Thursday, June 25, 2015

പനിച്ചൂടുള്ള ശിശിരങ്ങള്‍

ഞാൻ, വെളുത്ത പൂക്കൾ വിരിച്ചിട്ട
നിന്റെ ഹൃദയത്തിലൂടെ നടന്നു.
കണ്ണീരിന്റെ തോരണംകെട്ടിയ മരച്ചില്ലയിൽനിന്ന്
സ്നേഹത്തിന്റെ ആലിപ്പഴങ്ങൾപൊഴിഞ്ഞ്
നമ്മിലെ വേനലാകെ തണുത്തു.

എത്രനേരമാണു നാമവിടെ
നിശബ്ദതകൊണ്ടു കുതറിമാറിയത്‌?
കുളിരുപുതച്ചു കണ്ണുനനച്ചത്‌?
ചുണ്ടുകൾകൊണ്ടു ഹൃദയങ്ങൾ ചുവപ്പിച്ചത്?

മടക്കയാത്രയിൽ മനസ്സുകരയവേ
വിരഹങ്ങൾ‍ പതറിയതും,
തിരിഞ്ഞുനോട്ടമൊരു തട്ടിവീഴ്ചയിൽ‍
നമ്മെ തകർത്തുകളഞ്ഞതും,
പിരിഞ്ഞുമാറാതെ കൊമ്പുകോർത്തു നാം
ഒരേ മരക്കൊമ്പിൽ‍ പിടഞ്ഞുമരിച്ചതും,
വെളുത്തപൂക്കൾ നമുക്കു മീതേ
ആലിപ്പഴങ്ങളുടെ പുതപ്പുപുതച്ചതും,
ഓർമ്മക്കയത്തിലെ പച്ചമരങ്ങളിൽ
പനിച്ചൂടുള്ള ശിശിരങ്ങൾ കാത്തുകിടന്നതും,
ഒക്കെ ഒരോർമ്മയുടെ പതിഞ്ഞവഞ്ചിയിൽ
ഇലകൊഴിഞ്ഞിരു കരകളിൽ
തുഴഞ്ഞു മറഞ്ഞതും,
നാമൊരു മറവിയുടെ കാണാക്കിടക്കയിൽ
പനിച്ചുമരിച്ചങ്ങിനെ കിടന്നതും...

Monday, June 22, 2015

ഒരു പകല്‍

നീ വരുമ്പോൾ
ഹൃദയം സ്നേഹത്തിന്റെ കടലാകുന്നു.
മഴ, മധുരമുള്ള പാട്ടുകള്‍ പാടി
വെള്ളമന്ദാരങ്ങളുടെ ചാലുവെട്ടുന്നു.
സ്വപ്നക്കണ്ണിൽ
നിശാഗന്ധികള്‍ പൂത്തുകിടക്കുന്നു.

നീ വരുമ്പോള്‍ മാത്രം
ഞാന്‍ കുപ്പിവളകളിടുന്നു.
സിന്ദൂരച്ചുവപ്പുകൊണ്ട്
ചക്രവാളങ്ങളെപ്പോലും നാണിപ്പിക്കുന്നു.
മുടിയാകെ പിന്നിയിട്ട്
മുല്ലപ്പൂക്കളെ കടമെടുത്ത്
ഒരു പകല്‍ മുഴുവൻ
മനസ്സിലെവിടെയോ മീര പാടുന്നു.


Friday, June 19, 2015

നുജൂദ്

തിരക്കേറിയ തെരുവിലൂടെ
പൊടിപിടിച്ച കാറ്റിനെ
മുറുകെപ്പിടിച്ചു കൊണ്ട്
നിക്കാബിനു പിന്നിൽ
ഒരു വിവാഹിതയുടെ മുഖം.

കിതച്ചു കൊണ്ടവൾ
വേഗത്തിൽ നടന്നു.
കോടതിപ്പടികൾ കയറി.
ഇരുണ്ട കുപ്പായം
അവളുടെ ആത്മാവിൽ
വിയർത്തു തളർന്നു കിടന്നു.

പരാതിത്തൊണ്ടയിൽ
മുഖം മറയ്ക്കാത്ത
പത്തുവയസ്സുകാരിയുടെ ശരീരം,
അവർ മേലങ്കികൾ കൊണ്ടുമൂടി.
അടുത്തനാൾ മുതൽ
വിവാഹിതയുടെ വിശുദ്ധിയിൽ
അവൾ വലിച്ചുകീറപ്പെട്ടു.

'മോചനം വേണം'
വിവാഹത്തിൽ നിന്ന്,
പത്തുവയസ്സുകാരിയെ
പിടിച്ചുലച്ച വേദനകളിൽ നിന്ന്,
കിടക്കയിൽ കാപ്പിക്കറപോലെ
തെളിഞ്ഞു കിടക്കുന്ന
ചോരപ്പാടുകളിൽ നിന്ന്.

കറുത്ത ചുമരിൽ
വെളുപ്പുകൊണ്ടു പേരെഴുതുന്ന കുഞ്ഞിനെ
മുതിർന്നവളെന്നു വിളിച്ച അബ്ബ.
ശരീരമാസകലം
പേരറിയാതെ കിടക്കുന്ന
വൃത്തികെട്ട പാടുകളിൽ
ഒരു തലമുറയുടെ
കണ്ണീരുണ്ടെന്നു പറഞ്ഞ ഉമ്മ.
മനുഷ്യനിലേയ്ക്കു മനുഷ്യനിറങ്ങുന്നത്
വേദനയെന്നു മാത്രമറിയുന്ന നുജൂദ്.

ഇവൾ ചിലർക്കിടയിലെ ചരിത്രമാണ്.
ചില ദിവസങ്ങൾക്ക്
മിഠായിക്കൂടുകളേക്കാൾ
ശബ്ദമുണ്ടെന്നു പറയുന്ന,
മറയ്ക്കു പിന്നിലും
ചിരിയ്ക്കാൻ വെമ്പുന്ന കണ്ണുകളുള്ള,
കഥപറയുന്ന മുഖമുള്ള നുജൂദ്.
ചില കാലങ്ങളിനി തിരിച്ചുവരില്ലെന്ന്
ചിലപ്പോഴെങ്കിലുമറിഞ്ഞവൾ.
ലജ്ജകൊണ്ടു കരിഞ്ഞുപോയേക്കാമായിരുന്ന ശബ്ദത്തെ
തനിയ്ക്കുവേണ്ടി ഉറക്കെയുറക്കെ പറയിച്ചവൾ.

Thursday, June 18, 2015

അമ്മയും ഓര്‍മ്മയും

ചില സ്ത്രീകൾ
ചിലരെ ഓർമ്മിപ്പിക്കുന്നു.
മറിയവും സീതയുമൊക്കെ
രക്തസാക്ഷികളാണ്.
അഭിമാനം മുറുക്കിയുടുക്കുമ്പോഴും
അറവുശാലയിലെ ചമ്മട്ടികൊണ്ട്
പലവട്ടം അടിക്കപ്പെട്ടവർ.
ചോരചിന്താത്ത മാംസക്കുരിശുകളിലേയ്ക്ക്
ജീവരക്തം കൊടുത്തവർ.
അമ്മയിലെ ഓർമ്മഞരമ്പുകളിൽ
ജീവിച്ചു മരിച്ചവർ.

Wednesday, June 10, 2015

വഞ്ചന

ദാഹിച്ച സ്വപ്നങ്ങളും,
വരണ്ട മെഴുകുതിരികളും,
നിശാശാലയിൽ
കണ്ണുകളിലേയ്ക്കു നോക്കാതെ നാമിരുന്നു.
നെഞ്ചിലെ ഇരുട്ട്
നീലവെളിച്ചത്തിൻറെ  താളത്തിൽ
ഏതോ ഇടനാഴിയിലേയ്ക്കിഴഞ്ഞുപോയി.
ചുണ്ടുകൾ  മുത്തിയ ചവർപ്പ്
ഹൃദയത്തിൽ ഒരു കറുത്ത മറയിട്ടിരുന്നു.
ആ കയ്പ്പിലും
തോളോടുതോൾചേർന്നുനാം
നൃത്തം ചെയ്തു.

പതിഞ്ഞ സംഗീതത്തിന്റെ വരികളിൽ 
നമ്മുടെ ഏറ്റുപറച്ചിലുകളായിരുന്നു .
വിലപറഞ്ഞുറപ്പിച്ച തീന്മേശയിൽ,
അറിഞ്ഞുകൊണ്ട് വിഭവമായതിന്റെ
കുമ്പസാരവും.
ഏതു വീഞ്ഞിനാണു നാമിനി 
ലഹരിയുണ്ടെന്നു പറയുക?
എല്ലാ രഹസ്യങ്ങളും 
മധുരമില്ലാതെ ചോർന്നുവീണൊരു
ചില്ലുതളികയിലേയ്ക്ക്,
നമുക്കിനി പരന്നൊഴുകേണ്ട.

ദാഹങ്ങൾ
സ്വപ്നച്ചില്ലകളിൽ
ദാഹിച്ചു മരിക്കുമ്പോൾ,
വെളിച്ചം കെട്ട മെഴുകുതിരികളുമായി
നമുക്ക് വിശുദ്ധിയെക്കുറിച്ചു സംസാരിക്കാം.
ചില മറവികൾ മരണമാകുന്നതുപോലെ
നമുക്ക് നമ്മെ മുറിവേല്പ്പിച്ച്
കാസകൾ നിറയ്ക്കാം.
വഞ്ചനയുടെ ഒടുവിലെ തുള്ളിയും 
തളർന്നുവീഴുന്നത് വരെ
ആരുമല്ലായ്മയുടെ അകലത്തിൽ
അപരിചിതരായ്
കാപ്പിപ്പാത്രങ്ങൾ മൊത്തിയിരിക്കാം.

Monday, June 8, 2015

ഉറക്കം

നിന്റെ ഹൃദയം
എന്റെ കണ്ണുകളെ ചുംബിച്ചു.
ആ ആലസ്യത്തിലാണ് ഞാൻ
കണ്ണുകളടച്ചതും
വെള്ളപുതച്ച്
വലിയ പൊട്ടുവച്ച്
ഉമ്മറപ്പടിയിൽ
നിന്നെക്കാത്തു കിടന്നതും.