Friday, August 29, 2014

എനിക്കുവേണ്ടി ലോകം എത്രവട്ടം അവസാനിക്കണമായിരുന്നു..

ഒരു ഓണപരീക്ഷക്കു കണക്കിനു എട്ടിൽ അമ്പതു കിട്ടിയ ദിവസമാണ് ഈ ലോകമങ്ങവസാനിച്ചെങ്കിലെന്നു ആദ്യമായി ആഗ്രഹിച്ചത്. പിന്നെ അതേ പള്ളിക്കൂടത്തിൽ എന്റെ പെൻസിലു പെട്ടി കൈവശപ്പെടുത്തി പകരം അവളുടെ റൂളിപെൻസിൽ ഞാൻ കട്ടു എന്നാരോപിച്ചുതന്ന കൂട്ടുകാരിയുടെ വഞ്ചനയൊർത്ത്. ചൂളി നാണംകെട്ട്  അടിയും  കൊണ്ട് നിൽക്കുമ്പോൾ ആരോപണത്തിന്റെ തിരമാലയല്ല, മാനക്കെടിന്റെ അഴുക്കുചാലാണ് ലോകാകാവസാനം ആശിക്കാൻ പ്രേരിപ്പിച്ചത്. ചെയ്യാത്ത തെറ്റിന് മനംമടുപ്പിക്കുന്നൊരു ഗന്ധമുണ്ടെന്ന് അന്നുമനസ്സിലായി. പിന്നെ ഇന്നോളം എത്രയെത്ര കാറ്റുവീശലുകൾ. ആ മനം പിരട്ടുന്ന ഗന്ധത്തിന്റെ ഓർമമപോലെ. 

എന്റെ ആഗ്രഹങ്ങളുടെ കഥ തുടങ്ങുന്നതു പള്ളിക്കൂടത്തിൽ നിന്നാണ്. നല്ല കൂട്ടുകാർ. നല്ലതെന്ന് തോന്നിച്ച കൂട്ടുകാർ. പടം വരക്കാൻ കിട്ടിയ ഡ്രായിംഗ് ബുക്ക്‌. ഇംഗ്ലീഷും ചരിത്രവും പറഞ്ഞു തന്ന ബാബുരാജ് സാർ, ചരിത്രം മാത്രം പറഞ്ഞു തന്ന അശ്വതി സാർ.അക്ഷരത്തിന് ശീമനെല്ലിക്കയുടെയും ഉപ്പിന്റെയും ക്ലോറിൻ കലർന്ന പൈപ്പുവെള്ളത്തിന്റെയും രുചിയാണെന്നു പറഞ്ഞുതന്ന സാറമ്മ. ബുദ്ധനെപ്പോലെ പകുതിയടഞ്ഞ കണ്ണുകളുമായി ഇരിക്കുന്ന സാറമ്മ സന്യാസിനിയാണോ എന്ന് ഞാൻ സംശയിച്ചിരുന്നു. ഇനിയൊരു ലോകാവസാനത്തിന്റെ കഥ തുടങ്ങുന്നത് സാറമ്മയുടെ വീട്ടിൽ വച്ചാണ്. ക്ലാസിലിരുന്ന സമയത്ത് അകാരണമായി എനിക്ക് തൂറാൻ മുട്ടിയതും അത് പുറത്തുപറഞ്ഞാലുണ്ടാകുന്ന കൂട്ടച്ചിരിയും നാണക്കേടുമോർത്ത് ഞാനിരുന്ന് വിയർത്തതും ലോകാവസാനമാശിച്ചതും. എന്റെ വെപ്രാളം കണ്ട് വയറുവേദനിക്കുന്നുണ്ടോ എന്ന ചോദ്യവുമായി സാറമ്മ പിന്നാമ്പുറത്തേക്കെന്നെ കൊണ്ട് പോയതും. വളരെ സുഖമുള്ള ചില ഓർമ്മകൾ. ചിലർ അങ്ങനെയാണ്, പറയാത്തതു മനസ്സിലാക്കാൻ ഒരു പ്രത്യേക കഴിവുണ്ടവർക്ക്.

പ്ലസ് ടു കാലത്തിനിടയിൽ ചില ഉരുൾപൊട്ടലുകൾ ഞാൻ ആഗ്രഹിച്ചിരുന്നു. പക്ഷെ ഭീകരമായതൊന്നും സംഭവിച്ചില്ല. അതുകഴിഞ്ഞ് മലയാളവും മനശാസ്ത്രവും പഠിക്കാൻ ആഗ്രഹിച്ച എനിക്ക് ഭൗതികശാസ്ത്രവും ദഹനക്കേടും കിട്ടി. അതുകൊണ്ട് എന്തുനേട്ടമുണ്ടായി എന്നു ചോദിച്ചാൽ കൊല്ലം പത്തുകഴിഞ്ഞൊരു ബമ്പറടിച്ചു.

പിന്നെ ബിരുദാനന്തര ബിരുദത്തിന്റെ കാലം.ലേഡീസ് കംപാർട്ട്‌മെന്റിലെ തമാശക്കാലം. ചിരിച്ചു ചിരിച്ച് മരിച്ച കാലം. ലാബുപരീക്ഷകൾ വരുമ്പോൾ ശ്വാസം പിടിച്ച്‌ നടന്ന കാലം. ഡാറ്റാസ്ട്രക്ചർ റെക്കോർഡ് എഴുതുമ്പോൾ സുനാമി അടിച്ചെങ്കിലെന്ന് ആഗ്രഹിച്ചിട്ടുണ്ട്. എങ്കിലും അവിടെനിന്നും വലിയ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു പുറത്തിറങ്ങി. അപ്പോഴാണ്‌ പണിയില്ലാത്ത വേവിന്റെ ചൂടറിയാൻ തുടങ്ങിയത്. പണ്ടുപോയിരുന്ന ട്യൂഷൻ പരിപാടി വീണ്ടും തുടങ്ങി. റിസൾട്ട് വന്ന് ഒരുമാസം കഴിഞ്ഞപ്പൊ പഠിച്ച കോളേജിലൊരു പണി കിട്ടി. കാലം പോകുന്ന പോക്കുനോക്കണേ! നല്ല വിദ്യാർത്ഥിനി അല്ലായിരുന്ന എനിക്കൊരു ടീച്ചറിന്റെ കുപ്പായം ചേരുമോ എന്നായി സംശയം. പിന്നെ എല്ലാത്തിലും ലൂപ്ഹോൾ കണ്ടെത്തുന്ന സ്ഥിരം പല്ലവിയിൽ ഇതും ഒരു തീരുമാനമാണെന്നങ്ങുറപ്പിച്ചു. ആ കാലത്തെ തീവണ്ടിയാത്രകൾക്കിടയിൽ കാണാറുണ്ടായിരുന്ന കാഴ്ചയില്ലാത്ത പാട്ടുപാടുന്നൊരു മധ്യവയസ്കൻ. അയാൾ പാടുമായിരുന്ന 'കല്പാന്ത കാലത്തോളം' - എന്തുകൊണ്ടോ വളരെ ഇഷ്ടമായിരുന്നു എനിക്ക്.

ഒരു ദിവസം പ്ലാറ്റ്ഫോമിലെ സ്ഥിരം പിച്ചക്കാരുടെ കൂട്ടത്തിൽ ഒരാളെക്കണ്ടു. അന്ന് വൈകുന്നേരം ഞാനവരെ അന്വേഷിച്ചുനിന്നു. അതിനു ചെറിയ രണ്ടു കാരണങ്ങളുണ്ടായിരുന്നു. ഒന്നാമതായി എനിക്കവരെ ശകാരിക്കണം. രണ്ടാമത് എന്റെ അമ്മയ്ക്ക് സഹായത്തിനു വീട്ടിൽ വരാറുണ്ടായിരുന്ന, ഞങ്ങൾ 'അമ്മച്ചി' എന്ന് വിളിച്ചിരുന്ന പൊന്നമ്മയായിരുന്നു അത്. ശകാരിക്കണമെന്നുപറഞ്ഞത് തോട്ടുമേൽപറഞ്ഞ ഒറ്റക്കാരണത്താലല്ല. പണിയെടുക്കുന്ന പൈസ സൂക്ഷിക്കണമെന്നും അതു ദൂരെയെങ്ങോ സർക്കാരു ജോലിയിലിരിക്കുന്ന മകൾക്ക് ധൂർത്തിനു കൊടുക്കരുതെന്നും പലവട്ടം ഞങ്ങളവരോട് പറഞ്ഞിരുന്നു. ഒരുവട്ടം പോലും അവരതു കേട്ടില്ല. പ്ലാറ്റ്ഫോമിലൂടെ പ്രാഞ്ചിപ്രാഞ്ചി വരുന്നൊരു നിഴലുകണ്ടപ്പോൾ എനിക്കൊന്നും പറയാൻ തോന്നിയില്ല. ചായ കുടിക്കാനിത്തിരി പൈസ കൊടുത്തു. അതേ കൊടുത്തുള്ളൂ. പിന്നെ മിക്ക ദിവസങ്ങളിലും അവരെ അവിടെ കാണാമായിരുന്നു. എന്റെ അമ്മ തരുന്ന പൊതിച്ചോറിലെ പങ്കുപറ്റാൻ ചിലപ്പോഴൊക്കെ ഞാനവരെ ക്ഷണിച്ചു. 'വേണ്ട' എന്ന ഒറ്റവാക്കിൽ നിസ്സംഗമായ കണ്ണുകളുമായി ആ കിഴവി അതു നിരസിച്ചു. ചില ദിവസങ്ങളിൽ അവരെ കാണാതായി. ഒന്നുരണ്ടാഴ്ചയുടെ വ്യതാസത്തിൽ പിന്നെയൊരുദിവസം അലറിക്കരഞ്ഞുകൊണ്ട് അടുത്തുവന്ന അവരുടെ രൂപം. സർക്കാരാശുപത്രിയിലെ പൊതുവാർഡിലാണിന്നലെക്കിടന്നതെന്നും ശ്വാസംമുട്ടു മാറാൻ കുത്തിവയ്പ്പെടുത്തെന്നും ഉറങ്ങാൻകിടക്കുമ്പോ തലയ്ക്കൽ വച്ചിരുന്ന പൊതി ആരോ കട്ടെന്നും ആ നിലവിളി പറയുന്നുണ്ടായിരുന്നു. സാരമില്ലെന്നുപറഞ്ഞ് ഞാനവരെ പിടിച്ച് പ്ലാറ്റ്ഫോമിലെ ബെഞ്ചിലിരുത്തി. 'മൂടാനാകെയുണ്ടായിരുന്ന എന്റെ തുണി പോയി' എന്നാ വൃദ്ധ നിലവിളിച്ചുകൊണ്ടേയിരുന്നു. വളരെ നാളിനുശേഷം ആ ഒച്ചയുടെ വലിപ്പത്തിൽ ലോകമവസ്സാനിക്കുന്നതുപോലെ എനിക്കുതോന്നി.

പിന്നെയും ചിലകാര്യങ്ങൾ.. വലുതെങ്കിലും ചെറുതെങ്കിലും മോഹഭംഗങ്ങളുടെ പറുദീസയിൽ കിടക്കപ്പൊറുതിയില്ലാത്തൊരാളായി ഈ ലോകം. അടുത്തകാലത്ത്‌ നമ്മുടെ കണ്ണും കൈയുമെല്ലാം ഒരു 'ആധാര'ത്തിന്റെ പിൻബലത്തിൽ ആരുടെതുമാകുമെന്ന സ്ഥിതിവന്നപ്പോൾ ഈ രാജ്യത്തെ ഹിമാലയം വിഴുങ്ങിയെങ്കിലെന്നാശിച്ചു. സാധാരണക്കാരനുകിട്ടുന്ന ഓരോരോ ഏണികളേ. ഐഡന്റിറ്റി പോലും ചുരണ്ടിവില്ക്കുന്ന ഇവിടെ ആരവസാനിക്കാനാണ് (?). ഒരു ദീർഘനിശ്വാസത്തിന്റെ തിരിച്ചറിവും കടിച്ചിറക്കി, അവസാനിക്കാത്ത ലോകത്തോട്‌ വിധേയത്വവും പ്രഖ്യാപിച്ച് പരാജിതരായി ജീവിക്കാമെന്നല്ലാതെ മറ്റുവഴികളില്ല. എന്റെ ഭാരതമാതാവേ, ഞങ്ങളിതാ വെള്ളക്കോഴികുപ്പായത്തിൽ എയർ ഇന്ത്യയുടെ സിംബലുപോലെ നില്ക്കുന്നു. ദയാവധവും കാത്ത്..