Monday, March 30, 2015

ഒഴിമുറി(വു)കൾ.

പതിനഞ്ചുനാളമ്മ.
പതിനഞ്ചുനാളച്ഛൻ.
വ്യവഹാരത്തിന്റെ

മഷിപുരളാത്തൊ-
*രധിമാസ വേനലായ്
ആരും പകുക്കാതെ
ഒരു ദിനം,
അനാഥനനാഥന്റെ
തിണ്ണയിൽ,
അവകാശിയുടെ

പേരു പതിയാപ്പുത്രനായ്‌.
കനമേറുന്ന ചുമലും
ചിരിമറന്ന ചുണ്ടും
കൂമ്പിയ കണ്ണുകളും
തണുത്ത തിണ്ണയി-
ലവനു കൂട്ടുകാർ
കൂട്ടം പിരിഞ്ഞവർ.(*മുപ്പത്തിയൊന്നു ദിവസമുള്ള മാസങ്ങൾ)

നവാബ്

വരണ്ടുമരിച്ച പുഴയ്ക്കരികിലൊരു
ചിതയമരുന്നു.
ആരാണു ചാരമായതെന്നറിയാതെ-

യൊരു കൂട്ടം,
പാടിപ്പ
ഠിച്ച പത്രക്കെട്ടുകളിലൊതുങ്ങാത്ത
കട്ടിക്കണ്ണടക്കാരനെ കീറിമുറിയ്ക്കുന്നു.
വാരിയെല്ലുകൾ തുളയ്ക്കുമ്പോൾ
ജാഗ്രതയിരിയ്ക്കട്ടെ,
മനുഷ്യത്വം പച്ചയ്ക്കുണ്ടവന്റെ ഹൃദയം
ചാവിലും ജീവിക്കും.
ചിലപ്പോളതിരിനു മുകളിലുമതു

നടന്നു കേറും,
പിന്നെ കാണികളില്ലാത്തവന്റെ
കരിതേച്ച പകലുകളെ
കൂനിപ്പിടിച്ച നടത്തങ്ങൾ കൊണ്ടോ

അമറാനുറപ്പിച്ച ശബ്ദങ്ങൾ കൊണ്ടോ 
ആരൊക്കെയോ ആയി
ലോകത്തോടു വിളിച്ചു പറഞ്ഞേക്കും.

Sunday, March 29, 2015

പാടുകൾ

അപരിചിതന്റെ കണ്ണുകളേക്കാൾ
അതിൽ പിറക്കുന്ന ഊരായ്മകളേക്കാൾ

അവൾക്കു പ്രിയപ്പെട്ടതായി,
തണുപ്പുള്ള കല്ലറയും കൂരിരുട്ടും
നാലാളറിഞ്ഞ മുൻവിധിച്ചില്ലയിലെ
കൂർത്ത കൊക്കുകളും.
കഴുകുകൾ കാത്തിരിക്കുന്നു,
പൊട്ടിയൊടിഞ്ഞ അസ്ഥിമിച്ചത്തിലെ
കളങ്കിതയെന്ന പാടുകൾ
ദിക്കുകളിലേക്കു കൊത്തിവലിക്കാൻ.

ഒരു തലമുറ വേരുകളറിയാതെയിനി
അവളിലും അവളേറി അവളിലൂടെയും.
എങ്ങോട്ടേയ്ക്കാണു പെണ്ണൊഴുകുന്നത്,
ഒരു കടലുമരികിലില്ലെന്നറിഞ്ഞു തന്നെ.

Saturday, March 28, 2015

പിറന്നാൾ.

പുള്ളിപ്പാവടക്കാരി.
അവളുടെ പിറന്നാളൂണിനമ്മ
മൂത്തകാരയ്ക്ക ഉപ്പിട്ടു വേവിച്ച-
തൊരു *വശിയാ പാട്ടുമ്പുറത്തെ
കരിപ്പുകയുണ്ടു കാത്തിരിയ്ക്കുന്നു.

'ഇന്നു പിറന്നാള്, പുത്തനുടുപ്പ്
പിന്നെ ചെരുപ്പ്,
കളിപ്പാട്ടമായൊറ്റാലിലുറങ്ങുന്ന
കോഴിക്കുടുംബം.
ഉച്ചയ്ക്കു സദ്യ, കുത്തരിപ്പായസം.
ഉപ്പേരിയുമെടുത്തു ഞാൻ വരാം ലേഖേ,
നീ പള്ളിക്കൂടപ്പടിയിൽ കാത്തുനിൽക്കില്ലേ?'

വീട്, വിശാലമായ പട്ടിണി,
അടുക്കളപ്പരപ്പിലെ കരിമണം.
അരിപ്പായാസത്തിലെ അരിമണി-
യറിയാതവളൊരു കുമ്പിളു-
മിനീരുണ്ട് വിശപ്പുമറന്നു.
കുഞ്ഞുവയറിന്റെ നിലവിളിയാറാ-
നൊരു *പിഞ്ഞാണിക്കുടിനീരിറക്കി-
യാഘോഷമാക്കി.

ഓട്ടം, പള്ളിക്കൂടപ്പടി, ലേഖ.
'സദ്യ കഴിഞ്ഞപ്പോളി-
ത്തിരി വൈകി, ഉപ്പേരിയിനി
ഓണത്തിനാട്ടെ'.

ഉണ്ടുനിറഞ്ഞ പിഞ്ചുകണ്ണിലെ
ചുവപ്പിലപ്പോൾ, ഒഴുകിപ്പരക്കാത്ത
നെയ്‌മണം കൊടുത്ത
കണ്ണീരിൻ ചവർപ്പ്.

പിന്നെയുമെത്ര പിറന്നാളുകളവളുടെ
ഓർമ്മകളുണ്ണാത്ത പുള്ളിപ്പാവാടക്കഥയുമായ്.

(വൃത്താകൃതിയിലുള്ള പാത്രം)

Wednesday, March 25, 2015

'കീഴ്മേൽ മറിയുക'

'കീഴ്മേൽ മറിയുക' വാക്യത്തിൽ പ്രയോഗിക്കാനാണ്. നാളെ വരുമ്പോൾ എല്ലാപേരും ഒരോ വാചകം എഴുതിക്കൊണ്ടു വരണം. ഇതും പറഞ്ഞ് സരസ്സമ്മ സാർ പേരുവിളിപ്പുസ്തകമടച്ചു. നാലുമണിയുടെ ഒറ്റമണി മുഴങ്ങി. ജന ഗന മന തീർന്നതും കൂട്ടമണിയുടെ എണ്ണമെടുക്കാതെ അമ്മൂട്ടൻ ഒരോട്ടം വച്ചുകൊടുത്തു, വീട്ടുമുറ്റം വരെ ഒറ്റശ്വാസത്തിൽ. അമ്മ സാധാരണ മുറ്റത്തുതന്നെയുണ്ടാകും, അവന്റെ 'അമ്മോ' വിളികേൾക്കാൻ. ഇന്നും അവർ മുറ്റത്തുതന്നെയുണ്ട്‌. കൈയിൽ നാലഞ്ചു സഞ്ചിയും വീട്ടുവാതുക്കെ ഒരു വെള്ളക്കടലാസ്സും. 'എടാ, നമുക്ക് പോവാം. ഇനി ഇവിടെ നിക്കാമ്പറ്റൂല. വീട് *സങ്കക്കാര് കൊണ്ടോവും'.
അവന് ഒന്നും മനസ്സിലായില്ല. 'വെശക്കണ്' എന്ന പതിവു പറയാനുള്ള നേരം കിട്ടിയില്ല. പക്ഷേ കയ്യാലപ്പുറത്തെറിഞ്ഞിട്ട തളപ്പിന്റെ കാര്യം അവനോർത്തു. അച്ഛനെ മരത്തിൽ കയറ്റുകയും ഇറക്കുകയും ചെയ്ത സഹായി. നാലാം തരക്കാരന്റെ ചരിത്രമില്ലായ്മയിലെ ഒരേ ഒരു പുരാവസ്തു. അച്ഛൻ മരിച്ച ദിവസമാണ് അത് കയ്യാലയിലിട്ടത്. 'അമ്മോ, അതെടുക്കണ്ടേ?'.
'എടാ, നമ്മളാകെ കീഴ്മേമറിഞ്ഞ് കെടക്കുമ്പൊ ഇനി എന്തിനാ ഒണങ്ങി ഒടിഞ്ഞ ഒരു തളപ്പ്?'.(*സഹകരണ സംഘം)

Monday, March 23, 2015

കളം വരയ്ക്കുന്നു പാട്ടു പാടുന്നു.

മനസ്സുചേക്കേറിയ അരയാലുകൾ.
ഒരു ശിശിരവുമിലകൊഴിക്കാത്ത

ഓർമ്മകൾ.
നടന്നു പിരിഞ്ഞ വഴിയിലെ
പൊടിയടിഞ്ഞ ഭ്രാന്തുകൾ.

മഴകൊണ്ടൊന്നും മറക്കാത്ത
പൂരപ്പറമ്പിന്റെയാരവം.

അങ്ങകലെയാപ്പറണിൽ*
ചിരിയുമായ്,
തണലുമായ്,
ഓർമ്മകളുടെ മുടിയേറ്റ്.
അരത്തമടിച്ചെന്റെ കാളി
കളം വരയ്ക്കുന്നു,
പാട്ടു പാടുന്നു.
മനസ്സുകടഞ്ഞവളിപ്പോ-
ളാത്മാവിൽ *കുലവാഴ വെട്ടുന്നു.
ഇവളൊരു പന്തമായവളിൽ
തളർന്നു വീഴുന്നു.
കണ്ണീരുകോർത്തോർമ്മകളാ-
ച്ചിലമ്പിൻ,
നാദമടിഞ്ഞ മണ്ണിലമ്പേ
*മുടിത്താളമാടുന്നു..
(കാളിയൂട്ടിനോടു ചേർന്നുള്ള ആചാരങ്ങൾ)

Sunday, March 22, 2015

ഭൂമി

മരുഭൂമിയിലെ മഴക്കാലം താണ്ടിവന്ന ഭൂമീ
നീ, മരുപ്പച്ചകളിലേക്കു തന്നെ മടങ്ങിപ്പോകൂ.
വേനലിന്റെ തീച്ചൂളകൾ നിന്നെ തളയ്ക്കാൻ
നീറ്റുപുറങ്ങളിൽ യാഗം തുടങ്ങി.
ആ ഉപ്പുകാറ്റേറ്റു നീ വരളുന്നത്‌ കാണാൻ
വിതുമ്പുന്ന പുഴകളുടെ കണ്ണീരു മാത്രം.


Friday, March 20, 2015

അയാൾ*

കണ്ണിൽ കടൽ നഷ്ട്പ്പെട്ടൊരു
മനുഷ്യനുണ്ടവിടെ,
ചുണ്ടോടു ചേർത്തവളെ
ചുംബിക്കാനാകാത്തവൻ,
സ്നേഹത്തിന്റെ മണ്‍വഞ്ചിയൂന്നി-
യിന്നും ഭൂമി തുഴയുന്നവൻ.

ഓസ്യത്തുകളുടെ മരണക്കിടക്കയി-
ലാണവനുറങ്ങുന്നത്,
പരാജിതനായ പിന്മുറക്കാരന്റെ
ചുളിഞ്ഞകുപ്പായവുമിട്ട്.


എന്തിനാണവനൊരു 'ഭൂമിവാതിൽ'?
പാകമാകാത്ത പുറഞ്ചേലുകളാ-
ലിറുകുന്ന പ്രാണനെ,
ഒരൊളിയമ്പിനുമവനിനി
വിട്ടുകൊടുക്കാതിരിക്കട്ടെ.


(*സാറാ ജോസഫിന്റെ പോൾ എന്ന കഥാപാത്രം)
('ഭൂമിവാതിൽ' - പോളിന്റെ കൃഷിയിടത്തിന്റെ പേരായി സാറാ ജോസഫ്‌ പറഞ്ഞിരിക്കുന്നത്)

Thursday, March 19, 2015

കവിതക്കഞ്ഞി

അ) കഞ്ഞി
ഞാൻ :

                   പനിപടർന്നെന്റെ വിശപ്പിനു പകരമായ്
                   വറ്റും, ചാറിലൊരു നീറ്റലും.
മറുഞാൻ : 
                   പ്രളയമായൊഴുകി നീയെൻബാല്യത്തിലൂ-
                   ടിടയിലോരോ മണിയരിയുരുട്ടി.

ആ) കാ‍ന്താരി
ഞാൻ :
                   എരിവെന്റെ നാവിനു
                   രുചിയെന്നു നീ, അരുചിയെന്നു ഞാൻ.
മറുഞാൻ :
                   എരിവേറ്റി രുചിയേറ്റി നീ പടർന്നു.
                   ഞാനിരന്നു വാങ്ങിയ ചോറ്റിലെ മുളക്.

ഇ) ഉപ്പുമാങ്ങ
 
ഞാൻ : 
                   വഴിയോർമ്മയിൽ,
                   എൽ.പി സ്കൂളിനരികിലെ പെട്ടിക്കട.
                   ചില്ലുഭരണിയിലെന്റെ കൊതിയായി നീയും.
മറുഞാൻ :
                   ഇറ്റുന്നു നാവിൽ നിന്നുപ്പും ചവർപ്പും
                   ഉപ്പുനീറ്റിലെ മാങ്ങാഹുതി! 

ഈ) രാത്രി പയി*

ഞാൻ : 
                   കാട്, കരടി, കരിമ്പടമൊക്കെ
                   കറുത്തപെണ്ണിലൊളിപ്പിച്ച യക്ഷി.
മറുഞാൻ :
                   കുളിര്, തളിര്, വിയർപ്പ്, വിറ.
                   ഇരുട്ടിൻ പുതപ്പിനടിയിൽ നമ്മൾ. (*വിശപ്പ്‌)
(തലക്കെട്ടിനു മറുപാതിക്കൊരു സലാം)

Wednesday, March 18, 2015

പെണ്ണും പുരുഷനും

ചിലനേരങ്ങളിൽ നമുക്കിടയിലൊരു മതിലുണ്ട്,
അസ്വാസ്ഥ്യങ്ങളുടെ പ്രണയമഴയിൽ
നമ്മെ ബലപ്പെടുത്തിയ ഒരു വൻമതിൽ.
അവിടെയാണുനാം ചേക്കേറിയതും

വിപ്ലവം കുറിച്ചതും
പ്രണയത്തിന്റെ കാലാൾപ്പടയായി
പുതിയ യുദ്ധമെഴുതിയതും.
വരിക, ഈ ചുമരിന്റെ അകലത്തിൽ
നാമായൊന്നു കലഹിക്കാൻ,
പതിയെ ആരുമറിയാതെ കടൽമണ്ണുകുഴച്ച്
ഉപ്പുനീരൊഴിക്കാതെ ജീവിതം ഭക്ഷിക്കാൻ,
നിഴൽവായനയുടെ ചുമരുകളിൽ കാതൊളിപ്പിച്ച്
ആത്മഗതങ്ങൾ കേൾക്കാൻ,
പുറംചട്ടയുടെ താളുകളുപേക്ഷിച്ച്
കാലക്കിടങ്ങുകളെ ചാടിക്കടക്കാൻ,
നാമിനിയുമറിയേണ്ടിയിരിക്കുന്നു
പെണ്ണും പുരുഷനും പറവകൾ പോലെയെന്ന്,
പാതിരാവിലും പകൽമഴയിലും,
വൻമതിലുകളുടെ അകലത്തിരുന്നവർ
പ്രണയിച്ചുകൊണ്ടേയിരിക്കുന്നുവെന്ന്..

അവരുടെ കലാപത്തിലും പ്രണയം മാത്രമെന്ന്..

Monday, March 16, 2015

മകളുമപ്പനും

നിരോധിതരായ് നാളെ നമ്മൾ
അന്തിവിപണിയിൽ പൊടിപിടിക്കുമ്പോൾ,
മകളുമപ്പനും രണ്ടോർമ്മപ്പഴങ്ങളായ്
ഈ മണ്ണിൽ, മരത്തിൽ പിടഞ്ഞു തൂങ്ങുമ്പോൾ,
കണ്ണിൽ കരുണയുണ്ടെങ്കിൽ വരാം രുചിക്കാം,
നന്മ ചെകിടിച്ചുവെങ്കിൽ നെഞ്ചിലേറ്റാം..

Sunday, March 15, 2015

രക്തസാക്ഷി

എല്ലാപേർക്കും കൊടികൾ വേണം.
കൊടികൾക്ക് ഉയർന്നു പൊങ്ങുവാൻ
സ്മാരകങ്ങൾ വേണം.
സ്മാരകങ്ങൾക്കു പിന്നിൽ മാഞ്ഞുപോയ
കാലടിപ്പാടുകളുടെ നിറം ആരുമന്വേഷിച്ചില്ല.
അവർ വന്മരങ്ങളുടെ ഛായയിൽ വളർന്ന
മരണനിഴലുകളായി മാത്രം വായിക്കപ്പെട്ടു,
മരണം കൊണ്ടു മാത്രം ഓർക്കപ്പെട്ടു,
അവരുടെ ദിനങ്ങൾ മരണമാഘോഷിക്കാനുള്ള
ഒർമ്മദിവസങ്ങൾമാത്രമായി.
പ്രിയപ്പെട്ട രക്തസാക്ഷീ,
നീ മരണത്തിൽ മാത്രമാണ് ജീവിക്കുന്നത്.
അസാന്നിധ്യങ്ങൾ പെരുമ്പറകളാക്കി,
ഞങ്ങളതാഘോഷിക്കട്ടെ..

Friday, March 13, 2015

വിശപ്പിന്റെ സമരം

ചുട്ടുപൊള്ളുന്ന കല്ലുവെട്ടിമലയ്ക്കു താഴെ
പതിനാലായിരം കാലുകൾ,
വിശപ്പുതിന്നുന്ന ഏഴായിരം വയറുകൾ,
ദാഹംകുടിക്കുന്ന വരണ്ട തൊണ്ടകൾ,
ഉറക്കം പിടഞ്ഞുതൂങ്ങുന്ന പാവം കണ്ണുകൾ,
ആ കുട്ടികൾ നിരത്തിലാണ്.

പകലിൽ,
നിശബ്ദരായവർ സൂര്യനെയേൽക്കുന്നു.
രാത്രിയിൽ,
ഇരുവശം ചേർന്നു മല്ലിടാൻ
മടിശീല കനപ്പിച്ച ലാത്തികളേൽക്കുന്നു.

നിനക്കു ഭക്ഷണമില്ല വെള്ളമില്ല,
മാറിയുടുക്കുവാൻ തുണിയുമില്ല,
തീ തിരഞ്ഞെത്തുവാൻ മാധ്യമവേട്ടയില്ല,
മതമില്ല പണമില്ല നിന്റെ വിയർപ്പിന്
മുന്തിയ പടകളിൽ സ്ഥാനമില്ല.

പട്ടിണിക്കാരാം പാവം മനുഷ്യരെ,
പടയിൽ പകയ്ക്കാത്ത പിഞ്ചു ദാഹങ്ങളെ,
കെട്ടിയടച്ചവർ നാലു ചുമരിലായ്,
നാൽക്കാലിയപ്പൊഴും മേഞ്ഞുനടക്കുന്നു.

കട്ടുതിന്നുന്ന കാട്ടാളരേ നിങ്ങൾ,
നല്ല ചിരിയുമായ് പണക്കൊഴുപ്പുണ്ണുന്നു,
കരിങ്കാലുമായ് പിന്നെ കസേരയിൽ ചാരുന്നു,
അജീർണ്ണത്തിനൊരു മാറ്റം ഇനിയെന്നു വന്നിടും?

ഓർമ്മകളിലേക്ക്

അരികിലെ അകലങ്ങൾ കൈപിടിച്ചീടവേ
ശുഭയാത്രയേകുവാനാരും വരാതെ നാം

പാതിവഴിയ്ക്കിട്ടൊരീ കടലാസുവഞ്ചികൾ
കാലം കൊടുത്ത കടുംനിറമേൽക്കാതെ

കാത്തിരിയ്ക്കാതെയുമൂന്നിയകലട്ടെ,
നാമിനി നമ്മിലേക്കോടിയകലട്ടെ..


Saturday, March 7, 2015

നാം വനിതകളിൽ മാത്രമൊതുങ്ങുന്നില്ല.

ഞാനൊരു വീട്ടമ്മയാണ്. തികച്ചും സാധാരണക്കാരി. സ്വാതന്ത്ര്യത്തെ പറ്റി വലിയ ആശയങ്ങൾ പറഞ്ഞുതരാൻ കഴിയാത്ത, ചോദിക്കാനറിയാത്ത ഒരു ഇന്ത്യൻ സ്ത്രീ. ഓരോ പുരുഷനും ശത്രുവാണെന്ന് വിചാരിക്കാൻ വയ്യ, നല്ല മുത്തച്ഛനേയും അച്ഛനേയും മറുപാതിയേയും മകനേയും സുഹൃത്തുക്കളേയും കണ്ടിട്ടുണ്ട്, കാണുന്നുണ്ട്. പടലയിൽ തല്ലിപ്പഴുപ്പിക്കുന്ന ഇനങ്ങൾ ആണിലും പെണ്ണിലുമുണ്ട്. അത്തരക്കാർക്കെതിരെ പ്രതികരിക്കുവാനുള്ള സാമൂഹ്യനീതിക്കു വേണ്ടി നമുക്കൊരുമിച്ചുകൂടെ?

പെണ്ണും ആണും ദ്വിലിംഗവുമായി (ട്രാൻസ്ജെൻഡർ) നമ്മൾ അപമാനിക്കപ്പെടുന്ന ഇരുളിലും വെളിച്ചത്തിലും മാംസത്തിനപ്പുറം ആത്മാഭിമാനമുള്ളവരാണു നാമെന്ന പരിഗണനയ്ക്കുവേണ്ടി നമുക്കു തെരുവുകളിലേക്കിറങ്ങാം. കണ്ണുതുറന്ന് കൈകൾകോർത്ത്‌ ഭാരതീയരാണെന്നു പറഞ്ഞുതന്നെ നമുക്ക് നാളെയുടെ കണ്‍വെളിച്ചമാകേണ്ട മനുഷ്യരിലേക്കുനോക്കാം. ആണിനേയും പെണ്ണിനേയും ദ്വിലിംഗക്കാരേയും ഇരകളായി മാത്രം കാണുന്നത് വെളിച്ചമില്ലായ്മയാണെന്നു കുഞ്ഞുങ്ങളെ പറഞ്ഞു പഠിപ്പിക്കാം. അവരുമായിചെന്ന് നമുക്ക് അടഞ്ഞുകിടക്കുന്ന വാതിലുകൾ തുറക്കാം, അണഞ്ഞുകിടക്കുന്ന വിളക്കുകൾ തെളിക്കാം. വരിക, നമുക്കു കൈകൾകോർത്ത്‌ തെരുവുകളിലേക്കിറങ്ങാം...

Friday, March 6, 2015

നിർഭയ

അവളൊരു രാത്രിമഴ പോലെ
ജീവന്റെ തണുപ്പു പേറുന്നു.
പകലില്‍ വസ്ത്രമുരിയപ്പെട്ട്,
ഇരുട്ടില്‍ നഗ്നതയുടുപ്പിച്ച്,
പലരാല്‍ പലവട്ടം ഭോഗിക്കപ്പെട്ട്,
ഇരുനേരമിടയില്‍ കണ്ണീരു തളംകെട്ടി,
നിഴലാടപുതച്ചലറിക്കരഞ്ഞ്,
ഭ്രാന്തിന്റെ ചുരുള്‍മുടിയഴിച്ച്,
വാതില്‍പ്പടിക്കലൊരനാഥപ്രേതമായ്,
അടിയേറ്റുനീലിച്ച വീര്‍ത്ത വയറുമറയ്ക്കാ-
നൊരു കീറത്തുണിയ്ക്കായ് കൈകള്‍നീട്ടുന്നു.
നീ വെട്ടിപ്പറിച്ചവളുടെ ഗര്‍ഭപാത്രത്തില്‍,
പെണ്‍ഭ്രൂണമിനിയും പതുങ്ങിയോടുന്നു.
പതിയെ പതിയുന്ന പിഞ്ചുകാലടികളില്‍
കടുംനിറമുള്ള ചുടുചോര ഒഴുകിയുറയുന്നു.
അകലെ കാലികളാര്‍ത്തു രസിക്കുന്നു,
ശൂന്യവേളകളില്‍ തിന്നുരസിക്കാനുള്ള-
പെണ്‍മാംസം സംഭരിക്കപ്പെട്ടുകഴിഞ്ഞുവത്രേ!Wednesday, March 4, 2015

വൃദ്ധസദനങ്ങളിൽ

തനിയാവർത്തനങ്ങളുടെ
ഒരു ദിവസം,
തിരക്കുകളൊഴിയാതെ
ഭൂലോകം കറങ്ങവേ,
തെരുവിലെ വലിയൊരു കവലയി-
ലതിലും വലിയൊരു
കാറിലെ തണുപ്പുവിടാൻ മടിച്ചു
പഹയനൊരു മുതലാളി.
വിങ്ങുന്ന വൃദ്ധസദനത്തിലെ
അമ്മക്കിളികൾക്കന്ന്
ഊണുസദ്യയും
ഒരുനല്ല ഉടുതുണി ദാനവും.
വരിവച്ചൊരു
നൂറുപേരവനെ ആശംസിക്കേ,
ആരുമാറിയാതങ്ങു ദൂരെ,
കണ്ണീരിൻ ജാലകം ചാരിയൊരു ജീവൻ
ആരോ മറന്ന കാലച്ചരടിനുപുറകിൽ
നിറംമങ്ങി കൂനിച്ച കണ്ണുകളുയർത്താതെ,
ഒന്നുമേ കാണാതെ,
ഒരു തുണ്ടുപായയിൽ,
ഒഴിയാത്ത ഇടർച്ചയായ്..

Tuesday, March 3, 2015

കാറ്റ്

ഇന്നവൾ ഇരന്നു വാങ്ങിയൊരു പത്തുരൂപാനോട്ടിനെപ്പറ്റി ഓർക്കുകയും മുന്തിയപണക്കാർ അവളെ കള്ളിയെന്നു വിളിക്കുകയും ചെയ്തു. പതിവുള്ളൊരു വിഡ്ഢിച്ചിരിയോടെ അവളതു കേൾക്കുകയും വിലയില്ലാത്ത തന്റെ സേവനങ്ങളുടെ വിയർപ്പ് മുഷിഞ്ഞൊരു ഗന്ധത്തോടെ മണ്ണിലേക്കാഴ്ന്നിറങ്ങുന്നത് കാണുകയും ചെയ്തു. അവരുടെ ശുചിമുറികളിൽ ഫീനോയിൽ ഗന്ധം പരന്നു. അവളുടെ ഹൃദയം വിങ്ങി. ആകാശമൊരു മഴകൊണ്ടതിനു തണലുവിരിച്ചു. അവളുറക്കെ നിലവിളിച്ചു. ദിക്കുതേടിവന്നൊരു കാറ്റിനൊപ്പം ആ നിലവിളി വേറേതോ ഒരു ദേശത്തേയ്ക്കുപോയി..

Monday, March 2, 2015

അവിജിത് റോയ്

ഇന്നലെ അയാൾ തെരുവിൽ
നടക്കുകയും, വെറിപിടിച്ചൊരു
വെട്ടുകത്തിയ്ക്കിരയാവുകയും ചെയ്തു.

ഭീരുവിന്‍റെ ആലസ്യങ്ങളില്ലാതെ,
കത്തിയ്ക്കുപിന്നിലെ കൈകളറിയാതെ
അയാളൊരു പന്തമെരിക്കുകയും
അക്ഷരക്കാട്ടിലേക്കതു വലിച്ചെ-
റിയുകയും ചെയ്തു.

വെളിച്ചംമറച്ചൊടുവിലെ പീലിയു-
മിണയെപുല്‍കിയുറങ്ങും മുന്‍പേ,
ആ തീ പടരുന്നതയാള്‍
കണ്ടുകൊണ്ടേയിരുന്നു.
ഇലകളില്‍നിന്നു മരങ്ങളിലേക്ക്,
ചോരവാര്‍ന്നൊലിക്കുന്ന
മഷിപ്പടര്‍പ്പുകളിലേക്ക്.
അതിരുകൾ കടന്നാകാശത്തിലേക്ക്.

അവരെ എത്രകാലം നിനക്കു,
തെരുവിലൊരു ചോരപ്പാടു മാത്രമാ-
യൊളിച്ചുവയ്ക്കുവാന്‍ കഴിയും?