Thursday, April 30, 2015

യുദ്ധം കഴിഞ്ഞ്...

ഏഴുവയസ്സുകാരി മകൾക്ക്
യമനിയായ അമ്മയുടെ
പിറന്നാളാശംസ,
'നിന്റെ നാട്ടിൽ
സമാധാനമുണ്ടാകട്ടെ'.

ഏഴാഴങ്ങളും കടന്നു മൂന്നു-
വയസ്സുകാരനപ്പോൾ,
മണ്‍കൂനയ്ക്കു താഴെ
യുദ്ധം ശ്വസിച്ച്
ഇരുട്ടു ഭക്ഷിച്ച്
കരയുവാനാകാതെ
കാരണമറിയാതെ
പോരാട്ടമില്ലാതെ
പതുങ്ങിയിരിക്കുന്നു.

ഇനിയെന്താണു നിന്റെ
പീരങ്കികൾ തിരിയുന്നത്?
ജയം കഴിഞ്ഞും,
തിരികെ യാത്രകളും
വിട്ടുകൊടുക്കലുകളുമുണ്ടോ?
എങ്കിൽ നീയെടുത്ത വെളിച്ചവും
നീകെടുത്തിയ പച്ചപ്പും
നീയുറക്കിയ ജീവനും
തിരികെ കൊടുക്കുക.
കുഞ്ഞുകണ്ണുകളെ സ്വതന്ത്രമാക്കുക.


(യമൻ..ഗാസ..സിറിയ.. ഇങ്ങനെ ഒത്തിരിയിടങ്ങളിൽ സമാധാനം നഷ്ടപ്പെട്ട കുഞ്ഞുങ്ങൾക്കുവേണ്ടി)

നിള

വരണ്ടുതീരും മുൻപേ
ഇരുണ്ടുപൊലിയും മുൻപേ
നിനക്കുമാറടി മണ്ണിൽ
നിതാന്ത വിശ്രമമാണോ?


സ്വപ്നം

ഇന്നലത്തെ സ്വപ്നം,
ഒറ്റുകാരനൊപ്പം
നാണയം പകുത്ത്
പിണങ്ങി പിരിയൽ.

ഇന്നത്തേത്,
അവൻ നീട്ടിയ
മുപ്പതുവെള്ളി വാങ്ങി
അവനെ ഒറ്റൽ.

നാട്

ഒരു വൃദ്ധൻ.
ഓടിട്ട മാളികയ്ക്കുള്ളിൽ
ഒരുമുഴം കയറിൽ
വിശപ്പിനെ
വരുതിയിലാക്കിയ
എണ്‍പതു വയസ്സുകാരൻ.

Wednesday, April 29, 2015

എങ്ങിനെയാണ് നിങ്ങൾ?

ഇരുട്ടുമുറിയിൽ പതിഞ്ഞ
ശ്വാസവുമായി ഇരിക്കുന്നവളെ
നിങ്ങൾക്കെങ്ങിനെയാണ്
മോഷ്ടിക്കാനായത്?

മൂന്നാണികളിലുരുക്കി
മുപ്പതുവട്ടവും തള്ളിപ്പറഞ്ഞ്
ഒടുവിലെ പാപവും വിളമ്പി
പിന്നെയുമവളെ
ചുംബിക്കാനായത്?

കടലുകാണുമ്പോൾ 
നിങ്ങൾ എങ്ങിനെയാണ്
കാമുകനായത്?
ആകാശം തേടുമ്പോൾ
നക്ഷത്രമായത്?
ഇരുട്ട് ചൂടുമ്പോൾ
അവളെ അറിയാത്ത
മനുഷ്യനായത്?

എങ്ങിനെയാണ് നിങ്ങൾ
രാത്രിപ്പല്ലുകളെ
തേച്ചുമിനുക്കുന്നത്?
കണ്ണാടി മുഖംമൂടിയാക്കുന്നത്?
സ്വപ്നച്ചിറകുകൾ
അരിഞ്ഞെടുക്കുന്നത്?
നക്ഷത്രക്കണ്ണുകൾ
നിശബ്ദമാക്കുന്നത്?

എങ്ങിനെയാണ് നിങ്ങൾ
എന്റെ കടലുകൾ
കുടിച്ചു വറ്റിക്കുന്നത്?
എന്റെ കരകൾ
മണ്‍കൂനകൾ മാത്രമാക്കുന്നത്?
എന്റെ പുഴയിലൊരു വഞ്ചിയുടെ
ഓർമ്മച്ചരടു വലിച്ചുപൊട്ടിയ്ക്കുന്നത്?

Monday, April 27, 2015

അവളും കവിതയും

ഒരു മഴത്തുള്ളി പകുത്ത്
ഒരു മരക്കൊമ്പിലിരുന്ന്
ഒരേ കാറ്റിൽ പറന്ന്
ഒരു മിന്നലേറ്റു മരിച്ചവർ.

കുഞ്ഞിപ്പെണ്ണ്‍

അമ്മയൊരു ചരിത്രമാണ്.
പതിനേഴുവയസ്സിനപ്പുറം
മഷി പതിയാത്ത ശിലായുഗങ്ങളുടെ
കഥ പറയുന്ന കുഞ്ഞിപ്പെണ്ണ്‍.

കണ്ണുകൾ

എനിക്കു നിന്നെ കാണാൻ
കറുത്ത നദികളുടെ കൂട്ടുവേണം
പച്ചക്കടലിന്റെ ഇരമ്പവും.

എന്തെന്നല്ലേ?, നീ എന്നെ
വരച്ചിട്ടത് മഷിത്തണ്ടുകൊണ്ട്
മായ്ക്കാനാവാത്ത ഈ കണ്ണുകളിലാണ്.
കറുപ്പും വെളുപ്പും കടന്ന്

പച്ചയായി നാം കണ്ട കണ്ണുകളിൽ.

Sunday, April 26, 2015

രണ്ടുപെണ്ണുങ്ങൾ

തെരുവിലൊരു കുറത്തിയുണ്ട്,
രാത്രിപ്പണങ്ങളുടെവിയർപ്പുണ്ടു-

മരിച്ചുകൊണ്ടിരുട്ടിനെ മുലയൂട്ടി
വളർത്തുന്ന പാതിരാപ്രാന്തി.
കണ്ണിൽ കറുത്തകവിതയുള്ളവൾ.

അവളുപോറ്റുന്ന പെണ്ണിന്
ചോറ്റിൽ തികട്ടൽ,
പ്രാന്തിന്റെ വിയർപ്പുമണം,
കണ്ണിൽ കുറത്തിയുടെ കീറത്തുണികൾ,

പേക്കിനാവിന്റെ പേടിപ്പെടുത്തൽ..
നെഞ്ചിൽ നോവുപകുത്ത
നിഴൽ ചിത്രങ്ങളായ്,
മോഹദാഹങ്ങളൊടുങ്ങി,

രണ്ടുപെണ്ണുങ്ങൾ.
കണ്ണിൽ വിശപ്പില്ലാത്തവർ,

അങ്ങുദൂരെയിരുട്ടിൽ
ഇരുട്ടുമാത്രം കണ്ടവർ.


Saturday, April 25, 2015

കുശുമ്പിയും കുഞ്ഞോളും

മണ്ണപ്പവും പരൽമീനുകളു-
മെടുത്തു പോയ
പ്രളയജലം നോക്കി
തിരകളെണ്ണവേ,

അവരിലൊരു കുശുമ്പിയും
കുഞ്ഞോളും പിറന്നു.
പിന്നെ തിരകളൊടുങ്ങാത്ത
അവരുടെ സ്വർഗ്ഗവും.


തിരശ്ശീല

പ്രിയപ്പെട്ടവളേ,
തിരശ്ശീലയ്ക്കരികിലാണ് ഞാനിപ്പോൾ.
മരിച്ചുമരവിച്ച പാദങ്ങളുടെ തണുപ്പോ
താളംനിലച്ച ഹൃദയത്തിന്റെ മിടിപ്പോ
കൂമ്പിയടഞ്ഞ കണ്ണുകളിലെ ഇരുട്ടോ
എന്നെ ഭയപ്പെടുത്തുന്നില്ല.

പക്ഷേ, നിന്റെ ചൂണ്ടുവിരൽത്തുമ്പിലുരഞ്ഞ-

ക്ഷരമായ് നടന്നൊരോർമ്മകൾ നീറുന്നു.
എന്റെ ഭയങ്ങൾക്കു വേദനിക്കുന്നു.

ഇരുളിൽ നിന്റെ വിരലകലത്തിന്റെ
സുരക്ഷിതത്വമില്ലാതെ ഞാനുറങ്ങുമ്പോൾ,
എള്ളിൻ കതിരുകൾ നുള്ളിയും
മണ്ണിൽ വെള്ളമന്ദാരങ്ങൾ വിതറിയും
വാകച്ചോട്ടിലെന്നെ നീ ഉറക്കുക.

വായരിയും ദാഹജലവും
നാമൊഴുക്കിയ കണ്ണീരിന്റെ-
യകലങ്ങൾ കുടിച്ചുവറ്റിക്കട്ടെ.

Friday, April 24, 2015

മണ്ണ്‍

മറവിയിലൊരു ശില്പ-
മുണ്ടെന്നു പറഞ്ഞ്
ശില്പിയെ ജനിപ്പിച്ച
ആദ്യത്തെ പെണ്ണ്.

Wednesday, April 22, 2015

ചിലത്

ഓർമ്മകൾ വിയർക്കുമ്പോളൊക്കെ
കണ്ണിൽ കറുപ്പുമൂടി,

മനസ്സിൽ രക്തം ചുവച്ച്,
അവളയാളെ ഭക്ഷിച്ചുകൊണ്ടിരുന്നു.
നാളെയൊരു ഭ്രൂണം പിറന്നേക്കാം,
ചില സ്വപ്‌നങ്ങൾ മരിക്കുന്നിടത്താണ്
ചില മനുഷ്യർ പിറക്കുന്നത്‌,
ചില മറവികളും..


മനുഷ്യനാണ്!

ഞാൻ- കുരുതിക്കാട്ടിലെ
ജാതിമലയിൽ കല്ലുരുട്ടുന്നവൾ.

എന്റെ മകൾ,
പള്ളിക്കൂടമെത്തിയാൽ
ചോര തിരിച്ച്
ദളിതയെന്നു മാത്രം
വായിക്കപ്പെടുന്ന
വിലയില്ലാപ്പുസ്തകം.

ഞങ്ങൾ- വാരത്തിലെപ്പോഴും
വറുതിയെ മറയ്ക്കുവാൻ,
കമ്പിറൊട്ടിയുണ്ടു,
കടലച്ചമ്മന്തി നുണഞ്ഞ്,
കാലം തന്ന കറുപ്പുകളേറ്റ്,
കരുത്തുറ്റ കൈയാലേ മെയ്യിലു-
പ്പുനീരൂറ്റി പണിയെടുക്കുന്നവർ.

പതിവായി വാതിൽപ്പടിയിൽ
കാവിപൊതിഞ്ഞ വിളികേട്ടു വിളറി
വീടുകയറാനാകാതെ കുടിവെള്ള-
പ്പട്ടിണിയിലാണ്ടു പോകുന്നവർ.

പരിവർത്തനം പാടിപ്പുകഴ്ത്തി
ദരിദ്രനെ ശാന്തനാക്കാമെന്നു
പുലമ്പി, വിശപ്പെടുക്കാതെ 
വിയർപ്പൊഴുക്കാതെ വിശുദ്ധനെ-
മാത്രം വിളിക്കുന്ന 'ശാന്തി'ക്കൂന-
യിലെ വെള്ളവസ്ത്രങ്ങൾ.

എന്തുകൊണ്ടാണ്
എന്റെ വാതിൽക്കലടിക്കടി
കാവിയും വെള്ളയും വരുന്നത്?

ഞാൻ മനുഷ്യനാണ്!
എന്റെ മക്കളും.

നിങ്ങൾ പറയുന്നു,
ഞാൻ ദളിതയാണ്!
മാംസമില്ലാത്ത,
രക്തമൊഴുകാത്ത,
കുറ്റിച്ചെടികളിൽ
തൂങ്ങി വീഴുന്ന,
മാനഭംഗങ്ങളായ്
മരണമാടുന്ന,
വെറും ദളിത.

ഈ നിങ്ങൾ ആരാണ്?
കടലാസു നീങ്ങുമ്പോൾ
കിറികോട്ടി ചിരിക്കുന്ന
പരിഹാസ നാട്ടിലെ
പടയാളികൾ.
പാവം മനുഷ്യരെ
നിറത്താൽ വകഞ്ഞിട്ട്‌,
മതത്താൽ മറിച്ചിട്ട്,
പട്ടിണിപ്പട്ടിയായ്
പറഞ്ഞുനടപ്പവർ.
പെരുവിരൽ പകുക്കുന്ന
പഴയനിഴലിന്റെ
പുതിയ പതിപ്പുകൾ
കുലംകുത്തികൾ.

Tuesday, April 21, 2015

*നിസാഅ്

കൈകൾ വിയർത്തും
തൊണ്ട വരണ്ടും
ചുണ്ടുകൾ വിറച്ചും
അവളുടെ ഖബർ
ആശക്തമായി.

അരുതുകളുടെ വഴിയിൽ
ഹിജാബിനെ മറച്ച്,

സ്വപ്നക്കുപ്പായമണിഞ്ഞ്,
ചാരനിറമുള്ള മൊഞ്ചുകൾ
പകുത്ത്, കാടുകയറുമ്പോൾ

കണ്ട കണ്ണുകളെവിടെ?
നീ വിളമ്പിയ സുറുമയുടെ
സുഖമുള്ള നീറ്റലെവിടെ?
നീ പകുത്ത അത്തറിന്റെ
പേരറിയാ സുഗന്ധമെവിടെ?

എന്റെ  നിസാഅ്,
കിനാവു പകുത്തവളേ,
കണ്ണുകെട്ടിയവൻ നിന്നെ-
യൊരു വെള്ളത്തുണിയിൽ
പൊതിഞ്ഞെടുക്കുമ്പോൾ,
പച്ചപുതച്ചു നിന്റെ
മയ്യമൊരുക്കുമ്പോൾ,
ഖൽബു നീറിയതെന്റെ
കവിൾത്തടത്തിലാണ്,

ഒരിക്കൽ നീ ചുംബിച്ചു-
പോയ വരൾച്ചയിൽ.

ഈ നിമിഷം നാമൊഴുകിയ
വഴിയിൽ കാടുകരിയുന്നു.

കാട്ടാറുവരണ്ടൊഴുകുന്നു.
ഇനിയൊരു സലാമിന്റെ
അകലം, എന്റെ കൈക-
ളുയർന്നു താഴുന്നു.
കണ്ണിലെ കനലുകൊണ്ടു
നെഞ്ചിൽ കല്മഴപെയ്യി-
ച്ചവളേ, നീ പെണ്ണും
പിശാചുമാണെന്നെനിക്കു-
തോന്നുന്നു.
മണ്ണിലും ഓർമ്മക്കണ്ണാ-

യെന്നെയുരുക്കുന്ന നിസാഅ്.

(*സ്ത്രീ)
(കടപ്പാട് : റാഷിദ് എന്ന അനിയനോടും സൈഫ് മാഷ്‌ എന്ന ട്വിറ്റെർ സുഹൃത്തിനോടും)

Monday, April 20, 2015

ചുംബനം

മണ്ണിനെ ചുംബിച്ചു മരിക്കുന്ന
ഹൂറിയുടെ അന്ത്യചുംബനം,
അശക്തയെന്നു നാമവളെ-
യെഴുതിയ കടലാസിനു പിന്നിൽ
ശക്തമായി ചുംബിച്ചു കൊണ്ടാകട്ടെ.


നഗ്നത

ഒരു ചുഴിഞ്ഞുനോട്ടമാണ്.
എന്റെ മറകളിൽ നിന്ന്
നിന്റെ മാനങ്ങളിലേക്ക്.


Sunday, April 19, 2015

മടക്കം

വരണ്ടനാവുകൊണ്ടെന്റെ സ്വർഗ്ഗങ്ങ-
ളെപ്പറ്റി നിങ്ങൾ വാചാലനായ നിമിഷം,
തിരിഞ്ഞു നടന്നു നമ്മൾ രണ്ടു വഞ്ചിയൂന്നി
രണ്ടു തീരങ്ങൾ തേടി, രണ്ടു പുഴയായൊഴുകി
ഒരേ കടലിൽ രണ്ടു തിരയായ് വീണ്ടും...


Saturday, April 18, 2015

കൊള്ള

മഴമേഘങ്ങൾക്കു നടുവിലാണയാൾ
കൊള്ളയടിക്കപ്പെട്ടത്‌,
വേനലിനെപ്പറ്റി വാചാലനായ ദിവസം.

Friday, April 17, 2015

എന്റെ തെയ്യം

കാവിലുരുളുവീഴുന്ന മുന്നേ
ഉറഞ്ഞുവീഴുന്ന തെയ്യം.
മുടിയാടിക്കിട്ടുന്ന വെള്ളയോ
ചുവപ്പോ അരളിപ്പൂക്കൾ.
അമ്മയുടെ 'തൈവേ' വിളി.
മനസ്സിലൊരുത്സവകാലം
കൊടിയിറങ്ങുന്നു.
*മനുഷ്യൻതെണ്ടി ആചാര-
വിത്തുമായ് മലയിറങ്ങുന്നു.
മണ്ണിനു കരിങ്കാളിയേൽക്കാതെ തിറ
മലമേലേ തീയായ് മനസ്സുരുക്കുന്നു.(*ഒരു ക്ഷേത്രാചാരം)

Thursday, April 16, 2015

ദയാബായ്

പച്ചമരം- മണ്ണുതുരന്നു മനുഷ്യരെ
കൊല്ലുന്ന മണ്ണിൽ നീ വിണ്ട
വിരലുകൾ കൊണ്ടു വളർന്നൊരു
നന്മമരം, കണ്ണിൽ വരണ്ട കാലത്തെ
കുതിർത്തു കളഞ്ഞൊരൊറ്റമരം.Tuesday, April 14, 2015

നഷ്ടം

നിശാസത്രത്തിലെ പാതിയടഞ്ഞ
മരവാതിലിനു പിന്നിലാണെ-
നിക്കവളെ നഷ്ടപ്പെട്ടത്‌.
വിശപ്പുകൊടുത്തു നാണയം വാങ്ങുന്ന
ആയിരം മുഖങ്ങളിലൊന്നായ്.

Monday, April 13, 2015

വസന്തത്തിലെ പാട്ട്

ഇനി നമുക്ക് മഴയേയോ മഞ്ഞു-
കാലങ്ങളേയോ കുറിച്ച് പാടേണ്ട.
വിശുദ്ധമായിരുന്നിട്ടും വിരൽ-
ത്തുമ്പിലെ മഷി പുരളാതെ
മരിച്ച വസന്തത്തെക്കുറിച്ചു പാടാം,

അവളുടെ സ്വപ്നപ്പൂക്കളിൽ
ചിറകുവിടർത്താനാകാതെ

ആകാശം തേടുന്ന
ചിത്രശലഭങ്ങളെക്കുറിച്ചു പാടാം,

അവളൊഴുക്കുന്ന പാലമണം തേടി
രാത്രിത്താഴ്വരയിൽ പനയിറങ്ങുന്ന

നെടുവീർപ്പുകളെക്കുറിച്ചു പാടാം,
സ്നേഹിച്ചു ഭ്രാന്തിയാകുമ്പോൾ,
പേരാൽമച്ചിലാഴ്ന്നിറങ്ങുമ്പോൾ,
അരളിപ്പൂക്കളുടെ ചുംബനമേറ്റിരുന്ന
അവളിലെ വസന്തത്തെ നഷ്ടപ്പെടുത്താ-

നായതെങ്ങിനെയെന്നു പാടാം,
അവൾ വസന്തങ്ങൾമറന്ന-
തെങ്ങിനെയെന്നും..

Saturday, April 11, 2015

തടവ്

ഒളിച്ചിരിക്കുന്ന ചില മനുഷ്യരുണ്ട് നമുക്കുള്ളിൽ.
നാമറിയാതെ അക്ഷരക്കൂടാരങ്ങളിൽ നിന്ന്
അഭയാർത്ഥികളായി മനസ്സിൽ ചേക്കേറിയവർ.
അനുവാദമില്ലാതെ മടക്കമില്ലാത്തവർ.
അറിഞ്ഞുകൊണ്ടു തന്നെ തടവറയിലിരിക്കുന്നവർ.


Friday, April 10, 2015

മകൾ

മകൾ ഒരാവർത്തനമാണ്.
അമ്മയിൽ നിന്ന് അമ്മയിലേക്ക്‌
ഒരു അകലത്തിനും
അടർത്തിയെടുക്കാനാകാത്തൊരു
പൊക്കിൾക്കൊടി.


ലഹരി

ചില ചിതകൾക്കു തീ പിടിയ്ക്കുമ്പോൾ
അയാളുടെ നെഞ്ചിൽ
ഓർമ്മകളുടെ ഉഷ്ണകാല-

മുരുകുന്നതെന്തു കൊണ്ടാണ്?
അവളൊരു കാർമേഘമായതിനെ മറയ്ക്കുമ്പോഴും,
പെയ്തൊഴിയാത്ത അകലങ്ങളുടെ കാഴ്ചമറച്ച

കട്ടിച്ചില്ലുകളിലെ മൗനം,
നിശ്വാസങ്ങളുടെ തണുപ്പേൽക്കാതെ,
അയാളെ അവളിൽ കൊരുത്തിരിക്കുന്നു.

വരൂ, നമുക്ക് ഉഷ്ണകാലങ്ങൾ കടന്ന്
ജീവന്റെ പച്ചപ്പു പതിയിരിക്കുന്ന
മഴക്കാടുകളിലേയ്ക്കു പോകാം.
അവിടെ നാമെന്ന മൗനത്തിന്റെ
ചില്ലുരുകുമ്പോൾ,
മഞ്ഞുമേഘങ്ങൾക്കിടയിൽ
ചുണ്ടുകൾ ചേർത്ത്
ഹൃദയതാളങ്ങളെ മുത്തിയെടുക്കാം,

നമുക്കു നാമായി നക്ഷത്രങ്ങളിലേയ്ക്കു
ചുരങ്ങൾ കയറാം.
കാമനകളുടെ വർഷം നനഞ്ഞ്,
ജീവന്റെ പനിച്ചൂടിലുരുകി,
നമുക്കൊരുറവയായ്
കടലുതേടാതെയീ മണ്ണിൽ
പുണർന്നു കിടക്കാം.

അതു മാത്രമാണു ജീവന്റെ ലഹരി.
പാപസ്വർഗങ്ങൾ കുടപിടിക്കുന്നതും
നരകമോഹങ്ങൾ സിരയിലുണരുന്നതും
നാമെന്ന പറവകൾ ഉറവുതേടുന്നതും
അപ്പോൾ മാത്രമെന്നു നാമറിയുക.

വരിക, ലഹരിയാലുന്മത്തരായ്
നമുക്കു മൗനങ്ങൾ വായിക്കാം.

Tuesday, April 7, 2015

*മച്ചി ഗ്രാമം.

അകലെ ഒരു ചിത്രമുണ്ടെ-
ന്നവൾ പറഞ്ഞു.
വിശപ്പു തിന്നുന്ന മകളെ
ദൂരേക്കെറിഞ്ഞു പോകുന്ന
അമ്മമനസ്സിൽ,
ജീവന്റെ പിത്തമൊഴുക്കുന്ന,
പടിഞ്ഞാറിന്റെ നിറമുള്ള,
പെണ്ണു കരയാത്ത,
കതിരുകൾ വിരിയാത്ത,
പിറവികൾ മരിക്കുന്നൊരു

മച്ചി ഗ്രാമം.


(*നെൽക്കതിരു കൊടുത്ത് പെണ്‍കുഞ്ഞിനെ കൊല്ലുന്ന പേരറിയാ ഗ്രാമം)

രാത്രി

മഞ്ഞകൾ പൂക്കുന്ന സ്വപ്നം
മടുപ്പിന്റെ നൂൽപ്പാലമേറി
മഞ്ഞകൾ മഞ്ഞുകളാകുന്ന സ്വപ്നം.


Sunday, April 5, 2015

മൂന്നാംനാൾ

ആരവങ്ങളിൽ നിശബ്ദനായി
അവൻ മുന്തിരിവള്ളികൾ നടുന്നു.
സ്നേഹത്തിന്റെ വീഞ്ഞു തളിച്ചവ
വിശക്കുന്നവർക്കായ് വിളമ്പുന്നു.
മനുഷ്യനെയറിഞ്ഞ്
മനുഷ്യനായ് ജനിച്ചു മരിച്ച്
മൂന്നാം നാൾ,
മനുഷ്യത്വമായി മാത്രമുയിർത്തവൻ.

മറിയം,
നിന്റെ റബ്ബോനി ഉയിർത്തിരിക്കുന്നു.


Saturday, April 4, 2015

വേനലവധികൾ

അച്ഛന്റെ തിരക്കിലോ
അമ്മയുടെ നിസ്സഹായതയിലോ
നഷ്ടപ്പെട്ട തീവണ്ടിയാത്രകൾ.
അഞ്ചുവയസ്സുകാരന്റെ
കണ്ണീരു മുത്തി വരണ്ട കാറ്റ്.
ഇനി മടക്കം തുടക്കത്തിലേക്ക്,

പതിവു കസേരയിലെ
ചായപെൻസിലുകളിൽ
നിറമുള്ള ചിത്രങ്ങൾ
വരണ്ടു തന്നെ കിടക്കട്ടെ.

Friday, April 3, 2015

ദു:ഖവെള്ളികൾ

പിതാവിലേക്കു മടങ്ങുന്ന പുത്രനെ
കൈകളിലേല്ക്കുമ്പോൾ
അവൾക്കും മകനുമിടയിൽ
ദു:ഖവെള്ളികളുടെ കൂദാശ.
മുൾമുടി കൊണ്ടും
മൂന്നാണികൾ കൊണ്ടും
കരളു പിളർക്കുന്ന
വിശുദ്ധിയുടെ പാടുകൾ.
മകനേ..മകനേ..മകനേ..
അമ്മയ്ക്കു തിരുഹൃദയമില്ല
തിരുവോസ്തിയില്ല
അമ്മിഞ്ഞയുരുക്കി നിൻ
ദാഹമകറ്റുവാൻ

കണ്ണീരൊഴുക്കുമീ കണ്ണുകൾ മാത്രം.

Wednesday, April 1, 2015

മഴ സുഹൃത്തേ

മാപ്പ്..
മരുഭൂമിയായി നിന്റെ
മഴ സ്വപ്നങ്ങളെ
എറിഞ്ഞുടച്ചതിന്.

അക്ഷരമായി
ആത്മാവു ദഹിച്ച

ചാരത്തിൽ
വേനൽമഴ കൊണ്ടു
പൊടിപിടിച്ച ഒരിറ്റു

കണ്ണീരൊഴിച്ചതിന്.

സ്വപ്നമരത്തിനു താഴെ
ഏകാകിയായി

മഴകൊണ്ട പക്ഷിയെ
അറിയാതെയെങ്കിലും
മുപ്പതുവെള്ളിക്കു
പകരം കൊടുത്തതിന്.

മടക്കം മടുപ്പോടെ എന്നുമാത്രം
നീയറിയുക.

വിജനമായ ഭാണ്ഡത്തിൽ,
മനസ്സു വായിക്കാനാകാത്തതിന്റെ
ഭാരത്തോടെയും.


സൗഗന്ധികങ്ങൾ

സ്വപ്നത്തിലാദ്യം സൗഗന്ധി-
കവുമായി വന്നതു
രണ്ടാമൂഴക്കാരനാണ്.
മേളവും താലികെട്ടും
രഥയാത്രയുമൊക്കെ കഴിഞ്ഞു
മണ്ണിലേയ്ക്കിറങ്ങിയപ്പോൾ
വേലിയ്ക്കരികു ചേർന്നു
വാടിയ കല്യാണ-
സൗഗന്ധികങ്ങൾ.
മണ്ണിലോർമ്മയുടെ പൂക്കാലമായ്‌

നാളെ വിരിയാൻ മൊട്ടുകളും.

കുരുടനും ദൈവവും

കുരുടനിന്നലെ ദൈവത്തെ കണ്ടു.
മൂന്നാണികളിൽ രക്തം വിയർത്ത്
'നീതിമാന്റെ' മുന്നിലൂടെ
കണ്ണുകൾ കെട്ടി
കല്ലറയിലേക്കു പോകുന്നു.
കൂടെ അയാളും പോയി,
ദൈവം കണ്ണുകെട്ടിയ ഭൂമിയിൽ
ദൈവത്തോടൊപ്പം കാഴ്ചകൾ കാണാൻ.


പിന്നെ

രണ്ടു മനുഷ്യർ ചുരമിറങ്ങുന്നു.
ഒരുവന് മണ്ണിന്റെ ഗന്ധം
അപരന് മഴയുടേതും.
അവർക്കിടയിലെ
കൈമുറുക്കത്തിന്റെ കാറ്റുകൾ
ചോദ്യങ്ങളെറിയുന്നു.
'നിങ്ങൾക്കു നേടുന്നവരെപ്പറ്റി
പറയാമോ?'
മണ്‍മനുഷ്യൻ വാചാലനായി.
'നിങ്ങൾക്കു നഷ്ട്ടപ്പെടുന്നവരെ
പരിചയമുണ്ടോ?'
മഴമനുഷ്യനൊന്നു ചിരിച്ചു,
പിന്നെ ചാറ്റലിന്റെ സംഗീതത്തിൽ

നഷ്ട്ടപ്പെടാതെ നഷ്ട്ടപ്പെടുത്തി,
കൈമുറുക്കമയയാതെ ചുരമിറങ്ങി.


 

ബോണ്‍സായി

ഞാൻ നിങ്ങളിലേക്കു നോക്കി
നിങ്ങളെ കണ്ടില്ല.
എന്റെ ഇത്തിളിലകൾക്കു
പടർന്നു കയറാനൊരു
വൻമരം, നിങ്ങളിൽ.
അന്വേഷി അന്വേഷണം
നിർത്തുന്ന നിമിഷം.
ഹാ! തണലും കുളിരു-

മെത്ര ഉദാത്തം,
ആ മരങ്ങളെന്താവും പറയുക?