Saturday, October 31, 2015

അല്ലേ!!

പ്രണയമെന്നാൽ
തുലാവർഷമഴകൾ കുളിപ്പിച്ച
അശോകപ്പൂക്കളുടെ
ഇനിയും മറക്കാത്ത ചുവപ്പു തന്നെ!

നീ പ്രണയമാകുന്നതും,
ഞാൻ പുഴപോലെ ഒഴുകുന്നതും,
നാമീ ഋതുക്കളിൽ
പൂക്കളാകുന്നതും,

പ്രളയത്തിന്റെ
നെഞ്ചിലേക്കു
വീണു പിടക്കുന്നതും,
ചുംബിച്ചു തീരാത്ത
മധുരം തന്നെ!

ഒടുക്കമില്ലാത്തതും,
അലിഞ്ഞു തീരുന്നതും,
ഒരു വേരു മാത്രമായ്
പരുക്കനായൊരു
മുറിയുടെ തറയിലെ
ചെളിപോലെ കുഴഞ്ഞു
ചെമ്മണ്ണു പുതപ്പതും, 
അടക്കമില്ലാതെ
ചേർത്തു പിടിപ്പതും,
മരണമില്ലാത്തൊരീ
പ്രണയം തന്നെ!

പച്ചമണ്ണിന്റെ 
ഈ കാട്ടിൽ,
അശോകപ്പൂക്കൾ
തുലാവർഷത്തെ
ഇന്നും പ്രണയിക്കുന്നു അല്ലേ!!

Thursday, October 29, 2015

രണ്ട് പെണ്‍കവിതകൾ.

        പെണ്‍സുഹൃത്തുക്കൾക്ക്.

പേറ്റുപായിൽ,
പെണ്ണു ചീറിക്കരഞ്ഞ രാത്രിയിൽ,
ചിരിച്ചു കൊണ്ടു പിറക്കാത്തതിന്റെ
പിഴയെണ്ണുന്ന വയറ്റാട്ടിക്കു മേലെ,
കാലമിട്ട കറുപ്പുകൊള്ളുന്ന
രണ്ടു നിഴലുകളാകാം ഞാനും നീയും!
പെണ്ണിൽ നിന്ന് പെണ്ണിലേക്ക്
മണ്ണിൽനിന്നു വേരിലേയ്ക്കുള്ള അകലം.

        കഞ്ഞിപ്പശയുടെ മന:ശാസ്ത്രം.

ചില പെണ്ണുങ്ങൾ
ഇളംവെയിലിലുണങ്ങുന്ന
പരുത്തിത്തുണി പോലെയാണ്.
ചുളിവുകൾ മാറി,
കരുത്തിലേയ്ക്ക് നടന്ന്,
വടിവൊത്ത എന്തിനെയൊക്കെയോ ഓർമ്മിപ്പിച്ച്,
വീണ്ടും,
ഇളംവെയിലിനും
മുങ്ങിമരണങ്ങൾക്കും വേണ്ടി കാത്തിരിക്കുന്ന,
പുനർജന്മത്തിന്റെ പശപശപ്പു വിടാത്ത
വഴുക്കുന്ന നിലം പോലെയും!

Friday, October 23, 2015

ഞാൻ മുറിവേൽക്കുന്ന പട്ടിയാണ്!

എന്റെ നരച്ച കണ്ണുകളിലൂടെയാണവർ കരുത്തരായത്,
പന്തമെടുത്തതും ചുട്ടുകൊല്ലുന്നതും,
പങ്കുപറ്റുന്നതും എന്നിലൂടെ തന്നെ. 
ഏതോ ഏകലവ്യന്റെ ഓർമ്മയിൽ,
ചൂണ്ടാനറിയാത്ത
ചുളിഞ്ഞവിരലുപോലെ ഞാനപ്പോൾ,
തള്ളയില്ലാത്ത ചൂണ്ടുവിരലിനെക്കൂടി ചിതയിലേയ്ക്കിട്ട
പേരില്ലാത്തൊരു ജീവിയായ്,
അവരിലൂടെ നടന്നു പോകുന്നു.
വേരില്ലാതെ മണ്ണിൽ മരിച്ചവരുടെ
പുസ്തകത്തിലെ,
ഇനിയും വായിക്കപ്പെടാത്ത
ഏതോ പുറങ്ങളിൽ,
മൂന്നാംലിംഗത്തിലേയ്ക്കുള്ള
പുളിപ്പിക്കുന്ന നോട്ടം പോലെ
അലഞ്ഞുതിരിഞ്ഞ്,
അളക്കപ്പെടാത്ത അതിരുകളിലൂടെ,
ആരുമാകാനാകാത്ത
എച്ചിലിന്റെ കഥ പോലെ,
എന്റെ നാട്ടിൽ ഞാൻ
ആരൊക്കെയോ ആയിപ്പോയിരിക്കുന്നു!
ഞാൻ, എന്റെ വിശപ്പിനെ കൊല്ലുന്നവരുടെ കൈകളിലാണ്,
ഞാൻ, എന്റെ  പേനയെ അറുത്തെടുക്കുന്നവരുടെ കൈകളിലാണ്,
ഞാൻ, എന്റെ പെണ്ണിനെ പിഴപ്പിക്കുന്നവരുടെ കൈകളിലാണ്,
ഞാൻ, എന്റെ ആണിന്റെ വീര്യം കെടുത്തുന്നവരുടെ കൈകളിലാണ്,
ഞാൻ, എന്റെ പിള്ളയെ ചുട്ടുകൊല്ലുന്നവരുടെ കൈകളിലാണ്,
ഞാൻ, എന്റെ തെരുവിനെ ചവച്ചു തുപ്പുന്നവരുടെ കൈകളിലാണ്,
ഞാൻ, എനിക്കു ചങ്ങലയിട്ട എന്റെ കൈകളിലാണ്,
എനിക്കു ഭ്രാന്താണോ?
ഞാൻ മുറിവേൽക്കുന്ന പട്ടിയാണോ?

Thursday, October 15, 2015

കോടതി'വിധി'

അവർ പറയുന്നു
വയസറിയിക്കാത്തവളിലും
വെറികളുണ്ടെന്ന്,
അരുംകൊലയേറ്റുവാങ്ങുന്ന
അടിവയറുകളിലും,
അടിമയുടെ ജീവനേൽക്കുന്ന
പെണ്‍മുഖം മറയ്ക്കാത്ത
കറുത്തതുണി കൊണ്ടു
കണ്ണുകെട്ടിയ കോടതിമുറിയിൽ,
കരുത്തുള്ളവന്റെ
കാൽക്കീഴിൽ,
നീ ബാലവേശ്യയെന്ന്!

പുതിയ 'വിധി'യിലും
പഴയ മഷി തന്നെ നിറഞ്ഞുതൂവട്ടെ!

ഏതു സുവിശേഷത്തിലാണ്

കന്യക ഒടിയൊളിക്കാത്ത
കഥകളുണ്ടായത്?
ഏതു കാലത്തിലാണ്
കഴുകുകൾ കൊത്താത്ത
ചുണ്ടുകൾ കൊണ്ടവൾക്കു
കാലത്തെ നോക്കി
ചിരിക്കുവാനായത്?
മരപ്പാണ് മനസ്സിൽ,
ജീവ(ശവത്തി)നില്ലാവില
നീയിട്ട നീലശവത്തിനു
വിപണിയെഴുതുമ്പോൾ!
നീതന്നെ അവളെയൊരു
കെടുവസ്ത്രമായ് കണ്ട്
അടിവേരിറക്കുവാൻ
ഉടുമുണ്ടുരിയുമ്പോൾ!
മാടിലും വിലയില്ലാ
ഇറച്ചികണക്കെ നീ,
കിടക്കകവലയിൽ
ലേലം വിളിക്കുമ്പോൾ!
ഇല്ല പറയുന്നില്ല പെണ്‍കഥ,
പിഴച്ച വേരിന്റെ
പിറവിയെപ്പെറ്റ
നിയമവരിയിലവളൊരു,
മലർക്കെ തുറന്ന
പെരുംവാതിലാം കഥ!

എന്നിട്ടും എന്തിനോ

നാൽക്കവല നടുവിലെ
നെടുംനാരി പോലെന്റെ
ഉള്ളിന്റെയുള്ളിലൊരു
നേരു കരയുന്നു,
പെണ്ണു പിറക്കുന്ന
പെണ്ണില്ലാക്കണ്ണിൽ,
മുലയറ്റ മുറിവിനി
ചാവിലും ചിതകെടാ
ദേഹങ്ങൾ മാത്രം!

Tuesday, October 13, 2015

ഏങ്ങൽ!

എന്റെ വേനലിന്
പെയ്തൊഴിയാതെ
പിണങ്ങിപ്പിരിഞ്ഞ

നിന്റെ മുഖമാണ്!

Monday, October 12, 2015

കാഞ്ചന!

ഓരോ കടലും
കാത്തിരുന്നു നീലിച്ച
പെണ്ണിന്റെ തീരത്തേയ്ക്ക്
പലായനം ചെയ്യട്ടെ!
ഓരോ പുഴയും
അവളുടെ കണ്ണീലൂടൊഴുകി
മോക്ഷമേൽക്കട്ടെ!

Thursday, October 8, 2015

ചുംബനത്തിനൊരു നിറമുണ്ട്.

പതിഞ്ഞുകിടക്കുന്ന
ചുണ്ടുകളിലേയ്ക്കു നോക്കിയാലറിയാം,
പരാജയപ്പെട്ടുപോയ
ഓരോ ചുംബനത്തിന്റേയും നിറം! 
(ചിത്രം : http://www.claudiam.com/Paintings/DetailPages/DetailMotherChildAbstract.htm)

Wednesday, October 7, 2015

മഴരാത്രികൾ.

പാവമമ്മ,
ചോരുന്ന ഓലപ്പുരയിൽ
ഒഴിയാ മഴകളെ പ്രാകി,
കുഞ്ഞിക്കൈകളെ
രാവി ചൂടാക്കുന്ന,
വിശപ്പിന്റെ
മഴരാത്രിയെന്തേ,
ഓർമ്മപ്പരപ്പിൽ
സതിയനുഷ്ഠിക്കാതിന്നും
തെളിഞ്ഞുകിടപ്പൂ?

Monday, October 5, 2015

ചേറ് നോക്കാതെ ചോറുതന്നവനോട്‌.

തിരിഞ്ഞുനടക്കുന്നവന്റെ
ആകാശത്ത്‌
വിപ്ലവമുണ്ടാവില്ല,
വീര്യംകെട്ട കണ്ണുകളുടെ
വിക്കലിൽ,
നിന്റെ ശബ്ദത്തോളം
ഉയർച്ചയും.
തെരുവുകൾ
നിരാലംബരെക്കൊണ്ടു
നിറഞ്ഞിരിക്കുന്നു.
ഭക്ഷിച്ചതു ഛർദ്ദിച്ച മനുഷ്യർ,

പട്ടിണിക്കിട്ട
കടുവയെപ്പോലെ,
വീര്യംകെട്ട പല്ലുകളുമായി
തെരുവിനെ കടിച്ചുകീറുന്നു.
സഖാവേ,
മനുഷ്യനെ സ്നേഹിക്കുന്നവന്റെ
മുറിഞ്ഞുകത്തുന്ന

ഇൻക്വിലാബുകളിൽ,
മുറിവേറ്റ മനസ്സുമായി

ഞങ്ങളിറങ്ങി നടക്കട്ടെ.
വിവേചനങ്ങൾക്കപ്പുറം
വിശക്കുന്നവന്റെ മൂടുപടം
നമുക്ക് പടച്ചട്ടയാക്കാം!

Saturday, October 3, 2015

മനോരോഗിയിലെ ഒൻപത് മുറിവുകൾ.

മനോരോഗിയുടെ വാതിലിന്,
ആയിരം വരികളെഴുതി
ആരാലും വായിക്കപ്പെടാത്ത
മഞ്ഞിച്ച പുറംചട്ടയുടെ ഗന്ധമാണ്.


മനോരോഗിയുടെ നാവിൽ,

മധുരമുണ്ടായിരുന്നിട്ടും
പുളിച്ചു പോയ
ഇന്നലെകളുടെ
പറഞ്ഞു ഫലിപ്പിക്കാനാവാത്ത
രുചിയാണ്.

മനോരോഗിയുടെ കണ്ണുകൾ,

വാതിലിനപ്പുറം
വലിച്ചു വാരിയിട്ട ലോകത്തെ,
നാലുചുമരുകളുടെ ചാലുവെട്ടി,
അദൃശ്യമായ അഴികളിലൂടെ
മാത്രം നോക്കുന്നവയാണ്.
 
മനോരോഗിയുടെ കൈകൾ,
കാലം കൊണ്ടു ക്ലാവു പിടിച്ച
ഒട്ടുപാത്രത്തിന്റെ
പച്ചയാണ്.

മനോരോഗിയുടെ കാലുകൾ,

നാളെയും കണ്ടേക്കാവുന്ന
ഭ്രാന്തൻ സ്വപ്നത്തിന്റെ,
നടക്കാനാകാത്ത
സ്മാരകം പോലെ,
ഇരുമ്പു കട്ടിലിനോടു
ചേർത്തു കെട്ടിയ
വേദനയില്ലാത്തൊരു
പഴയ മുറിവാണ്.

മനോരോഗിയുടെ തൊലി,

പുതിയ ലേപനങ്ങളെ ഭയക്കുന്ന
ഇരുട്ടുമുറിയിലെ തിരിപോലെ
മങ്ങിയതാണ്.

മനോരോഗിയുടെ മനസ്സ്,

ആകാശം കാണാതെ
പെറ്റുപെരുകുന്ന
ആയിരം വികാരങ്ങളെഴുതിയ
മഷിപതിയാ കത്തിലെ
ഒറ്റ വരിയാണ്.

മനോരോഗിയുടെ പകലുകൾ,

ഒടുങ്ങാത്ത രാത്രികളിലേയ്ക്കു
മരിച്ചു മടങ്ങുന്ന സൂര്യന്റെ
പറഞ്ഞിട്ടു പോകാത്ത
ഓർമ്മത്തികട്ടലുകളുടെ
വിളറിവെളുത്ത ചുവപ്പാണ്.

മനോരോഗിയുടെ രാത്രികൾ,

വിഷാദം പൂക്കുന്ന
മുരിക്കുകളിലെ മുള്ളുകൊള്ളാ-
നുദിക്കുന്ന നിലാവിന്റെ
നീലയാണ്.

മനസ്സിലേയ്ക്ക്,

മരുന്നിട്ടു മായ്ക്കാനാവാത്ത
ചിത്രം വരച്ച്,
ഒരു മനുഷ്യൻ കൂടി
ചിരഞ്ജീവിയാകുന്നു.
ഓർമ്മകളുടെ മാലചാർത്തി
നെഞ്ചിലെ ഉടയാചുമരിലേയ്ക്ക്
ഒരു നിഴൽ കൂടി
നടന്നു കയറുന്നു.


(കടപ്പാട് : 'പത്താം നിലയിലെ തീവണ്ടി' എന്ന ചലച്ചിത്രത്തെക്കുറിച്ചു കണ്ട ടോക് ഷോയോട്)