Sunday, August 30, 2015

നീയും ഞാനും ഹാനാനും.

നിന്റെ കണ്ണീരിന്റെ
ഉപ്പുകൊണ്ട്
ഞാൻ വിയർക്കുകയും
നിന്റെ വിശപ്പിന്റെ
കണ്ണുകൾ കൊണ്ട്
ഞാൻ മരിക്കുകയും
ചെയ്യുന്ന നിമിഷത്തിൽ
അവർ വരികയും
ഹാനാൻ വെള്ളം തളിച്ച്
വിശപ്പും കല്ലറയും
വിശുദ്ധമാക്കി
മടങ്ങിപ്പോവുകയും ചെയ്യും.

വിശപ്പിന്റെ കല്ലറയിൽ നീയും
ഇരുട്ടിന്റെ കല്ലറയിൽ ഞാനും
അവരുടെ കൈകളിൽ വെള്ളവും
സുരക്ഷിതമായിരുന്നു.

ദാഹമില്ലാത്ത ദാവീദുമാർ
ഇനിയാരാണു ദൈവത്തെ
കാണുക എന്നു തേടി,
ഏതോ വിലക്കപ്പെട്ടവന്റെ കണ്ണീർ
മണ്ണിലേക്കു വെട്ടിവീഴ്ത്തി.
കുന്നുകളസ്തമിക്കുന്നിടത്ത്
മനുഷ്യനു മറക്കാനാകാത്ത
വേദന മാത്രമായി,
നിന്റെ വിശക്കുന്ന കണ്ണുകളിലവൻ
പുനർജനിച്ചുകൊണ്ടേയിരിക്കുന്നു.

വിശക്കുന്നവന്റെ കണ്ണുകളിലാണ് ദൈവം,
എന്തുകൊണ്ടെന്നാൽ
പീഢയും കുരിശും
അവനു മണ്ണിൽതന്നെയാകുന്നു.


Saturday, August 29, 2015

അവർക്കു മാത്രമാകുന്ന ചില തോന്നലുകൾ.

പടിഞ്ഞാറൻ കാറ്റിന്റെ
മുറിഞ്ഞ ചുണ്ടുകളിൽ
ഉറവ വറ്റാതെ
പഴകി മധുരിച്ച
സ്നേഹത്തിന്റെ കഥകളുണ്ട്,
നീണ്ടയുറക്കത്തിലും
പാതിയറ്റ സ്വപ്നങ്ങളേൽപ്പിച്ചു
മണ്ണിലൊളിച്ചവനു വേണ്ടി
മറവിയില്ലാതെ കമ്പിളി
നൂൽക്കുന്ന പെണ്ണിന്റെ 
മെലിഞ്ഞു നീണ്ട കൈകൾ പോലെ..
ഭൂമിയിൽ,
ചില രാത്രികൾക്കിടയിൽ,
കാത്തിരിപ്പിന്റെ മുറിവേറ്റു നീലിച്ച 
കടലൊടുങ്ങുന്നിടങ്ങളിൽ,
കാറ്റും കരയും മണ്‍കൂനയാകുന്ന
അവസാനമില്ലാത്ത ഏതോ കടവിൽ,
നിഴലുകളില്ലാത്ത മനുഷ്യർ പകുത്ത
നിറങ്ങളില്ലാത്ത ഋതുക്കൾ പോലെ..

അവനപ്പോൾ,
തെക്കേപ്പറമ്പിൽ
തിരിഞ്ഞും മറിഞ്ഞും
അടക്കമില്ലാത്തൊരോർമ്മയായ്,
ഇരുട്ടിന്റെ നെഞ്ചിലിരുന്ന-
വളോടുമാത്രം കലഹിക്കുന്ന
കണ്ണുകൾക്കടിയിലെ
കറുപ്പുപടർന്ന പുഞ്ചിരിയാകുന്നു.
അവളപ്പോൾ,
ചിരകാല മുറിവിന്റെ
സ്മാരകം പോലെ
ജീവന്റെ ചൂടുനിൽക്കുന്ന
കല്ലുകളിലെവിടെയോ വീണ്,
മണ്ണിലേയ്ക്കുറവ വെട്ടുന്ന പുഴയുടെ 
മഴക്കാലമാകുന്നു.

വിഷാദത്തിന്റെ വേരൂന്നിയ
പ്രണയ വസന്തങ്ങളിൽ
വേദന പൂത്തുകിടക്കുന്ന 
വിശുദ്ധന്റെ മുഖമാണവന്.
പറക്കാനാകാത്ത ചിറകുകളിൽ
നിറങ്ങളുള്ള മാലാഖയാണവൾ.
ചിലപ്പോഴെങ്കിലും,
പേരുചൊല്ലി വിളിക്കാനാകാത്ത
രൂപങ്ങൾ,
രൂപക്കൂടുകളിൽ മറഞ്ഞിരുന്ന്
ഗാഢമായി ആലിംഗനം ചെയ്യുന്ന
അവരുടെ നിഴലുകൾ മാത്രമാകുന്നു..

Monday, August 24, 2015

പതിവുകൾ എന്തിനാണ്?

നരച്ചപാടവീണ പുതപ്പിലേ-
ക്കുരുണ്ടിറങ്ങുന്ന കണ്ണീരിനിയും
പഴയൊരോർമ്മയുടെ
പാതിചിത്രമായ്
രാത്രികളെ
മുട്ടിവിളിക്കുന്നതെന്തിനാണ്?


ഓരോ തെരുവിന്റെ
അങ്ങേത്തലക്കലും,
അടഞ്ഞുകിടക്കുന്ന
ജനാലകൾക്കപ്പുറം
പിടഞ്ഞു നോക്കുന്ന
കണ്ണുകളുണ്ടാകുന്നതെന്തിനാണ്?

നമുക്കു ഭ്രാന്തിന്റെ
ചൂടകറ്റുവാൻ,
പുതപ്പുകൾക്കുള്ളിൽ
തളർന്നു വീഴുമ്പൊഴും
തീയിലേക്കിട്ട മനസ്സു തണുപ്പിക്കാൻ
ഇരുമ്പു കൂടുകൾക്കുള്ളിൽ പങ്കകൾ
വട്ടം ചുറ്റുന്നതെന്തിനാണ്?

നിനക്കു വീഞ്ഞിന്റെ
പുളിപ്പു രുചിക്കുവാൻ
മറവിയിട്ടു ഞാൻ
മധുരമാകുമ്പൊഴും
അടഞ്ഞുപോകുന്ന
പഴയ ഭരണിയിൽ
മുറിഞ്ഞ ഹൃദയങ്ങൾ എന്തിനാണ്? 

ഇരുട്ടു മുറിയിലെ
ശബ്ദമളന്നു നാം
അടന്നു മാറി  
പിരിഞ്ഞു പോകുമ്പൊഴും,
ഒരേ ഇടർച്ചയുടെ
പനിനീരിറുത്തു നീ
പതിവുതെറ്റിയ
പിൻവിളി വിളിച്ചുകൊ-
ണ്ടോർമ്മയുടെ പതിവുകളോർ-
ത്തെടുത്തു കൊല്ലുന്നതെന്തിനാണ്?

മരണത്തിലേക്ക് മറഞ്ഞിരിക്കുന്നത്.

ഒരു പഴയ മുറിയുടെ
ഓർമ്മയിലേക്കു നിന്നെ
മറന്നുകളയുമ്പോളൊക്കെ,
അടഞ്ഞ വാതിലിനുള്ളിൽ,
അടുത്ത നിശ്വാസത്തിൽ
പൊട്ടിപ്പോയേക്കാവുന്നൊരു 
പാവം മണ്‍പാവയുടെ
അശക്തമായ ചുമലുകളിൽ
തളർന്നു വീണ രണ്ടുകണ്ണുകളായ്,
ഭൂതകാലത്തിന്റെ മഞ്ഞിച്ച ചുമരിൽ
എന്റെ  പ്രണയത്തിന്റെ ചുക്കിലി,
കാലംതെറ്റി ചിലച്ചൊരു
പല്ലിയുടെ മുറിഞ്ഞവാലു പോലെ,
ചോരപൊടിയാതെ മരണം വരിച്ചു.

(ചിത്രം ഇവിടെ നിന്ന് : http://dart.fine-art.com/aqd-asp-i_155638-buy-artlistinginfo.htm)

Sunday, August 23, 2015

(ഡി)അഡിക്ഷൻ.

മനസ്സു കൊണ്ട്
ആയിരം വട്ടം
മടങ്ങുന്ന
ശരീരത്തോട്,
നിന്റെ ഒരു നെരിപ്പോടും
എന്റെ ചാപല്യമെന്ന
പുതപ്പിനു പകരമാവില്ല.

വിതയും കൊയ്ത്തും.

നാം നടന്നു തീർത്ത രണ്ടു ദൂരങ്ങളുണ്ട്.
പിറവി കൊടുത്തും
പിറന്നതിനെ പോറ്റിയും
ചിരിച്ചു കൊണ്ടു കെട്ടിപ്പിടിക്കുമ്പോൾ
മുഖം മുറിഞ്ഞ കഥ പറയാനില്ലെന്ന 
മുന്നറിയിപ്പുമായ്
കടന്നു പോയ വഴികളോട്
കാത്തിരിക്കു എന്നു പറയാതിരുന്ന,
മറവിയെന്ന മൂന്നാണിയിൽ കുരുങ്ങിവീണ,
സ്നേഹത്തിന്റെ രണ്ടു ദൂരങ്ങൾ.
ആഴ്ന്നിറങ്ങുന്ന ചുവന്ന
ചുണ്ടിൻ വേരുകളിൽ
പഴകിയ വഞ്ചനയിൽ
പൊതിഞ്ഞു കൊടുക്കപ്പെടുന്ന
പുതിയ വീഞ്ഞുകൾ.
ആ നിലത്ത് വിളതേടി നിൽക്കുമ്പോൾ
നമുക്കു  മടുപ്പാൽ കാലുകുഴയുന്നോ,
വിതച്ചതു കൊയ്തു നാം വിവശരാകുന്നോ?

Friday, August 21, 2015

രാത്രികൾക്കു മുറിവേൽക്കുമ്പോൾ.

നിന്നെയോർക്കുമ്പോൾ
ഞാനുമീ രാത്രിയും
ഒരു അന്തിവായനയുടെ
അവസാനതാളിലൂടൊഴുകി-
പ്പരക്കുന്ന വിരലുകൾ മാത്രം.
മഴ കൊണ്ട മടുപ്പിൽ,
കള്ളിമുണ്ടു മുട്ടേറ്റി
ചിറയ്ക്കരികിലിരുന്നോർമ്മകൾ
കൈകഴുകുമ്പോൾ,
മുറിവുകളിലെ ചോരയ്ക്ക്
ചെളിമണ്ണിന്റെ ഗന്ധം.
മഴകൾ മരിച്ചെന്നും,
കണ്ണീരെടുത്ത കരിമേഘങ്ങളവരെ
കൊന്നെന്നും,
അന്തിത്തിരിയിടുന്ന നാഗക്കാവിലെ

യക്ഷിപ്പന പാടുന്നുണ്ടായിരുന്നു. 
ഉന്മാദത്തിന്റെ ആ വരികളും മൂളി,
അവിരാമമൊരാലിംഗനം പോലെ പകലുകൾ,
എന്റെ രാവോടിണ ചേർന്നു
വിശുദ്ധമായ ഋതുക്കൾ പിറക്കവേ,
ഓരോ രാത്രിയും നീയെടുത്തു പോകുന്ന
നിശ്വാസങ്ങൾക്കൊപ്പം
ഏതോ സങ്കടത്തിന്റെ പ്രണയമുറങ്ങുന്ന
ആലിലച്ചുണ്ടുകൊണ്ട്
കരയാനാകാതെ നാം വീണ്ടും ചുംബിച്ചുവെങ്കിൽ,
അറുക്കപ്പെടാത്ത ആദി മുറിവിന്റെ ആറാം വിരലുകൾ
പിന്നെയും പിറന്നെങ്കിൽ..

Wednesday, August 19, 2015

വിട തരിക..

തണുത്ത ചുംബനങ്ങളെ
കരിതേച്ച കണ്ണിലൊളിപ്പിച്ച്,
ചിരിമറന്ന ചുണ്ടിനെ
ആകാശത്തേക്കു തുറന്നുവിട്ട്‌,
അവളൊരു യാത്രക്കൊരുങ്ങുകയാണ്.
മനസുനിറയെ, ഇന്നലെയവൻ
തട്ടിത്തെറിപ്പിച്ച കുന്നിക്കുരുക്കളുടെ
കരിഞ്ഞ ഗന്ധം..
വഴിയൊടുങ്ങാതെ,
വികാരവായു പുറകോട്ടു വിളിച്ചേക്കു-
മെന്നു ഭയന്ന്, ഇടനെഞ്ചിലിനിയും
ചുവപ്പുവറ്റിയിട്ടില്ലാത്ത ഇതൾകൊഴി-
ഞ്ഞൊരു പുഷ്പത്തെ,
പതിവുനടത്തങ്ങൾക്കിടയിൽ
പൂഴിമണ്ണിലേക്കിട്ടു.
പകുതിയോർമ്മകളാണ്
വിട്ടുപോകുന്നത്,
ഹൃദയം ദുഷിച്ച രക്തം കയറി
ശംഖുപുഷ്പമേന്ന പോലെ
നീലിച്ചിരിക്കണം,
കണ്ണുകൾ
നിശാഗന്ധികൾ പോലെ കൂമ്പിയും.
എങ്കിലും തളർച്ച തോന്നുന്നില്ല,
ഞാനെന്ന കാട്ടിലേക്ക്
നാമെന്ന മുള്ളുവേലിയിൽ നിന്നു മടക്കം.
മറവിയിൽ ഇനി നാം മരിക്കട്ടെ,
ഒഴിഞ്ഞ കൽബെഞ്ചുകളും
അനാഥമായ കടൽത്തീരങ്ങളും
ഇനിയുള്ള രാത്രികളിൽ
നമ്മെ കാത്തിരിക്കുന്നു..


Tuesday, August 18, 2015

നഷ്ടത്തിന്റെ കടലിടുക്കുകൾ.

വലിയൊരു തിരവന്നു
കാലിനെ മുത്തുമ്പോൾ,
പുറകോട്ടോടിപ്പോകുന്ന
തണുപ്പായിരുന്നു നീയെന്നും.
ജീവനിലെവിടെയോ,
നരവീഴാത്ത കുഞ്ഞുകാട്ടിലെ
കളിക്കൂട്ടുകാരി.
അകലത്തിരിക്കവേ
അവളും ഞാനും
ഒർമ്മക്കയത്തിലെ
പച്ചമനുഷ്യരായ്.
നിഴൽ വെട്ടമിട്ടും
കൈകോർത്തു നടന്നും
പഴയ നിശ്വാസങ്ങളെ
പകരം കൊടുക്കേ,
നനഞ്ഞ തിരയും
നീലിച്ച തീരവും
നാം കുഴച്ച പൊടിമണ്ണും
നമുക്കിനി ഓർമ്മകൾ.
നിലാവിൻ നിണം പറ്റി
നടന്ന കാലത്തെ,
നിശബ്ദമായ് കവിളിലൂ-
ടൊഴുക്കി കളയവേ,
ഇരുളുന്ന കണ്ണിലേക്കകലുന്ന
സന്ധ്യയെ മറക്കുവാനാകാതെ,
സൂര്യന്റെ കണ്ണിലുമസ്തമയങ്ങൾ
ചിറകടിച്ചുയരവേ,
ഇനി നാളെ,
കെട്ടുപൊട്ടിയ വഞ്ചിയും
കല്ലു മൂടിയ തീരവും
തിരയില്ലാ കടലും
തീരമെടുത്ത കടലിടുക്കുമായ്
നാം മണ്ണിൽ മറയവേ,
കൈയകലങ്ങളിലെ
അവസാന വാക്കുപോ-
ലറിയാതെറിഞ്ഞു കളഞ്ഞ
കുറ്റിപെൻസിലിലെ
തിരിച്ചറിവില്ലാത്ത
നല്ല നിറങ്ങളിൽ,
കണ്ടുമുട്ടാനാകുമോ
എന്നൊരു ചോദ്യമാണെപ്പൊഴും..

Sunday, August 16, 2015

സമകാലികരായ ചെമ്മരിയാടുകൾ.

ഇന്നു ഞാൻ,
നഗരത്തിന്റെ വരാന്തയിൽ
കമ്പളമില്ലാത്ത
ചെമ്മരിയാടുകളെ കണ്ടു.
കൂട്ടം തെറ്റിയതുകൊണ്ട്
ദാഹിച്ചു മരിക്കുമോ
എന്ന ഭയമില്ലാതെ
എല്ലാ ഉറവയിലുമവർ

നീരു തേടുന്നു.
ഏതു കിഴങ്ങിലും

വിശപ്പു കാണുന്നു.
ചുറ്റുമൊരു കൂട്ടം, 
കണ്ണിനോ കാഴ്ചക്കോ
കറുപ്പെന്നറിയാതെ,
കാതടപ്പിച്ച് കയ്യടിക്കുന്നു.
ഞാനുമതിലൊന്നായി
ആർത്തലക്കുന്നു.
മോടിയില്ലാത്തവർ
അന്തിവരാന്തയിൽ
ആർക്കും വേണ്ടാത്ത
വരികൾ വരയ്ക്കുന്നു.
കൂടലിനേക്കാൾ
കൂട്ടം തെറ്റിയ
എത്രയോ വരികൾ!

അരുതായ്കകൾ.

ചില വരികൾ
വീഞ്ഞുപോൽ
പഴകിയൂർന്നിട്ടും
കരളിലെ ചവർപ്പിനിയും
കാത്തു കിടപ്പതാരെ?

താരാട്ട്.

പതിരുപാടുമ്പോളൊക്കെ
പിടയുന്ന നെഞ്ചിലിരുന്ന്
അമ്മക്കിളിയെ മാത്രമോർ-
ക്കുന്നൊരു പാതിരാപെണ്ണു-
ണ്ടെന്റെ കണ്ണിൽ.

Thursday, August 13, 2015

പിറക്കാത്തവൾക്ക്..

ഓർമ്മകളിൽ കുഞ്ഞോൾക്ക്,
ദർഭകൊണ്ടു വരിഞ്ഞുകെട്ടിയ
ഹൃദയമാണു നിനക്കെന്റെ ബലി..

Wednesday, August 12, 2015

ആത്മവിചാരണ.

വേനലിന്റെ വേവുന്ന നെഞ്ചിലും
മഞ്ഞുകാലം കാത്തിരിക്കുന്ന
നിന്നെ ഞാനെന്റെ
ആത്മാവിനോടു ചേർത്തു
തറച്ചുകൊള്ളട്ടെ!
നിന്റെ ഹൃദയത്തിന്റെ
ചുണ്ടുകൊണ്ട മൂന്നാണികൾ
എന്റെ കണ്ണിലെ കല്ലറയിലേയ്ക്കു
മൂടിവയ്ക്കട്ടെ!
നിന്റെ കരളിലെ ചുവപ്പുകൊണ്ട്
ഇരുട്ടിലും പൂത്തുകിടക്കുന്ന
വാകമരങ്ങൾ,
എന്റെ തോട്ടത്തിലേയ്ക്ക
നനച്ചെടുക്കട്ടെ!
നിന്റെ പ്രാണനൂട്ടി
എന്നെ ഉറക്കുന്ന
അവസാന രാത്രിയും,
മരണത്തിലേയ്ക്കുള്ള
ശ്വാസഗതി പോലീ
മുള്ളുകൾ കൊണ്ടു ഞാൻ
മരിച്ചു കൊള്ളട്ടെ!

Monday, August 10, 2015

*പൊഞ്ഞാർ.

കാവും കടമ്പും പുഞ്ചയുമില്ലാതെ
ഇനിയെത്ര രാത്രികൾ
പിറന്നു മരിക്കണം?
പാവം പെണ്ണിന്റെ
പതിരു തിരിക്കുവാൻ,
കാലം കടമിട്ട
കറുത്തകുപ്പായക്കാരി ഞാൻ.
ഒഴുകുവാനൊരു ചാലുമില്ലാതെ
ഈ മഴയുരുകുന്നു,
മാനം മറന്ന ഇരുണ്ട മേഘങ്ങളേ.
കണ്ണുകലങ്ങി,
നെഞ്ചുതകർന്ന്,
ഒരു പാതിരാക്കോലം
പതിയെപ്പിറക്കുന്നു.
നഗരം ചേർന്നതു
മഞ്ഞ വെളിച്ചത്തിൽ,
ഒരു നിശാശലഭത്തെ
തേടി നടക്കുന്നു.
നിന്റെ കണ്ണിലവൾ,
അരികുപൊട്ടിയ
വഴിയോരം തണുപ്പിക്കാ-
രിച്ചിറങ്ങുന്ന
ശീതക്കാറ്റിന്റെ
മൂളലായ് മാറുന്നു.
ഒരുദിനമൊടുങ്ങുന്നു,
പകർന്നാട്ടമിണചേർന്ന
സന്ധ്യകൾ പിറക്കുന്നു.
നഗരവധു,
അടഞ്ഞ നെഞ്ചിന്റെ
ഇരുട്ടറയിലിരുന്ന്,
വിശപ്പുകെടുത്തുവാൻ
പാതിരയുണ്ണുന്നു.
ഉരുളയിലൊരു ചോദ്യമപ്പൊഴു-
മൊളിഞ്ഞിരിക്കുന്നു, ഇരുട്ടിലും
കണ്ണുകീറിയ ദൈവമെന്തേ
മഴതരാതെങ്ങോ മറഞ്ഞിരിക്കുന്നു?

(*ഗൃഹാതുരത)
(കടപ്പാട് : ട്വിറ്റെറിൽ 'പൊഞ്ഞാർ' എന്ന പേരിൽ സജീവമായിരിക്കുന്ന പേരറിയാത്ത സുഹൃത്തിനോട്‌ )

Saturday, August 8, 2015

ഭാഗം.

ഇന്ന്,
പണിസാധനങ്ങളൊക്കെ
പകുത്ത ദിവസം.
അച്ഛനെടുത്തത്
പണപ്പെട്ടിയും ആധാരക്കെട്ടും.
അദ്ദേഹം,
ജീവനില്ലാത്ത പുരാവസ്തുക്കള്‍.
ഞാന്‍,
പഴയ ചെമ്പും രണ്ടുകാപ്പും.
അമ്മക്കോലത്തിനു കിട്ടിയത്
പടംമാഞ്ഞ പഴന്തുണി,
തുടച്ചുമിനുക്കാനിനിയും
തറകളേറെ ബാക്കി...

Tuesday, August 4, 2015

കടൽകാക്കകൾ.

ചക്രവാളത്തിലെ
നിറമറിയാത്ത ചിറകുകളുമായി
ഓരോ അസ്തമയത്തിനും
കൂട്ടുപോകുന്ന
ആയിരം ഓർമ്മകൾ.

Monday, August 3, 2015

ബലി.

ഉള്ളില്‍ കനലുകള്‍ വീണു
വെന്തുപൊടിയുന്നെന്റെ
കദന ഹൃദയം.
വെളിയില്‍,
നിന്റെ കാലടികള്‍
ചുംബിച്ചു ചുവപ്പിച്ച
മണ്‍ചുണ്ടുകള്‍.
നിനക്കു ഞാനൂട്ടുന്ന
ബലിയോര്‍മ്മയത്രമാത്രം,
നാമിനി ഓര്‍മ്മകളിലിത്രമാത്രം.

അകാരണങ്ങൾ.

എന്തിനാണ്
ഞാന്‍ നടന്ന മണ്‍പാടുകള്‍ക്ക്
ഹൃദയം കൊണ്ടുകൂരകെട്ടി
നീയീ ആകാശമച്ചില്‍ നിന്നും
മഴയായി പുഴയെ നനയ്ക്കുന്നത്?
ഒഴുക്കിലും കാത്തിരിയ്ക്കുന്നത്?

ചില ചിതകള്‍.

നീയൊരു കണ്ണീര്‍ ചാലാണ്,
കരിഞ്ഞുപോയ പുഴയെക്കരയിക്കുന്ന
കവിള്‍ത്തടം.

ഞാനൊരോര്‍മ്മപ്പുസ്തകമാണ്,

കണ്ണുകൊണ്ടു ചുംബിച്ച കവിളില്‍
വസന്തം മണക്കുന്ന ദിവസങ്ങള്‍
മടങ്ങിവരാന്‍,

മഴയ്ക്കായി തപസ്സു ചെയ്യുന്നവള്‍.

ചാലിനു കുറുകേ,

ഒരു മഴ,
മിന്നലിനേയും കൊണ്ടുപാഞ്ഞു,
നാം ഓര്‍മ്മയായി.
ചിതയ്ക്കു മുകളില്‍
തണുപ്പു തീയിട്ടുകൊണ്ടിരുന്നു.

രണ്ടാകല്‍.

എന്റെ ഏറ്റുപറച്ചിലുകളില്‍
നിങ്ങളെന്നെ വിധിക്കുന്ന നിമിഷം
നാം രണ്ടാകും.
അപരിചിതരുടേത്
ഒറ്റക്കുപ്പായമല്ലെന്ന തിരിച്ചറിവ്
നമുക്കിടയില്‍ വേരോടും.
അനുസരണയോടെ
രണ്ടാകാശക്കീറുകള്‍ക്കു താഴെ
നാമൊറ്റമഴ നനയും.
ഇതാണു രണ്ടാകലിന്റെ
വേദാന്തമെന്നോര്‍ത്ത്
രണ്ടുകണ്ണുകള്‍
കുതിര്‍ന്നു തന്നെയിരിക്കും.

കവിത.

കവിത പിറക്കുന്നതും
മരിയ്ക്കുന്നതും
നിന്റെ ഹൃദയത്തെ
ചുംബിച്ചുകൊണ്ടാണ്.
കൂര്‍ത്തനഖങ്ങള്‍ കൊണ്ടു
തുന്നിക്കെട്ടിയ
എന്റെ ശിരോവസ്ത്രത്തെ
വെറുപ്പോടെ പുണര്‍ന്നുകൊണ്ടും.

Sunday, August 2, 2015

അകലം.

നീ ഇലകൊഴിഞ്ഞ മരങ്ങളുടെ
തണലുതേടുന്നു.

ഞാൻ ശിശിരങ്ങൾ മോഹിച്ചു
തപസ്സുചെയ്യുന്നു.

നമുക്കിടയിൽ ചിലഋതുക്കൾ
എത്രയോവേഗം വരണ്ടുപോകുന്നു.