Monday, September 21, 2015

പെണ്ണ് ഇങ്ങനെയാവാം ഒരു കടലിനെ മൂടിവയ്ക്കുന്നത്.

സ്നേഹത്തിന്റെ മുറിവുണങ്ങാതിരിക്കാൻ
മരിച്ചുകൊണ്ടു പ്രണയിക്കുന്ന
എന്റെ പ്രിയപ്പെട്ടവളേ,
മുഖമില്ലാത്തൊരു മനസ്സിനു വേണ്ടി
നിന്റെ സ്നേഹമെന്തിനിങ്ങനെ യാചിക്കുന്നു?
പിരിഞ്ഞു നടക്കേണ്ട പകൽ വലയിൽ,
നീ നിനക്കു വിരിച്ചിരിക്കുന്ന
പ്രകാശമില്ലാത്ത കെണിയിൽ,
മനം മുറിഞ്ഞ മൃഗത്തെപ്പോലോരോ രാത്രിയും,
അസ്വസ്ഥതയുടെ പുതപ്പിനുള്ളിൽ,
ഏകാകിയുടെ ഭ്രാന്തു പുതച്ചെന്തിനിങ്ങനെ
നെടുവീർപ്പുകളുടെ നെഞ്ചിലുറങ്ങുന്നു?
പ്രാർത്ഥനയുടെ പാതികലങ്ങിയ വാക്കുമാത്രമായി,
നീ നടന്നു തീർക്കുന്ന നിഴലിന്റെ വഴിയിൽ,
നിശബ്ദനായ്,
ഇനിയൊരു ചെമ്പനീറും പകുത്തുവയ്ക്കാനവൻ
വരാതിരിക്കട്ടെ!
പ്രണയത്തിന്റെ മുത്തൊഴിഞ്ഞ ഈ ചിപ്പി,
നിന്റെ കടലിന്റെ കണ്ണീരും പേറി,
ഏതോ ഇരുണ്ട ചുഴിയിലേയ്ക്ക-
വസാനത്തെ ഓരോർമ്മയെക്കൂടി മൂടിവയ്ക്കട്ടെ! 
ആയിരം മഴകളുപേക്ഷിച്ച
വേഴാമ്പലിനെ വരച്ചിട്ടു
നീ പൊയ്ക്കഴിയുമ്പോൾ,
ശലഭങ്ങളില്ലാതാകുന്നൊരീയാകാശത്തെ
ഇനിയെന്തു ചെയ്യണം?
മുറിവേറ്റു പിടഞ്ഞുകൊണ്ടു
മുൾക്കിരീടത്തിൽ നിന്നു മണ്ണിലേയ്ക്കു വീഴുന്ന
നിന്റ രാത്രികളെ,
ഒരു ചുംബനം കൊണ്ടു പകുത്തെടുക്കുന്ന ചുണ്ടുകളെ 
ഇനി എന്തുചെയ്യണം?
വിശുദ്ധമായ ഏതോ നോവുപേറുന്ന
ഒരു പെണ്ണിന്റെ ഉള്ളിലേയ്ക്ക്,
പെണ്ണായി മാത്രം നീ നടന്നു കയറുമ്പോൾ,
വർഷങ്ങളൊന്നും മണ്ണിട്ടുമൂടാത്ത
നിന്റെ കണ്ണുകളിലേയ്ക്കു നോക്കി,
നിനക്കുതരാൻ,
ഒരു ഉത്തരത്തിനും,
ഇനി എന്റെ ഹൃദയത്തിൽ
ചുവപ്പില്ലെന്നു നീയറിയുക!
നിന്റെ നിലവിളികൾ തളച്ചിട്ട എന്റെ കാതുകളെ
കടലെടുക്കുവോളം,
നീയെന്ന കണ്ണീർത്തുള്ളി,
വികാരമില്ലാതെ പതയുന്ന ഏതോ ഒരു കടലിൽ,
കരഞ്ഞു തന്നെ തീരട്ടെ...
ഒരു ചിരി കൊണ്ട്,
രാത്രിയെ ഭയപ്പെടുത്തുന്നൊരലർച്ച കൊണ്ട്,
മുറിവുകളെല്ലാം പൊതിഞ്ഞുകെട്ടി,
നിനക്കെങ്ങിനെ,
നിന്റെ ഹൃദയത്തെ കീറിമുറിക്കുന്ന ഈ കടലിനെ
മൂടിവയ്ക്കാനാവുന്നു?

6 comments:

  1. ഓരോ വരിയും ഓരോരോ തിരകൾ...കവിതയുടെ കടലാഴം!

    ReplyDelete
    Replies
    1. കടലിനേക്കാൾ ആഴമുള്ള ചില മനുഷ്യരും..
      നന്ദി nps..

      Delete
  2. " പ്രണയത്തിന്റെ മുത്തൊഴിഞ്ഞ
    ഈ ചിപ്പി,
    നിന്റെ കടലിന്റെ കണ്ണീരും പേറി,
    ഏതോ ഇരുണ്ട ചുഴിയിലേയ്ക്ക-
    വസാനത്തെ ഓരോർമ്മയെക്കൂടി
    മൂടിവയ്ക്കട്ടെ...! "

    ഓരോ വരികളും മനോഹരം ..

    ReplyDelete
    Replies
    1. നന്ദി സുഹൃത്തേ..
      വായനയ്ക്കും സമയത്തിനും.. :)

      Delete
  3. മനോഹരമീ വരികൾ

    ReplyDelete
    Replies
    1. നന്ദി സുഹൃത്തേ.. :)

      Delete

Your comments here