Thursday, February 26, 2015

വിവേചനം

കറുപ്പാണെന്റെ നിറം.
ഉരിഞ്ഞു മാറ്റുവാൻ മറു-
വസ്ത്രമല്ലതെന്നറിഞ്ഞു നീ,
എന്നിലേക്കു നോക്കുക.
കാഴ്ച തടഞ്ഞുവെങ്കിൽ,
തിമിരംതിന്ന നിന്റെ കണ്ണുകളെ,
തുറുങ്കിലടയ്ക്കുക..


വിപ്ലവം

വരിക, മുഖമില്ലാത്തവരും ആത്മാവുള്ളവരും,
തെരുവിലേറ്റ അവഗണനയ്ക്കെതിരേ
നല്ലകുപ്പായക്കാർക്കുമുന്നിൽ സമരമിരിക്കാൻ.
നാമണിഞ്ഞിരിക്കുന്ന വിശപ്പിന്റെ വസ്ത്രമൂരി,
അവരുടെ പുത്തനയകളിലിട്ടുപോകാൻ.
ഒരുചാണ്‍ വയറു കാട്ടി,
ഒരുകുമ്പിളരിയ്ക്കുവേണ്ടി യുദ്ധമെഴുതാൻ.
അതുകണ്ട്, കനത്തകാലടികളാലവർ
നമ്മെ നേരിട്ടാൽ,
വരണ്ടു മഞ്ഞകയറിയ കൈകൾ കാട്ടി,
ആത്മാവിലൊളിപ്പിച്ച പന്തമൂരി,
അവരെ ഈയാംപാറ്റകളാക്കാൻ.
വരിക, കണ്ണിലെക്കരുത്തുപോയിട്ടില്ലാത്തവർ,
തീയണഞ്ഞൊരീ വഴികളിൽ-
കനലിട്ടുപുകച്ച്, പാവമാ കാടിന്റെ മക്കൾക്കൊ-
രുമണി ദയയെങ്കിലുമിറ്റുനൽകാൻ.
വരിക, വിശപ്പുവേവുന്ന വിപ്ലവം കുറിക്കാൻ..

Wednesday, February 25, 2015

ഇനി ആരെ?

അരമതിലിന്റെ അരാചകത്തിണ്ണയിൽ
പേറ്റുനോവിന്റെ നാഡിമുറുക്കി നീ,
നിശബ്ദർ ഞങ്ങൾക്കു വഴിതുറന്നിട്ടൊരാ
പെരിയകോവിലിൻ പിന്നാമ്പുറങ്ങളെ
പതിയെവന്നവർ കൊട്ടിയടച്ചുപോയ്,
പിഴചുമത്തു നീ പാപിയാം ഞങ്ങളിൽ.

അരപ്പൊതിച്ചോറിലശക്തി കെടാതെയു-
മറിവു നീ തന്ന അക്ഷരമാക്കിയും
അന്ധർ ഞങ്ങളീ കാഴ്ച മറച്ചതു,
നിന്റെ കൈയിലെ വെട്ടമെടുത്തിട്ടോ?

കാവികണ്ടു കഴുത്തറുത്തൂ പിന്നെ
കാതുപൊത്തി കൈകളും വെട്ടിയാൽ
പാതിപെണ്ണിന്റെ കണ്ണീരു വറ്റുമോ?
മറുപാതി നിന്നെ പകുത്തു തിന്നീടുമോ?

പാവമെന്റെ പെരുമാളുകാരാ നീ
താളുചീന്തി ചിതറി തെറിക്കല്ലേ,
അക്ഷരങ്ങളെ അഗ്നിയിൽ ഹോമിച്ചു
ചാമ്പലാക്കി വിശപ്പു കെടുത്തല്ലേ.

നാളെ നാമിനി തെരുവിലെ കണ്ണീരിൽ
കരുണകേണു വിവശരായീടുമ്പോൾ,
ദയയുമൂട്ടി വാത്സല്യ മേകുവാ-
നുപവി തേടിയാ അമ്മയെ വിളിക്കല്ലേ!

നാവുകൊണ്ടവരേറെയശക്തരായ്
നിരാകരിക്കപ്പെട്ടു നിരത്തിലെ,
പലായന പലകയിലേറിയിരിക്കുമ്പോ-
ളക്ഷരമില്ലാതെ കാരുണ്യമില്ലാതെ,
മതമെന്ന നിഴലിന്റെ നിഴൽകൂത്തുകാട്ടിയി-
ട്ടൊരു തലമുറ ചിരിക്കും ചിരിയിലു-
മൊരു വേടനവൻ ചുട്ടുപഠിപ്പിച്ച,
ജ്വരംതേച്ച കരുണകൾ കണ്‍പാർത്തിരിക്കുന്നു.Monday, February 23, 2015

നീയൊരു പാതയാകൂ..

നീ നടന്ന പക്ഷിയുടെ വഴികളിൽ,
നാളെ,
ജീവന്റെ ചവർപ്പുള്ളൊരുകാറ്റുവീശും.
ഇന്നിനെ പേടിച്ചു പുറകേവന്ന നിഴലുകൾ
ഒരുമരക്കൊമ്പിൽ തൂങ്ങിയാടും.

കാലമെന്നതിനെ നാം വിളിച്ചുവെങ്കിൽ,
ഈ പ്രണയം നീ പകുത്തുതരൂ..
ആ മണൽക്കാടിലും പച്ചകാണാൻ,
കാറ്റേറ്റ പഥികരിവർ വന്നുപോട്ടെ.

പാഥേയമുണ്ടെങ്കിലഴിച്ചു വയ്ക്കൂ,
പാതിപകുത്തവർ പുഞ്ചിരിക്കും.
പാട്ടുകൾപാടി നീ പാത ചൊല്ലൂ,
പ്രവാചകനെയോർത്തവർ പിൻതുടരും..

പാദമുറയ്ക്കാതെ വേച്ചുപോയാൽ
കമ്പിളി*യേകി നീ കൈപിടിയ്ക്കു.
പ്രകാശമിരുളിലവർ കണ്ടുപോകാൻ,
ഏകാകി നീയൊരു പാതയാകൂ..


(*സൂഫി)
(Inspired by Rumi)

Saturday, February 21, 2015

ഒറ്റമരക്കൊമ്പിലെ കിളി

ചില നിമിഷങ്ങൾ
ഒറ്റമരക്കൊമ്പിലെ കിളിയുടേതുപോലെ.
ചിറകുകൾക്കമ്പേ ഭാരം,
കാഴ്ചകൾ മൂടൽമഞ്ഞുകേറിയപാത..

അരികിലൊരായിരമോർമ്മകൾ
പൊഴിഞ്ഞു വീണെങ്കിലു-
മൊറ്റമരക്കൊമ്പിലിരുന്നവൾ
ദൂരേയ്ക്കുനോക്കി ചിറകടിയ്ക്കാതെ,
ചിരി ചിലയ്ക്കാതെ,
ചെറുകുറുകലാലശക്തയായ്,
എന്തോ പറഞ്ഞു..

'എന്റെ അമ്മക്കിളീ,
ഇളംചൂടുമായ് നീ വരുവതും
നോക്കി ഞാനിരുന്നു വിറയുന്നു.
പിഴയുടെ വലിയ ചെപ്പുകൾ,
നിന്റെയൊരുതൂവലിൽ വച്ചു,
വിമ്മിക്കരയുവാനാകാതെ-
യൊരുവേടനായ് ഞാൻ
മരിച്ചു പോയീടുമോ?
വരിക വേഗമൊന്നരികിൽ,
വയ്യ വിഫലമീകണ്ണീരിനിയും
കെട്ടിനിർത്താൻ'.

 

Friday, February 20, 2015

മതിഭ്രമം

അവൾ പിറക്കാത്ത ഭ്രൂണവുമായ്
അമ്പലം ചുറ്റുന്നു.
വിശുദ്ധ വെള്ളമൊഴിച്ചതിനെ
വിറപിടിപ്പിക്കുന്നു.
ഓത്തുപള്ളിയിലേറ്റി വേദമോതിക്കുന്നു.

ഇരുളിൻ വെളിച്ചത്തി-
ലാകാശം കാണാതെ,
ഒരു കുഞ്ഞുജീവൻ
മുൻവിധികണ്ട്,
മതിഭ്രമം കണ്ട്,
മതഭ്രാന്തനാകുന്നു..

കൊലയാളി

നിനക്കിനി രക്ഷയില്ല,
നിന്റെ കൈയിലെ ചോര
നിരപരാധിയുടേതും
നിസ്സഹായന്റേതുമാണ്.
വീർപ്പടക്കിയവർ നിന്റെ
തിരയ്ക്കുമുന്നിലൊരു തിരിയായെങ്കിൽ
ഓർക്കുക,
കാലം നിനക്കു കരിങ്കൊടിയുമായ്
കാതങ്ങളകലെ പടയൊരുക്കും.
അവിടെ നീ മൂടിയ
കബറിടങ്ങൾ മരിക്കില്ല,
ശ്വാസമെരിച്ചവർ
നിന്നോടു പടപൊരുതും.

അവന്റെ സത്യങ്ങൾ
ചീഞ്ഞ നാവുകൊണ്ടു വളച്ചൊടിച്ച നീ,
ഭീരുവിന്റെ കുപ്പായമണിഞ്ഞ്
അന്നവനോട്‌ പിഴപറയും.
അതാണ്‌ മലക്കുകൾ കാവലിരിക്കാത്ത
നിന്റെ വിധിദിവസം..
(മൃഗങ്ങളേ, ഇനി നിങ്ങൾ  മനുഷ്യരെ ജീവനോടെ കുഴിച്ചുമൂടരുത്..)

Wednesday, February 18, 2015

തീരുമാനം

ഉത്തരങ്ങളില്ലാത്തൊ-
രാകാശത്തിനു കീഴെ,
ഒളിച്ചോട്ടത്തിന്റെ പെരുമഴ
കൊണ്ട ദിവസം,
അയാൾക്കു മനസ്സിലായി,
ഓരോ തീരുമാനവും
ഒരു എടുത്തുചാട്ടമാണെന്ന്,
ചോദ്യശരങ്ങളിലേക്കു മര-
ക്കുരിശേറുന്ന വഴിയാത്രയുടെ,
ഒന്നാം ചുവടെന്ന്..

സഹയാത്രികാ,
വിരുന്നൊരുക്കി ഞാൻ
കാത്തിരിക്കുന്നില്ല.
മനസ്സുവിളിച്ചാൽ
മടുപ്പില്ലാതെ വീണ്ടും വരിക,
ഈ തണൽ മരത്തിനു താഴെ,
വിശപ്പു പങ്കിടാൻ..

Tuesday, February 17, 2015

മുറിഞ്ഞ പാതി

നീ മുലകുടി മാറാത്ത പതിനേഴുകാരാൻ,
ഞാൻ അഞ്ചുവയസ്സിലേ വോട്ടവകാശി!
പിഴകൾതിന്നു തഴച്ച നിന്റെ
നാറുന്ന ദേഹം ചുമന്ന്,
ഇരയെന്ന പേരിലിനിയു-
മെന്തെന്തു കാലം(?)

'പിഞ്ചു പൈതലിൻ' കൈയ്യേറ്റു പിടയാൻ
ദൈവമേ നീയെന്നെ പകുത്തതെന്തേ?
കളിപ്പാവയല്ല ഞാൻ കമ്പുകൾ തറയ്ക്കാൻ,
മണ്‍കുടമല്ല ഞാൻ കല്ലുകൾ നിറയ്ക്കാൻ.

പിറന്ന പിറവിയിലൊടുങ്ങി വേച്ചവൾ
ചിതയിലിരുന്നു കരയുന്നു കാലമേ,
'വേണ്ടെനിക്കിനി നാസിക,
പിറവിയ്ക്കു വഴികൊടുക്കാനൊരുവരമ്പ്,
വിസർജ്യമൊഴുക്കാനൊരുകുഞ്ഞുദ്വാരം,
വേണ്ടെനിക്കിനി വാഴ്വിന്റെയറ്റങ്ങളൊന്നും'.
 
പെണ്ണുറങ്ങാത്ത ആയിരം രാവുക-
ളൊരുനാൾ നിന്റെ പടിക്കൽ
നീതിയുടെ കണ്‍കെട്ടഴിക്കും.
അന്നു നീയോർക്കുക,
പ്രാണൻചതഞ്ഞൊരു പാവത്തെ
കൊന്നു തിന്നുമ്പോൾ,
മണ്ണിലവൾക്കു മറുപാതിയാകേണ്ട പുരുവും
അവളിലവസാന ശ്വാസമായ്
പിടഞ്ഞു ചാകുന്നു..

അഴലിന്റെ കനലുകെടാതവളാ
തീരത്തിരുന്നിന്നുമലറുന്നു,
'മനസ്സു മരിക്കുന്ന വേദന
നീ അറിഞ്ഞിട്ടുണ്ടോ(?)
മരണം മാനഭംഗമായെന്നെ വരിയവേ
പറയട്ടെ,
വേദനയീ പെണ്ണെന്ന പേരും ശരീരവും'.
(തലക്കെട്ടിനു കടപ്പാട് അക്ഷരങ്ങളെ നാടുകടത്തുന്നതിൽ മനംനൊന്തു പിടയുന്ന എഴുത്തുകാരനോട്‌..
പിന്നെ അപമാനിക്കപ്പെട്ട്, തനിക്കിനി പരാതിയില്ലെന്നുപറഞ്ഞുകേണ പാവം പെണ്ണിനോട്..)

Sunday, February 15, 2015

ഒറ്റുകാർ

പലവട്ടം പെണ്ണിനെ പരസഹായത്തിന്റെ
മൂർച്ചകൊണ്ടാഞ്ഞാഞ്ഞു കുത്തിയോർ,
മണ്ണുവിഴുങ്ങിയ പതിവ്രതയുടെ
താലി തേടുന്നോർ,
നാടുകണ്ടു, ഒട്ടു നാടകീയമായതൊക്കെ!

കണ്ണീർ തുടയ്ക്കു നീ
മിച്ചമാംസത്തിൽ പിറന്ന ദു:ശ്ശളേ,
ദു:ഖത്താൽ നിൻ മിഴികളെനിക്കു
കടലാഴം കാട്ടിത്തരുന്നു.

ഒപ്പം പിച്ചവെച്ച പ്രാണനൊക്കെ പിരിഞ്ഞു,
ഭ്രാതൃഹത്യകൾക്കിനി പാണ്ഡുവിൻ കുലം
മോക്ഷമിരപ്പതെവിടെ?

ഒറ്റപ്പെട്ട നീ ഒറ്റിന്റെ കഥയവർ-
ക്കൊപ്പമുള്ളതു കേട്ടിട്ടില്ലേ?
ഇരുപുറവുമരക്കില്ലമെരിച്ച പാപികൾ,
അവർ ഒരുപുറം ചേരേണ്ട
ഒറ്റച്ചോര പിറവികൾ.

കാലമൊറ്റിയ പുരുഷകേസരികളെ-
ക്കണ്ടു തളർന്ന നീ,
പിഴച്ച പെണ്ണിന്റെ ചിതൽച്ചിത്രങ്ങളും
കാണേണ്ടി വന്നേക്കാം.

സൂര്യനെ മോഹിച്ചു
മനസ്സുനദിയിലൊഴുക്കിയവളെ,
നിനക്കു പരിചയമുണ്ടോ?
രണ്ടാമനെ തഴഞ്ഞു
വില്ലാളിയിൽ പ്രേമമൊഴുക്കിയ,
പണയപ്പണ്ടാമായ് പിന്മുറനശിച്ച്-
മുടിയഴിച്ചുറയുന്ന,
പഞ്ചനൈവേദ്യമായുടഞ്ഞവളെ
നിനക്കു പരിചയമുണ്ടോ?

ചുവന്ന മണ്ണിന്റെ ആശ്വമേധങ്ങൾകണ്ടു
ഭയന്നിടറിയ പാവം പെണ്ണേ,
മിച്ചമുള്ള ജീവനെ വില്ലാളിക്കു വച്ചുനീട്ടി നീ
കണ്ണീർ തുടയ്ക്കുക, മുന്നേ വിധിച്ചു വഴിതെളിക്കു-
ന്നവന്റെ അശ്വങ്ങൾ, ആശക്തയാം നിന്റെ 
രക്തം നുകർന്ന് ഭീരുവായ് മരിക്കട്ടെ.
ഒറ്റുപാളയങ്ങളിവിടെ കുരുക്ഷേത്രവും
കടന്നിരിക്കുന്നു.

('സീതത്താലി' ട്വിറ്റെറിൽ പോസ്റ്റുചെയ്ത ഗംഗയോട് കടപ്പാട്..)

Saturday, February 7, 2015

ദേവദാസി

നിന്റെ മോഹങ്ങൾക്കു മരണം വിധിച്ചവർ,
മണ്ണിൽ നിന്നെ മോഹിച്ചു മരണപ്പെടട്ടെ !
മന്ദാകിനീ,
മനസ്സിലുമികൂട്ടി നീയെരിച്ച ചിരികൾ,
ദാസിയ്ക്കിരുട്ടിന്റെ ചുടലയിൽ കൂട്ടിരുന്ന
ദേവന്റെ വെറും സാമീപ്യം മാത്രം. 
ആകാശഗംഗകൾ നിന്നെ ഓർത്തു
പാടുമ്പോൾ, മടങ്ങാതിരിക്കുക.
ഇരുട്ടിന്റെ ചില്ലകൾ കൊതിയോടെ
നിന്റെ മാംസം മണക്കുമ്പോൾ,
രാഗം തളച്ചിട്ട ചെമ്പട്ടുകൊണ്ടോ,
ചൊടികൾ ചുവപ്പിച്ച കുങ്കുമംകൊണ്ടോ,
നീ പ്രതികാരം ചെയ്യുക.
മന്ദാകിനീ,
മനസ്സിൽ മായകൾ വരച്ചവളേ,
ഇനി മണ്ണിൽ പിറക്കാതിരിക്കുക.
ദേവന്റെ ചുമരിൽ നിന്നെ പിണച്ചിട്ട
കാൽചിലമ്പുകളഴിച്ച്,
കഥകളിൽ കാമം പടർത്തിയ
കണ്മഷിയഴിച്ച്,
പോവുക വിവസ്ത്രയായ്‌,
മടുപ്പിന്റെ ഇന്ദ്രനീലങ്ങൾ
നിന്നെ തേടിവരാതിരിക്കട്ടെ..

Tuesday, February 3, 2015

പ്രണയത്തിന്റെ പൂക്കൾ

ഇതാ പ്രണയത്തിന്റെ പൂക്കൾ,
ഇളംചോപ്പു തൂകിയൊഴുകുന്നെന്റെ
ഹൃദയക്കടലിന്റെ പൂക്കൾ.
ചിരിക്കുന്നമുഖവുമായ് നീ വന്നെടുക്കേണ്ട,
പാരസ്പര്യത്തിന്റെ പൂക്കൾ.
കാറ്റുകൾ വീശും കലാപം കൊഴുക്കും,
കാത്തിരിപ്പിൽ നാം കദനക്കടലിന്റെ
കാൽവരിയിലെത്തും.
നീ ഭയക്കേണ്ട,
എന്റെ ആകാശം തണലുചൂടിച്ചു നിൻ,
വിരഹക്കൊടുംചൂടകറ്റും.
നിന്റെ നിശ്വാസങ്ങൾ ശ്വാസം കൊടു-
ത്തെന്റെ ആത്മാവിനെ ഉണർത്തും.
കാറ്റുവഴിയിൽ നാം കരിയിലകളാകാതെ,
കാലപർവ്വങ്ങൾ കടക്കും.
കാമനകളൊഴുകുന്ന രാത്രികൾ തേടാതെ,
നിന്റെ പാദം പുണർന്നു ഞാ-
നേഴുസ്വർഗങ്ങൾ കടക്കും.
പാതിരാച്ചന്ദ്രന്റെ പനിനീരുകോരി നീ,
എന്റെ പാനപാത്രങ്ങൾ നിറയ്ക്കും.
ജീവന്റെയുപ്പിലെ കയ്പ്പേറ്റു വീഴാതെ,
നാമീക്കരയിൽ കൈകോർത്തു തുഴയും.
കണ്ണെടുക്കാതെന്റെ ഇരുണ്ടകാടുകളിൽ
നീയൊരു ചില്ലുനക്ഷത്രമാകും.
നിന്റെ കണ്ണിലെ നാളംപകുത്തു ഞാ-
നൻപിന്റെ കാട്ടാളനാകും.
ഇതാ നിനക്കെന്റെ പൂക്കൾ,
പ്രാണൻപടരുന്ന പൂക്കൾ..


 

തീവണ്ടി യാത്ര

പിൻവിളികൾ നേർത്തു,
പാതയിൽ ചരലുകൾ
കാലത്തിനപ്പുറം
ഒരുപാടു ദൂരം നടന്നു.
മുറിഞ്ഞൊരാപകലിന്റെ
മുഖമോർത്തവളപ്പോൾ,
വിവശയായ് കിതപ്പറ്റുവീണു.
ഒടുവിലെ ചക്രത്തിനോർമ്മയിൽ
പതിഞ്ഞൊരാ,
ഒടുവിലെ ചിത്രവും മാഞ്ഞു.
കുളിരേറ്റ കിനാവുപോൽ
ലോഹം തണുപ്പിച്ച,
ഒടുവിലെ വഴികളും മാഞ്ഞു.
പാതകൾ മുറിഞ്ഞു,
അകലങ്ങൾ മാഞ്ഞു,
പാതിവഴിയിൽ കാത്തിരിപ്പിന്റെ
ഭാണ്ഡങ്ങൾ പിറന്നു.
പകലന്തിയോളം നോട്ടം പകുത്ത്,
പലരായ്‌ നമുക്കു പിരിയാം.
നെടുവീർപ്പിനിടയിൽ കണ്ണുകളുടക്കാത്ത,
കഥയായ് നമുക്കു പിരിയാം.
ദൂരം കുറഞ്ഞു,
നാം ദൂരേയ്ക്കകന്നു,
സമാന്തരമിനി രണ്ടുപാതകൾ മാത്രം..


(പെരുമണ്‍ ദുരന്തത്തിൽ പ്രിയപ്പെട്ടവനെ നഷ്ട്ടപ്പെട്ട എന്റെ ടീച്ചറിന്റെ കണ്ണീരിനു മുന്നിൽ..)