Monday, December 28, 2015

ദൂരം.

ഒരു തിരിഞ്ഞുനോട്ടത്തിൽ
തകർന്നു പോയേക്കാവുന്ന
കണ്ണകലങ്ങൾ!
ഒരു നനുത്ത നിശ്വാസത്തിൽ
കരളുപിടഞ്ഞേക്കാവുന്ന
കവിൾച്ചൂടുമ്മകൾ!
പ്രിയപ്പെട്ടവനേ,
എന്റെ ഹൃദയത്തിന്റെ പേരുള്ള
പ്രണയകാലത്തിൽ
നിന്റെ ചിരികൊണ്ടു വിടരുന്ന
വർഷങ്ങളിലേയ്ക്കു മാത്രമായിതാ
നാമെന്ന വേഴാമ്പൽ കൊക്കുരുമ്മുന്നു!

Friday, December 4, 2015

തീവണ്ടിയാപ്പീസിനുള്ളിലെ പെണ്ണ്.

ഊണുമുറിയിലെ
കരുത്തുപോയ കളിമണ്‍പാത്രം പോലെ
ഒളിച്ചിരിക്കാനിടം തിരയുന്ന പെണ്ണ്.

അവളെ ഞാൻ ആദ്യം കാണുന്നത്,
ആ ദിവസത്തെ അവസാന വണ്ടിയും പൊയ്ക്കഴിഞ്ഞ
തീവണ്ടിയാപ്പീസിനുള്ളിലാണ്.
ഭാരം ചുമന്നു തളർന്ന പാളം പോലെ
എങ്ങോട്ടെന്നില്ലാതെ,
ആരെയും നോക്കാതെ,

ഒരൊറ്റയാന്റെ മങ്ങിയ മുഖത്തോടെ
രാത്രിയുടെ വിയർപ്പിനെ തുടച്ചുകൊണ്ടു
വിജനമായ കണ്ണുകളിലെ
വിജനതയിലില്ലാതായവൾ...


പിന്നെയെന്നും,
വരികളില്ലാതെ 
വായിക്കപ്പെടുന്ന
രാത്രി സ്വപ്നങ്ങളിൽ,
എന്നെ പിന്നിലാക്കി
അതേ ചുവന്ന സാരി പുതച്ചുകൊണ്ട്
തെരുവിലെ ചവറ്റുകൂനയ്ക്കരുകിൽ
തീരെവിശപ്പില്ലാത്ത കണ്ണുകളുമായി
ആരെയോ ഉണ്ണുന്നവൾ.


തീവണ്ടിയാപ്പീസിനുള്ളിൽ
ഇന്നും അവളുടെ വിശപ്പ്
വിൽക്കപ്പെടുന്നുണ്ട്,
നഗ്നത വാങ്ങപ്പെടുന്നുണ്ട്,
ആരൊക്കെയോ വരിവച്ചു നീങ്ങി
ചുവന്ന സാരിയിൽ കെട്ടിയ
പൊതിച്ചോറുമായി
കുഞ്ഞനുറുമ്പുകൾ പോലെ
കാലത്തെ കടിച്ചു നടന്നു പോകുന്നുണ്ട്.

ഇതുമാത്രമാണോ
ചുമരുകളില്ലാത്ത പെണ്‍പറമ്പിൽ
ലഹരി വിളമ്പുന്ന പെരുവഴിയമ്പലം?
പിടിയിലൊതുങ്ങാത്ത രാത്രിവിശപ്പിന്
പെണ്ണുമാത്രമാണോ ഒടുവിലെ അഭയം? 
രാത്രികളിൽ ലോകത്തെവിടേയും ഓടകളൊഴുകുന്നില്ലേ?

(കടപ്പാട് : ചിത്രം വരച്ചുതന്ന nSp എന്ന ട്വിറ്റെർ സുഹൃത്തിനോട്‌)

Thursday, December 3, 2015

സംസാരിക്കുന്നവ.

ചില ചിത്രങ്ങൾക്ക്
ഒടുവിലെ ചതിയുടെ പേരും
അവന്റെ രക്തവും മാംസവും രുചിച്ച് 

ഒറ്റക്കയറിൽ ഒടുങ്ങിപ്പോയ
യൂദായുടെ മുഖവും.

മാറിനടക്കാം.

പ്രണയം അവിശുദ്ധമെന്നു
പറഞ്ഞവരേ
നിങ്ങൾക്കു മാറിനടക്കാം,
ഈ തീരം പ്രണയിച്ചുപോയ കാറ്റിനുവേണ്ടി
കടലെന്നോ തീറെഴുതിയതാണ്!

Wednesday, December 2, 2015

കഥപറയുന്ന ചുമരുകൾ.

കണ്ണിലിരുട്ടുമാത്രമുള്ളൊരു മുറിയിലെ
റാന്തൽവിളക്കു പോലെ

ചില ചുമരുകൾക്ക്
ഏറെ കഥകൾ പറയാനുണ്ട്.
പൊളിഞ്ഞുവീണ
കുമ്മായക്കൂടുകൾക്കപ്പുറം,
തണലും ചാരും കൊടുത്ത്
എത്രയോ വഴിയാത്രക്കാരെ
വഴികടത്തിവിട്ട കഥകൾ!

Tuesday, December 1, 2015

അവനുദിക്കുന്നിടങ്ങൾ.

(കവിത ഇവിടെ പ്രസിദ്ധീകരിച്ചു : http://emashi.in/feb-2016/kavitha-avanudikkunnidangal.html )

പ്രേമത്തിന്റെ പുസ്തകം 
ഏതോ കടൽക്കാലത്തിലേയ്ക്കു
പിറന്നു വീഴുന്ന
മഞ്ഞിനെ മധുരിച്ചും
മഴയിൽ ചിതറിയും
വേനലിൽ പൊള്ളിയും
ആർദ്രമായ കൈത്തലങ്ങളുടെ
അകലമില്ലാത്ത കുളിരിലൂടെ
മുള്ളുകൾകൊണ്ടു തീവ്രമാകുന്ന ഒന്നാണ്.
ചിലനേരം നിന്റെ കണ്ണുകളിൽ കുടുങ്ങി
എന്റെ ഹൃദയം,
ഇനിയും വരാനിരിക്കുന്ന
പ്രളയകാലത്തിന്റെ ഭീതിയിൽ,
പ്രണയം വീശിയടിക്കുന്ന 
നിറമില്ലാജലാശയം പോലെ.
മറ്റുചിലപ്പോൾ,
ചുംബനപ്പുലരികളുടെ
തണുപ്പേറ്റൊഴുകുന്ന പുഴയിലെ
നിലാവു പോലെ.
നീയെന്റെ ആത്മാവിലേയ്ക്കു
നിന്നെവച്ചെന്നെ നേടുന്ന നോട്ടമെറിയുമ്പോൾ,
ഞാനൊഴുകുവാനാകാത്തൊരുറവയാകുന്നു,
പൈങ്കിളിക്കഥയിലെ പീലിയാകുന്നു,
പിന്നെയും പൂവിട്ടു വസന്തമാകുന്നു,
നീതൊടാ ഇലകൾ കൊഴിച്ച്
മണ്ണിൽ മരിയ്ക്കാത്ത ശിശിരമാകുന്നു,
പുനർജന്മമില്ലാത്ത
തടവറയിൽ നീയെന്നെ
പുണർന്നു ശപിക്കുമ്പോഴും,
ഓർമ്മയുടെ ലഹരിയിൽ,
നിന്റെ മുഖം നിറയെ ഞാൻ
വയലറ്റുപൂക്കൾ വരച്ചുവയ്ക്കുന്നു.
അത്മാവിലെവിടെയോ
ശൂന്യതയുറങ്ങുന്ന മുറിയിൽ,
നിന്റെ മെഴുകുപേനകൾ
വിരലുകൾ പോലെന്നെ വരിഞ്ഞുകെട്ടുന്നു.
ചിറകുമറന്ന ശലഭമായ്
ചക്രവാളങ്ങളിൽ ഞാൻ
പറന്നു കയറുമ്പോൾ,
നീ എന്റെ കവിളിൽ വരയ്ക്കുന്ന ഓരോ വരയിലും
ഹൃദയമെഴുതുന്ന കവിതയുടെ ഗന്ധം,
കരങ്ങൾ മുറുകുന്ന തീക്ഷ്ണതയുടെ വേദന,
ഇതുതന്നെയല്ലേ,
പെണ്ണിൽ പ്രണയം പിറക്കുന്നിടങ്ങൾ?
പെണ്ണിലവനുദിക്കുന്നിടങ്ങൾ?(ചിത്രം ഇവിടെ നിന്ന് : https://www.pinterest.com/pin/574983077402155229/ )

Monday, November 30, 2015

ഒരുനാൾ.

പഴയതൊക്കെ പുതുക്കപ്പെടും,
ഞാനും നീയും
ഓർമ്മകളുടെ നീലക്കരയുള്ള
ചുവന്ന സാരിയും
ഓട്ടുപാത്രങ്ങളിൽ
ക്ലാവിറങ്ങുന്ന പച്ചമണവും
ഉള്ളുനോക്കാതെ
പകുത്തെടുക്കാൻ
മറന്ന സ്നേഹപ്പൊതികളും
ഓർമ്മക്കുഴികളിലെ ചെളിപ്പാടുവീണ
ഓർമ്മമുഖങ്ങളും
എല്ലാം...
കാലമറിയാതെ നമ്മൾ പിന്നെയും നടക്കും,
നെയ്ത്തുകാരന്റെ
നെടുവീർപ്പു നനച്ച
പട്ടുനൂൽപുഴുക്കളെപ്പോലെ,
പളപളപ്പുള്ള പുതിയ പെട്ടിയിൽ,
പുതിയ രൂപത്തിൽ,
എന്നോ പ്രിയപ്പെട്ടതൊക്കെ,
പുതിയതിനെ മാത്രം സ്നേഹിക്കുന്നവരുടെ
പുതിയ സ്വപ്‌നങ്ങൾക്കിടയിൽ
ഒരുപുതുമയുമില്ലാതെ
മരിച്ചുകിടക്കുന്നതു വരെ.
എത്ര നിസ്സാരമാണ് ചിലതൊക്കെ,
ഓർമ്മക്കൂടാരങ്ങളിലെ കഥകൾ
ടവക്കത്ത് കണ്ടെടുക്കപ്പെടുന്നു.
അപ്പോഴൊക്കെ
പഴകിദ്രവിച്ചും
പുതുക്കപ്പെടാനാവാതെയും
നേരംതെറ്റിയൊരു നിലവിളി
നെഞ്ചിൽ നിന്നു
തൊണ്ടയിലേയ്ക്കു വലിഞ്ഞു കയറുന്നു,
കടിച്ചിറക്കാനാകാത്ത പലതും
കണ്ണീരിന്റെ ഉപ്പുരുചിച്ചുകൊണ്ട്‌
എങ്ങോട്ടേയ്ക്കെന്നില്ലാതെ
ഇറങ്ങി നടക്കുന്നു.
പഴയതൊക്കെ
ഒരുനാൾ
പുതുക്കപ്പെടും,
അന്നും
നിന്നിലേയ്ക്കു നടന്നും
എന്നിലേയ്ക്കു മടങ്ങിയും
പഴയതിനും
പുതിയതിനുമിടയിൽ
പേരിടാനാകാത്ത
ചിലരുണ്ടെന്നു മാത്രം!
 (കടപ്പാട് : ചിത്രം elenacaravela.wordpress.com ൽ നിന്ന്)

Wednesday, November 18, 2015

മയിൽപ്പീലികൾ ചിത്രം വരയ്ക്കുമ്പോൾ.

ചില നിമിഷങ്ങൾ,
പരിണിതയോടു
പാതിമാറഞ്ഞിരുന്നു
സ്വകാര്യം പറയുന്ന
തുളസിമാലകൾ പോലെ
സുന്ദരമാണ്..

ചില സ്പർശങ്ങൾ,
സീമന്തത്തിൽ
പുലരികൊണ്ടു
ചാലുവെട്ടുന്ന
വൃശ്ചികസൂര്യനെപ്പോലെ
മൃദുവും..

Tuesday, November 17, 2015

ചില കഥകൾ കരുതിവയ്ക്കട്ടെ..

അവൾ, ഓർമ്മകൾ കൊണ്ട് അവനിൽ
വാക്കുകളെരിച്ചപ്പോഴൊക്കെ, 
പാതവക്കത്തു പ്രേമത്തിന്റെ ആറാം തിരുമുറിവിൽ
മുഖമമർത്തി കരയുകയായിരുന്നു അവൻ...

ആയിരം കാതങ്ങളകലെയിരുന്ന
പകലും രാത്രിയും
പേരില്ലാത്ത ഋതുക്കളിലേയ്ക്കു
നീണ്ടുപോകുന്ന രണ്ടു നിഴലുകൾ പോലെ,
നിലവിനോടു കൊതിപറഞ്ഞ
ഹൃദയങ്ങൾ കൊണ്ടവരലമുറയിട്ടു. 
കണ്ണീരിന്റെ അവസാന തുള്ളിയും വീണ്
ചോദ്യപുസ്തകങ്ങളിലെ അവസാന വരിയും
മാഞ്ഞുപോയ ഒരു വേനലിന്റെ ഒടുക്കം,
മഴയെന്നവർ പേരിട്ട ഋതുവിൽ വച്ച്, 
നിശബ്ദതകൊണ്ടു പരസ്പരം ചേർത്തുപിടിച്ച്,
കുമ്പസാരക്കൂട്ടിലെ മറമായ്ച പരമരഹസ്യത്തെ
അസ്തമയ സൂര്യനിൽ നിന്നൊപ്പിയെടുക്കവേ,
ആകാശം മണ്ണിനെ ചുംബിക്കുന്നിടത്തു വച്ച്,
അവളെയവൻ എന്റെ കടലെന്നും
അവനെയവൾ എന്റെ വാക്കെന്നും വിളിച്ചു.
അന്നുമുതൽ അവരുടെ സ്വപ്നങ്ങൾക്ക്
നീലക്കുറിഞ്ഞിയുടെ ഇളംനിറമായിരുന്നു.
മനസിലേയ്ക്കു വീണ
മഞ്ഞുകാലങ്ങളിൽ കുളിർന്ന
ഉള്ളം കൈയാലവളെ
ചുംബിച്ചുകൊണ്ടന്നവൻ പറഞ്ഞു,
നീ വിടരാത്ത ഓരോ പകലും
മഷിപുരളാത്ത തൂവൽപേനപോലെന്റെയുള്ളു
ദാഹിക്കുകയും,
നിനക്കുവേണ്ടി മാത്രം ഞാൻ
ശംഖുമാലകൾ കോർക്കുകയും ചെയ്തു.
ഇന്നെന്റെ ആത്മാവിതാ,
പ്രേമത്തിന്റെ മുള്ളുകളുള്ള പാത
നിനക്കു തുറന്നു തന്നിരിക്കുന്നു.
ഞാൻ നിനക്കുവേണ്ടി പാടുന്നിടത്ത്
സ്വർഗങ്ങളസ്തമിച്ചാലും
നാമുണർന്നിരിയ്ക്കും!

അവളപ്പോൾ,
അസ്തമയത്തിന്റെ
ഓറഞ്ചുകൊണ്ടു തുടുത്ത 
ആകാശത്തേക്കാൾ
സുന്ദരിയായിരുന്നു.

മൂളുവാനറിയാത്ത കാറ്റിനോട് മിണ്ടിയും,

നന്ദ്യാർവട്ടങ്ങൾകൊണ്ട് മാലകൊരുത്തും
കാലമിനിയും ചില കഥകൾ കരുതിവയ്ക്കട്ടെ..

Monday, November 16, 2015

സ്നേഹത്തറയിലെ ഒന്നാം ക്ലാസുകാർ.

ഇന്നവളെന്നോട് പറഞ്ഞു
സ്നേഹത്തെക്കുറിച്ച് സംസാരിക്കാൻ,
നടന്ന വഴികളിലൊക്കെ
വാറുപൊട്ടിയ ചെരുപ്പുപോലെ
കൂടെവന്ന സ്നേഹത്തെക്കുറിച്ച്
ഒരു നീണ്ട നെടുവീർപ്പിനപ്പുറം
ഞാനെന്തു പറയാൻ?
പകരമില്ലാത്ത
പഴന്തുണികൾ പോലെ
നെഞ്ചിലെ അയയിലിന്നും
ഈറനിറ്റാതെ കിടക്കുന്ന 
ചില സ്നേഹപ്പുതപ്പുകളുണ്ട്,
മനസ്സിൽ,
മരുപ്പച്ച തന്നു
നടക്കാനിറങ്ങുന്ന
ചിലമുഖങ്ങളും,
ഓർമ്മകളുടെ മേഘമൽഹാറുപാടി
കാത്തിരിപ്പിന്റെ പടവുകളിലെ
പായൽവഴുക്കുകളെ മിനുക്കി
ഇടയ്ക്കിടെ, മറക്കാതിരിക്കാൻ
ഏതോ ചാറ്റൽമഴയിലേയ്ക്കെന്നെ
തള്ളിയിട്ടു ചിരിയ്ക്കുന്ന,
തകർത്തു പെയ്യുന്ന,
സ്നേഹച്ചൂടിന്റെ ചെറുമഴകളും,
അവരെക്കുറിച്ചു പറയട്ടെ
ഞാൻ നിന്നോട്..
ആ കുളിരുള്ള ചൂടിനെപ്പറ്റി..
ഒന്നാം ക്ലാസിലെ തറയോടു തറയിൽ
പനയുടെ പടം വരച്ചു,
മണ്ണിട്ടു,
വെള്ളമൊഴിച്ചതിനു കിട്ടിയ
ചൂരൽക്കഷായത്തിന്റെ
ചൂടിനെപ്പറ്റി.. 
വെള്ളക്ക കുത്തിനിറച്ച
തുണിസഞ്ചിഭാരം പകുത്ത
രണ്ടുകുഞ്ഞിക്കൈകൾ
ചുവന്നുതുടുത്ത ചൂടിനെപ്പറ്റി..
കടലാസ്സുകീറി കളിപ്പാവ മെനഞ്ഞ
കുരുത്തക്കേടിന്റെ ചൂടിനെപ്പറ്റി..
*മുന്തിരിക്കളികളുടെ വട്ടം വെട്ടിച്ച്
കണ്ണുകൊണ്ട് നിറങ്ങൾ കൈമാറിയ
കുസൃതിക്കാലത്തിന്റെ ചൂടിനെപ്പറ്റി..
കഥകൾ കൂട്ടി
കൂട്ടരെപ്പറ്റിച്ച
മധുരമുള്ള കളവുകളുടെ
മധുരിച്ച ചൂടിനെപ്പറ്റി..
കഞ്ഞിപ്പാത്രം വയറോടടുപ്പിച്ചു
ചുണ്ടുപൊള്ളിച്ച
വിശപ്പിന്റെ ചൂടിനെപ്പറ്റി..
കണ്ടിട്ടും കാണാതിരുന്ന
ചെറുപിണക്കങ്ങളിൽ
ചിറകുമുറിഞ്ഞ
ആകാശമില്ലാ ചൂടിനെപ്പറ്റി..
സമയം കളഞ്ഞുപോയ
കുറ്റിപെൻസിലുകളുടെ
കവിളിലൂടൊഴുകുന്ന
കാലമെഴുതിയ ചൂടിനെപ്പറ്റി..
മഷിപ്പച്ച മായ്ക്കാത്ത
കൈമുറുക്കങ്ങളിലൊളിച്ച,
സ്നേഹത്തിന്റെ
സ്നേഹിച്ചുതീരാത്ത ചൂടിനെപ്പറ്റി.. 
ഇന്ന്,
വാക്കുകളില്ലാതെ
ഏതോ അകലത്തിൽ
പരിചയം പുതച്ചിരിക്കുന്ന
രണ്ടു കൂട്ടുകാരികളുടെ
ഹൃദയച്ചൂടിനെപ്പറ്റി..
(*വട്ടത്തിലിരുന്നുള്ള ഒരുതരം കളി)

Saturday, November 14, 2015

പള്ളിക്കൂടത്തിൽ.

ഉച്ചനേരം കഞ്ഞിക്കു
നാം പകുത്ത
ഉണ്ടപ്പുളിയും
കല്ലനുപ്പും
കഥാപുസ്തകങ്ങളും
പിന്നെ നാലുവിട്ടുള്ള
ഓട്ടപ്പന്തയങ്ങളും തന്ന
കൂടലൊന്നും
ഇന്നോളം ഒരു കൂട്ടിലും
കൂട്ടുകൂടി കിട്ടിയില്ല കൂട്ടരേ..

Friday, November 13, 2015

തെറ്റുകളുടെ മുള്ളിലേയ്ക്ക്!

ഞാൻ
ഭ്രാന്തനാണ്,
നിന്റെ ചരിത്രത്തിന്റെ നൂലിഴകളിൽ
എന്റെ പേരു കാണുമ്പോഴൊക്കെ,
പരമ്പരയില്ലാതെ പിറന്നവന്റെ
ചേറും ചെളിയും പറ്റി
മുഷിഞ്ഞ കുപ്പായത്തിൽ
കൂടുതൽ മുഷിഞ്ഞവൻ!

ഞാൻ
കണ്ണുകൾ തുറക്കാത്തവനാണ്,
പേറ്റുവള്ളിയെ ശപിച്ചും,
വാകീറിയ ദൈവത്തെ വിഴുങ്ങിയും,
വിജനതയിൽ നോക്കിച്ചൊല്ലുവാനാവാത്ത

പ്രാർത്ഥന പോലെ,
ഏതോ ബലിപുസ്തകത്തിലെ
നൂൽനടത്തങ്ങളിൽ,

ബോധക്കേടിലെയ്ക്കു
മൂർച്ഛിക്കുന്ന ഓരോ രാത്രിയും,
പേരിടാനാവാത്ത പിതാവിനെ
കാണാൻ മടിച്ച്

സ്വയം കണ്ണുകളടച്ചവൻ!

ഞാൻ
പിതാവിനും മകൾക്കും പിറന്നവൻ!
പേരില്ലാത്ത മനുഷ്യരിൽ
പേരു തേടി,
ഒടുവിലവരിൽ തന്നെ

എന്നെ
നഷ്ടപ്പെട്ടുപോയവൻ,
തെറ്റുകളുടെ മുള്ളിലേയ്ക്ക്
പിറപ്പുകൂടി ചേർത്തുവച്ച്
ചിലപ്പോഴെങ്കിലുമൊക്കെ
മനസ്സിനെ കുത്തിനോവിക്കുന്നവൻ..
 

 (കടപ്പാട് : മാനസ്സികാരോഗ്യകേന്ദ്രത്തിൽ പണിയെടുക്കവേ ഉണ്ടായ ഒരനുഭവത്തെക്കുറിച്ച് പറഞ്ഞ സൗമ്യ എന്ന കൂട്ടുകാരിയോട്)

Thursday, November 12, 2015

നിർവ്വചിക്കാനാവുന്നത്.

സ്നേഹത്തിന്റെ നെഞ്ചിൽ നിന്നു
സ്നേഹിക്കപ്പെടുന്നതിന്റെ
നെഞ്ചിലേയ്ക്കു വരക്കുമ്പോഴല്ലേ

ഓരോവരയും
മനോഹരമാകുന്നത്‌?

മനുഷ്യൻ
മനുഷ്യനെ തൊടുന്ന
ദിവ്യമായ നിമിഷത്തിൽ,
ഞാനിനിയും
നിന്റെ നെഞ്ചിലെ കല്ലുസ്ലേറ്റിലേയ്ക്ക്
സ്നേഹത്തിന്റെ കുറ്റിപെൻസിലുകൊണ്ടു
വരച്ചുകൊണ്ടേയിരിക്കും...

ഇരട്ടകൾ.

പറമ്പിലെ
ഇലഞ്ഞിമരപ്പൊത്തിൽ,
ഇരുട്ടിനെ കെട്ടിപ്പിടിച്ചുറങ്ങുന്ന,
ഇനിയും പേരിടാനാവാത്ത
രണ്ടുകുഞ്ഞിക്കുരുവികൾ.

Wednesday, November 11, 2015

കൂടെപ്പിറപ്പുകൾ.

എങ്ങിനെയാവും 
നീയാ വേദന
താങ്ങിയിട്ടുണ്ടാവുക?
മഴപെയ്തലിഞ്ഞില്ലാതായ ഭൂമിയിൽ
മിന്നലുകൾ കൊണ്ടു
വീണ്ടും മുറിവുകളേറ്റാൽ,
പങ്കുവയ്ക്കാതെ പോയ
മധുരങ്ങൾക്കുമേലേ
അതിലേറെ മധുരിച്ചുകൊ-
ണ്ടോർമ്മക്കണ്ണീരു
കിനിഞ്ഞിറങ്ങുന്ന
ചില മുഖങ്ങളുടെ
ഓർമ്മദിവസങ്ങളെത്തിയാൽ,

ഒരേവയറ്റിലിടം കിട്ടി,
ഒരേപിടിയിലുരുളയുടെ
എരിവറിഞ്ഞെരിച്ചുകൊ-

ണ്ടൊരുപാടുറക്കങ്ങ-
ളുണർന്നിരുന്ന പിടിവാശികൾക്കപ്പുറം,
നിറമുള്ള കുഞ്ഞുബലൂണു പോലെയവൾ

സ്വർഗ്ഗത്തിരുന്നു ചിരിക്കുമ്പോൾ,
എങ്ങിനെയാവും
നീയാ വേദന
താങ്ങിയിട്ടുണ്ടാവുക?

നിന്റെ കണ്ണീരിനൊരുതുള്ളി 
ഞാനും കൂട്ടയക്കുന്നു...

Tuesday, November 10, 2015

നമ്മിലേക്കുള്ള വായനകൾ.

1
ചിലപ്പോഴൊക്കെ
ആകാശമൊളിച്ചിരുന്ന്
ഹൃദയത്തിലേക്കുനോക്കാറുണ്ട്,
നഗ്നമായി കിടക്കുന്ന ആത്മാവിനെ
മഴനൂലുകൊണ്ടൊരു പട്ടുചേലയുടുപ്പിച്ച്
സുമംഗലിയാക്കി മടങ്ങിപ്പോകാറുമുണ്ട്.


2
നിന്റെ കണ്ണുകളിലേക്കു നോക്കുമ്പോൾ,
എല്ലാവഴികളും
നിന്നിൽ നിന്നു
നിന്നിലേക്കുമാത്രം,
ഞാൻ
ഒഴുക്കിനെ

ഒഴുക്കിക്കളഞ്ഞൊരു
പുഴമാത്രമാകുന്നു.

നിന്നിൽ നിന്നു നിന്നിലേക്കൊഴുകുന്ന
പ്രേമത്തിന്റെ പുസ്തകമായാണ്
ഞാനെന്നെ വായിക്കുക..

മറ്റെല്ലാം കറുപ്പാണ്.

നിന്റെ കണ്ണിലെ
കെടാറായ മെഴുകുതിരിയുടെ നിഴൽ
ഞാൻ കടമെടുത്തിരിക്കുന്നു,
നമുക്ക് നമ്മെ വിഴുങ്ങുന്ന
പ്രേമത്തെക്കുറിച്ചു മാത്രം സംസാരിച്ചാൽ മതി!

Monday, November 9, 2015

പതിവ് പതിവുകൾ.

ചിലമഴകൾ പെയ്തുതോരുമ്പോഴാണ്
സ്വർഗങ്ങളസ്തമിക്കുന്നിടത്തേക്കു 
ഞാൻ നടക്കാനിറങ്ങുക,
കേട്ടറിഞ്ഞ കഥകളിലെ
പഞ്ഞിക്കെട്ടു കൊണ്ടുള്ള
തൂവലുകൾ പുതച്ച മലാഖയായി
പറന്നു നടന്ന്,
പ്രിയപ്പെട്ടതിനെയൊക്കെ ചുംബിച്ച്,
തുറക്കാൻ മടിക്കുന്ന കണ്ണുകളുമായി
ഏതോ നല്ലസ്വപ്നത്തിൽ നിന്ന്
വീണ്ടുമുണരുക..

Friday, November 6, 2015

ഒടുവിലെ കാട്ടിൽ.

പഴയമരത്തിന്റെ
പരുത്തതോലിലേയ്ക്ക്
പാട്ടുപാടി കിതച്ചു
മരങ്കൊത്തി മിനുക്കുന്ന 
കൂർത്ത ചുണ്ടുപോലെ,
ഓർമ്മകളിൽ ദ്രവിച്ചും
വേരോളമാഴ്ന്നും
ഇന്നും ചിലമനുഷ്യർ!

Thursday, November 5, 2015

രണ്ടും സ്നേഹം തന്നെ.

ചിലപ്പോഴൊക്കെ
അവരെന്നെ
കന്യാകുമാരി
പെൻസിലെന്നു വിളിച്ചു,
മറ്റുചിലപ്പോൾ
പാട്ടുമ്പുറത്തൂന്നെടുത്ത
കരിക്കട്ടയെന്നും!

മുത്തങ്ങയും അട്ടപ്പാടിയും!

വിശപ്പിനെ നോക്കി
ചോറ്റുപാത്രം തുറക്കുമ്പോഴൊക്കെ,
ചിതലരിച്ച കഴുക്കോലിൽ പണ്ടു
തൂങ്ങിമരിച്ച വിശപ്പിന്റെ നിഴൽ.
ഒഴിഞ്ഞ വയറുകൾ നമുക്കു

പാടുവാൻ മാത്രം!

Tuesday, November 3, 2015

പേരിടാത്ത കവിതകൾ.

1
പിറക്കാത്ത ഓരോ വരിയും
പഴയ അലമാരയിലെ
വായിക്കപ്പെടാത്ത നിരയിലേക്കു
നടന്നു പോകുന്നതുകണ്ട്, 
ഒളിച്ചിരുന്നു കഥാപുസ്തകം വായിക്കുന്നവളെ
കണ്ടുകിട്ടാനൊരു പരസ്യം കൊടുത്തു.

2
ചില തെരുവുകളിൽ
മുലയൂട്ടുന്ന അമ്മമാരെ കാണാം,
തന്റേതല്ലാത്ത കാരണത്താൽ പിറന്നവർക്ക്,
തന്നിൽ നിന്നു പകുത്തുകൊടുത്ത്
പട്ടിണിയിരിക്കുന്നവർ.


3
കാടുകരിയുന്ന
മണം തേടിയാണ്
കവലയിലേക്കിറങ്ങിയത്,
കുടലുകരിയുന്ന മണമുള്ള

രണ്ടുകൈകൾ കണ്ടാണ്‌
തിരിഞ്ഞു നടന്നത്.


4
പറഞ്ഞു പറഞ്ഞ്
ദൈവം മനുഷ്യനാവുകയും,
പറഞ്ഞതിലൊക്കെ മതിലുകെട്ടി
മനുഷ്യൻ ദൈവമാവുകയും ചെയ്യുന്ന കാലം.

5
ജീവിതമൊടുക്കാനൊരു കയറുതേടി
കടയിലേയ്ക്ക്,
ജീവിതം നടത്താനൊരു കയറു വിൽപ്പന കണ്ട്
തിരിഞ്ഞോട്ടം.

6
പേരില്ലെന്നു പറഞ്ഞു
പേരെടുക്കാനൊരു

യാത്രകഴിഞ്ഞു വന്നുകയറുമ്പോൾ
വിളിക്കപ്പെടുന്ന ആയിരം പേരുകൾ,
മനുഷ്യർ മുക്കാലും സംശയ രോഗികളാണ്. 

7
പാറമുകളിൽ നിന്നു താഴേക്കു നോക്കുമ്പോൾ
ഒരുശവകുടീരം കാണാം.
ചിറകുമുറിഞ്ഞ തുമ്പികളെ അടക്കം ചെയ്ത
കണ്ണീരില്ലാത്ത കരിമ്പാറ പോലെ.

8
എന്റെ പ്രേമം
പ്രേമിച്ചുതീരാത്ത
മാവിലയോടും
മഞ്ചാടിയോടും.


9
പ്രിയപ്പെട്ടതു പകുത്തു തന്ന്
ഞാൻ കൂട്ടുകാരിയായപ്പോൾ,
പ്രിയപ്പെട്ടതു മുഴുവൻ തന്ന്
അവൾ പ്രിയപ്പെട്ട കൂട്ടുകാരിയായി.

10
സബർമ്മതീ,
രക്തച്ചൊരിച്ചിലിനൊടുവിൽ
പതിയെത്താതെ വൈധവ്യമുടുത്ത
പെണ്ണിന്റെ മുഖമാണു നിനക്ക്.

11
നിന്നിലേക്കു ഞാനെന്ന് പറഞ്ഞ്
മഞ്ഞെന്തിനിങ്ങനെ
വേനലുപോലുരുകുന്നു. 


12
നമ്മുടെ കണ്ണുകളിൽ കൂടി
നമ്മുടെ കവിളുകളിൽ കൂടി
നാമറിയാതെ പെയ്തതത്രേ മഴ.

13
വരിയില്ലാത്ത വരകളുമായി 
കടന്നു വരുന്നവനേ
വാക്കില്ലാത്ത കവിതകളുമായി

ഞാൻ കാത്തിരിക്കുന്നു,
നമുക്ക് നിറങ്ങളില്ലാത്ത
ചിത്രങ്ങൾ വരയ്ക്കാൻ.