Tuesday, September 29, 2015

ഞാൻ വികസന വിരോധിയല്ല!

നീ ഇവിടേയ്ക്കു വരിക,
എച്ചിൽ മരത്തിനു താഴെ
വിശപ്പിന്റെ മണം പിടിക്കുന്ന
ഇരുകാലി പട്ടികളെ കാണുക,
നന്നായി തെളിയുന്നുണ്ടോ
ഇന്ത്യയുടെ പടം ഡിജിറ്റലായി?


Monday, September 28, 2015

മനസിൽ തോന്നിയത്.

ചുംബനമെച്ചിലാണെങ്കിൽ,
ചുംബിക്കുന്നവരുടെ ചുണ്ടോളം
ചീഞ്ഞുനാറുന്ന മറ്റെന്താണീ
ഭൂമിയിലുള്ളത്‌..?
(കടപ്പാട് : ചുംബനമെന്ന വാക്കും എച്ചിലെന്ന വാക്കും ചേർത്ത് ട്വിറ്റെറിൽ വന്ന ട്വീറ്റുകൾക്ക്)

നമ്മിലേയ്ക്കൊരു മരം.

നമ്മുടെ പ്രണയത്തെ,
കടൽത്തീരത്തു
കവിതപോലെ പെയ്യുന്ന
വേനലിനോടും,

മൗനത്തിനു
തണലു കൊടുക്കുന്ന
അക്കേഷ്യ മരങ്ങളോടും, 
മെയ്‌മാസം കൊണ്ടു ചുവക്കുന്ന
ആകാശത്തോടുമാണു
ഞാനുപമിക്കുക.

പിന്നെ നിന്നെ,
ചരിഞ്ഞു പെയ്യുന്ന 
ചാറ്റൽ മഴയോടും,
കണ്ണു കൊണ്ടു
കുടകൾ പങ്കിട്ട
മിന്നലിനോടും,
മനസ്സിൽ മധുരം പകുത്ത
ക്ലാസ് മുറികളോടും,
ഓർമ്മകൾ കൊണ്ടു
വർഷങ്ങളെപ്പിടിച്ചണയ്ക്കുന്ന
നിശബ്ദതയോടും,
നീലാകാശത്ത-
തിലേറെ നീലിച്ചുകിടക്കുന്ന
ചില മുറിവുകളോടും,
കണ്ണീരില്ലാതെ കരയുന്ന
ഋതുക്കളോടും,
അങ്ങിനെയങ്ങിനെ
പേരറിയാത്ത പലതിനോടും
ഞാനുപമിക്കുന്നു.

ഇന്ന്,
ഈറനേറ്റെന്റെ
നെറുകയിലേയ്ക്കു
ഹൃദയം കൊണ്ടൊരു
നേർരേഖ തെളിയുമ്പോൾ,
പ്രണയത്തിന്റെ വേനലുരുക്കി
മഴകൊണ്ട നിന്റെ പെണ്ണ്,
നിന്റെ നിശബ്ദതയിലൂടെ നടന്നു
നിന്റെ പുഞ്ചിരികളിലെവിടെയോ,
ആത്മാവിലെ ഉപ്പുപരൽ കൊണ്ടു നാം
നീറിയെഴുതിയ കുഞ്ഞുസ്വപ്നങ്ങളുടെ
സുമംഗലിയായിരിക്കുന്നു.
വേനൽ പോലെ നാം
തീവ്രമായി പ്രണയിക്കുന്നു!

Saturday, September 26, 2015

നീ പറഞ്ഞു അവൾ കള്ളിയെന്ന്!

നീ മെനഞ്ഞെടുക്കുന്ന
കള്ളങ്ങൾക്കൊടുവിൽ,
നീയൊരു കള്ളിയെ
കണ്ടെത്തുമ്പോൾ,
നിന്നിൽ നിന്നവൾ
കട്ടതെന്താണ്?

Thursday, September 24, 2015

ചില ജീവിതങ്ങളിലെ ചില്ലിട്ട സ്നേഹങ്ങൾ.

ചിലപ്പോൾ
സ്നേഹമിങ്ങനെയാണ്,
ഒരു ചുമരിനിരുപുറം ചാരി,
ശ്വാസമെടുക്കാനാവാത്ത വിധം
തണുത്തുറഞ്ഞ്,
സ്നേഹിച്ചവർക്കു വേണ്ടി

വീണ്ടും കരഞ്ഞ്,
കൈകൾക്കിടയിലെ

വിചിത്രമായ
അകലത്തിലൂടെ,
ഒരു രാത്രി സ്വപ്നത്തിന്റെ
നിഴലു പോലെ
വിമ്മിയൊതുങ്ങിപ്പോകുന്നു.
പിന്നെ ഏതോ നഷ്ടപ്പെടലിന്റെ
ഉറക്കത്തിലേയ്ക്ക്,
നാമൊക്കെ തിരിഞ്ഞു നടക്കുന്നു.Tuesday, September 22, 2015

ഇന്നലത്തെ ആകാശത്തിനു വേണ്ടി.

പലർക്കായി
കട്ടിലായെന്റെ
പൂവരശിനും,
അടിയിലെ വേവ്
മോളിൽ ചോറാക്കിയ
കരിക്കലത്തിനും,
കാലന്റെ മുഖമെന്നു പറഞ്ഞു
മുറിച്ചു തള്ളിയ
മുറ്റത്തെ മാവിനും,
അതിർത്തിത്തർക്കത്തി-
ലിരുപുറം ചേരാതെ പോയ
പുളിയൻ ചാമ്പയ്ക്കും,
ഓർമ്മകൾ കൊണ്ടൊരാലിംഗനമല്ലാതെ,
ഒഴിഞ്ഞു പോക്കിന്റെ
ശൂന്യമായ പുഞ്ചിരികളല്ലാതെ,
ഒന്നും തരാനില്ലാതെ ഞാനിതാ,

ഇന്നലെകളെ പിഴിഞ്ഞുണക്കി
ഏതോ ഒരു പുസ്തകത്തിലേയ്ക്ക്
ഞരമ്പു കാണിച്ചിരിക്കുന്നൊരു
കരിയിലയാക്കി വയ്ക്കുന്നു.
പേരിടാനാകാതെ
പടിയിറങ്ങിപ്പോയ പലതും
പിൻതിരിഞ്ഞു നോക്കുന്ന
വധുവിനെപ്പോലെയാണ്,
ചില നഷ്ടങ്ങൾ,
ബാല്യം നഷ്ടപ്പെട്ട കുട്ടിയെപ്പോലെയും.

Monday, September 21, 2015

കടൽക്കുളം.

ചില കടലുകൾ ജനിക്കുന്നത്
ചില കുളങ്ങൾ മരിച്ചുകൊണ്ടാണ്.

പെണ്ണ് ഇങ്ങനെയാവാം ഒരു കടലിനെ മൂടിവയ്ക്കുന്നത്.

സ്നേഹത്തിന്റെ മുറിവുണങ്ങാതിരിക്കാൻ
മരിച്ചുകൊണ്ടു പ്രണയിക്കുന്ന
എന്റെ പ്രിയപ്പെട്ടവളേ,
മുഖമില്ലാത്തൊരു മനസ്സിനു വേണ്ടി
നിന്റെ സ്നേഹമെന്തിനിങ്ങനെ യാചിക്കുന്നു?
പിരിഞ്ഞു നടക്കേണ്ട പകൽ വലയിൽ,
നീ നിനക്കു വിരിച്ചിരിക്കുന്ന
പ്രകാശമില്ലാത്ത കെണിയിൽ,
മനം മുറിഞ്ഞ മൃഗത്തെപ്പോലോരോ രാത്രിയും,
അസ്വസ്ഥതയുടെ പുതപ്പിനുള്ളിൽ,
ഏകാകിയുടെ ഭ്രാന്തു പുതച്ചെന്തിനിങ്ങനെ
നെടുവീർപ്പുകളുടെ നെഞ്ചിലുറങ്ങുന്നു?
പ്രാർത്ഥനയുടെ പാതികലങ്ങിയ വാക്കുമാത്രമായി,
നീ നടന്നു തീർക്കുന്ന നിഴലിന്റെ വഴിയിൽ,
നിശബ്ദനായ്,
ഇനിയൊരു ചെമ്പനീറും പകുത്തുവയ്ക്കാനവൻ
വരാതിരിക്കട്ടെ!
പ്രണയത്തിന്റെ മുത്തൊഴിഞ്ഞ ഈ ചിപ്പി,
നിന്റെ കടലിന്റെ കണ്ണീരും പേറി,
ഏതോ ഇരുണ്ട ചുഴിയിലേയ്ക്ക-
വസാനത്തെ ഓരോർമ്മയെക്കൂടി മൂടിവയ്ക്കട്ടെ! 
ആയിരം മഴകളുപേക്ഷിച്ച
വേഴാമ്പലിനെ വരച്ചിട്ടു
നീ പൊയ്ക്കഴിയുമ്പോൾ,
ശലഭങ്ങളില്ലാതാകുന്നൊരീയാകാശത്തെ
ഇനിയെന്തു ചെയ്യണം?
മുറിവേറ്റു പിടഞ്ഞുകൊണ്ടു
മുൾക്കിരീടത്തിൽ നിന്നു മണ്ണിലേയ്ക്കു വീഴുന്ന
നിന്റ രാത്രികളെ,
ഒരു ചുംബനം കൊണ്ടു പകുത്തെടുക്കുന്ന ചുണ്ടുകളെ 
ഇനി എന്തുചെയ്യണം?
വിശുദ്ധമായ ഏതോ നോവുപേറുന്ന
ഒരു പെണ്ണിന്റെ ഉള്ളിലേയ്ക്ക്,
പെണ്ണായി മാത്രം നീ നടന്നു കയറുമ്പോൾ,
വർഷങ്ങളൊന്നും മണ്ണിട്ടുമൂടാത്ത
നിന്റെ കണ്ണുകളിലേയ്ക്കു നോക്കി,
നിനക്കുതരാൻ,
ഒരു ഉത്തരത്തിനും,
ഇനി എന്റെ ഹൃദയത്തിൽ
ചുവപ്പില്ലെന്നു നീയറിയുക!
നിന്റെ നിലവിളികൾ തളച്ചിട്ട എന്റെ കാതുകളെ
കടലെടുക്കുവോളം,
നീയെന്ന കണ്ണീർത്തുള്ളി,
വികാരമില്ലാതെ പതയുന്ന ഏതോ ഒരു കടലിൽ,
കരഞ്ഞു തന്നെ തീരട്ടെ...
ഒരു ചിരി കൊണ്ട്,
രാത്രിയെ ഭയപ്പെടുത്തുന്നൊരലർച്ച കൊണ്ട്,
മുറിവുകളെല്ലാം പൊതിഞ്ഞുകെട്ടി,
നിനക്കെങ്ങിനെ,
നിന്റെ ഹൃദയത്തെ കീറിമുറിക്കുന്ന ഈ കടലിനെ
മൂടിവയ്ക്കാനാവുന്നു?

Thursday, September 17, 2015

ആരാണവർ?

തകർന്നു വീണ
രണ്ടു മനുഷ്യരുടെ
മുഖങ്ങളോടു ചേർന്നു
പിരിയാനാകാതെ
പിണഞ്ഞിരിക്കുന്ന
രണ്ടാത്മാക്കളിലെ,
മരണവും കടന്നിണ ചേർന്ന
ഒറ്റഹൃദയത്തെ ഞാൻ,
അർദ്ധനാരീശ്വരനെന്നു വിളിക്കുന്നു!


Wednesday, September 16, 2015

കുടചൂടുന്നവർ.

ചിരിച്ചും ചിരിക്കാതെയും
ഓരോ ഇതൾ കൊഴിയുമ്പോഴും,
തൊടിയിൽ മാവുകൾ മുറിയുന്നതും,
പിടഞ്ഞുകൊണ്ടു ശിഖരങ്ങൾ
മരണത്തിലേക്കു മറിഞ്ഞുവീണ
ചിതകളെന്റെ ഓർമ്മപ്പരപ്പിൽ
പാതി നീറുന്നതും,
നമുക്കകലെ നമ്മൾ തന്നെ
കുടപിടിച്ചു കണ്ണീർമഴ നനയുന്നതും,
ഈ രാത്രിയിൽ 
നീയറിയുന്നുവോ?

ഇനി നിന്നെയോർത്തു
കരയുവാനല്ലാതെ
ഒന്നിനുമാവാതെ
ഓരോ നെഞ്ചിടിപ്പും
നിശബ്ദമാവുന്നതും,
നിശ്വാസങ്ങളുടെ
പടിപ്പുരയിറങ്ങി
നിനക്കു പിന്നാലേ
നിഴലുകൾ നടക്കുന്നതും,
നിലാവു പോലും
നീറിയുരുകുന്നതും
നീയറിയുന്നുവോ?

പൊട്ടിയ മനസ്സിനെ

പൊതിഞ്ഞു പിടിച്ചുകൊണ്ടു,
നക്ഷത്രങ്ങളില്ലാത്തൊരീയാകാശത്തു
നോക്കിയിരിക്കുന്നെന്റെ
കണ്ണുകളിലിനിയേതു
നക്ഷത്രമാണു നീയാവുകയെന്നും
നീയറിയുന്നുവോ?

നിലവിളികൾക്കിടയിൽ

നീയിപ്പോൾ
തണുത്തുടഞ്ഞ്
നിലവിളക്കിനു താഴെ
പച്ചയിലയിൽ
പാതിമയക്കത്തിലാവും.
സാരിചുറ്റി, പൊട്ടുവച്ച് 
ഉറക്കത്തിലും,
അരുമകൾക്കമ്മയുടെ
ചൂടുപകുത്തോർമ്മകളുടെ
പെരുമഴക്കാലം തന്നു
കുടചൂടാതെ
പെണ്ണേ, നീയിതെങ്ങോട്ടാണ്?

ആത്മാവിലെ ചില വർത്തമാനങ്ങൾ.

പൂക്കളില്ലാത്തൊരു
മൈതാനത്തോടാണ്
ഞാനെന്നെ ഉപമിക്കുക,
വിതയുന്ന വിത്തുകൾ
പൊട്ടാത്തൊരു
മച്ചി മൈതാനം..

Monday, September 14, 2015

*സുരബാലാ..

പ്രളയത്തിലും
പ്രണയമറിഞ്ഞ
രാത്രിയെപ്പറ്റി
നീയോർക്കുന്നുവോ?

(*ടാഗോറിന്റെ 'കൊടുങ്കാറ്റിന്റെ രാത്രി' എന്ന കഥ വായിച്ച്)

ഒരേ ചുണ്ടിലേക്ക്.

ഇനി നമുക്ക്
വെറുത്തു കൊണ്ടു
ചുംബിക്കേണ്ട,
ഏറെ മുറിവേറ്റ
മൃഗമാണോർമ്മകൾ!

Sunday, September 13, 2015

നിനക്കെന്റെ ഉണർത്തുപാട്ട്.

ഓരോ അസ്തമയത്തിന്റെ
നിലവിളിയും പുതച്ചുകൊണ്ടാണ്
ഓരോ പകലും പിറക്കുക.
നിന്നിലേക്കു മാത്രം പൊഴിയുന്ന
നീലപ്പൂക്കളുടെ വസന്തമായാണ്,
ഈ പുലരിയെന്റെ കുഞ്ഞുപുതപ്പി-
ലേക്കൊരു സൂര്യനെയുണർത്തുക.

Saturday, September 12, 2015

സംസാരിക്കുന്ന പന്തങ്ങൾ.

ഈ ഇരുട്ടു മുറിയുടെ
ആത്മാവിന്റെ
കണക്കു പുസ്തകത്തിലേയ്ക്ക്,
അലറിക്കരഞ്ഞുകൊണ്ടോർമ്മകൾ
കീറിയെറിയുന്നതാരാണ്?

Friday, September 11, 2015

ചിതറിയവർ.

സ്മാരകങ്ങളില്ലാതെ ഓർക്കപ്പെടാൻ,
ഒരേ നൂൽപ്പാലത്തിലൂടെ
ഓരോ രാത്രിയും
ഒരുമിച്ചു നടക്കാനിറങ്ങുന്ന
ചില മനുഷ്യരുണ്ട്.
മറവിയിലേക്കു ചിത കത്തുമ്പോഴും,
മറഞ്ഞിരുന്നുകൊണ്ടു
മനസ്സിൽ നിന്നിറങ്ങിപ്പോകാത്തവർ.
അശക്തമായ ആർത്തിയോടെ നോക്കുന്ന
ഇന്നലെയുടെ മുറിവുകളിൽ,
അരികു പൊട്ടിയ കണ്ണാടിയിലെന്ന പോലെ
പ്രതിബിംബങ്ങളായി ജീവിക്കുന്നവർ.
ആ ചില മനുഷ്യരിൽ,
ഞാനെന്നിലേക്കാളേറെ 
തെളിഞ്ഞിരിക്കുന്നു!

അമ്മപ്പിറവികൾ.

മുഖം തിരിച്ച മകളോടും
ചാക്കിന്റെ മുറുക്കം
നോക്കുന്ന മകനോടും
അവർ പറയുന്നു,
അമ്മ പിറന്നു പോയി!


(NB : കൊച്ചിയിൽ വൃദ്ധയെ ചാക്കിൽക്കെട്ടി ഉപേക്ഷിച്ചെന്നു പത്രവാർത്ത.)

ഇവിടെ മഴ പെയ്യുന്നു.

നിന്റെ നീലസാരി
കറുക്കുമ്പോളാണ്,
പിണങ്ങിപ്പിരിയുന്ന
മേഘങ്ങളേയും,
നെഞ്ചുപൊട്ടിക്കരയുന്ന
വെള്ളിടികളേയും നോക്കി,
ഈ നഗരമൊന്നു ചിരിക്കുക.

അപ്പോൾ തന്നെയാണ്
നനഞ്ഞു കുതിർന്നുകൊണ്ടെന്റെ
നരച്ച ഹൃദയത്തിലേക്ക്,
മഴക്കാപ്പിയുടെ കടുത്ത നിറങ്ങളെത്തുക,
നാവിലമ്മയുടെ പനിമധുരം രുചിക്കുക,
നഗരവും ഞാനും മതിയാവോളം നനയുക!

ആരോ പുകവലിക്കുന്നുണ്ട്.

ഓരോ ദിവസവും
അടുക്കളപ്പരപ്പിലെ
കരിപ്പുക ചുമയ്ക്കുമ്പോൾ,
കരളിലിരുന്നു
നീറിയെരിയുന്നതാരാണ്?
ഓർമ്മയുടെ
ചങ്കു പൊട്ടിക്കാൻ
ഈ തകരക്കൂടിനുള്ളിലിരുന്നു
പുകവലിക്കുന്നതാരാണ്?

Wednesday, September 9, 2015

വെറുതേയാണ് നമ്മൾ.

ഇന്ന്,
വീട്ടിലേക്കു തിരിയുന്ന
അവസാന വളവിൽ
വെറുതേ നടക്കാനിറങ്ങിയ

നക്ഷത്രങ്ങൾക്കൊപ്പം
മഴയുടെ സംഗീതത്തിൽ

മനസ്സു പൊഴിച്ചു
വെറുതേ ഞാനും,
ഇളം തൂവലുകൾക്കു
തണുപ്പേൽക്കാതെ
കുടപിടിച്ച്
വെറുതേ നീയും..

നമ്മുടെ തെക്കോട്ട്.

ചില ദിവസങ്ങളിൽ
തെക്കൻ മലയിറങ്ങി
താഴ്വാരത്തേക്കു
വീശുന്നൊരു
പ്രാന്തൻ കാറ്റുണ്ട്.
വേദനയുടെ നുകമഴിഞ്ഞ
വലത്തേക്കാളയുടെ
വേവുപൊട്ടുന്ന പിൻ-
നോട്ടങ്ങളില്ലാതെ

തിരിഞ്ഞുനടന്നവരെ
തണുപ്പിച്ച്,
പിന്നെയുമേതോ

മലകയറിയതു
തെക്കോട്ടു തന്നെ.
കാളീ,
നാമിട്ട ഞാറുകളിലെ
കളയുണ്ട് പയ് കെട്ട്
നമുക്കുറങ്ങാനീ
ഞാറ്റുപാട്ടു പാടുന്നതുമാ
തെക്കൻ മലകളാണോ?

 

(കാളിയും പൊന്നനും എന്റെ ഓർമ്മയിലെ കർഷകരാണ്..)

മഴച്ചിത്രങ്ങളിൽ പതിയാത്ത ചിലത്.

ഓർമ്മയുടെ തുരുത്തുകൾ
വിചിത്രമാകുന്നത്
ഓർമ്മപ്പെടുത്തലുകളുടെ
ഓർമ്മകൾ കൊണ്ടാണ്.
ചില മഴകൾ
ആകാശത്തു നിന്നു

മനസ്സിന്റെ കണ്ണീരു വറ്റിയ
മഴക്കുഴികളിലേക്കു പെയ്ത
തുലാമാസ രാത്രികളെ
ഓർക്കുമ്പോഴൊക്കെ,
അരപ്പട്ടിണിയുണ്ട
രണ്ടു പെണ്‍മുഖങ്ങളും,
മുഴുപ്പട്ടിണി പുതച്ച
അമ്മയുടെ
ഇളം തവിട്ടുനിറമുള്ള
സാരിയുമാണോർ-
മ്മപ്പെടുത്തലുകൾ!


Tuesday, September 8, 2015

ഒരാളോട്.

നീ എന്നിലേക്കു മാത്ര-
മൊഴുകുമ്പോൾ പിറക്കുന്ന
കടലാണു ഞാൻ..


ഇരുട്ടിലെ നിഴലുകൾ.

എന്റെ മുറിവുകളിൽ നിന്ന്
നിന്റെ ശമനങ്ങളിലേക്ക്
നമുക്ക് മറന്നുകളയാനാകാത്ത
രണ്ടു മനുഷ്യർ ജീവിക്കുന്നു,
നമ്മിലേക്കൊഴിവായ നിഴലു-
കളിലെ ഏതോ നമ്മൾ..
Monday, September 7, 2015

കണ്ണനൊളിച്ചിരിക്കുന്ന രാധ.

തൊടി നിറയെ
ഒറ്റ മുറിവിലേക്ക്‌
ഒരു മുളന്തണ്ടിലൂടൊഴുകുന്ന
കണ്ണന്റെ ചുംബനമേൽക്കാത്ത
തുളസിക്കതിരുകൾ,
അവരിലാകെ
സ്വപ്നമധുരമേറ്റു
മയങ്ങിക്കിടക്കുന്ന
പെണ്ണിന്റെ ആലസ്യം.

കൃഷ്ണാ,
നിന്റെ നിശ്വാസമേറ്റവ-
ളിറങ്ങി നടക്കുന്നത്,
ഒരുറക്കത്തിന്റെ
നനുത്ത വഴികളിലേക്കാണോ?

എന്റെ കൃഷ്ണാ,
നീ വരിക,
ചുവന്ന സിന്ദൂരപ്പൊട്ടു പോ-
ലവളുടെ നെറുകയിലുദിച്ചിരിയ്ക്കുന്ന
സൂര്യനിലേയ്ക്ക്,
അസ്തമയമില്ലാത്ത
ചക്രവാളമാവുക.

വെണ്ണത്തണുപ്പു തൂവിപ്പോയ നിന്റെ
കറുത്ത നുണക്കുഴികളോടു മാത്രമല്ല, 
ഓർമ്മകളെയുരുക്കുന്ന
വരണ്ട വേനലിനോടും,
നിന്നോടെന്ന പോലെ
അവൾക്കെന്തോ പറയാനുണ്ട്.
രാത്രിമരങ്ങളിൽ നിന്ന്
പകലിലേക്കു പെയ്യുന്ന മഴ പോലെ
അതീവ രഹസ്യമാണത്.

നിങ്ങൾക്കു മാത്രമറിയുന്ന
മേഘങ്ങളില്ലാത്ത
പുലരിമഴകളുടെ
തണുപ്പു പോലെ,
ഓരോ പകലുകളുമിനി
പ്രേമത്തിന്റെ
ചുവപ്പും നീലയും കലർന്ന
പേരിടാനാകാത്ത നിറങ്ങൾ കൊണ്ട്
സുന്ദരമാകട്ടെ.

തുളസിക്കതിരുകളിലേക്ക്
ഇളവെയിലിന്റെ സാരിത്തലപ്പു
പുതച്ചു കൊണ്ട്,
ഒരു പെണ്ണിന്റെ
മെലിഞ്ഞ കൈകൾ
വിധുരമായി നീളുമ്പോഴാണ്‌
കണ്ണനൊളിച്ചിരിക്കുന്ന
രാധയെക്കുറിച്ചു ഞാനോർക്കുക,
പകൽ തെറ്റിവന്ന
പാതിരാ സ്വപ്നത്തിൽ നിന്നും
പതിയെ ഉണരുക..


 

ദ്രൗപതി.

പത്തുകൈകളിൽ
പെണ്ണിന്റെ ഭിക്ഷ!
പകുത്തുണ്ടവർ
പകരം കൊടുത്ത
പണ്ടം. 


Sunday, September 6, 2015

മഷി പതിയാത്ത എന്തോ ഒന്ന്.

ഞാൻ വിശപ്പും
നീ വയറുമാകുന്നതിനെക്കുറിച്ച്
ചിന്തിച്ചിട്ടുണ്ടോ?
നീ അടിമയും
ഞാൻ ഉടമയുമാകുന്നതിലെ അന്തരം
ആ ചരിത്രം കൊണ്ടാണ്
നാമിനി എഴുതുക!

നമ്മുടെ സ്വകാര്യം.

ആവർത്തനങ്ങളുടെ ഈ വഴി
നിന്നിലേക്ക്‌ മാത്രമാകുമ്പോൾ
ഞാൻ പുഴയും നീ കടലുമാകുന്നു.
നമുക്കിടയിൽ, വേലിയേറ്റമില്ലാത്ത
ഓർമ്മകളുടെ തീരവും..

Friday, September 4, 2015

അയ്‌ലാൻ കുർദി.

അഭയം,
ആരുടേയോ നെഞ്ചി-
ലേക്കാഴ്ന്നിറങ്ങുന്ന
അനുകമ്പയില്ലാത്തൊരു
നോട്ടമായി,
ഇനി ഉണരാത്ത
അവന്റെ പിഞ്ചുകണ്ണുകളിൽ
എല്ലാ വിശുദ്ധരേയുമൊരുമി-
ച്ചടക്കം ചെയ്തൊരു
പ്രാർത്ഥനയുടെ കല്ലറ..

Wednesday, September 2, 2015

കളിമണ്ണ്‍.

നീ തുഴയെറിഞ്ഞ 
നല്ല തോടുകളിൽ,
താരാട്ടിന്റെ
തള്ള മീനുകൾ
കളിമണ്ണുകൊണ്ടു വരച്ച
പെണ്ണിന്റെ സ്വർഗം.
പിറവിയിൽ
പൊക്കിൾക്കൊടി
പൊട്ടിമാറവേ,
മറുപാതിയെന്ന
മറുനിഴലിന്റെ
തണുപ്പു തന്ന
തണൽ നോവി-
ലമ്മ പിറക്കുന്നത്,
നിന്റെ കുഞ്ഞുചുണ്ടിലേ-
ക്കൊരു പാൽമഴക്കാല-
മൊഴുക്കുവാൻ മാത്രം.


(കടപ്പാട് : 'കളിമണ്ണ്‍' എന്ന ചലച്ചിത്രത്തോട്)