Monday, November 16, 2015

സ്നേഹത്തറയിലെ ഒന്നാം ക്ലാസുകാർ.

ഇന്നവളെന്നോട് പറഞ്ഞു
സ്നേഹത്തെക്കുറിച്ച് സംസാരിക്കാൻ,
നടന്ന വഴികളിലൊക്കെ
വാറുപൊട്ടിയ ചെരുപ്പുപോലെ
കൂടെവന്ന സ്നേഹത്തെക്കുറിച്ച്
ഒരു നീണ്ട നെടുവീർപ്പിനപ്പുറം
ഞാനെന്തു പറയാൻ?
പകരമില്ലാത്ത
പഴന്തുണികൾ പോലെ
നെഞ്ചിലെ അയയിലിന്നും
ഈറനിറ്റാതെ കിടക്കുന്ന 
ചില സ്നേഹപ്പുതപ്പുകളുണ്ട്,
മനസ്സിൽ,
മരുപ്പച്ച തന്നു
നടക്കാനിറങ്ങുന്ന
ചിലമുഖങ്ങളും,
ഓർമ്മകളുടെ മേഘമൽഹാറുപാടി
കാത്തിരിപ്പിന്റെ പടവുകളിലെ
പായൽവഴുക്കുകളെ മിനുക്കി
ഇടയ്ക്കിടെ, മറക്കാതിരിക്കാൻ
ഏതോ ചാറ്റൽമഴയിലേയ്ക്കെന്നെ
തള്ളിയിട്ടു ചിരിയ്ക്കുന്ന,
തകർത്തു പെയ്യുന്ന,
സ്നേഹച്ചൂടിന്റെ ചെറുമഴകളും,
അവരെക്കുറിച്ചു പറയട്ടെ
ഞാൻ നിന്നോട്..
ആ കുളിരുള്ള ചൂടിനെപ്പറ്റി..
ഒന്നാം ക്ലാസിലെ തറയോടു തറയിൽ
പനയുടെ പടം വരച്ചു,
മണ്ണിട്ടു,
വെള്ളമൊഴിച്ചതിനു കിട്ടിയ
ചൂരൽക്കഷായത്തിന്റെ
ചൂടിനെപ്പറ്റി.. 
വെള്ളക്ക കുത്തിനിറച്ച
തുണിസഞ്ചിഭാരം പകുത്ത
രണ്ടുകുഞ്ഞിക്കൈകൾ
ചുവന്നുതുടുത്ത ചൂടിനെപ്പറ്റി..
കടലാസ്സുകീറി കളിപ്പാവ മെനഞ്ഞ
കുരുത്തക്കേടിന്റെ ചൂടിനെപ്പറ്റി..
*മുന്തിരിക്കളികളുടെ വട്ടം വെട്ടിച്ച്
കണ്ണുകൊണ്ട് നിറങ്ങൾ കൈമാറിയ
കുസൃതിക്കാലത്തിന്റെ ചൂടിനെപ്പറ്റി..
കഥകൾ കൂട്ടി
കൂട്ടരെപ്പറ്റിച്ച
മധുരമുള്ള കളവുകളുടെ
മധുരിച്ച ചൂടിനെപ്പറ്റി..
കഞ്ഞിപ്പാത്രം വയറോടടുപ്പിച്ചു
ചുണ്ടുപൊള്ളിച്ച
വിശപ്പിന്റെ ചൂടിനെപ്പറ്റി..
കണ്ടിട്ടും കാണാതിരുന്ന
ചെറുപിണക്കങ്ങളിൽ
ചിറകുമുറിഞ്ഞ
ആകാശമില്ലാ ചൂടിനെപ്പറ്റി..
സമയം കളഞ്ഞുപോയ
കുറ്റിപെൻസിലുകളുടെ
കവിളിലൂടൊഴുകുന്ന
കാലമെഴുതിയ ചൂടിനെപ്പറ്റി..
മഷിപ്പച്ച മായ്ക്കാത്ത
കൈമുറുക്കങ്ങളിലൊളിച്ച,
സ്നേഹത്തിന്റെ
സ്നേഹിച്ചുതീരാത്ത ചൂടിനെപ്പറ്റി.. 
ഇന്ന്,
വാക്കുകളില്ലാതെ
ഏതോ അകലത്തിൽ
പരിചയം പുതച്ചിരിക്കുന്ന
രണ്ടു കൂട്ടുകാരികളുടെ
ഹൃദയച്ചൂടിനെപ്പറ്റി..








(*വട്ടത്തിലിരുന്നുള്ള ഒരുതരം കളി)

4 comments:

  1. "കാത്തിരിപ്പിന്റെ പടവുകളിലെ
    പായൽവഴുക്കുകളെ മിനുക്കി
    ഇടയ്ക്കിടെ, മറക്കാതിരിക്കാൻ
    ഏതോ ചാറ്റൽമഴയിലേയ്ക്കെന്നെ
    തള്ളിയിട്ടു ചിരിയ്ക്കുന്ന,
    തകർത്തു പെയ്യുന്ന,
    സ്നേഹച്ചൂടിന്റെ ചെറുമഴകളും, "

    പഴകും തോറും വീര്യം കൂടുന്ന വീഞ്ഞ് പോലെയാണ് ,ചിലപ്പോളൊക്കെ പല ഓര്‍മ്മകളും...ആ പഴയ ക്ലാസ് മുറികളും കൂട്ടുകാരും കാലവും ഒക്കെ ഓര്‍മമ ചെപ്പിലെവിടെയോക്കെയോ കൂട് കൂട്ടുകയും ,പറഞ്ഞു മുഴുമിപ്പിക്കാനാവത്ത തിരിച്ചു പോവാനാവാത്ത്ത സ്നേഹത്തിന്റെ ചൂടും ചൂരും ആയി അവശേഷിക്കുകയും ചെയ്യും...

    ReplyDelete
    Replies
    1. ശരിയാണ് സുഹൃത്തേ.. നാമൊക്കെ ഓർമ്മകളുടെ വീഞ്ഞുകുടിച്ച് ഉന്മത്തരാവുകയാണ്..
      നന്ദി.. :)

      Delete

Your comments here