Saturday, December 20, 2014

(അ)ഭയാർത്ഥികൾ

എഴുതാത്തവരിപോൽ നിശബ്ദരായ്
വിശപ്പിന്റെനേർക്കവർ കൈകൾനീട്ടി.
ആത്മാവിന്നാർത്തികണ്ടപ്പോൾ,
അറിയാതെയെങ്കിലും മുഖമൊന്നുചിരിച്ചു.
പലകാലമായ് മണ്ണിലഭയംതിരഞ്ഞ്,
വെയിൽപ്പാടുകൊണ്ടവർ.
പകൽ തെളിച്ചത്തിലും
ഇരുൾ വെളിച്ചത്തിലും
ഒരുപോലെ കല്ലും കല്ലറയുമായവർ,
പുറമ്പോക്കിലെന്നും പരാജയമെഴുതിയോർ,
ജീവന്റെദാഹം വിശപ്പായ് വിളറിവീഴുന്നവർ.
നിറമില്ലാപ്പുറന്തോലുപോലെ,
വെറും കഥകളായ് കണ്ണിൽ
ജീവിതമെരിപ്പവർ.
മഞ്ഞിച്ച നിഴലുകൊണ്ടിന്നും,
കനവിന്റെയുള്ളിൽ അഭയം വരപ്പവർ.
ചിരകാലം മണ്ണിനെ മഴവില്ലിലേറ്റിയോർ,
ചിതറിത്തെറിക്കുന്ന ചില്ലുകണ്ണാടികൾ,
ഛായാമുഖങ്ങൾ...

Friday, December 19, 2014

അടുക്കളത്തോട്ടം

അ) അടുപ്പും തീയും
                   വെന്തും വേവിച്ചും
                   വിശപ്പിനു
                   ശ്വാസമാകുന്നോർ.

ആ) ചോറ്

                   ചുടുചുടെയാവി പറന്ന ചെമ്പൻ*
                   കുമ്പയ്ക്കരിമണിയായതെന്തേ?

ഇ) പച്ചക്കറി

                   ഇന്നുനിറമൊത്തിരി
                   നാളെ ഗുണമിത്തിരി.

ഈ) കറിപ്പൊടികൾ

                   മഞ്ഞയായ്‌ ചുവപ്പായ് കറുപ്പായ്
                   മുന്തിയ എരിവു പൊള്ളിച്ചു നീ,
                   അടുക്കളമച്ചിൽ സമാസമം.

ഉ) അമ്മി

                   ഉരസിയുടഞ്ഞെത്ര
                   രുചിക്കൂട്ടുതന്നു.
                   ഉരസലിൽ ജീവിത-
                   മെത്രയുടച്ചു.

ഊ) ഉപ്പ്

                   നീരോളമൊഴുകി നീ
                   ചേർന്നില്ലയെങ്കിൽ
                   അമ്മക്കു നെഞ്ചിൽ
                   വേവും വിയർപ്പും,
                   'രുചിയിതുപോരേ?'

ഋ) ചൂല്

                   പലകാലമൊത്തിരി
                   സേവിച്ചു ശുഷ്ക്കിച്ച
                   കഥയുണ്ട് ചൊല്ലാൻ.

എ) അമ്മക്കൈ

                   കുതിർന്നു ക്ഷീണിച്ച്,
                   ഞരമ്പുകളെല്ലിച്ച്,
                   വിധികൊണ്ടു വീർത്തോ-
                   രൻപിന്റെയുരുള.


                   കാലം കഴിഞ്ഞിട്ടും
                   കഥമാറിയില്ല..


(*ചെമ്പാവരി)

Thursday, December 18, 2014

നക്ഷത്രക്കാഴ്ചകൾ

ആകാശം,
നീ, നിലാവിലുറങ്ങിയ
സ്വപ്നക്കണ്ണുകളെ,
പകലിലും തെളിയിച്ച്
കാഴ്ചവറ്റിക്കുന്നൊ-
രിരുണ്ട കാട്ടാളൻ.
നിന്റെ മടിയിൽ
ഇമകളടർന്നവർ
ചിമ്മാനറിയുന്ന
ഇരുൾവെട്ടമായോ?
അതോ,
ചിരിക്കാനറിയുന്ന
നക്ഷത്രമായോ?
ആകാശത്തടവറയിലിന്നും,
ഇമയില്ലാത്താരകൾ
ഉറങ്ങുവാനാകാതെ
ഉണർവുകളറിയാതെ..

Wednesday, December 17, 2014

തലക്കെട്ടുകളില്ലാതെ..

കുഞ്ഞ് :
ഉന്നംപിടിച്ചവർക്ക്
ഉന്നതിയിലെത്തുവാൻ
തിരകൊണ്ടുവീണ
മതമായി ഞാൻ.
അമ്മേ, നീതന്നൊ-
രുമ്മക്കും ഉരുളക്കുമപ്പുറം
കുഞ്ഞായിരുന്നില്ല ഞാനവർക്ക്.
ഞാനപ്പോൾ,
നിറയൊഴിക്കാനൊരുത്തരം.
നിലയില്ലാകയത്തിൽ
ജീവനുപേക്ഷിച്ച
ഒരുവലിയ ഉത്തരം.
ചോദ്യങ്ങളില്ലമ്മേ..

അമ്മ:
എന്റെ മരവിപ്പ്‌
നിങ്ങൾക്കു വിപ്ലവമാകുമോ?
എന്റെ പ്രതികരണം
നിങ്ങൾക്കു പ്രതികാരമാകുമോ?

കാഴ്ച:
കാവിയായ് പച്ചയായ്
വെളുപ്പായ് ചെന്നിട്ടു
മണ്ണിന്റെ കണ്ണുകക്കുന്നവർ,
പാപികൾ.
ഇന്നു ദൈവത്തിന്റെ
പേരുവിൽക്കുന്നവർ,
പച്ചമാംസത്തിന്റെ
ഗന്ധം രുചിച്ചവർ,
ഒരു മീമാംസക്കിരുപുറം
പുതിയ കഥകളെഴുതിയോർ,
പടച്ചകൈകളിലും
പ്രതികാരമെഴുതാൻ
പടയൊരുക്കുന്നവർ,
പാപികൾ..മഹാപാപികൾ..
പെഷവാർ..
ഞാനും നിങ്ങളും
നമ്മളൊക്കെയും
ഭീരുക്കളായാൽ,
ഇനിയുമവർ വരും.
കൊല്ലും.. കൊല്ലിക്കും,
നമുക്കുവേണം മോചനം.
ഇനി ഭൂമിയിൽ
പിഞ്ചുകൈകൾ
ജീവനായ് കേഴുന്നകാഴ്ച
കണ്ടുകൂടാ, നമ്മൾ കണ്ടുകൂടാ..

Tuesday, December 16, 2014

ബോധി.

ജനനവും മരണവും
ചക്രവാളത്തിനു
മപ്പുറത്തായാൽ
ആശിക്കയില്ലേ ഞങ്ങൾ,
അസ്തമയത്തിനായ്?
പറയൂ പ്രിയപ്പെട്ട ബുദ്ധാ,
കപിലയിൽ വളർന്നൊരു
പോർമരമാകാതെ
ബോധിയായെന്തിനിളം,
തണലുതന്നു?
ആശകൾവിട്ടോടി
ആത്മാവുകാണുവാൻ
ഗയയിലേക്കെന്തിനു
കൈകൾപിടിച്ചു?
ദിക്കുതിരിക്കാ നിശബ്ദ-
തകൊണ്ടെന്തേ
ബോധങ്ങളൊന്നായ്,
പകുത്തിങ്ങുതന്നു?
അറിയണം,
ബോധിവൃക്ഷത്തിന്റെ നാളം
ആ കപിലരേണുക്കളിൽനിന്നും.
പറയൂ ബുദ്ധാ,
പരസ്പ്പരമാശകൾ വയ്ക്കാതെ
ജീവന്റെയക്കങ്ങൾ മണ്ണിൽകുറിക്കാതെ
എങ്ങനെയായ് ബോധവാനാകാൻ!
പറയൂ, പ്രിയപ്പെട്ട ബുദ്ധാ..

Monday, December 15, 2014

ചിലരോട്..

ഇവിടെ ജീവിച്ചുമരിച്ച ഒരുവൾ. അവൾ ഒരു 'ഞരമ്പാണെന്നു' നിങ്ങൾ എങ്ങനെയാണു പറയുക? അങ്ങനെയൊരു വാക്കിന് എന്താണു നിങ്ങളെ പ്രേരിപ്പിച്ചത്?
നിങ്ങൾക്കവളോടടുപ്പമുണ്ടോ?
അതോ നിങ്ങളിലെ ഞരമ്പു തിരിച്ചറിയാത്തവരെല്ലാം 'വെറും' ഞരമ്പുകളാണോ?
പൊള്ളയായ ഉത്തരങ്ങൾ കൊണ്ട് നിങ്ങൾ പറഞ്ഞതിനെ പെരുപ്പിച്ചുകൊള്ളൂ.
പക്ഷേ, അതു ഹൃദയങ്ങളിലേക്കടിച്ചേൽപ്പിക്കരുത്.
കാരണം, അവളെ വായിച്ചവരിലും ഒരു ഞരമ്പുണ്ട്,
ഏഴുത്തോലയെ കാമുകനായ്ക്കണ്ട് അവനിൽ മരിച്ചവളെ പ്രണയിച്ചൊരു നീലഞരമ്പ്‌.
വാകച്ചോട്ടിലവളുറങ്ങിയിട്ടും ഉറക്കംവരാത്തൊരോർമ്മഞരമ്പ്‌..


മട്ടിക്കുണ്ട*

വരണ്ട വിരൽപ്പാടുകൾ നിനക്കുമേൽ
നാമേറ്റ നെടുവീർപ്പുപോലെ.
പുകമണം പരക്കാൻ സമയമായി,
ചിതൽപ്പൊത്തിലേക്കിനി
ഒരുമിച്ചു യാത്ര.
മറക്കില്ല മണ്ണിൽ
നീ തന്ന ദാഹവും,
നീ തന്ന ശമനവും.
മറക്കില്ല,
മൃതിജലമായ് ചിതയിൽ
പൊട്ടിവീഴുമ്പൊഴും.
ഒപ്പമുടഞ്ഞു നീ
മണ്ണിൻ ചീളുകളാകവേ,
കണ്ണീരിൻ സ്വപ്നത്തി-
ലിനിനാമിരുപേരും മൃതർ.
ബലിച്ചോറുരുട്ടുമ്പോൾ
കൈകൊട്ടുമോർമ്മകൾ,
ഓർമ്മകൾ, നാമിനി അത്രമാത്രം..
(*മണ്‍കുടം)

Saturday, December 13, 2014

ഉന്മാദിയുടെ പാട്ട്

നീലരാത്രിയുടെ  ഒർമ്മയിലാണ്
അവളുടെ താഴ്വരയിൽ
പനകൾ തളിർത്തതും ചെമ്പകം പൂത്തതും.
അന്നാകാശത്തിന്റെ വാതിൽ തുറന്നൊരു
ഗന്ധർവനവളുടെ സ്വപ്നത്തിൽ വന്നു.
വെള്ളനിറമുള്ള പൂക്കളെകൊടുത്തയാൾ
ഉന്മാദിയാക്കിയവളുടെ,
ഓർമ്മകളെടുത്തു.
അവന്റെ കണ്ണിണച്ചൂടിൽ
കാലം മറന്നുപോയവൾ
ആകാശക്കൊമ്പിൽ ചേക്കേറിയ
ദേവതയായി.
ഓർമ്മകൾ നശിച്ചിട്ടും
കാമനകൾ നശിക്കാത്ത
ഗതകാല ശില്പമായ്
അവളെന്നശില്പി,
ആകാശക്കൊമ്പിലിരുന്നിപ്പോഴുമാ-
താഴ്വരനോക്കി പാടുന്നുണ്ട്..

Friday, December 12, 2014

ചെമ്പകച്ചോട്ടിൽ

ഒരുനാളിലകൾകൊഴിയുംപോലെൻ
പലനാൾ മണ്ണിന്നോർമ്മകളാകും.
പകലിൻചിറകാം ഋതുഭേദങ്ങൾ
ഇരുളിലലിഞ്ഞൊരു നിഴലായ്ത്തീരും.
അവിടെയടഞ്ഞുകിടക്കും വാതിൽ
കണ്ടുമറന്നൊരു ജാലകമാകും.
അതിനോരത്തെന്നരുമയിണക്കിളി,
നിറമില്ലാത്തൊരു ചെമ്പകമായി..
അവനിൽപടർന്നോരാശകളപ്പോൾ
ആകാശംപാർത്തൊന്നുചിരിച്ചു.
വരില്ല ഞാനാമടിയിലുറങ്ങാൻ,
വരില്ല ഞാനെൻ തണലിനെവിട്ട്,
പ്രാണനലിഞ്ഞീ മണ്ണിനെവിട്ട്,
മണൽപ്പരപ്പിൽ മുത്തുകൾ പൂത്തത്
ഇവിടീ ചെമ്പകച്ചോട്ടിൽ മാത്രം..

Thursday, December 11, 2014

അമ്മത്തവളയും കുഞ്ഞിത്തവളയും

അമ്മക്കുണ്ടൊരു കുഞ്ഞിത്തവള
കിക്കിരി മാക്കിരി പോക്കിരി തവള.
പാടവരമ്പത്തൂയാലാടി
ചാടിനടന്നവൾ/ൻ പാട്ടുകൾ പാടി.
ടപ്പോ ടപ്പോ ഇടിവെട്ടുമ്പോൾ
ചക്കരമുത്തായ് മഴപെയ്യുമ്പോൾ
അമ്മത്തവളക്കരുകിലണഞ്ഞി-
ട്ടിമ്മാതിരിയൊരു പോക്രോം ചൊല്ലി,
പാടവരമ്പത്തയ്യോ കണ്ടു
മുട്ടൻ തടിയൻ ചേരച്ചേട്ടൻ.
പേടിച്ചിട്ടെൻ മുട്ടു വിറച്ചു
പാവം ഞാനോ ഓടിയകന്നു.
എന്നാലും ഞാനാവഴിയോർത്തു
അമ്മപറഞ്ഞിട്ടില്ലേ പാരിൽ
നമ്മെ വിഴുങ്ങാൻ പാമ്പിൻപറ്റം
പമ്മിയൊതുങ്ങി ചുരുണ്ടു നടക്കും,
അതുകൊണ്ടീവഴിയെല്ലാമുലകിൽ
നോക്കിനടക്കൂ നീയെൻ കുഞ്ഞേ..

പകലിന്റെ കാമുകീ..

പകലിന്റെ മോഹങ്ങൾ
കുടിച്ചുവറ്റിച്ചിട്ടെന്തിനാ-
ണിരുളിൻ നിറമുള്ള രാത്രികൾ?
പറയാനൊക്കെയറിഞ്ഞി-
ട്ടുമെന്തിനീ ദീർഘമൗനത്തിന്റെ
ഇടവേളകൾ?
പിരിയാതിരിക്കാമെന്നിരിക്കേ,
പടവിന്റെ-
പാതിവഴിയിലുപേക്ഷകൾ.
വറുതികൾ നീയായെരിഞ്ഞു തീരെ
കണ്ണിലലിവിന്റെ കാമനത്തട്ടം.
ചുണ്ടിലരുമസ്നേഹത്തിന്റെ മധുരം.
ഒക്കെയൊതുക്കി നീ കൈകൾ നീട്ടി,
പറയാൻ പതുക്കെ സ്വരമുയർത്തി,
പുകച്ചുരുളായ്,
ഇലകൊഴിഞ്ഞോരു ചന്ദനത്തണലിൽ
വഴിതെറ്റിവന്ന വസന്തമായി.
പകലിന്റെ കാമുകീ,
നിനക്കിന്നിരുളിന്റെ ശയ്യയിൽ
വെറുമൊരു സന്ധ്യാമയക്കം..


(നീർമാതളത്തെ വായിക്കാൻ പറഞ്ഞ എന്റെ പ്രിയപ്പെട്ട താച്ചിക്ക്)

Wednesday, December 10, 2014

കുഞ്ഞേ..

അമ്മയാവുകയെന്നാൽ
നിന്റെ നാവോള-
മമ്മിഞ്ഞയാവുകയെന്നായ്.

(പ്രിയപ്പെട്ട ഫൗസിയബിലാലിനും അവളുടെ തക്കിടിമുണ്ടനും..)

Tuesday, December 9, 2014

ആകാശത്തിന്റെ ശിഖരം മുറിഞ്ഞപ്പോൾ

(മുറിച്ചു വീഴ്ത്തലിലും വെട്ടിയൊതുക്കലിലും മുറിപ്പെട്ട എല്ലാ അമ്മക്കിളികൾക്കും..)

പുറംതൂവലൊക്കെ പൊഴിഞ്ഞൊരമ്മക്കിളി
മുറിവേറ്റ ചിറകാലുരുമ്മിനിന്നു.
ദാഹങ്ങളൊഴിഞ്ഞ കണ്ണുകൊണ്ട്
കാലത്തെനോക്കി തളർന്നിരുന്നു.
വെട്ടിയൊതുക്കിയ പിടച്ചിലോർത്ത്
ആകാശമപ്പോൾ വിതുമ്പിവീണു.
അമ്മക്കിളിക്കുമുണ്ടായിരുന്നാ-
വാനിൻ ചുവട്ടിൽ
പഞ്ഞിപ്പുതപ്പുള്ള കുഞ്ഞിക്കിളികളും,
അവർക്കുറങ്ങാനൊരരുമക്കിളിക്കൂടും.

പൊട്ടിച്ചെറിഞ്ഞില്ലേ ശിഖരങ്ങളറുത്ത്,
ആകാശത്തിനും അതിരുകെട്ടിയോർ നമ്മൾ.
അവൾക്കിളംകിളിയെ ചിറകിലൊതുക്കാ-
നിടം കൊടുക്കാതെ
അവളുടെ കുഞ്ഞിനുറങ്ങാൻ ചില്ലയും കൊടുക്കാതെ
തിരിച്ചയച്ചില്ലേ മണ്ണിൻ ചുവട്ടിൽ.
പുറംതൂവലൊക്കെ പൊഴിഞ്ഞൊരമ്മക്കിളി
പാപിയായ് പാവമായ്
പഴങ്കഥയായി..

Monday, December 8, 2014

ഒരു പുഴ ജനിക്കുന്നതും കാത്ത്.

ഒന്നായൊഴുകി പിണങ്ങുവാൻ വയ്യാതെ
രണ്ടുവഴിക്കു പിരിഞ്ഞവർ,
അവൾ പുഴയും അവൻ പരലും.
അവർ,
സ്വപ്‌നങ്ങൾ സ്വത്തായ് പകുത്ത്
സ്വർഗത്തിലേക്കു നടന്നു കേറുംവഴി
മേഘങ്ങളാൽ ശപിക്കപ്പെട്ട്
മണ്ണിൽ പടുജന്മമായി.
അതിൽ പിന്നെ എന്തിനോ
മടുത്തും മടുപ്പിച്ചും
വരണ്ടതീരം കണ്ട
വഴികൾ പോയി.
വറ്റിച്ചു നിന്നെ ഞാൻ,
പറ്റിച്ചു നീ എന്നെ,
തീരങ്ങളെണ്ണി പകച്ചുനില്ക്കുന്നിതാ.
എന്നിൽനിന്നെന്നിലേക്കൊഴുകിയടുക്കാതെ
കടലിന്റെ മടിയിൽ പാടിപ്പരന്നു നീ.
തിരകളെ ചുംബിച്ച
ചെഞ്ചുണ്ടുകണ്ടു ഞാൻ,
നിന്നെ മേഘപരപ്പിൽ
വിചാരണക്കിരുത്തുന്നു.
വിധി പറഞ്ഞവൾ
കരയുന്ന മാലാഖ,
തിരികെവിളിച്ചവളെ മഴമുത്തുകൊണ്ട്.
ഒരു പുഴ ജനിക്കുന്നതും കാത്ത്
അവളുടെ ജാരനാം പരലിപ്പൊഴും
കടൽപ്പരപ്പിൽ തപസ്സിരിക്കുന്നു..

(ആന്ധ്രയിൽ ഗണ്ടി പാലത്തിനുതാഴെ വരണ്ടുപോയൊരു പുഴയുണ്ട്.
പേരുംപെരുമയുമറ്റ് മണൽപ്പുഴയായവൾ..
അകലത്തെങ്ങോ അവളെയോർത്തിരിക്കുന്നൊരു കാമുകനുണ്ടായിക്കോട്ടെ..)

Sunday, December 7, 2014

രാമനോട്.

എന്തു വിചാരിച്ചു രാമാ,
ഒരുപെണ്ണിന്റെ മുഖമറുത്തപ്പോൾ
മൗനംകൊണ്ടതിനനുവാദം കൊടുത്തപ്പോൾ
ഒഴികണ്ണുമായതു കണ്ടുനിന്നപ്പോൾ
എന്തുവിചാരിച്ചു രാമാ?
ഞാൻ വെറുമൊരു പെണ്ണല്ല,
പലതായി മാറാനറിയുന്ന,
പ്രതികാരം പടർത്താനറിയുന്ന,
പത്തുതലയുള്ള ദ്രാവിഡയാണ്.
ഇരുട്ടിന്റെമറവിൽ പതിഞ്ഞൊന്നുനിന്ന്,
പലരെയുംകൂട്ടിഞാനൊളിപ്പോരുതെളിക്കും.
നിന്റെ കാഞ്ചനസീതയെ ശപിച്ചും ശപിപ്പിച്ചും,
കലികാലരാവണയുദ്ധം നടത്തും.
എന്തറിഞ്ഞൂ നീ രാമാ?
ആയിരം കൈകൊണ്ടു ചുടുചോറുവാരിഞാ-
നാർത്തലച്ചെന്റെ തലമുറയെ ഊട്ടും.
അവരുറങ്ങാതിരിക്കാൻ തഴപ്പായിൽ,
മുഖമറുത്തോരു കഥകൊത്തിവയ്ക്കും.
എന്തു പറയുന്നൂ രാമാ,
വാളെടുക്കുന്നോ,
വിശുദ്ധമായ് ഉപചാരംവക്കുന്നോ?
എന്തുപറഞ്ഞാലും പരാ,
മോഹംകൊണ്ടഗ്നിപരീക്ഷനടത്തി നീ
മോഹിച്ചവളുടെ മുഖമറുത്തപ്പോൾ
മണ്ണെടുത്തുപോയ് നിന്റെ സീതായനങ്ങൾ.
മണ്ണിൽ പ്രതികാരമൊരുപക്ഷമല്ലത്രേ!

മനുഷ്യാ, നിന്നെ വരക്കാൻ വരകളില്ല!

കൊന്നുതിന്നുന്നു
കൊല്ലാതെ തിന്നുന്നു
ഭാണ്ഡമഴിച്ചതിൻ
പങ്കുപറ്റുന്നു
കണ്ടുകണ്ടയ്യോ
നെഞ്ചുനീറുന്നു
തൊണ്ടകാറുന്നു,
കണ്ടും കേട്ടും
മതിയായി
മരവിച്ചു
മരപ്പാവയായി
എന്നിട്ടും
മറക്കാനാകുന്നില്ല
കരിതേച്ച നഗ്നത
കഴുതപ്പുറത്ത്..
കൈകൊട്ടിയാർക്കാൻ
കഴുതകൾ പുറത്ത്..

( പ്രത്യേകശ്രദ്ധക്ക്,
എണ്‍പതുകാരിക്ക് കഴുതപ്പുറത്ത് യാത്ര.
അടുത്തത് നീയാണ്
ഇനിയവർ നിന്റെ കഴുത്തറുക്കും.)

Saturday, December 6, 2014

ഹിജാബ്

ഹിജാബ്..
പ്രിയപ്പെട്ട അങ്കവസ്‌ത്രം,
തുരുമ്പിച്ച വളകളെ
ഒളിപ്പിച്ച സുറുമയെ
തുടച്ചൊപ്പിമാറ്റിയ
കറുത്ത വസ്‌ത്രം.

ഹിജാബ്..
നീയെന്റെ അടിമ വസ്ത്രം,
അടിമയാമെന്നിലൊളിച്ച വസ്ത്രം,
അതിരുകൾ താണ്ടിനാമൊത്തുപോകാ-
നിടംതേടിയെന്നിലലിഞ്ഞ വസ്ത്രം.  

ഹിജാബ്..
എന്തിനാണു നീ മരുഭൂമിയിൽ വന്നത്?
കറുപ്പേറ്റു മരിക്കാനോ?
വെയിലേറ്റു ശമിക്കാനോ?

അവസരവാദി

മഴതന്ന മുറിവുകൾ
പോരാതെ വന്നപ്പോൾ
മഞ്ഞിന്റെ മാറിൽ മുഖമമർത്തി
ഋതുകൊണ്ടവസരവാദിയായി.

താച്ചിക്ക്..

നിന്നോളമാരുമറിഞ്ഞില്ലെന്റെ
നിഴലിൻ കറുപ്പും
നിശബ്ദശബ്ദങ്ങളും..

Thursday, December 4, 2014

നീതിമാന്റെ നോട്ടം

എനിക്കുവേണമെങ്കിൽ നിന്നെ തുറുങ്കിലടക്കാം,
പരസ്ത്രീ ആയിരുന്നിട്ടും
യോഗ്യനാമെന്നെ നീ പ്രാപിക്കുന്നില്ല,
വേണ്ടതുതരാൻ മനസ്സുകാണിക്കുന്നില്ല.

പെരുമാറ്റദൂഷ്യംകൊണ്ടിവൾ വേശ്യയും
അതു വിധിപ്പാൻ വിധിച്ചവൻ നീതിമാനും.
നല്ലതിലും നല്ലതാമവനവളിൽ
മാനക്കേടിന്റെ പുതുമണം കണ്ടു.
കാരണമില്ലാതെയവന്റെ കണ്ണിൽ
ആ രാത്രിയവളെന്തായിരുന്നോ,
അതായിമാത്രമവളെ നീതിയും കണ്ടു.
കൊള്ളാം, നീതിമാന്റെ നല്ലനോട്ടം!

നിന്റെയഴുക്കുകൾ ചുമക്കാൻ വിധിച്ച്,
ആഴത്തിൽ വേരോടി വിശന്നവൾ വേശ്യ!
വിധിപ്പുകളൊഴിച്ചാൽ നിനക്കു ചുമക്കാൻ,
വരുമിതിലും ചുളിഞ്ഞ കുപ്പായങ്ങൾ വേറെ.
വിശക്കാതെ നീയവളെയൊന്നു നോക്കൂ,
അവൾ പിടഞ്ഞോടുന്ന സുഖങ്ങൾ നോക്കൂ.

വേശ്യകൾ പലായനം ചെയ്ത മണ്ണിൽ
പുണ്യാളൻ പിറന്നില്ലയെങ്കിൽ,
നീതിമാനേ നിനക്കും പിഴച്ചു.
നോട്ടമാണിവിടെ വിശപ്പും വിലാപവും
പാവമാശരീരം ഇരുട്ടിലോടി മറയട്ടെ.


(Inspired by a conversation about Nawal El Saadawi's ' Woman at Point Zero')

Wednesday, December 3, 2014

കേരളാ ടാക്കീസിൽ ആലിംഗനബദ്ധതയും ചുംബനച്ചോപ്പും

എവിടായിരുന്നു നിങ്ങൾ?
അയലത്തെ മൂന്നുമാസ്സക്കാരി
മൂന്നാംമുറയിൽ പീഡിപ്പിക്കപ്പെടുമ്പോൾ,
കവലയിൽ മജിസ്ട്രേട്ടുകോടതിയിൽ
തർക്കവിചാരണ നടക്കുമ്പോൾ,
ആ വരാന്തയിൽ പോയി
ചതുരക്കൂടിനകത്തുനിൽക്കുന്നവന്റെ
മുഖത്തു തുപ്പാതെ,
അവനെ ചെരുപ്പിനടിക്കാതെ,
എവിടായിരുന്നു നിങ്ങൾ?
മുപ്പതാംവർഷത്തിലവളെ
മുഖാമുഖം ചെയ്ത
തീക്കൊള്ളി വായിച്ചുരസിക്കുമ്പോൾ,
എവിടായിരുന്നു പിന്നെയും നിങ്ങൾ?
വെട്ടത്തും ഇരുട്ടത്തുമവൾക്ക്
കൈയും കരളും വിറക്കാതിരിക്കാൻ
കസർത്തു പഠിച്ചപ്പോൾ,
വേലിക്കുപുറകിൽനിന്നവളുടെ
എല്ലെണ്ണിരസിച്ചോരെ നോക്കാതെ,
എവിടായിരുന്നു പിന്നെയും-
പിന്നെയും നിങ്ങൾ?
നീ ബദ്ധതയും ചോപ്പും പറഞ്ഞെന്റെ
വായനപ്പത്രം നിറച്ചപ്പോൾ
ഒന്നു പറയാതെവയ്യെന്റെ കണ്ണേ
ഒരു പെണ്ണു നശിപ്പിക്കപ്പെടുമ്പോൾ
ഒരായിരം പെണ്ണുങ്ങൾ ഒത്തുനശിക്കുന്നു.
ഒരു കുഞ്ഞു കൊല്ലപ്പെടുമ്പോൾ
ഒരായിരം കുഞ്ഞുങ്ങൾ
ചിതയിലൊടുങ്ങുന്നു.
പ്രകാശമില്ലാത്തവരുടെ
ആകാശച്ചുവട്ടിൽ,
ചുംബനച്ചൂടിനും മേലേ വിയർക്കുന്ന
കണ്ണും ചെവിയും നീ മണ്ണിൽ വളർത്തൂ..

Monday, December 1, 2014

ഒരു ചിരിയിൽ എന്തുകാണാം?


 


(ഗൂഗിളിൽ വായിനോക്കുമ്പോൾ കിട്ടിയ 
ഈ ചിത്രം തന്നതാണ് 
'ഒരു ചിരിയിൽ എന്തുകാണം?')

ഒരായിരം ദിവസങ്ങൾ
ഒത്തുകാണാം.
പിന്നെ ചായംപൊഴിച്ച
കുറേ മുത്തുകാണാം.
മതിവരാനോട്ടങ്ങൾ-
കണ്ണിൽ വരച്ചിട്ട
പെണ്ണിന്നും ആണിന്നും
ചിരികൾ പലത്
നോട്ടങ്ങൾ പലത്
കാഴ്ചക്കു കണ്ണിൽ
നിറങ്ങളും പലത്.
ഒടുവിലായ് ചിരി-
തെളിച്ചുപറഞ്ഞെന്റെ
പെണ്ണിനുമാണിന്നും
വലംചിരി ഇടംചിരി.
ആണിന്നു വലംചിരിയിൽ
മണ്ണിന്റെ പച്ചകാണാം.
ഇടംചിരിയിൽ ഇത്തിരി നീലകാണാം.
പെണ്ണിന്നു വിപ്ലവച്ചോപ്പുകാണാം.
പിന്നെ ശ്വാസം നീലിച്ചതിന്റെ
ചവർപ്പുകാണാം..