുകൾ വീണൊരെന്റെ
സ്വപ്‌നങ്ങൾക്കില്ലായിരുന്ന-
തുകൊണ്ടുമാത്രം ഞാൻ
ഇരുട്ടിന്റെ മറവിൽ
നിന്നെ കണ്ടിരുന്നു.

പോകുന്നു അവർ

പോകുന്നവർ
തീക്കാടുകൾ തേടി,
കശാപ്പിന്റെ കത്തിയും
കൈകളിലേന്തി.
പാരസ്പര്യത്തിൻ
കലപ്പയിലൊഴുക്കിയ
വിയർപ്പും വിശപ്പും
നിനക്കു സ്വർഗം തരട്ടെ.
പോരില്ല ഞാനെൻ
ഭാണ്ഡവും പേറി,
നിനക്കു പിന്നാലേ
നരകഭയത്താൽ.
പിരിയാം നമുക്കീ
കാടിന്റെ വിടവിൽ,
വഴിക്കണ്ണൊതുക്കിയ
ചില്ലതൻ മറവിൽ.
ഒത്തിരിക്കാലം
പിന്നിട്ടു കഴിഞ്ഞു,
തീക്കാടിലേക്കിനി ദൂരം
നന്നേ കുറവ്.
പിരിയാം കാശാപ്പിന്റെ
വേലിത്തടത്തിൽ.
നാം തേകിത്തണുപ്പിച്ച
മണ്ണിൻ മടിയിൽ.
നിശബ്ദരായ് മരണം
നമുക്കേറ്റുവാങ്ങാം.
അവിടാദ്യം പിരിഞ്ഞവർക്കാ-
യൊന്നു വെറുതേ ചിരിക്കാം..(കളിയിക്കവിളയിൽ കണ്ട നീചമായ കാലിക്കടത്തിനോടു പ്രതികരിക്കാനാവാതെ..)

പെണ്‍ചിരികൾ

അടക്കിപ്പിടിച്ച രാത്രിക്കരച്ചിലിൽ
മൂന്നു പെണ്ണുങ്ങളോടായ്
'മൂന്നിലുമുള്ള ഒന്ന് ഏതെന്നു'
സമാധാനത്തിന്റെ ചിരി
ഒരു ചോദ്യം ചോദിച്ചു.
പെണ്‍ചിരി കൊണ്ടൊതുക്കിയ
ഉത്തരം കണ്ടവൾ
സമാധാനമായ് ആ രാത്രി
കിടന്നുറങ്ങി.
പുലർച്ചേ ഉണരാനായ്
കണ്‍ചിമ്മി നോക്കവേ
ഇരുട്ടും വെളിച്ചവും ഇരുട്ടുമാത്രം,
ഇരുട്ടിന്റെ ഉള്ളിലാ പെണ്‍ചിരികൾ വീണ്ടും.

Thursday, November 27, 2014

പാടുന്നു ദേവാ


നിനക്കുള്ളിലെ അരൂപിയാണു ഞാനെന്നുകേട്ട്
ഉറക്കം വരാത്ത കലാപത്തിന്റെ നാളിൽ
അവിശ്വാസിയുടെ വാതിൽക്കൽ
അവൾ ചോറിനുപോയി.
മാനസാന്തരപ്പെട്ട വിശ്വാസിക്ക് 
ചോറില്ലെന്നു പറഞ്ഞവർ,
പരാജയപ്പെടുത്തി അവളെ തിരികെ അയച്ചു.
ഒഴിഞ്ഞ വയറിന്റെ കാറിച്ച മാറാൻ 
വഴിവക്കിൽ അവളൊരു കീറപ്പായ് വിരിച്ചു.
ആകാശം കൊണ്ടതിനു മേല്ക്കൂര വാർത്തു.
പതിഞ്ഞ വിളികൾ കൊടുത്ത മരപ്പിന്റെ തണലിൽ
പിന്നെയുറങ്ങിയവൾ അവിശ്വാസിയായി.

ഒരു രാത്രി നിശബ്ദ പഥികനാം ദേവൻ
കരുണകൊണ്ടിരു ചിറകുവരച്ചവളുടെ
മണ്‍മുറ്റത്തു നിഴൽച്ചിത്രമായ്‌ മാറി
അവളുമലിഞ്ഞതിൽ മണലായി ദേവാ
പാടുന്നു നിശബ്ദമാപഥികനെപറ്റി...

(Inspired by Tagore's 'Silent Steps')

അതിൽ പിന്നെവിശപ്പടക്കാൻ മുന്തിരിച്ചാറിനു വേണ്ടി
തപസ്സുചെയ്തവളുടെ തീൻമേശയിൽ കിട്ടിയത്
ഉപ്പിട്ട ജീവന്റെ തുടിപ്പ്.
ഭ്രൂണത്തെ ഭക്ഷിച്ചതിൽ പിന്നെ
വിശപ്പ്‌ കെട്ടുപോയവൾ
തീൻമേശക്കു മുന്നിൽ വരാതായി..

Monday, November 17, 2014

ഉപകാരപ്പെടാത്ത എന്തോ ഒന്ന്

ഒരു വർഷകാലത്തിന്റെ അവസാനം
എന്താണ് വേഴാമ്പലിനു നഷ്ട്ടപ്പെട്ടതെന്നു
വേടനോടു ചോദിച്ചപ്പോൾ
നിണംപുരണ്ട അമ്പുകൾ നോക്കി
ചിരിച്ചുകൊണ്ടയാൾ പറഞ്ഞു,
ഇടിമുഴക്കത്തിന്റെ ഓർമ്മകൾ.
അതുകേട്ട് അലോസരപ്പെട്ട്
പെരുമഴ പിന്നെയും പെയ്യുമ്പോൾ
അവളുടെ ചോര ഊർന്നിറങ്ങി
അവിടെ ഗോതമ്പിന്റെ നിറമുള്ള
പാഴ്മരങ്ങൾ കിളിർത്തു.
കുളിരുന്നവന് കരിമ്പടമാകാൻ
അവളുടെ ചീഞ്ഞചില്ലകൾ
അപ്പൊഴേ വേടൻ പെട്ടിയിലടച്ചുവച്ചു.
നിങ്ങൾക്കു ഉപകാരപ്പെടാത്ത എന്തോഒന്ന്
ഇപ്പോഴുമാ പെട്ടിയിലുണ്ട്‌ .
വേരു ചീഞ്ഞ ചോളച്ചെടി പോലെ.

Tuesday, September 9, 2014

നല്ല ഉത്തരം.

റിലേക്കിടയിലെ കുഴികൾ വലിയ ഓർമ്മപ്പെടുത്തലുകളാണ്. അതിരു വെട്ടിത്തിരിക്കാതിരുന്ന കാലത്തിന്റെ അപകടമേഘലകൾ. അതു  തിരിച്ചറിഞ്ഞവർ മുള്ളുവേലികൾക്കു ബലമുണ്ടെന്നു മനസ്സിലാക്കും. ഞാനെന്റെ നീർചാലുകൊട്ടിയടച്ചാൽ ലോകത്തിലെ എല്ലാ കനാലുകളും വറ്റിപ്പോകും എന്നു വിശ്വസിക്കുന്നവരോടൊക്കെ എന്തുപറയാനാണ്? നിശബ്‌ദതയാണ് നല്ല ഉത്തരം. ഞാനും അതു തന്നെ പറയാനാഗ്രഹിക്കുന്നു.

നീരുകെട്ടിയ ബലൂണുകൾ .

വലിയ കാര്യങ്ങൾ ചെയ്യുന്നു എന്ന തോന്നലാണ് മനുഷ്യനിലെ ഒന്നാമത്തെ സ്ട്രെസ്സർ. വലിയ കാര്യമെന്നൊന്നില്ല. എല്ലാം ചെറുതുമാത്രം. ചെറുതിന്റെ വലുപ്പത്തിലാണ് വലുപ്പത്തിന്റെ ചെറുപ്പം. വീട്ടിലായാലും പാർലമെന്റിലായാലും ചെയ്യാനുള്ളതങ്ങു ചെയ്യുക. അല്ലാതെ ഞാനിതാ ചെയ്യാൻപോകുന്നേന്നു പറഞ്ഞും വച്ചൊരു ചെയ്ത്, വെറുതെ പറഞ്ഞു പെരുപ്പിക്കാമെന്നല്ലതെ. ചെയ്യുമ്പോൾ ചെറുതായങ്ങു ചെയ്യുക. അതു നിങ്ങൾക്കായുസ്സുകൂട്ടിത്തരും. ചെറുതു വലുതാകുന്നതും ഹൃദയം ചിരിക്കുന്നതും കാണാൻ കഴിഞ്ഞാൽ നല്ലവളോ/ നല്ലവനോ ആയ നീ  ഓർക്കുക, ദൈവം നിന്നെ നല്ല ബലൂണായി അoഗീകരിച്ചിരിക്കും.

Friday, August 29, 2014

എനിക്കുവേണ്ടി ലോകം എത്രവട്ടം അവസാനിക്കണമായിരുന്നു..

ഒരു ഓണപരീക്ഷക്കു കണക്കിനു എട്ടിൽ അമ്പതു കിട്ടിയ ദിവസമാണ് ഈ ലോകമങ്ങവസാനിച്ചെങ്കിലെന്നു ആദ്യമായി ആഗ്രഹിച്ചത്. പിന്നെ അതേ പള്ളിക്കൂടത്തിൽ എന്റെ പെൻസിലു പെട്ടി കൈവശപ്പെടുത്തി പകരം അവളുടെ റൂളിപെൻസിൽ ഞാൻ കട്ടു എന്നാരോപിച്ചുതന്ന കൂട്ടുകാരിയുടെ വഞ്ചനയൊർത്ത്. ചൂളി നാണംകെട്ട്  അടിയും  കൊണ്ട് നിൽക്കുമ്പോൾ ആരോപണത്തിന്റെ തിരമാലയല്ല, മാനക്കെടിന്റെ അഴുക്കുചാലാണ് ലോകാകാവസാനം ആശിക്കാൻ പ്രേരിപ്പിച്ചത്. ചെയ്യാത്ത തെറ്റിന് മനംമടുപ്പിക്കുന്നൊരു ഗന്ധമുണ്ടെന്ന് അന്നുമനസ്സിലായി. പിന്നെ ഇന്നോളം എത്രയെത്ര കാറ്റുവീശലുകൾ. ആ മനം പിരട്ടുന്ന ഗന്ധത്തിന്റെ ഓർമമപോലെ. 

എന്റെ ആഗ്രഹങ്ങളുടെ കഥ തുടങ്ങുന്നതു പള്ളിക്കൂടത്തിൽ നിന്നാണ്. നല്ല കൂട്ടുകാർ. നല്ലതെന്ന് തോന്നിച്ച കൂട്ടുകാർ. പടം വരക്കാൻ കിട്ടിയ ഡ്രായിംഗ് ബുക്ക്‌. ഇംഗ്ലീഷും ചരിത്രവും പറഞ്ഞു തന്ന ബാബുരാജ് സാർ, ചരിത്രം മാത്രം പറഞ്ഞു തന്ന അശ്വതി സാർ.അക്ഷരത്തിന് ശീമനെല്ലിക്കയുടെയും ഉപ്പിന്റെയും ക്ലോറിൻ കലർന്ന പൈപ്പുവെള്ളത്തിന്റെയും രുചിയാണെന്നു പറഞ്ഞുതന്ന സാറമ്മ. ബുദ്ധനെപ്പോലെ പകുതിയടഞ്ഞ കണ്ണുകളുമായി ഇരിക്കുന്ന സാറമ്മ സന്യാസിനിയാണോ എന്ന് ഞാൻ സംശയിച്ചിരുന്നു. ഇനിയൊരു ലോകാവസാനത്തിന്റെ കഥ തുടങ്ങുന്നത് സാറമ്മയുടെ വീട്ടിൽ വച്ചാണ്. ക്ലാസിലിരുന്ന സമയത്ത് അകാരണമായി എനിക്ക് തൂറാൻ മുട്ടിയതും അത് പുറത്തുപറഞ്ഞാലുണ്ടാകുന്ന കൂട്ടച്ചിരിയും നാണക്കേടുമോർത്ത് ഞാനിരുന്ന് വിയർത്തതും ലോകാവസാനമാശിച്ചതും. എന്റെ വെപ്രാളം കണ്ട് വയറുവേദനിക്കുന്നുണ്ടോ എന്ന ചോദ്യവുമായി സാറമ്മ പിന്നാമ്പുറത്തേക്കെന്നെ കൊണ്ട് പോയതും. വളരെ സുഖമുള്ള ചില ഓർമ്മകൾ. ചിലർ അങ്ങനെയാണ്, പറയാത്തതു മനസ്സിലാക്കാൻ ഒരു പ്രത്യേക കഴിവുണ്ടവർക്ക്.

പ്ലസ് ടു കാലത്തിനിടയിൽ ചില ഉരുൾപൊട്ടലുകൾ ഞാൻ ആഗ്രഹിച്ചിരുന്നു. പക്ഷെ ഭീകരമായതൊന്നും സംഭവിച്ചില്ല. അതുകഴിഞ്ഞ് മലയാളവും മനശാസ്ത്രവും പഠിക്കാൻ ആഗ്രഹിച്ച എനിക്ക് ഭൗതികശാസ്ത്രവും ദഹനക്കേടും കിട്ടി. അതുകൊണ്ട് എന്തുനേട്ടമുണ്ടായി എന്നു ചോദിച്ചാൽ കൊല്ലം പത്തുകഴിഞ്ഞൊരു ബമ്പറടിച്ചു.

പിന്നെ ബിരുദാനന്തര ബിരുദത്തിന്റെ കാലം.ലേഡീസ് കംപാർട്ട്‌മെന്റിലെ തമാശക്കാലം. ചിരിച്ചു ചിരിച്ച് മരിച്ച കാലം. ലാബുപരീക്ഷകൾ വരുമ്പോൾ ശ്വാസം പിടിച്ച്‌ നടന്ന കാലം. ഡാറ്റാസ്ട്രക്ചർ റെക്കോർഡ് എഴുതുമ്പോൾ സുനാമി അടിച്ചെങ്കിലെന്ന് ആഗ്രഹിച്ചിട്ടുണ്ട്. എങ്കിലും അവിടെനിന്നും വലിയ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു പുറത്തിറങ്ങി. അപ്പോഴാണ്‌ പണിയില്ലാത്ത വേവിന്റെ ചൂടറിയാൻ തുടങ്ങിയത്. പണ്ടുപോയിരുന്ന ട്യൂഷൻ പരിപാടി വീണ്ടും തുടങ്ങി. റിസൾട്ട് വന്ന് ഒരുമാസം കഴിഞ്ഞപ്പൊ പഠിച്ച കോളേജിലൊരു പണി കിട്ടി. കാലം പോകുന്ന പോക്കുനോക്കണേ! നല്ല വിദ്യാർത്ഥിനി അല്ലായിരുന്ന എനിക്കൊരു ടീച്ചറിന്റെ കുപ്പായം ചേരുമോ എന്നായി സംശയം. പിന്നെ എല്ലാത്തിലും ലൂപ്ഹോൾ കണ്ടെത്തുന്ന സ്ഥിരം പല്ലവിയിൽ ഇതും ഒരു തീരുമാനമാണെന്നങ്ങുറപ്പിച്ചു. ആ കാലത്തെ തീവണ്ടിയാത്രകൾക്കിടയിൽ കാണാറുണ്ടായിരുന്ന കാഴ്ചയില്ലാത്ത പാട്ടുപാടുന്നൊരു മധ്യവയസ്കൻ. അയാൾ പാടുമായിരുന്ന 'കല്പാന്ത കാലത്തോളം' - എന്തുകൊണ്ടോ വളരെ ഇഷ്ടമായിരുന്നു എനിക്ക്.

ഒരു ദിവസം പ്ലാറ്റ്ഫോമിലെ സ്ഥിരം പിച്ചക്കാരുടെ കൂട്ടത്തിൽ ഒരാളെക്കണ്ടു. അന്ന് വൈകുന്നേരം ഞാനവരെ അന്വേഷിച്ചുനിന്നു. അതിനു ചെറിയ രണ്ടു കാരണങ്ങളുണ്ടായിരുന്നു. ഒന്നാമതായി എനിക്കവരെ ശകാരിക്കണം. രണ്ടാമത് എന്റെ അമ്മയ്ക്ക് സഹായത്തിനു വീട്ടിൽ വരാറുണ്ടായിരുന്ന, ഞങ്ങൾ 'അമ്മച്ചി' എന്ന് വിളിച്ചിരുന്ന പൊന്നമ്മയായിരുന്നു അത്. ശകാരിക്കണമെന്നുപറഞ്ഞത് തോട്ടുമേൽപറഞ്ഞ ഒറ്റക്കാരണത്താലല്ല. പണിയെടുക്കുന്ന പൈസ സൂക്ഷിക്കണമെന്നും അതു ദൂരെയെങ്ങോ സർക്കാരു ജോലിയിലിരിക്കുന്ന മകൾക്ക് ധൂർത്തിനു കൊടുക്കരുതെന്നും പലവട്ടം ഞങ്ങളവരോട് പറഞ്ഞിരുന്നു. ഒരുവട്ടം പോലും അവരതു കേട്ടില്ല. പ്ലാറ്റ്ഫോമിലൂടെ പ്രാഞ്ചിപ്രാഞ്ചി വരുന്നൊരു നിഴലുകണ്ടപ്പോൾ എനിക്കൊന്നും പറയാൻ തോന്നിയില്ല. ചായ കുടിക്കാനിത്തിരി പൈസ കൊടുത്തു. അതേ കൊടുത്തുള്ളൂ. പിന്നെ മിക്ക ദിവസങ്ങളിലും അവരെ അവിടെ കാണാമായിരുന്നു. എന്റെ അമ്മ തരുന്ന പൊതിച്ചോറിലെ പങ്കുപറ്റാൻ ചിലപ്പോഴൊക്കെ ഞാനവരെ ക്ഷണിച്ചു. 'വേണ്ട' എന്ന ഒറ്റവാക്കിൽ നിസ്സംഗമായ കണ്ണുകളുമായി ആ കിഴവി അതു നിരസിച്ചു. ചില ദിവസങ്ങളിൽ അവരെ കാണാതായി. ഒന്നുരണ്ടാഴ്ചയുടെ വ്യതാസത്തിൽ പിന്നെയൊരുദിവസം അലറിക്കരഞ്ഞുകൊണ്ട് അടുത്തുവന്ന അവരുടെ രൂപം. സർക്കാരാശുപത്രിയിലെ പൊതുവാർഡിലാണിന്നലെക്കിടന്നതെന്നും ശ്വാസംമുട്ടു മാറാൻ കുത്തിവയ്പ്പെടുത്തെന്നും ഉറങ്ങാൻകിടക്കുമ്പോ തലയ്ക്കൽ വച്ചിരുന്ന പൊതി ആരോ കട്ടെന്നും ആ നിലവിളി പറയുന്നുണ്ടായിരുന്നു. സാരമില്ലെന്നുപറഞ്ഞ് ഞാനവരെ പിടിച്ച് പ്ലാറ്റ്ഫോമിലെ ബെഞ്ചിലിരുത്തി. 'മൂടാനാകെയുണ്ടായിരുന്ന എന്റെ തുണി പോയി' എന്നാ വൃദ്ധ നിലവിളിച്ചുകൊണ്ടേയിരുന്നു. വളരെ നാളിനുശേഷം ആ ഒച്ചയുടെ വലിപ്പത്തിൽ ലോകമവസ്സാനിക്കുന്നതുപോലെ എനിക്കുതോന്നി.

പിന്നെയും ചിലകാര്യങ്ങൾ.. വലുതെങ്കിലും ചെറുതെങ്കിലും മോഹഭംഗങ്ങളുടെ പറുദീസയിൽ കിടക്കപ്പൊറുതിയില്ലാത്തൊരാളായി ഈ ലോകം. അടുത്തകാലത്ത്‌ നമ്മുടെ കണ്ണും കൈയുമെല്ലാം ഒരു 'ആധാര'ത്തിന്റെ പിൻബലത്തിൽ ആരുടെതുമാകുമെന്ന സ്ഥിതിവന്നപ്പോൾ ഈ രാജ്യത്തെ ഹിമാലയം വിഴുങ്ങിയെങ്കിലെന്നാശിച്ചു. സാധാരണക്കാരനുകിട്ടുന്ന ഓരോരോ ഏണികളേ. ഐഡന്റിറ്റി പോലും ചുരണ്ടിവില്ക്കുന്ന ഇവിടെ ആരവസാനിക്കാനാണ് (?). ഒരു ദീർഘനിശ്വാസത്തിന്റെ തിരിച്ചറിവും കടിച്ചിറക്കി, അവസാനിക്കാത്ത ലോകത്തോട്‌ വിധേയത്വവും പ്രഖ്യാപിച്ച് പരാജിതരായി ജീവിക്കാമെന്നല്ലാതെ മറ്റുവഴികളില്ല. എന്റെ ഭാരതമാതാവേ, ഞങ്ങളിതാ വെള്ളക്കോഴികുപ്പായത്തിൽ എയർ ഇന്ത്യയുടെ സിംബലുപോലെ നില്ക്കുന്നു. ദയാവധവും കാത്ത്..

Sunday, July 20, 2014

ചില സ്വപ്നങ്ങൾ

വീണ്ടും കടലുകാണണമെന്ന ഒരു സ്വപ്നമുണ്ട് എന്റെ മനസ്സിൽ. വെള്ളനിറമുള്ള നുരകൾക്കിടയിൽ ആരാലുമറിയപ്പെടാതെ പൊങ്ങുതടിയായി ഒഴുകിനടക്കണമെന്നും മനസ്സിന്റെ നീല ചിറക് അവിടെ ഉപേക്ഷിക്കണമെന്നും എന്നോ ഞാനാഗ്രഹിച്ചിരുന്നു. തിരകൾക്കിടയിൽ ദയയുടെ ചിരി പടർന്ന ചില വാക്കുകൾപോലെ പിന്നെയും സ്വപ്‌നങ്ങൾ ഒരു കടലായ്.
കണ്ണീരിന്റെ ഉപ്പുപടർന്ന ഓർമ്മകളുടെ കയ്യൊപ്പാണ് കടൽ. ചില നേരങ്ങളിൽ മരണം കുളിരിനു പുതക്കുന്നൊരു കരിമ്പടം പോലെ, എല്ലാ അപമാനത്തിന്റെയും അവസാന വാക്ക്.
വട്ടത്തിലോടുന്ന വലിയ ക്ലോക്കിൻറെ  പുറംസൂചി പോലെ നിറംമങ്ങി കൂനിച്ച കണ്ണുകളുയർത്തി എവിടെയോ ഇരുന്നു മഷി തുപ്പുമ്പോൾ ഞാനോർത്തത് കടലിന്റെ മറവിയെപ്പറ്റിയാണ്. ചില സ്വപ്‌നങ്ങൾ മരിക്കനുള്ളതാണ്. മറക്കപ്പെടാനും.

Friday, June 13, 2014

എന്റെ പ്രണയത്തിന് ..

പ്രണയം തീവ്രമായൊരു വികാരമാണ്‌.
തീരങ്ങളറിയാൻ കഴിയാത്ത
മോഹങ്ങളുടെ ഒരു പരപ്പുണ്ടവിടെ.
പറയാത്ത പതിവുകൾ തെറ്റിച്ച്‌
കാഴ്ചക്കപ്പുറം നിറങ്ങളെ അലിയിച്ച്‌
ഇന്ദീവരത്തിനു ഹൃദയം നൽകി
ഇളം തണുപ്പുള്ള പ്രണയം.
ഇറുങ്ങനെ മണ്ണിൽ വീണുകിടക്കുന്ന
വാകപ്പൂക്കളെ ചവിട്ടി നടക്കുമ്പോൾ
നിനക്കു വേദനിക്കുന്നുണ്ടോ എന്നുഞാനോർത്തു.

കോർത്തുപിടിച്ച കൈകളുടെ സുരക്ഷിതത്വത്തിൽ
കടൽകാറ്റേൽക്കുമ്പോൾ
അന്ധമായി നിന്നെ പ്രണയിക്കുന്നതെന്റെ
അസ്തിത്വമായിരുന്നു.
ചരിഞ്ഞുപെയ്യുന്ന ചാറ്റൽമഴ നനഞ്ഞത്‌,
നിശ്വാസത്തിന്റെ ചൂടും തണുപ്പുമുള്ള
ശിശിരകാലങ്ങൾ കടന്നത്‌,
മനസ്സ് പ്രണയത്തിന്റെ താഴ്വരയിൽ പറിച്ചുനട്ട ദൈവത്തോട്
നന്ദി പറയാൻ തോന്നി.
പൂത്തുലഞ്ഞ ആ ചുവന്ന ഇതളുകൾ
പ്രണയത്തിന്റെ പെരുമാഴക്കാലത്തെ ഓർമ്മിപ്പിച്ചു.
ഹൃദയരക്തത്തിന്റെ ചുവപ്പ്
നെറുകയിൽ പടർത്തിയ എന്റെ പ്രണയമേ,
നിന്നോട് ഞാനെന്താണു പറയുക?
നീയും ഞാനും..
ഈ നിശബ്ദതപോലും പ്രണയിക്കുന്നു..

Wednesday, June 11, 2014

പകർപ്പ്

എല്ലാപേരുമുണ്ടായിരുന്നോരരങ്ങിൽ
വെളുത്ത തിരശ്ശീല വീണുണ്ടായ അമ്പരപ്പ്
ഒരു നിശ്വാസത്തിന്റെ ചൂടിലലിഞ്ഞില്ലാതായി.
ഞാൻ ഞാൻ മാത്രമാണെന്ന തിരിച്ചറിവ്
കോർത്തു പിടിക്കാൻ നീട്ടിയ കൈകളെ പുറകോട്ടു പിടിച്ചു.
പൊടി പറക്കുന്ന പുറമ്പോക്കിലേക്ക് നോക്കിയപ്പോൾ
ഒരൊറ്റ ആലിലയിലെഴുതിയ ആയുഷ്-
കാലത്തിന്റെ കണക്കു തീരാറായെന്ന് പറയുന്നപോലൊരു ഞരക്കം.
ആ വേദനയുടെ നിലവിളി എന്റെ ആത്മാവിൽ തന്നെ മരിക്കട്ടെ.
തൊണ്ടകീറി അത് പുറത്തുവരാതിരിക്കട്ടെ..
ഒരു പകർപ്പിന്റെ ഓർമപോലെ-
മഷിമങ്ങിയ ഭൂതകാലം, പുറകിൽ..


Tuesday, June 3, 2014

Roots

I was alone
When it was raining on the seashore.
I wished if I were with You..
But I was not..
I couldn't understand,
What was happening to the sea.
My soul felt crushed, With the whispers of dust.
Dust that holds smell of memories..
Those memories,
Sprang from my roots.
Come.. let's move from this shore,
A call, so unfamiliar..
I turned, walked with that sound.
Forgetting my breath, realising
The shore never wanted me..
There I was alone when it was raining..

Friday, May 30, 2014

ഭ്രമിക്കാൻ പഠിപ്പിച്ചവൾക്ക്

എന്റെ മാധവിക്കുട്ടീ,

അവളുടെ ഉള്ളിൽ ഒരു കഥയുണ്ടെന്നും ഒരു കടലിരമ്പുന്നുണ്ടെന്നും എനിക്ക് തോന്നാൻ തുടങ്ങിയിട്ട് ഇന്ന് അഞ്ചു വർഷമാകുന്നു. മഴയിൽ കുതിർന്ന ചെമ്പകത്തിന്റെ രണ്ടു ശിഖരങ്ങളായിരുന്നു നീയും അവളും. ഇലകൊഴിഞ്ഞ ആ ശിഖരങ്ങൾപോലെ, പുറമേ ചെമ്പിച്ച പ്രണയത്തിന്റെ നീരുറവകൾ. അവ മറ്റൊരു മഴയായി പാതിരാവിലിപ്പൊഴും പെയ്യുന്നു. ആ മഴ മണ്ണിലുണ്ടാക്കുന്ന ഗന്ധത്തിന് പൂമ്പാറ്റയുടെ ചിറകിന്റെ മൃദുത്വമാണെന്നു തോന്നുന്നു, നിങ്ങളുടെ മനസ്സ് പോലെ. ചില നിമിഷങ്ങളിൽ പരാജയപ്പെട്ട പെണ്ണിനെപ്പോലെ അവളും സംസാരിച്ചു. പ്രണയത്തെ താലോലിച്ച്  ശരീരത്തെ ശ്വാസംമുട്ടിക്കാതിരുന്നവർ മണ്ണിലുണ്ടെന്ന മട്ടിൽ..
അവളുടെ കണ്ണിലും നിന്റെ വാക്കിലും ഒരേ ഭീതിയുടെ ചവർപ്പ് തിരയടിക്കുന്നെന്നു തോന്നി. സ്നേഹിച്ചു പരാജയപ്പെട്ടവളുടെ, ഉപയോഗിക്കപ്പെട്ടവളുടെ, വളച്ചൊടിക്കപ്പെട്ടവളുടെ- നിസ്സംഗമായ ഭീതി ഇപ്പോഴും അവളുടെ ചുറ്റും വലയം തീർത്തിരിക്കുന്നു. നിന്റെ നിഴലെന്നപോലെ..

 

Monday, March 31, 2014

മൂന്ന് അപ്പവും ഒരുകുപ്പി എണ്ണയും

അങ്ങനെ ഞാൻ പ്രതികാരം ചെയ്യാൻ തീരുമാനിച്ചു.

വിരസത തോന്നാത്ത ദിവസങ്ങളിലൊന്നിൽ സോഫയും ചാരി ചുവരിലെ 'ആർട്ടിസ്റ്റ്' ചിത്രവും നോക്കിയിരിക്കുമ്പോഴാണ് പടക്കോ എന്നൊരൊച്ചകേട്ട്    എന്റെ ദിവാസ്വപ്നം പാതി വഴിയിൽ മുറിഞ്ഞത്. ജനലിലൂടെ പുറത്തേയ്ക്ക് ഏന്തിവലിഞ്ഞപ്പോൾ അതാ തറയിലൊരു കറുത്ത കവർ. സംഗതി നമ്മുടെ നാട്ടിൽ നിരോധിച്ചു എന്ന് പറയുകയും എന്നാൽ വേമ്പള്ളി പട്ടണത്തിൽ സുലഭമായി വില്ക്കപ്പെടുകയും ചെയ്യുന്ന നല്ല അസ്സല് പ്ലാസ്റ്റിക്‌ കവർ. അറിയാതെ മുകളിലേയ്ക്കൊന്നു നോക്കി. അടുത്തുള്ള ബിൽഡിങ്ങിന്റെ മൂന്നാംനില ബാൽകണിയിൽ നിന്നു പാത്രം കഴുകുന്നു ഞങ്ങൾക്കാ എച്ചിൽ സമ്മാനം തന്ന ദേവത. ഹൊ, ഞാനാരെയും കുറ്റം പറയുന്നില്ല. പക്ഷേ ഞങ്ങളുടെ തലയിൽ താമസിക്കുന്ന ബീഹാറിയെയും കൊച്ചിപട്ടണത്തിന്റെ പ്രശസ്തിയെയും പറ്റി എന്തെന്നില്ലാതെ ഓർത്തു.
അന്ന് മുതൽ അവൾ എന്റെ ശത്രുവായി.

'മാഡം പിശുക്കുകാണിച്ചോളൂ. പക്ഷേ അതിന് ഞങ്ങളെന്തു പിഴച്ചു?' എന്ന വിശേഷണം അക്ഷരംപ്രതി ചേരുന്ന ഒരു ഹൈ ക്ലാസ്സ്‌ മാഡത്തെക്കുറിച്ചാണ് എനിക്കടുത്ത് പറയാനുള്ളത്. കടുകു മുതൽ ഡ്രൈ ഫ്രൂട്സ് വരെയും പിന്നെ ടോയ്ലെറ്റ്‌ കഴുകുന്ന ആസിഡ് മുതൽ നമ്മൾ ഉപയോഗിക്കുന്ന ചെരുപ്പുവരെയും ആവശ്യം അനുസരിച്ച് കടം ചോദിച്ചുവരികയും ഉണ്ടെന്നു പറഞ്ഞാൽ അനുവാദം ഇല്ലാതെ 'ഐ വിൽ ടേക്ക്' പറഞ്ഞ് എടുത്തുകൊണ്ടു പോകുകയും ചെയ്യുന്ന ഒരു ടൂം റെയ്ഡർ (tomb raider). ചിരിച്ചുകൊണ്ട് സ്വീകരിച്ച് പിന്നെ മെഗാ സീരിയൽ പോലെ കുറ്റം പറയുന്നൊരു വീട്ടമ്മയുടെ മുഖമാണോ എനിക്ക് എന്നറിയില്ല. എങ്കിലും കാറും സ്കൂട്ടിയും ഉള്ളിലൊതുക്കി മറ്റുള്ളവന്റെ ഷെയർ ഓട്ടോയെ ചൂഷണം ചെയ്യുന്ന ആ നോട്ടുദാഹിയാണ് എന്റെ രണ്ടാമത്തെ ശത്രു.

'ഈസ് ഷി എ ടീച്ചർ? ആൻഡ്‌ വണ്‍ മോർ തിങ്ങ്- ഷി ഈസ്‌ എ മലയാളി'- ഈ രണ്ടു പ്രസ്താവനകളും കേട്ട് 52 ഡിഗ്രീ ചൂടിനും മേലെ വിയർത്ത് ഞാൻ എന്റെ വാല്മീകത്തിനുള്ളിലേക്ക് കയറി. ഒരു കുമ്മട്ടിക്കാ കഷണവും കഴിച്ച് രോഷവും കൊണ്ടിരിക്കുമ്പോൾ ആരോപിതയായ 'മഹാത്മാവിന്റെ' മൂക്കിൻതുമ്പിലേയ്ക്ക് ചീമുട്ടയെറിയണം എന്നൊരാഗ്രഹം എന്റെ മനസ്സിൽ തടിച്ചുകൂടി. എന്തുകൊണ്ടെന്നാൽ അവൾ അവളുടെ സത്തപ്രകടനം കൊണ്ട് ഞങ്ങൾ എട്ട് സാധുക്കളുടെ മുഖത്തേയ്ക്ക് കടപ്പക്കല്ല് വാരിയെറിയിച്ചിരിക്കുന്നു. ആവശ്യങ്ങൾ തികച്ചും വ്യക്തിപരവും അഭിപ്രായങ്ങൾ സാമൂഹികവും ആകുന്നതുകൊണ്ടുള്ള പ്രശ്നമാണിത്. എന്തുതന്നെയായാലും അവളുടെ 'ഉപയോഗിക്കൂ വലിച്ചെറിയൂ' മുദ്രാവാക്യത്തിന്റെ ചീഞ്ഞുനാറ്റത്തിൽ മലയാളി എന്ന റീജ്യണലിസത്തിന്റെ ലേബൽ ചാർത്തപ്പെട്ടതിനാൽ ഞങ്ങൾ എട്ടുപാവങ്ങൾ ഒരുനിമിഷമെങ്കിലും വിധിക്കപ്പെട്ടു. അങ്ങനെ പൂശാത്ത സെന്റിന്റെ നാറ്റം വാങ്ങിത്തന്ന ആ മോസ്റ്റ്‌ മോഡേണ്‍ ബേബി എന്റെ മൂന്നാമത്തെ ശത്രുവായി. (മറ്റ് ഏഴുപേരുടെ മാനസികാവസ്ഥ പറയാൻ ഞാൻ ആളല്ല.)

ഈ മൂന്നു പേരോടും എങ്ങനെ പ്രതികാരംചെയ്യും? നിരുപദ്രവകരമായ പല വഴികൾ ആലോചിച്ചു. ഒന്നും പ്രാവർത്തികമായി തോന്നിയില്ല. ഒടുവിൽ ഒരൈഡിയ ഉദിച്ചു. എലി നക്കിയ ശർക്കര ഉരുക്കി പൂത്തുപോയ അരിമാവിൽ കലക്കി, കനച്ച ഒരു കുപ്പി എണ്ണയൊഴിച്ച് മൂന്ന് 'അരിസലു അപ്പം' ചുട്ടുകൊടുക്കാം.

ആൻ ഐഡിയ കാൻ റീപ്ലേസ് യുവർ റിവൻജ് എന്ന് പറഞ്ഞത് ശ്രീ അഭിഷേക് ബച്ചനാണോ(?)

വേണ്ട! ഇതൊന്നും നടക്കില്ല. ആവശ്യങ്ങൾ മാത്രമല്ല സംസ്കാരവും തികച്ചും വ്യക്തിപരമാണെന്നു ഞാനെന്റെ മനസ്സിനെ പറഞ്ഞങ്ങു പഠിപ്പിച്ചു. ഇതിലും നല്ലൊരു പ്രതികാരശമനി വേറെ തോന്നിയില്ല..