Monday, September 7, 2015

കണ്ണനൊളിച്ചിരിക്കുന്ന രാധ.

തൊടി നിറയെ
ഒറ്റ മുറിവിലേക്ക്‌
ഒരു മുളന്തണ്ടിലൂടൊഴുകുന്ന
കണ്ണന്റെ ചുംബനമേൽക്കാത്ത
തുളസിക്കതിരുകൾ,
അവരിലാകെ
സ്വപ്നമധുരമേറ്റു
മയങ്ങിക്കിടക്കുന്ന
പെണ്ണിന്റെ ആലസ്യം.

കൃഷ്ണാ,
നിന്റെ നിശ്വാസമേറ്റവ-
ളിറങ്ങി നടക്കുന്നത്,
ഒരുറക്കത്തിന്റെ
നനുത്ത വഴികളിലേക്കാണോ?

എന്റെ കൃഷ്ണാ,
നീ വരിക,
ചുവന്ന സിന്ദൂരപ്പൊട്ടു പോ-
ലവളുടെ നെറുകയിലുദിച്ചിരിയ്ക്കുന്ന
സൂര്യനിലേയ്ക്ക്,
അസ്തമയമില്ലാത്ത
ചക്രവാളമാവുക.

വെണ്ണത്തണുപ്പു തൂവിപ്പോയ നിന്റെ
കറുത്ത നുണക്കുഴികളോടു മാത്രമല്ല, 
ഓർമ്മകളെയുരുക്കുന്ന
വരണ്ട വേനലിനോടും,
നിന്നോടെന്ന പോലെ
അവൾക്കെന്തോ പറയാനുണ്ട്.
രാത്രിമരങ്ങളിൽ നിന്ന്
പകലിലേക്കു പെയ്യുന്ന മഴ പോലെ
അതീവ രഹസ്യമാണത്.

നിങ്ങൾക്കു മാത്രമറിയുന്ന
മേഘങ്ങളില്ലാത്ത
പുലരിമഴകളുടെ
തണുപ്പു പോലെ,
ഓരോ പകലുകളുമിനി
പ്രേമത്തിന്റെ
ചുവപ്പും നീലയും കലർന്ന
പേരിടാനാകാത്ത നിറങ്ങൾ കൊണ്ട്
സുന്ദരമാകട്ടെ.

തുളസിക്കതിരുകളിലേക്ക്
ഇളവെയിലിന്റെ സാരിത്തലപ്പു
പുതച്ചു കൊണ്ട്,
ഒരു പെണ്ണിന്റെ
മെലിഞ്ഞ കൈകൾ
വിധുരമായി നീളുമ്പോഴാണ്‌
കണ്ണനൊളിച്ചിരിക്കുന്ന
രാധയെക്കുറിച്ചു ഞാനോർക്കുക,
പകൽ തെറ്റിവന്ന
പാതിരാ സ്വപ്നത്തിൽ നിന്നും
പതിയെ ഉണരുക..


 

No comments:

Post a Comment

Your comments here