Wednesday, May 6, 2015

(ഒറ്റ)ശരീരങ്ങൾ.

നിന്നിൽനിന്നെന്നെ
നോക്കിയെഴുതുമ്പോൾ
നീയും ഞാനും രണ്ടു
മഞ്ഞിച്ച താളുകൾ.
ഒരു രാത്രിക്കവിതയുടെ
കടുപ്പമുള്ള മണം പൂശുന്ന
ഒറ്റശരീരങ്ങൾ.
പകർന്നെഴുത്തിന്റെ
പതർച്ചയിൽ,
ഒരേചരടിന്റെ മുറുക്കത്താൽ
വരിഞ്ഞുചുറ്റപ്പെട്ട
ഒരായിരം ഓർമ്മകൾ.
ചിലപ്പോഴൊക്കെ
നിന്റെ നോട്ടങ്ങൾക്ക്‌
എന്റെ ഏകാന്തതയെ
എറിഞ്ഞുടയ്ക്കാനായി.
ആ മരണങ്ങളിൽ
നിന്നിലൂർന്ന്,
ഓർമ്മപ്പടങ്ങൾ പൊഴിച്ച്,
പതിയെയെങ്കിലും ഞാൻ
പാതിരാസ്വപ്‌നങ്ങൾ കണ്ടു.
മരങ്ങൾ മണ്ണിലേയ്ക്കു ചായുന്നതും
മരണം തണലുകിട്ടാതെ
മണ്‍കൂനയാകുന്നതും കണ്ടു.
നിന്റെ കൈകളുടെ മുറുക്കത്തിൽ
കുടുങ്ങിക്കിടക്കവേ,
കാറ്റുവീശുന്നതും
ആകാശം പൊഴിഞ്ഞുവീഴുന്നതും
ഞാനറിഞ്ഞിരുന്നില്ല.
കയങ്ങളിൽ കാലം
കടഞ്ഞു മുറുക്കുമ്പോഴും,
കാമം നിറങ്ങൾ
നീറ്റിലൊഴുക്കുമ്പോഴും,
കാറ്റാടികളാകാതെ,
നീയെന്നും ഞാനെന്നുമറിയാതെ,
കഥ തുടരുകയായിരുന്നു.
ഞാനെഴുതുകയായിരുന്നു,
ചിരിച്ചുതീർത്ത
മുറിഞ്ഞ കാലുകളെപ്പറ്റി.
കരയാതിരുന്ന
കുതിർന്ന ചുണ്ടുകളെപ്പറ്റി.
ആഴത്തിലിറങ്ങുന്ന
നാമെന്ന വാക്കിനെപ്പറ്റി.


(മറുപാതി വരച്ച ചിത്രത്തിന്..)

Tuesday, May 5, 2015

ഭ്രാന്ത്

ആകാശം പാടുന്നതുകേട്ടു
ഞാൻ ഭ്രാന്തിയാകുന്നു.
അപ്പോഴൊക്കെ നിങ്ങൾ
അഞ്ചുവിരലുകൾ കൊണ്ട്
*ഏഴുവള്ളികൾ കെട്ടിയ
സംഗീതമെന്റെ
ഉറക്കമില്ലാത്ത രാത്രിപ്പറമ്പു-

കളിലേയ്ക്കു തുറന്നു വിടുന്നു.
വെളിച്ചമേറ്റ പാമ്പിനെപ്പോലെ
ചുരുണ്ട സ്വപ്നങ്ങളി-

ലിഴയുവാനാകാതെ ഞാൻ
വീണ്ടും ഭീരുവാകുന്നു.
ഭൂതകാലത്തിന്റെ പുറമ്പോക്കിൽ
പതിയിരിക്കുന്നു.
മണ്ണിന്റെ ഗന്ധമേറ്റു മണ്ണിരയാകുന്നു.
കാതുപൊത്തി,
കരിയിലയ്ക്കൊപ്പമാടി,
കാവുകേറി തിറയാടി നില്ക്കുന്നു.

ചെമ്പട്ടുകെട്ടി കരിമ്പനകേറി ഞാൻ
കറുത്ത യക്ഷിക്കൊപ്പം
രാത്രിഞ്ചരയാകുന്നു.
പാതിരാപ്പാലകൾ
കണ്ണെറിഞ്ഞിന്നെന്റെ
വെറ്റില വേവുകൾ
വെളുപ്പിച്ചു വാർക്കുന്നു.
ഭ്രാന്ത്! ഉരിഞ്ഞുമാറ്റവേ 
ഉടലോടു ചേർന്നെന്റെ
ഉയിരുമായ് മല്ലിട്ട്
ഉറവുകൾ തേടുന്നു.


(*സപ്തസ്വരങ്ങൾ)

Monday, May 4, 2015

വരിക

വിജനസ്വർഗ്ഗങ്ങളേ വരിക,
നമുക്കീ തെരുവിൽ നടന്ന്

തണലു പകുത്ത്
ചുടുനെടുവീർപ്പുകൾ കൊണ്ടു കെട്ടിപ്പിടിച്ച്
ശബ്ദമെടുക്കാതുറക്കെ ചിരിച്ച്
ഭ്രാന്തിന്റെ ലഹരി നുണഞ്ഞു നടക്കാം.
സുഖമുള്ള ഇരുകാലിപ്പറവകളാകാം.


എന്റെ വിധുരസ്വർഗ്ഗങ്ങളേ വരിക,
ചെടുനിണം ചിന്തുന്ന വിരിമാറുകീറി ഞാ-

നൊരു ചിത നിനക്കായെരിയ്ക്കാം.
അതു പടർന്നേറുന്ന ലോഹത്തളർച്ചയിൽ

പിരിയാതെ ആഴങ്ങൾ തേടാം.
വരിക നീ, നമുക്കൊന്നു ചേരാം.

Sunday, May 3, 2015

ഈച്ചരവാരിയർ

ഇടറിയ തൊണ്ടയും
ഉറച്ച കാലടികളുമായി
ഇരുട്ടിലൊരാളിപ്പോഴും
മകനെത്തേടുന്നു.

കൈയിലൊരുരുള
അവനെ ഊട്ടിയും
തനിയ്ക്കു നിറഞ്ഞും
വിപ്ലവമില്ലാത്ത
പിതൃത്വം പകുക്കുന്നു.


കരയും കടലും

ഒരു കടൽ കരിയുന്നുണ്ട്,
അവന്റെ ചിരിയ്ക്കും
കരച്ചിലിനുമിടയിൽ
അക്ഷരക്കുരുക്കു വീണ
തൊണ്ടയുടെ നിശ്വാസമേറ്റ്.

ഒരു കര കഥയാകുന്നുണ്ട്,
മണ്ണിൽച്ചാടി മരിച്ച
നിശബ്ദതയുമായൊരു
പെണ്ണവിടെയലഞ്ഞു

നടപ്പുണ്ടത്രേ.

ഒഴുകാതെയും

അതറിയാതെയുമവർ 
പിണഞ്ഞുമാറിയ
ഇടങ്ങളിലെല്ലാം
അവന്റെ കരച്ചിലിൽ നിന്ന്
അവളുടെ നിശബ്ദതയിലേയ്ക്ക്,
കര സ്നേഹം പകുത്തു.
കടൽ മണ്‍കൂന മുത്തി.
തീരങ്ങളടർത്തിയവർ
തിരിഞ്ഞു നടന്നു.

Saturday, May 2, 2015

പിറവിയിൽ

പിറവിയിൽ
നാമൊന്നു ചേരുന്നത്,
ചിതൽപ്പുറ്റുമൂടി
മണ്ണിൽ പൊതിഞ്ഞ്
ഇടം കാലിലൂടൊഴുകുന്ന
ചോരയെ ഭയന്നല്ല.

പിറവിയിൽ
നാം പിറന്നു മാറുന്നത്,
നിന്റെ ആസക്തികൾ
കണ്ടുമുറുകിയ
എന്റെ കണ്ണുകളിൽ
ചായമടിച്ചല്ല.

ഇനിയെങ്കിലും നീയറിയുക,

നാം ഇടനൂലുകളെന്ന്.
പിറവിയിലൊരു
കെട്ടുകാഴ്ചയെന്ന്.
അതിരുകൾ ഭേദിച്ച്
ആഴങ്ങൾ അളന്ന്
അനുശോചനമേൽക്കുന്ന
ഓർമ്മകളെന്ന്.

Friday, May 1, 2015

ആമേൻ!

ദാരിദ്ര്യം-- 

പിതാവേ, ദാരിദ്ര്യത്തിന്
അടിവസ്ത്രമെന്നൊരർത്ഥമുണ്ടോ?
എങ്കിൽ എന്താണ്
ദരിദ്രന്റെ അർത്ഥം?

ബ്രഹ്മചര്യം-- 

പെരുമഴ നനയുന്ന ചില
ശപിക്കപ്പെട്ട നിമിഷങ്ങൾ.
ഞാൻ എന്നിലേക്കു
മാത്രമൊതുങ്ങി
നിന്നെ കാണുന്നു.
നാം ഇണകളാകുന്നു.

അനുസരണം-- 

ആമേൻ!
ഒറ്റവാക്കിലൊതുക്കിയൊതുങ്ങുവാൻ
എത്രദൂരമിനി മരക്കുരിശേറണം?

(..ഒരു ചാനൽ ചർച്ചയോടുള്ള പ്രതികരണം..)