Thursday, July 30, 2015

നഗരമഴ.

നഗരം നിശാസുന്ദരിയായ
ഒരു പെണ്ണുമാത്രമെന്ന്
നിനക്കറിയുന്നതിലേറെ
ഞാനിന്നറിയുന്നു.
നമുക്കിടയിലെ ഉണര്‍ത്തുപാട്ടുകള്‍
ഉറക്കമില്ലാത്ത പാതിരാപ്രാവുകളുടെ
കുറുകലാലലോസരപ്പെടുന്നുണ്ട്.
ഒരേ ചുണ്ടുകളടര്‍ത്തി,
എന്തോ പറയാനറച്ച്,
ആകാശത്തിനും ചിറകുകള്‍ക്കുമിടയില്‍

ഒരു പറക്കലിന്‍റെ മാത്രമകലമെന്നറിഞ്ഞ്,
അവരെന്തിനാണെന്‍റെ ജാലകപ്പടിയില്‍
ഇണകളായ് കൊക്കുരുമ്മുന്നത്?
ഭയമില്ലാതെ,
ഭാരപ്പെടുത്താതെ,
ഏതുരഹസ്യമാണവര്‍ പറയുന്നത്?
ഞാനൊരു മഴയെ ആഗ്രഹിക്കുന്നു,
അതു പെയ്യുന്ന ദിവസം
കെട്ടിടക്കൂടുകള്‍ക്കിടയിലെവിടെയോ
മലീമസമാക്കപ്പെട്ടൊരു മുഖപടം

കരയുകയോ ചിരിക്കുകയോ ചെയ്യും.
കണ്ണില്‍ കവിതയില്ലാത്തൊരുപെണ്ണിന്‍റെ
കണ്ണീരുവീണ കുളിരുപകുത്തുകൊണ്ട്,
ആകാശം ഭൂമിയെ കെട്ടിപ്പിടിക്കും.
എന്‍റെ ഭ്രാന്തിന്‍റെ ചില്ലയില്‍
എന്നേക്കുമായി നക്ഷത്രങ്ങള്‍പൂക്കും..

Saturday, July 18, 2015

കമലാ..

തട്ടമിട്ടപെണ്ണിന്റെ ഖബറിൽ
മൈലാഞ്ചിമഴ,
തണുത്തകണ്ണീരിനാലവളുരുകുന്നു,
കണ്ണനിനിയും കമലയെത്തേടി
വന്നില്ലെന്നോ?

സ്വാതന്ത്ര്യം.

ഞാൻ നിന്നോട് പറഞ്ഞു,
ഭൂമിപുതച്ചുകൊണ്ട് നമുക്കു-
മേഘങ്ങൾക്കിടയിലൂടെ നടക്കാം.

നീ എന്നോട് പറഞ്ഞു,
കാലുകൾ കുഴഞ്ഞ നാം
ദാഹമൊടുക്കുന്നത്
മണ്ണിലെ കുഴികളിൽ വീണുമാത്രം,
നമുക്ക് പക്ഷിയോളം സ്വാതന്ത്ര്യ-
മില്ലെന്നു നീ മറന്നോ?

കഥയും വായനയും.

ഓരോ പെണ്ണിലും
കഥയില്ലായ്മകൾകൊണ്ടു
തുന്നിക്കെട്ടിയൊരു കഥയുണ്ട്.
അരക്ഷിതമായ ആകാശമറവിൽ
തണലുതേടി തളർന്നതിന്റെ വായനയും.

Thursday, July 16, 2015

ഓർക്കപ്പെടുന്നത്.

ഇനിയും പകർത്താനറിയാത്ത മുഖമേ,
ഞാൻ നീ മറന്നുപോയ ചുംബനവും
നീ എന്നെ പിണഞ്ഞിരിക്കുന്ന ചുവന്നകടലുമാണ്.

Wednesday, July 15, 2015

കാലുകൾ ബന്ധിച്ചിരിയ്ക്കുന്നു.

അകലെ കണ്ടുപിരിയുമ്പോൾ 
നമ്മുടെ കണ്ണുകൾക്കിടയിൽ
അറിഞ്ഞുകൊണ്ടു മറന്നുകളഞ്ഞ
ഏതോ ഒരുവാക്കിന്റെ അടുപ്പം.
നിനക്കിന്നും മുഖം നഷ്ടപ്പെട്ടിട്ടില്ല!
അകാലത്തിൽ ഒരോർമ്മയ്ക്കും
വിരസത ബാധിച്ചിട്ടില്ല.
ഞാൻ ഭയപ്പെടുന്നു,
നാം നടന്ന  വഴികളിലിപ്പോഴും
കരിയിലകൾക്കിടയിൽ
തക്ഷകനൊളിച്ചിരിപ്പുണ്ടോ?
ഓർമ്മകളുടെ കാളകൂടം കുടിച്ച മനുഷ്യർ
മരണത്തെപ്പോലും ഭയപ്പെട്ട്,
നിന്റെ രാത്രികളിൽ വരാറുണ്ടോ?
അതിരാത്രങ്ങളിൽ
തിറയുടെ ചിലമ്പുവീണ്,
നിന്റെ ഉറക്കം പാതിയിൽ മുറിയാറുണ്ടോ?
പിടഞ്ഞെണീറ്റു നീ,
പ്രിയപ്പെട്ടവനെ മുറുകെപ്പിടിച്ചുകരയാറുണ്ടോ?
പേടിസ്വപ്നത്തിലാണു നീയെന്ന ആശ്വാസം കേട്ട്,
നിനക്കു പിന്നേയുമുറങ്ങാനാകാറുണ്ടോ?
നാമകലുന്നത്,
ഒരേ തീവണ്ടിപ്പാതയിലൂടെയുള്ള യാത്രയിലാണോ?
നാമടുക്കുമ്പോൾ കാണുന്നത്,
ഒരേ ആകാശത്തിന്റെ നീലയാണോ?
ഓർമ്മകളിൽ,
നിന്റെ മുടിയിഴയ്ക്കിന്നും
കൊഴുന്നിൻപൂക്കളുടെ ഗന്ധമുണ്ട്,
എന്റെ പാദസരങ്ങൾക്ക്
അമ്പലക്കുളത്തിന്റെ കിലുക്കവും.
ചെന്നിക്കുത്തുപിടിച്ച
ഈ രാത്രിയെ ഞാൻ ശപിക്കുന്നു.
മറവിയില്ലാത്ത ശവപ്പറമ്പിലെന്ന പോലെ
പേടിച്ചരണ്ട് ചുരുണ്ടുകൂടുന്നു.

*കുന്നുകൾക്കുതാഴെ.

ഇന്ന്,
ഞാനെന്റെ വീടിനെപ്പറ്റി ഓർത്തു.
വിജനമായ കുന്നുകൾക്കു താഴെ
നിഗൂഢമായി ഒളിച്ചിരിക്കുന്ന
മണ്‍കൂരയെപ്പറ്റി,
അനുവാദംവേണ്ടാത്ത കാറ്റിനെ
അകത്തേക്കുന്തിവിടുന്ന
വാതിലുകളെപ്പറ്റി,
കുശുമ്പിന്റെ കണ്ണെറിയുന്ന
ആഴമില്ലാത്ത ജനാലകളെപ്പറ്റി,
വെളുത്തു പരന്നുകിടക്കുന്ന
ചൂടുപിടിച്ച തറയെപ്പറ്റി,
നെയ്മണം പറ്റിപ്പിടിച്ച
ഇടുങ്ങിയ അടുക്കളയെപ്പറ്റി,
കൈയകലത്തിലൊച്ചയെടുക്കുന്ന
പതുങ്ങിപ്പാത്രങ്ങളെപ്പറ്റി,
ഞാനവരുമായ് സംവദിച്ചിരുന്ന
അദൃശ്യമായ ഭാഷയെപ്പറ്റി,
വിളറി വീഴുന്ന വിശപ്പിനെപ്പറ്റി,
പളുങ്കുപോലുള്ള ചിരികളെപ്പറ്റി,
പിരിയേണ്ടിവരുന്ന ബന്ധങ്ങളെപ്പറ്റി,
അവർക്കിടയിലനാഥമാകുന്ന
നിശബ്ദമായ കണ്ണീരിനെപ്പറ്റി,
ഭയപ്പെടുത്തുന്ന എകാന്തതയെപ്പറ്റി,
നിഴലുകളിലെ സ്നേഹത്തെപ്പറ്റി,
പ്രേമത്തിന്റെ കറിവേപ്പുമരങ്ങളിൽ
പൂക്കാതിരുന്ന പുതുനാമ്പുകളെപ്പറ്റി,
കൈയിലുറങ്ങുന്ന പച്ചദൈവത്തിൽ
വിയർപ്പിന്റെ മണമുള്ള രാമലക്ഷ്മിയെപ്പറ്റി,
തണുപ്പേറ്റുതളിരിടുമെന്നു കരുതുമ്പോഴൊക്കെ
കയ്പ്പുകാറ്റിനെപ്പെറ്റുവയ്ക്കുന്ന
വേപ്പുമരങ്ങളെപ്പറ്റി,
വെയിലിൽ വിണ്ടുപൊട്ടുന്ന
വരൾച്ചയുടെ കുന്നുകളെപ്പറ്റി,
നമൊളിച്ചിരുന്ന മരുഭൂമിയിലെ
വിശുദ്ധമായ വഴികളെപ്പറ്റി,
നമ്മിലെ വസന്തത്തെ
ഒന്നിനോടുമുപമിക്കാ-
നാവില്ലെന്നു പറഞ്ഞ,
ഉഷ്ണകാലത്തിലെ
സൂര്യകാന്തികളെപ്പറ്റി,
ഒടുവിലായൊരോർമ്മക്കാപ്പിപോലെ
ചുണ്ടുകളെ പൊള്ളിച്ചുകൊണ്ട്,
മനസ്സിലേയ്ക്കാഴ്ന്നിറങ്ങിയ
ഇരുട്ടുപിടിച്ച ഇടനാഴികളെപ്പറ്റി..

(*കടപ്പാകുന്നുകൾ)

Tuesday, July 14, 2015

നിഴൽ.

ഞാനെനിക്കുപിന്നി-
ലൊളിച്ചിരിക്കുന്ന
അഭിശപ്തമായ ഇരുട്ട്.


Sunday, July 12, 2015

ഒരു ഭ്രൂണവും അവളുടെ കുഞ്ഞേച്ചിയും.

കുഞ്ഞേച്ചി,
മരണസ്വർഗ്ഗത്തിലിരിക്കുമ്പോൾ
മനുഷ്യന്റെ നിറങ്ങൾ
പിശാചുക്കളാണെന്ന് തോന്നാറുണ്ട്.
എങ്കിലും നിങ്ങളോടെനിക്കൊ-
രുപാടു ചോദിക്കാനുണ്ട്...

എന്താണീ മണ്ണ്?
ഇരുട്ടിനെ വരഞ്ഞിരിക്കുന്ന
രക്തക്കുഴലുകളുടെ,
ചുവന്ന നിറമാണോ?

എന്താണ് പച്ച?
ചില്ലകൾ തരാത്ത മരങ്ങളുടെ
വേരുകളൊളിച്ചിരിക്കുന്ന,
പേരറിയാത്ത ഇടങ്ങളാണോ?

എന്താണാകാശം?
പിടിവള്ളിയുടെ പൊക്കിൾക്കൊടി-
മുറിയുമ്പോൾ കാണുന്ന,
കരിവാളിപ്പുകലർന്ന നീലയാണോ?

എന്താണ് വിശപ്പ്?
ജീവനെ അവഗണിക്കുന്ന പ്രഹരമേൽക്കുമ്പോൾ,
വലിഞ്ഞുമുറുകുന്ന വിരലുകൾക്കുള്ളി-
ലുറഞ്ഞുകൂടുന്ന അശക്തിയാണോ?

എന്താണ് അമ്മ?
വിളവിന്റെ വിത്തുവീണ നിലത്ത്,
കറുമൂസ്സക്കറകൊണ്ട്
വേരറുക്കുന്നവളാണോ?

ആരാണച്ഛൻ?
പൊതുനിരത്തിലെ നല്ലനിറത്തിൽ,
അഭിമാനത്തിന്റെ പുതപ്പുപുതച്ച്
അന്തിനടത്തങ്ങൾക്കിറങ്ങുന്നവനാണോ?

ഒരു രാത്രിയുടെ രതിസുഖംമുത്തി
ഇന്നുമായിരം പൊടിപ്പുകൾ
ആശുപത്രിമുറിയുടെ ഫീനോയിൽ ഗന്ധത്തിൽ,
അലറിക്കരഞ്ഞുകൊണ്ടു മരിക്കാൻ കിടപ്പുണ്ടോ?
ഒന്നെനിക്കോർമ്മയുണ്ട്,
ആ ഗർഭഗർത്തത്തിൽ, ഞാനറിയാത്ത-
നിറങ്ങളെന്നെ  വലിച്ചിഴക്കുമ്പോൾ,
ഒരു കൊഴുത്തദ്രാവകത്തിന്റെ ചവർപ്പ്
പുറത്തുനിങ്ങൾ കുടിച്ചുവറ്റിക്കുന്നുണ്ടായിരുന്നു.
അതിന് നിറമില്ലായ്മയുടെ നിറവും,
വെളുത്ത മണവുമുണ്ടായിരുന്നു.

Saturday, July 11, 2015

കർക്കിടകങ്ങൾ.

കള്ളൻ കർക്കിടകം,
ഒരിയ്ക്കലുണ്ണാൻ
പച്ചരിച്ചോറിന്റെ ഒരിലതന്ന്
വിദൂരത്തുനോക്കി
കൈകൊട്ടിക്കളിയ്ക്കുന്നു.
വിശപ്പില്ലാതെ ഒരുതുമ്പില
വിളക്കിനുമുന്നിൽ,
ആരുടെയോ കണ്ണിലെ
അവസാനതുള്ളി പോലെ
എണ്ണവറ്റി, കരിന്തിരികാറുന്നു.
ഇന്ന് മരിച്ചുപോയവരുടെ ദിവസമാണ്,
ഓർമ്മയ്ക്കു കൈകൊട്ടാൻമാത്രമാകുന്ന ദിവസം.

Friday, July 10, 2015

മഗ്ദലനായിലെപെണ്ണും ഞാനും.

അവന്റെ കരംപുണർന്ന
ഒലീവുമരങ്ങളുടെ മോഹങ്ങൾ,
ഒരു കൊടുങ്കാറ്റിൽ
കല്ലേറുകൊണ്ട പെണ്ണുിനൊപ്പം
താഴ്‌വാരങ്ങളിലെത്തി
ലില്ലിപ്പൂക്കളെത്തേടുന്നു.
*അവളുടെ കൈകൾ അശക്തമെങ്കിലും
അതിധീരം
അവന്റെ മുഖത്തുനിന്ന്
മരണത്തെ ഒപ്പിയെടുക്കുന്നു.
ആ മഞ്ഞിച്ചതൂവാല
എന്റെ ഹൃദയത്തെ
കുരിശിനേക്കാൾ ആഴമുള്ളൊരു കല്ലുകൊണ്ട്
കുത്തിനോവിയ്ക്കുന്നു.
അവൻ മരിച്ചപ്പോൾ
അവന്റെ മുറിവുകളോടൊപ്പം
നമുക്കു പണിതുകയറാനുള്ള നല്ലകുന്നുകളും
അവർ തകർത്തുകളഞ്ഞു.
മഗ്ദലീനാ, നിന്റെ ഹൃദയം
അവന്റെ കൂമ്പിയ കണ്ണുകളേക്കാൾ
എത്രയോ ശാന്തമായിരിയ്ക്കുന്നു,
എത്രമുൾക്കിരീടങ്ങളണിഞ്ഞിരിയ്ക്കുന്നു?
അവൻ കുരിശിൽ നിന്നിറങ്ങി
കല്ലറയിലേയ്ക്കെടുക്കപ്പെടുന്ന നിമിഷം,
യൂദായ്ക്കുമുകളിൽ കല്ലുമഴ പെയ്യും.
എന്റെ ആശാരി ശക്തനും കാരിരുമ്പുമാണ്.
'നീ എന്നെ പോകാനനുവദിയ്ക്കൂ' എന്നുമാത്രം
അവൻ മൂന്നാംനാൾ എന്നോടുപറയും.
ആരുമറിയാതെ നട്ടുനനച്ച പാതിരാത്തോട്ടത്തിൽ
അത്തിപ്പഴങ്ങളുടെ വിളവെടുക്കുകയാവും ഞാനപ്പോൾ.


(*വെറോണിക്കയെ ഓർത്ത്)

Thursday, July 9, 2015

ഏറ്റവും അശക്തയായ വധുവിന്..

സോളമന്റെ പ്രേമം മറന്ന്
നീ എന്നെ സ്വീകരിച്ചാലും.
ഇതാ നിനക്കുള്ള വാതിൽ,
കുനിഞ്ഞശിരസ്സും വെളുത്തകിരീടവുമായ്
അൾത്താരയ്ക്കുമുന്നിൽ
കുന്തിരിയ്ക്കപ്പുകപോലെ കൂമ്പിനിൽക്കുന്നു.
എല്ലാചാരവും തേച്ചു-
മിനുക്കിവച്ചിരിയ്ക്കുന്ന ഹൃദയത്തിൽ,
സ്നേഹമെന്ന വലിയപിഴയുടെ
അക്ഷരങ്ങളെഴുതാൻ മനസ്സില്ലാതെ,
ഞാനീ വെളുത്തവസ്ത്രത്തിനുള്ളിൽ
ഒളിച്ചിരിയ്ക്കുന്നു.
വലതുവശംചേർന്നു നിന്റെ കരംപിടിയ്ക്കുന്നു.
മേഘക്കീറും മുന്തിരിവള്ളികളുമില്ലാത്ത
നമ്മുടെ തോട്ടത്തിൽ,
പച്ചയും മഞ്ഞയും കലർന്ന
നാരകങ്ങളുടെ സുഗന്ധം കൊണ്ടാവും
ഞാൻ നിന്നെ നനയ്ക്കുക.
ആയിരം ദിവ്യബലികളേക്കാൾ
അമൂർത്തമായിരിയ്ക്കും
അപ്പോൾ നീ എനിയ്ക്കേകുന്ന
ഓരോ ചുംബനവും.

 

Wednesday, July 8, 2015

മുൻവിധി.

മഞ്ഞിലെ നടത്തം പോലെ
വേദന തോന്നിക്കുന്ന എന്തോഒന്ന്
ഈ രാത്രിയും
എന്റെ സ്വപ്നങ്ങളിലൂടെ കടന്നുപോകും.

നുണ.

ഓരോമുറിവും വിശുദ്ധമാണെന്നു
പറയുന്ന നിന്റെ  ഹൃദയത്തോട്,
ആഴത്തിലുള്ള ഒരു വേദനയും
മറക്കാതിരിയ്ക്കാൻ, നീ മുറിവുകളെ
വിശുദ്ധമാക്കുന്നതെന്തിനാണ് ?

രണ്ടു വാക്കുകൾ.

-ഒന്ന്-
എന്റെ പകലുകളെ
തല്ലിക്കൊഴിക്കുന്ന ചിറകടി
എവിടെനിന്നാണു വരുന്നത് ?
നിന്റെ ഹൃദയം ഇത്രത്തോള-
മടഞ്ഞു പോയിരുന്നെങ്കിൽ
ഞാനെന്റെ കവാടത്തിൽ
രാത്രിയും കാത്തുനിൽക്കുമായിരുന്നു.

-രണ്ട്-
നാം കടന്നുപോകുന്ന
ഈ രാത്രിയുടെ ഓർമ്മയ്ക്കപ്പുറം,
ഒരു നോട്ടത്തിനും തുടച്ചുമാറ്റാനാകാ-
ത്തൊരേകാന്തതയുടെ മഴപെയ്യും.
ആ വിഷാദത്തിൽ കുതിർന്നുകൊണ്ടാവും
ഇനി ഞാൻ നിന്നെക്കുറിച്ചോർക്കുക.

Tuesday, July 7, 2015

സ്നേഹമുള്ള കെണികൾ.

ഒരേകാന്തതയുടെ വാതിലിൽ നിന്ന്
തീക്ഷ്ണമായെന്നെ നോക്കുന്ന
ഇളം വയലറ്റുനിറമുള്ള നിന്നോട്,
ശൂന്യമായ ഓർമ്മത്തടാകത്തിലെ
എന്റെ പാവം ഹൃദയത്തെ
നൂൽപ്പാലംപോലുള്ള
നീലവലകൾകൊണ്ടു നീ
വരിഞ്ഞുകെട്ടരുത്.
ചുരുങ്ങുംതോറും ഒതുങ്ങാനാകാത്ത
എട്ടുകാലിയെപ്പോലെ
ഏതോ ഒരുരഹസ്യം
നിന്റെ കണ്ണുകൾ
എന്റെ ഹൃദയത്തിൽനിന്ന്
മാന്തിയെടുക്കുന്നു.
ആ വേദന,
ഒരായിരം ചാട്ടവാറടികളായ്
എന്റെ ആത്മാവിനെ മുറിപ്പെടുത്തുന്നു.
പശിമയുള്ള നിന്റെ നോട്ടങ്ങൾ
ഓരോ സ്വപ്നത്തിലുമെന്നെ
ഭയംകൊണ്ടു മൂടുന്നു.
നീ വിശുദ്ധനാകുന്നതുപോലെ
ഞാനെന്റെ പരിശുദ്ധിയിലേയ്ക്കു മടങ്ങുന്നു.
ഏതു ചിലന്തിയാണിനി വിശ്വസ്തനാവുക ?
ഏതു വലയിലാണെന്റെ തടവറയൊരുങ്ങുക ?

ഒടുക്കം.

ഓരോ മുറിവിലും
മഷിനീല തേച്ച്
അലക്കുതുണി കൊണ്ടു
കെട്ടിവയ്ക്കുമ്പോൾ,
ഓർമ്മക്കൂടാരത്തിലെ
അവസാന ചുമരിൽ
നാം ആണികൾ മാത്രമായി
തറഞ്ഞുകയറുന്നു.

വേനൽ മഴ.

നിന്റെ മഴയ്ക്കു വേണ്ടി
ഞാൻ വേനലാകാമെന്നു-
പറഞ്ഞ നിന്നോട്,
മഴയ്ക്കു മുമ്പുള്ള മിന്നലിന്റെ
മഞ്ഞവെളിച്ചത്തേക്കാൾ
വരണ്ടുവിണ്ട നിന്റെ കാലുകളെ
ഞാൻ സ്നേഹിക്കുന്നു.
ചിലപ്പോഴെങ്കിലും
മഴയെനിയ്ക്കൊരു വേനലാണ്.

തുടർച്ച.

ഒരായിരംപേർ
പറഞ്ഞുപഴകിയ നുണക്കഥ
ആരും പറയാതെയാകുമ്പോൾ,
ആത്മാക്കൾ ആഴമില്ലാത്ത
കുളങ്ങളിലേയ്ക്കിറങ്ങി
പുതിയതെന്തോ തേടുന്നു.
കാലം മുരൾച്ചയില്ലത്ത
കവാടങ്ങളിലേയ്ക്ക്
തിരികെ ഉരുളുന്നു.

RIP

ഇന്നലെ
നമ്മുടെ പച്ചക്കാടുകൾക്കു
തീ പിടിച്ചു.
പുസ്തകങ്ങൾ കരിയുന്ന മണം.
രണ്ട് ഉന്മാദികളെപ്പോലെ
കറുത്തപുകയ്ക്കു പിന്നിലൊളി-
ച്ചിരുന്നുനാമാ തീപടരുന്നതുകണ്ടു.
പിന്നെ പെയ്തുതോരാതെ,
പങ്കുകിട്ടിയ ചാരം പകുത്ത്
പകുതികത്തിയ പുസ്തകങ്ങൾക്കുമേൽ
എന്തോഎഴുതി - RIP.

ചുവപ്പുപുരണ്ട മേൽവസ്ത്രങ്ങൾ.

അവളിറങ്ങിപ്പോവുകയായിരുന്നു,
ഉദരത്തിലെ പൊടിപ്പുകളോട്
അസംബന്ധം മാത്രം പറയുന്ന
തീക്ഷ്ണമായ പേറ്റുനോവുകളെ-
മറന്നുകൊണ്ട്.
കിടക്കയുടെ പതുങ്ങലിനപ്പുറം
കാക്കത്തൊള്ളായിരം കഥകൾകേട്ടു-
കരഞ്ഞുകൊണ്ടു വളരാൻ പോകുന്ന,
ആണോ പെണ്ണോ എന്നറിയാത്ത
തന്റെ കുഞ്ഞിനെ മറന്നുകൊണ്ട്.
ചിരികൾക്കു ഭ്രാന്തില്ലെന്നുപറഞ്ഞ-
ളെനോക്കി ചിരിയ്ക്കുന്ന,
എന്നേയും നിന്നേയും
ണ്ട് പകച്ചുകൊണ്ട്.
ലാളനകൾക്കു-
ബോധമില്ലെന്നറിയുന്ന
ഏതോ ഒരുപുരുഷനെ,
കൈകളുയർത്താതെ
ശപിച്ചുകൊണ്ട്.
ഒരുപാടുചോദ്യങ്ങൾക്കു-
വായിക്കാനാകുന്ന
ഒരുത്തരം
അവ്യക്തമായി പറഞ്ഞുകൊണ്ട്.
അവൾ,
ചുവപ്പുപുരണ്ട മേൽവസ്ത്രങ്ങളുടെ
പൊക്കിൾക്കൊടിയും പേറി,
രാത്രിയെ മാത്രമുടുത്തുകൊണ്ട്,
മുരൾച്ചയില്ലാതെ കിടക്കുന്ന
തീവണ്ടിപ്പതയിലൂടെ,
ശൂന്യതയുറങ്ങുന്ന ഉരുളൻകല്ലുകളിൽ
ഒരുവട്ടവും മറവികൊണ്ടു മറിഞ്ഞുവീഴാതെ,
ഓരോർമ്മയുടെ നനുത്ത വിഷാദത്തെ
നെഞ്ചോടുചേർത്ത്,
വിദൂരതയിലേയ്ക്ക്,
ഇറങ്ങിപ്പോവുകയായിരുന്നു...
അവൾ എന്റെ തെരുവിലെ-
ഭ്രാന്തിയായിരുന്നു.
അവളുടെ കുഞ്ഞും
എന്റെ തെരുവിന്റെ ഭ്രാന്തു തന്നെ.

(വീർത്തവയറുമായ് തെരുവിലലഞ്ഞു നടന്നവൾക്കുവേണ്ടി.)

Monday, July 6, 2015

വായിലൂടൊരു സ്വർഗം.

ഞാനീകഴിയ്ക്കുന്നത്
അവസാനത്തെ അത്താഴമാ-
ണെന്നു പറഞ്ഞ തീന്മേശയോട്,
അന്ത്യവിധിയെക്കുറിച്ചു
സംസാരിയ്ക്കനാവാതെ
പിരിഞ്ഞുപോകുന്ന,
ആയിരം അരിമണികൾ.
എത്രയോ അത്താഴങ്ങൾ
അനാഥമാക്കിയ അവരുടെ സ്വപ്‌നങ്ങൾ,
വരണ്ട തൊണ്ടകളിലൂടെ
ഞെരുങ്ങി നീങ്ങുന്നുണ്ടായിരുന്നു.
മരണത്തിന്റെ സുവിശേഷം കൊണ്ട്
മനുഷ്യന്റെ വിശപ്പു നിറച്ചവരുടെ-
ശവമഞ്ചങ്ങൾ, മൂന്നുനേരത്തെ
വേട്ടയാടലിന്റെ ഇരകളായി,
മനസ്സിനുള്ളിൽ ദയനീയമായി
മരിച്ചു കൊണ്ടിരുന്നു.
വയറുനിറഞ്ഞവന്റെ ചിരികൾ കണ്ട ആരോ
ഒരുപിടി സ്തുതികൾ വാരി
വിശപ്പിന്റെ ശവമടക്കുകളിൽ
അന്ത്യകൂദാശകളെ ബലപ്പെടുത്തി.
അരിമണികൾക്കു സ്വർഗം!
എന്തുകൊണ്ടെന്നാൽ,
അവർ വിശക്കുന്നവനുമുന്നിൽ
അപ്പമായിരുന്നു...

*മകൾതൊട്ടിൽ.

ഈ ഇരുട്ടെന്നെ ഭയപ്പെടുത്തുന്നില്ല.
മുറിഞ്ഞകൈകളുടെ മുറുക്കമില്ലാതെ-
ഞാനിറങ്ങിപ്പോകുന്നു,
പകുതിയറ്റപൊക്കിൾക്കൊടിയിൽ
കരിവിഷംതേച്ച പാപസർപ്പമായ്.

അമ്മേ, മൗനത്തിന്റെ ഏതുശാപവഴിയിലാണു-
നീ കാത്തിരിയ്ക്കുന്നത്?
കണ്ണീരുകൊണ്ടേകാന്തത കുടിച്ചുവറ്റിയ്ക്കുന്ന-
ഓർമ്മകളെ ഒളിപ്പിച്ചു കടത്തുന്നത്?

മനംമടുപ്പിന്റെ മറുജന്മങ്ങളിൽ
മനസ്സുമുഷിഞ്ഞ ചേലചുറ്റിയും,
സ്നേഹത്തിന്റെ പുളിപ്പേറ്റുവാടിയ
കരിനീലകൊണ്ടു കണ്ണുകളെഴുതിയും,
നമുക്കു കൈകൾ കോർത്തു നടക്കണം.
പിരിഞ്ഞയാത്രയുടെ പാതിദൂരങ്ങളിൽ
അന്നു നീ മകളും ഞാൻ അമ്മയുമാവുക.
പിറവിനോവുന്ന നിമിഷത്തിൽ,
എന്റെ ഗർഭവാതിലുകളെ ചവിട്ടിയുടയ്ക്കുക.
പ്രാണവള്ളിയാൽ പ്രതികാരം ചെയ്യുക.

ഞാനുറങ്ങുന്ന മരണരക്തത്തിൽ
ചിതകൂട്ടാതെ മകളായ് പിറന്നു നീ,
ഒരുനാൾ അമ്മയെ തള്ളിപ്പറയുക.
കത്തിയമരാത്ത കരിയിലച്ചേലയിൽ
ഉമികൾ പാറുന്നതുകണ്ടന്നു-
മകളെരിഞ്ഞു തീരട്ടെ,
മുലപ്പാലിലൊഴുകിയ മറുപിള്ള ജന്മമായ്
മകളിനി നാളെ അമ്മയാവട്ടെ...
(*അമ്മയെ തള്ളിപ്പറഞ്ഞ ഇടം)

നാമെന്ന കരിമ്പടം.

ഈ പുതപ്പിനുള്ളിൽ,
മങ്ങിമാറുന്ന ചിത്രങ്ങളുടെ
തണുപ്പുറങ്ങുന്നുണ്ടാവണം.
അശാന്തമായ നിശബ്ദതകൊണ്ട്
ആത്മാവുമോഷ്ടിച്ച
രാത്രികൾക്കപ്പുറം,
പേടിയുടെ യക്ഷിക്കഥകൾ-
പറഞ്ഞു നാമെടുത്ത,
ബോധത്തിന്റെ കണ്ണുകളും
പതിയിരുപ്പുണ്ടാവണം.
നാം നമ്മിലേയ്ക്കു മാത്രം
ചാലുകൾ വെട്ടിയ-
കറുത്ത സ്വാർത്ഥതയുടെ
ഒരിക്കലുമൊഴുകിപ്പോകാത്ത
കടലും തിരകളുമുണ്ടാകണം.
കരിമ്പടങ്ങൾ കാത്തിരുപ്പുകളാണ്,
നിറംമങ്ങുന്ന ഓർമ്മകളുടെ-
തണുപ്പേറ്റു മരിയ്ക്കുവാനാകാതെ
നാമൊളിച്ചിരിയ്ക്കുന്ന
ചൂടിന്റെ പുതപ്പുകൾ.

നമുക്ക് നഷ്ടമായത്.

ഈപുഴ വറ്റിയ ദിവസം
നീ എന്നോടു ചോദിച്ചു,
നമുക്കിടയിലിനി
ഒരു കൈയകലത്തിന്റെ
ദൂരമല്ലേയെന്ന് (?)
തണ്ടൊടിഞ്ഞു നീലിച്ച
ആമ്പലുകളെയോർത്ത്
എനിയ്ക്കപ്പോൾ,
പൊട്ടിക്കരയണമെന്നു തോന്നി.

പരുക്കൻ സത്യം.

ഒരു നിമിഷത്തേയ്ക്കാണു
നാം പ്രണയിച്ചത്,
ഒരായുസ്സിന്റെ മഞ്ഞുരുക്കുന്ന
വേനൽ പോലെ.
ആ ഓർമ്മയുടെ ഉഷ്ണകാലം
തീവണ്ടിപ്പാതയിലെ
ചുവന്നവെട്ടം പോലെ,
എല്ലാത്തിനേയും തടഞ്ഞുനിർത്തി
നമ്മെ ഉന്മത്തരാക്കുന്നു.
ഇത് ഭയവും ഭ്രാന്തുമാണ്..
ഇത് പ്രണയത്തിന്റെ ഉന്മാദമാണ്..

നീയൊരുപുഴ.

നീ ഒഴുകാതെയാകുമ്പോൾ
ഞാൻ വിവശയാകുന്നു.
അടിയോളങ്ങളുടെ
തണുപ്പറിയാനാകാതെ,
മരണമുറിയിലെന്ന പോലെ,
ഭയംകൊണ്ടു മരവിച്ച്,
ഏതോ വിദൂരതയിലേയ്ക്കു
നോക്കിനിൽക്കുന്നു.

നീ ഒഴുകാതെയാകുമ്പോൾ
ഞാൻ കെട്ടിക്കിടക്കലിന്റെ
ദുഷിച്ചവായു ശ്വസിച്ച്,
ആത്മഗതങ്ങളുടെ-
ആശ്വാസമറ്റ മുറികളിലേയ്ക്ക്
അടച്ചുപൂട്ടപ്പെടുന്നു.

അറിയുക..
ഒരു പുഴയാവുക..
നീ ഒഴുകുക..
ഒഴുക്കറിഞ്ഞു ഞാനൊന്നു ശ്വസിച്ചുകൊള്ളട്ടെ..

Sunday, July 5, 2015

മുറിഞ്ഞുമാറൽ.

പാതിവഴിയിൽ മുറിഞ്ഞുകൊണ്ട്
നമുക്കു രണ്ടു മരങ്ങളാകേണ്ട.
പാതിരയുടെ വേരുകളിൽ പറ്റിപ്പിടിച്ച്,
മുറുക്കത്തോടെ മുഖാമുഖം നോക്കി,
കാറ്റുകൾ വന്നു കിക്കിളിപ്പെടുത്തുന്ന,
ഒരു മരത്തിന്റെ രണ്ടു ശിഖരങ്ങളാകാം.

മരണം.

നിന്നിലേയ്ക്കാണു ഞാനൊഴുകുന്നത്.
തീരങ്ങളോടടുക്കുവാനാകാതെ,
നീയെന്ന തണുപ്പിലേയ്ക്ക്
ഞാനെന്ന മുഖപടമഴിച്ചുകൊണ്ട്.

കാറ്റും മഴയും.

നീ കാറ്റാകുമ്പോഴൊക്കെ
ഞാൻ മഴയാകാനാണാശിച്ചത്.
നീ വെയിലാകുമ്പോഴും
ഞാൻ മഴ തന്നെ.
കാറ്റായും വെയിലായും
നന്ദ്യാർവട്ടപ്പൂക്കളിൽ നിന്നു-
നീയെന്നെ മുത്തിയെടുക്കുക,
കാർമേഘത്തിന്റെ
പുതപ്പുകളിലേയ്ക്ക്
പുനർജന്മത്തിനന്റെ പുടവനൽകി
പറഞ്ഞയക്കുക.

മരം

നീ മരമാകുമ്പോൾ മാത്രമാണ്
എനിയ്ക്കു വേരുകളിൽ മരിയ്ക്കാനാവുക.

നിന്നിലായിരം കിളികൾ കൂടുകൂട്ടുമ്പോളാണ്
എന്നിലായിരം ചിറകടികളുടെ ചിതയെരിയുക.

Saturday, July 4, 2015

ഒരു സംശയം.

നമുക്കുമാത്രമായി
ഇനി ഏതാകാശമാണ്
പുലരുക?
ഏതു പൂക്കളാണ്
വിടരുക?
ഏതു മഴയാണ്
പെയ്യുക?
നീ എന്റെ രാത്രികളിൽ
പകർന്നിട്ട ഓരോ നോട്ടവും
പ്രണയത്തിന്റെ കടലുകളെ
ഉന്മാദമാക്കുന്നു.
നാം 
മണ്ണിൽ രണ്ടു മരങ്ങൾ മാത്രമായി
കരിയിലകൊണ്ടു കണ്ണുകളെറിയുന്നു.
കാർമേഘങ്ങളിൽ കൊരുത്തിട്ട
ഹൃദയങ്ങൾ കൊണ്ട്,
കവിതപോലെ പടർന്നു തളിർക്കുന്നു.
നിന്റെ തണലിൽ
നിശാഗന്ധിപോലെ ഞാൻ,
പകൽമരണങ്ങളോടു പരിഭവിക്കാതെ,
ആഴ്ന്നിറങ്ങുന്നവേരുള്ള പ്രണയത്തെ
ആത്മാവിലെക്കു പൂഴ്ത്തിവയ്ക്കുന്നു.
കണ്ണുകളിലൂറുന്ന അർദ്രമായ പുഞ്ചിരിയുമായി
എന്റെ ഹൃദയത്തിന്റെ പരുക്കൻ ഭിത്തികൾക്കുള്ളിൽ
അറിഞ്ഞുകൊണ്ടു നിനക്കെങ്ങിനെ
തടവിലിരിയ്ക്കാനാകുന്നു?

*പിറവി.

ഒരു മനുഷ്യൻ.
അയാളിൽനിന്നകലുന്ന രണ്ടുതീരങ്ങൾ.
പതറിയ വാർദ്ധക്യത്തിന്റെ രാത്രിയിൽ
ഇരുണ്ട കുണ്ടുകളിലേയ്ക്കുവീണ കണ്ണുകളുമായി
തഴപ്പായയിലേയ്ക്കു ചാഞ്ഞുവീഴുന്ന
പിതാവെന്ന ദു:ഖം.


ഇടർച്ചകൾ ഇരുളിലേക്കു

വിരലമർത്തുമ്പോൾ,
ഒരു ഉറക്കത്തിലും മറക്കുവാനാകാതെ
ചില നൊമ്പരങ്ങൾ--
വാതിൽപ്പടിയിൽ കാത്തുനിൽക്കുന്നു,
ചൂടുപിടിച്ചു ചുരുണ്ടുകൂടിയ മനസ്സിലേയ്ക്ക്
ആശ്വാസത്തിന്റെ ഒരുതുള്ളി തണുത്ത
കണ്ണീരിനായ്.

അയാളുടെ വിങ്ങുന്ന കണ്ണുകളിൽ
വിധുരമാകുന്ന കാത്തിരിപ്പുകളുടെ
ഒറ്റയടിപ്പാതകളുണ്ട്,
ഇരുട്ടിൽ ഉറ്റവരെത്തേടുന്ന ഒരാൾക്കുമാത്രം
കാണാനാകുന്ന വെളിച്ചത്തിന്റെ നൂൽപ്പാലങ്ങൾ.


പുത്രദു:ഖത്തിന്റെ മിഴാവുകളിലേയ്ക്കു--

പാഞ്ഞുകയറുന്ന ചൂളംവിളികളിൽ,
വിധികൊണ്ടു വിവശനായി
ദൈവം കുന്നിറങ്ങുമ്പോൾ,
ദു:ഖത്തിന്റെ തീർത്ഥജലം
നെറുകിൽവീണൊരു വൃദ്ധനുമേൽ
മഴച്ചാറലെന്തിനായിരുന്നു?


സത്യമുറങ്ങുന്ന മാറാലകൾ
ആളില്ലാത്ത മച്ചിൻപുറങ്ങളേക്കാൾ ഭയാനകമാണ്.
ജീവിതവും മരണവും തുഴഞ്ഞുകയറാനാകാതെ
ചില ജന്മങ്ങൾ,
അവരുടെ ഘടികാരങ്ങളിൽ
പടവുകൾ കയറിയിറങ്ങിയതിന്റെ
കണക്കുകൾ രേഖപ്പെടുത്താതെയാണ്
കാലം കടന്നു പോകുന്നത്.
മനുഷ്യർ നിശബ്ദരാകുന്നത്.


ചില നിലവിളികൾ മണ്ണിലേയ്ക്കു വീഴുന്നത്
എല്ലാതിരികളിലേയും വെളിച്ചമെടുത്തുകൊണ്ടാണ്.
ലോകംമുഴുവൻ ഇരുട്ടിന്റെ നിഴലിലാണെന്ന-
പിറവിനോവറിഞ്ഞൊരച്ഛന്റെ മനസ്സ്,
എത്രയാവും വിങ്ങിയിട്ടുണ്ടാവുക?
എന്തറിഞ്ഞാവും--
പാതിബോധത്തിലേയ്ക്കു മറഞ്ഞിട്ടുണ്ടാവുക?
(*കടപ്പാട്: ഷാജി എൻ. കരുണിന്റെ പിറവി എന്ന ചലച്ചിത്രത്തോട്)

Wednesday, July 1, 2015

യക്ഷി


നീ തറഞ്ഞുകയറിയ
തിരുമുറിവുകളുള്ളൊരാത്മാവ്
എന്നും വൈകുന്നേരമാ
പാലമരത്തില്‍ വന്നിരിയ്ക്കാറുണ്ട്.
പതിയെ മുടിയഴിച്ചിട്ട്,
സന്ധ്യയെ ഇരുട്ടുകൊണ്ടുമൂടി,
പിന്നെയേതോ കിന്നരനോടൊപ്പം
അവള്‍ രാത്രി സഞ്ചാരത്തിലാണ്.

രാത്രി...
കാവിലെ മൂളലുകള്‍,
അവളെന്റെ മുഖത്തു വീശിപ്പോയ കരിമ്പന,
അശോകത്തെറ്റികൊണ്ടുമൂടിയ ഗന്ധം,
ഇനി എപ്പോഴാണു പാദസരങ്ങള്‍ കിലുങ്ങുക?
ഇളംപച്ചവെറ്റില കൊണ്ടു
ചുവപ്പുകയറിയ ചുണ്ടുകള്‍ ചിരിയ്ക്കുക?
യക്ഷീ, നീ സ്വപ്നത്തിലും സുന്ദരി തന്നെ.
നാഗപടങ്ങള്‍കൊണ്ടു മറച്ച ശരീരമൊരു
ചെമ്പട്ടു പോലെ,
എന്തിനു നമ്മിലേയ്ക്കോര്‍മ്മക്കാലങ്ങളാ-
യിഴഞ്ഞു വരുന്നു?
നൂറും പാലുമൂട്ടിയ കൈകളുടെ അകലം
മഞ്ഞപ്പൂക്കളുടെ വടിയൂന്നി നടന്നു തീര്‍ക്കുന്നു?
തീവണ്ടിപ്പാതകളില്‍,
കരിയില വീണു പിടയ്ക്കുന്ന നാട്ടുയാത്രകളില്‍,
സര്‍പ്പഫണങ്ങള്‍ പടമുരിഞ്ഞിട്ട
മച്ചിന്‍പുറങ്ങളില്‍,
എന്തിനു നാം വീണ്ടും കണ്ടുമുട്ടുന്നു?