Friday, January 30, 2015

'ഇരകൾ'

വഴിവിളക്കുകൾ തെളിയാത്ത പാതപോ-
ലോർമ്മപ്പരപ്പിലെയരണ്ട വെളിച്ചത്തിൽ,
ചിറകുകൾ വിരിച്ചിണ ചേരാതെ പിറന്നൊരാ
കരിനിഴലിൻ കറുത്ത കുഞ്ഞുങ്ങൾ.
പകലിടങ്ങളിലെരിഞ്ഞു തീർന്നിട്ടുമീ,
ഇരുൾമരത്തിലഭയം തിരഞ്ഞവർ,
തിരികെ വന്നൊരു ശിശിരം തരാതെന്റെ
ചെമ്പകത്തിന്നിലകളെടുത്തവർ.
(പീഡനം ഒരു കഥയല്ലാത്ത ഈ നാട്ടിൽ പീഡിതരെങ്കിലും ഒരു കഥയാകുമോ?)

Thursday, January 29, 2015

ആരാച്ചാർ

അടുത്തിടെ മനസ്സിന്റെ ശവപ്പറമ്പിൽ
ഒരു കഴുമരം പൊങ്ങി,
കറുത്തതുണികൊണ്ടു മുഖങ്ങൾ മൂടി
വെളുത്തചരടിനാൽ ചലനങ്ങൾ ബന്ധിച്ച
കുറേയേറെപ്പേർ വിളികാത്തുനിന്നു.

'അരുത് '-ആരോ ഒരാൾ,
എനിക്കു കേൾക്കാൻ വേണ്ടി മാത്രം.
'മോഹങ്ങളാണവർ, നിനക്കു
ഭ്രൂണഹത്യചെയ്യാമായിരുന്ന പാഴ്വിത്തുകൾ.
വൈകിയോടുന്ന
സമയതീരങ്ങളിൽ വേരോടി,
വന്മരമായവർ.
വളർച്ചയുടെ *മൂന്നാംയാമത്തിലിനിയവർ
നിന്നെ ശ്വാസംമുട്ടിച്ചേക്കാം.
നിശബ്ദത കാർന്ന നിന്റെ തീരങ്ങളെ
ഉച്ചവെയിൽ കൊണ്ടു കരിച്ചു കളഞ്ഞേക്കാം.
കഴുമരങ്ങളിലെത്തണുപ്പുചൂടിയ
വെളുപ്പാൻകാലങ്ങളിൽ
കാലന്റെ കറുത്ത വസ്ത്രമൂരി
അവർ നിനക്കിനി മുഖംമൂടി തീർത്തേക്കാം.
അതുകൊണ്ടു ജാഗ്രതയോടെ മാത്രം
നീയവർക്കു മരണം വിധിക്കുക'.

ആരാണു നിങ്ങൾ?
മോഹങ്ങളുടെ ആരാച്ചാരോ?
അതോ മോഹക്കടലുടച്ച
മറ്റൊരു പുഴയോ കാടോ?
മോഹക്കഴുമരങ്ങളിൽ
ആശയുടെ കുരുക്കു മുറുകുമ്പോൾ,
ജീവന്റെ തണുപ്പി-
ലിടർച്ചകൾ വിങ്ങുമ്പോൾ,
നിങ്ങൾ മടങ്ങിവരിക,
കൈനിറയെ കണ്ണീരേറ്റുവാങ്ങാൻ.
മറിച്ചായാൽ,
മോഹതീരങ്ങളിടം പിടിച്ച
കുടീരമാകാതെ വരിക,
നല്ല ബലിമൃഗമായ്.


 
(*യൗവ്വനം)

Tuesday, January 27, 2015

ഏകാകി

പച്ചയാടി കരിയായ്
പ്പടർന്നിതാ,
വേച്ചു പോകുന്നു
പരാജയക്കപ്പലിൽ.
പാപിയെന്റെ പിഴകൾ
പൊറുക്കാത്ത,
ചക്രവാളങ്ങളേ
പാടിപ്പിരിഞ്ഞേക്കാം.
പട്ടടയേറിപ്പറയാതെ
പോകുമ്പോൾ,
ഓർത്തെടുത്തു നീ
തിരികെ വിളിക്കരുത്.
വിള്ളൽവീണെന്റെ
വെള്ളകൾ കീറിഞാ-
നിന്നു പോകട്ടെ
പരാജയക്കപ്പലിൽ.

നൊസ്റ്റാൾജിയ

നിനക്കു മുന്നേ
ഞാനെന്നവനും.
അവനു മുന്നേ
ഞാനെന്നു നീയും.
പിരിയാനൊക്കെ-
പ്പറഞ്ഞു തീർത്തപ്പോൾ,
ചുമരിലെ പൂമാല
അവനോ നീയോ?


സുഹൃത്ത്‌

നിന്നെയോർക്കുമ്പൊഴും
നിനക്കായോർക്കുമ്പൊഴും
നല്ല നിശബ്ദതയിൽ
ഒരുമിച്ചിരുന്നവർ.
കരയോളം കടലായി
തിരമാലയേറ്റവർ.

Monday, January 26, 2015

ദൈവം നമ്മിൽ

കുന്തിരിക്കവും ചന്ദനത്തിരികളും
കൊണ്ടു നീയെന്നെ ഊതിപ്പടർത്തരുത്.
നിയതമീ മണ്ണിൽ നന്മയറിഞ്ഞവർ
നിശബ്ദമെന്നോടു കൈകൾ കോർക്കട്ടെ!

വികൃതലോകത്തിൽ നേരുവിളക്കാ-
നറിവുകെട്ടിന്നേറെയശക്തനായ്,
അറുതികൾക്കുമപ്പുറം താണ്ടിയീ,
പടപ്പുറപ്പാടിൽ പന്തയമായിതാ,
ചോരചിന്തി പിടഞ്ഞു വീഴുന്നുവോ?
നിസ്സഹായനായ് മരിച്ചുജീവിക്കുന്നുവോ?

നാളെകൾ നാം പകർപ്പിന്റെ ചിറകിലായ്
ചാലു വെട്ടി പരകായരാകുമ്പോൾ,
പ്രാണൻ പ്രവാസിയായ് ഊരുചുറ്റുമ്പൊഴും,
മൂർത്തതയ്ക്കു മുഖം കൊടുത്തല്ലാതെ,
ഒർപ്പതെങ്ങിനെ മറവിയിൽ നിന്നെയും?
ഇരുളിലിറയത്തു യാക്കോബു തെളിയിച്ചു,
വെളിച്ചമായൊരാ അമ്മ നക്ഷത്രവും
അവളെ അറിയാതലഞ്ഞ കഴുക്കൾ നാം
കഴുകിലേറ്റിയ കനിവിന്റെ ഇടർച്ചയും,
മറപ്പതെങ്ങിനെ ഇനി നാം മരുക്കളായ്..?
മറപ്പതെങ്ങിനെ ഇനി നാം മറവിയായ്..?

  


(കെ.പി.അപ്പൻ സാറിന്റെ 'മധുരം നിന്റെ ജീവിതം' വായിച്ച്)

Saturday, January 24, 2015

നിഴലിനോട്

മോഹമുടച്ച നീലകൾ
നിഴലിനെ കറുപ്പിച്ചാലോ?
നമ്മളും സ്വവർഗികളെന്നു
വിളിക്കപ്പെട്ടാലോ?
ഭയന്നിട്ടെന്റെ കണ്ണുകളിരുളുന്നു,
നിഴലേ നമുക്കു വെട്ടത്തി-
ലപരരായ് നടക്കാം..

Friday, January 23, 2015

മറന്നില്ല നമ്മെ..

അ) മന്ദാരം
നീ എന്റെ ചിറകുകളെ
വാനോളമെത്തിച്ചു.
ഞാൻ മേഘത്തിൽ ചേക്കേറി,
നീ മണ്ണിൽ കൊഴിയരുത്..

ആ) നിശാഗന്ധി
രാത്രിയുടെ കാമുകീ
വരിക ശയിക്കുവാൻ,
നിഴലോളമിരുട്ടു ഞാൻ
നിന്റെ സിരകളിലൊഴുക്കട്ടെ..

ഇ)ചെമ്പകം
ഭ്രാന്തിഴയുന്നെന്റെ
ജീവൻ തുരന്നു നീ
ഇലകൊഴിച്ചുണർവ്വുകൾ
തരാതെ തനിച്ചാക്കി..

ഈ) വാക
നിന്റെ പ്രണയം,
എന്റെ പരാതികൾ,
വഴിവക്കിലൊരുവാക
മറന്നില്ല നമ്മെ..


ചിത്രത്തിനു കടപ്പാട്: Sonika Bhatnagar's Blog

വിശുദ്ധ'കോഴ'

ഇന്നു നടക്കാനിറങ്ങും വഴി
എതിരുവന്നതുചെണ്ടപ്പുറമാണ്.
കോലിനു തട്ടുകിട്ടുമെന്നുറപ്പിച്ച്
കവലയിലെത്തിപ്പത്രമെടുത്തപ്പോ-
ളതിലൊരു കാരുണ്യയടിച്ചിരിക്കുന്നു.
അതോ, 'മണി' മാണത്തടിച്ചോ?,
കണ്ടിരിക്കുന്നത് ചെണ്ടപ്പുറമാണേ!
കടയ്ക്കടിക്കാൻ,
കോലൊന്നെടുക്കും മുൻപവിടെ
കടയടപ്പ്.. മൊഴിയെടുപ്പ്,
വിമർശനങ്ങൾ.. വിവേചനങ്ങൾ,
അതികായർ.. അവർക്കൊരു സമവായം,
ഞെട്ടിത്തരിക്കൽ,
ചുട്ടികുത്തിക്കറക്കം,
മൂക്കുപിഴിച്ചിൽ..
മേമ്പൊടിക്കിത്തിരി എരിവും പുളിയും.
പിന്നിടംവലം നോക്കാതൊരു കെട്ടിപ്പിടുത്തം.
കാട്ടുകള്ളന്മാർ വലത്തുമിടത്തും,
കണ്ണടച്ചന്ധരായ് നമ്മൾ പുറത്ത്.
കോഴയിൽ വഴുക്കാ വിശുദ്ധർ പറയുന്നു,
'മണി'യടിച്ചാലിവിടിനി മാണികൾ വീഴുമോ?
കോലെടുത്താലും ചെണ്ടകൾ മിണ്ടുമോ?

Thursday, January 22, 2015

മറവി

മറവിക്കു മാത്രമായ്
ഓർമ്മകൾ തീർത്തതും.
മറവിയിലോർമ്മകൾ
ചിരഞ്ജീവിയായതും.
മറക്കാതെയോർക്കുവാൻ
മറവികൾ മറന്നതും.
നമ്മെ മറന്നതിലേറെ,
നാം മറന്നതും.
തിടുക്കത്തിലോർക്കുവാ-
നാദ്യം മറന്നി-
ട്ടൊടുവിലെ ചില്ലയിൽ
കാടായ് പിറന്നതും.
മറന്നു മറന്നൊരു
മറവിയായ്‌ത്തീർന്നിട്ടും,
മറവിയെ മറക്കാത്തൊ-
രോർമ്മയായ് പിന്നെയും..


Wednesday, January 21, 2015

മരണം

നാമേറ്റ മുറിവും
നമുക്കേറ്റ ജീവനും മാത്രമായ്
ആത്മാവിനൊരു ചിത.
മാവു വെട്ടി,
മരണത്തെ ചിതയിൽവച്ചു.
പട്ടത്തിൻ നൂൽപൊട്ടി.
മാംസം പൊടിഞ്ഞു,
പുകയെങ്ങോ പോയി..


മനുഷ്യർ

പാരമ്പര്യമില്ലാത്തോർ.
പരാജിതരായവർ.
പാപവും പേറി
പറങ്കികളായവർ.
ദേവന്റെ നന്മയെ
മോഷ്ടിച്ചെടുത്തിട്ടു-
മോടിത്തളരാതെ
ഒരു വട്ടത്തിലാളായ്
പിറവിയെടുത്തവർ..

Tuesday, January 20, 2015

ഞാൻ

ഞാനായിരുന്നതും
ഞാനല്ലായിരുന്നതും
ഞാൻ മാത്രമായെങ്കിൽ
ഞാൻ ഞാനായിരിക്കുമോ?

നില'നിൽപ്പു'സമരം

കല്ലുവിറ്റു മണ്ണുവിറ്റു പിന്നെ
പലതും പറഞ്ഞവർ ഇരുട്ടുതാണ്ടി
വെട്ടവും വകമാറ്റി
സോളാറടിച്ചു നല്ലവിലയ്ക്കുവിറ്റു.
വിലകിട്ടാ പെട്ടികൾ ദയാവധത്തിന്റെ
ദയതേടി ഒരു ചിതയിൽ
തീ കാഞ്ഞിരിപ്പാണേ.

എല്ലാം മരിച്ചിവിടെല്ലാം മരിച്ചു,
കാടും മേടും,
കണ്ണാടിച്ചില്ലയും,
സ്വപ്നങ്ങളിഴചേർത്ത
പുഴയും കിനാക്കളും,
വിത്തായ് മുളച്ചൊരു
നേരും നിലാവും,
എല്ലാമെല്ലാം മരിച്ചു.

വിണ്ടുനീറിയ കാലടികൾ കരയിച്ച
ഉറവകളൊക്കെയും
ഒഴുകിപ്പരക്കാനിടമില്ലാതടരാടി
കണ്‍മുന്നിൽ കയ്പ്പായ്,
ഇനിയെന്തു ചെയ്യാൻ?
അവർക്കായി മാത്രമീ 
വഴിയരികിൽ നമുക്കൊന്നുനിൽക്കാം,
മിടിക്കും ജഡങ്ങളായ്,
വളരാതെ തളരുന്ന
കാടായ് പുഴയായ്,
മണ്ണോളം മനുഷ്യരായ്,
ഇനി വരിക നിങ്ങൾ,
ഇടർച്ചയിലൊന്നായ്‌ ഇടറാതെ വരിക...(നിൽപ്പുസമരത്തിനും അതേപ്പറ്റി പറഞ്ഞ ഡയാനയ്ക്ക്ക്കും..)

Monday, January 19, 2015

വിശ്വസനീയർ 'ശിഖണ്ഡികൾ'

(വനിത മാഗസീനിൽ വന്ന 'ചവറ്റുകൂനയിലെ നിലവിളികൾ' എന്ന ആർട്ടിക്കിൾ വായിച്ച്.)

അവൾ വാചാലയും
അവൻ നിശബ്ദനും
അവരുടെ ഹൃദയങ്ങൾക്കൊരേ താളവും.
എന്നോ നിലച്ച സമയസൂചി പോലെ
ആത്മാവിന്റെ അടിത്തട്ടിൽ
തണുപ്പു പടർത്തിയവർ.
അവർക്കിടയിൽ,
കാമനകളുടെ മറ്റൊരു മൂന്നാംലോകം.
അവൾ സ്നേഹവും,
അവൻ ആശ്വാസവുമായാൽ
അവരിനി ദിക്കുകൾ കീഴടക്കും.
ഇതു സ്വപ്നത്തിന്റെ കൊട്ടാരമാണ്,
സങ്കൽപ്പഷാജഹാനെഴുതിച്ചേർത്ത
ഇന്നിന്റെ ചില്ലുകൊട്ടാരം.
അവർക്കു പരിഹാസം തോന്നി,
പ്രണയത്തോടും,
അതുവലിച്ചിഴച്ച കാമത്തോടും.
അവർക്കു സ്നേഹവും തോന്നി,
ചൂടിനെ തണുപ്പിച്ച
വെറും മാംസത്തോട്.
എത്ര അശക്തരാണവർ (?)
പരസ്പ്പരം സ്നേഹിക്കാൻ
ഈ ലോകത്തോടു മുഴുവൻ
കളവുപറഞ്ഞ്‌,
കട്ടു പിരിഞ്ഞ്,
അവർക്കു വേണ്ടാത്തൊരു
ജീവനെ പൊടിപ്പിച്ച്,
കണ്ണിമയിലൊരു കുഞ്ഞു
നോവെറിഞ്ഞവർ
പോയന്യരെപ്പോൽ
പുതിയ തണുപ്പുകൾ തേടി
ചൂടുപുതക്കാൻ..
അന്നുമുതൽ,
നല്ലപേരൊന്നവനു
കാലം പതിച്ചുനൽകി-'പുരുഷൻ'
അവനരികിൽ മയങ്ങാൻ
മച്ചിയായ ജന്മങ്ങൾ പിറന്നു,
അവൾക്കുപേർ-'പെണ്ണ് '
ഈ മണ്ണിലിനി വിശ്വസനീയർ
'ശിഖണ്ഡികൾ' മാത്രം.

Saturday, January 17, 2015

നല്ലവരുണ്ടോ?

നിലതെറ്റിയ തോന്നലുകളിൽ
ഒരമ്മ പറഞ്ഞതാണേറെയോർമ്മയിൽ,
'മയ്യത്തിൽ കുത്താൻ
മലയാളിയിലും നല്ലവർ
വേറെയില്ല.'
നല്ലവരില്ല എന്നല്ല,
നല്ലവരിലും നല്ലവനാ-
യൊരു മനുഷ്യനെക്കണ്ട
ക്രിസ്സ്മസ്സ് ദിവസം.
പള്ളിക്കൽ കസേരകളൊക്കെ
പൊടിപിടിച്ചിരുന്നു.
എഴുപതോളം ചെന്നൊരു ചേട്ടൻ
കെട്ട്യോളെപേടിച്ചു പള്ളിയിൽവന്നു.
"എന്റെ ഇടവക ഇതല്ലകേട്ടോ,
അവിടെ വെളുപ്പിനഞ്ചിനാ കുറുബാന.
വയസ്സപ്പിടിയായോണ്ടെനിക്കപ്പൊ
പോകാൻമേലെന്നു പറഞ്ഞാ-
ലവളാക്ഷേപം വയ്ക്കും."
എന്നാപ്പിന്നിരുന്നേക്കാമെന്നോർത്തു
വളയവേ,
വരട്ടെ പൊടിതുടച്ചിട്ടാകാമെന്നു ചേട്ടൻ.
അതു താൻതന്നെ തുടയ്ക്കാമെന്നും
കാരണം കൈയിലൊരു കുടയുണ്ട്.
"എല്ലാപേരുടെ കൈയിലും
കുടകാണണമെന്നില്ലല്ലോ."
ശരിയാണെന്നോർക്കവേ
'ഇനിമേലിൽ പാപം ചെയ്യരുതെന്നു'
പറഞ്ഞൊരോർമ്മയുടെ തണുപ്പ്‌
പകരംവച്ച ചിരിയിൽ.
പുതിയലോകത്തിലെ
നല്ല പ്രവാചകൻ..


Monday, January 12, 2015

വിജനമായ ഭോജനശാല

കാൽപ്പാടൊഴിഞ്ഞ ഇടനാഴികളിൽ
അവന്റെ വിശപ്പിന്റെ നിഴലുവീണുതണു-
ത്താവി പറക്കാത്ത ഒരായിരം തീന്മേശകൾ.
അവയ്ക്കിടയിൽ നിശബ്ദതകൊണ്ടു
മരവിച്ച ദാഹം.
വിധിയറിയാതുടഞ്ഞ പാനപാത്രങ്ങളിൽ
മധുരം പടർന്നൊഴുകി വിവശമായ
വീഞ്ഞിന്റെ ചവർപ്പ്.
പൊടിപിടിച്ച തീന്മേശക്കിരുപുറം
പാതിയിലേറെ ചിതലെടുത്തു മങ്ങിയ
ദാഹച്ചിത്രങ്ങൾ.
എന്തുപറയാൻ,
ഇന്നാഭോജനശാല വിജനമായിരിക്കുന്നു.
വരുവിൻ വിശപ്പിന്റെ വിലയറിയുന്നവർ
വയറുനിറക്കാൻ,
ദാഹമൊടുക്കാൻ,
കലഹക്കടലിന്റെ വീഞ്ഞവൻ
വിളമ്പിവച്ചിരിക്കുന്നു.
ആദ്യത്തെ ചിത്രത്തിൽ
ഒരുമിച്ചിരിക്കുന്ന ഇയ്യോബും ദൈവവും.
വിജനതയിൽ വിരൽചൂണ്ടി
പാനപാത്രങ്ങളെ ചുണ്ടോടടുപ്പിച്ച്,
തോളോടുതോൾ ചേർന്നവർ
കലഹിച്ചു ഭക്ഷിക്കുന്നു.
ഉപ്പിട്ടുണക്കിയ മാംസവും,
വീഞ്ഞുശാലയിൽ
സ്നേഹത്തിന്റെ മുന്തിരി പിഴിഞ്ഞ
ദൈവവീഞ്ഞും.
"എന്റെ ദൈവമേ,
നീ എന്നെ സ്നേഹിച്ചതുപോലെ,
നിന്നോടു ഞാൻ കലഹിച്ചതു പോലെ
എന്റെ തീൻമേശയും പാനപാത്രവും
നിന്റെ കാസയിലെടുത്തുവയ്ക്കൂ.
ഇവനു ഭോജനം
നീ തന്ന സ്നേഹത്തിന്റെ മാംസവും
വിയർപ്പിന്റെ വീഞ്ഞും."
പകർന്നെടുത്തും പങ്കുപറ്റിയും
വിളമ്പിയ ഭോജനശാലകൾ
ഇന്നു വിജനമായിരിക്കുന്നു.
ഇയ്യോബ്, സ്നേഹിച്ചു കലഹിച്ചു നീ
ദൈവത്തോട് കടക്കാരനായിരിക്കുന്നു.