Tuesday, November 3, 2015

പേരിടാത്ത കവിതകൾ.

1
പിറക്കാത്ത ഓരോ വരിയും
പഴയ അലമാരയിലെ
വായിക്കപ്പെടാത്ത നിരയിലേക്കു
നടന്നു പോകുന്നതുകണ്ട്, 
ഒളിച്ചിരുന്നു
കഥാപുസ്തകം വായിക്കുന്നവളെ
കണ്ടുകിട്ടാനൊരു
പരസ്യം കൊടുത്തു!


2
ചില തെരുവുകളിൽ
മുലയൂട്ടുന്ന അമ്മമാരെ കാണാം,
തന്റേതല്ലാത്ത കാരണത്താൽ
പിറന്നവർക്ക്,
തന്നിൽ നിന്നു പകുത്തുകൊടുത്ത്
പട്ടിണിയിരിക്കുന്നവർ!


3
കാടുകരിയുന്ന
മണം തേടിയാണ്
കവലയിലേക്കിറങ്ങിയത്,
കുടലുകരിയുന്ന മണമുള്ള

രണ്ടുകൈകൾ കണ്ടാണ്‌
തിരിഞ്ഞു നടന്നത്!


4
പറഞ്ഞു പറഞ്ഞ്
ദൈവം മനുഷ്യനാവുകയും,
പറഞ്ഞതിലൊക്കെ മതിലുകെട്ടി
മനുഷ്യൻ ദൈവമാവുകയും
ചെയ്യുന്ന കാലം!

5
ജീവിതമൊടുക്കാനൊരു
കയറുതേടി കടയിലേയ്ക്ക്,

ജീവിതം നടത്താനൊരു
കയറു വിൽപ്പന കണ്ട്

തിരിഞ്ഞോട്ടം!

6
പേരില്ലെന്നു പറഞ്ഞു
പേരെടുക്കാനൊരു

യാത്രകഴിഞ്ഞു വന്നുകയറുമ്പോൾ
വിളിക്കപ്പെടുന്ന
ആയിരം പേരുകൾ!
മനുഷ്യർ മുക്കാലും സംശയ രോഗികളാണ്.
 


7
പാറമുകളിൽ നിന്നു
താഴേക്കു നോക്കുമ്പോൾ
ഒരുശവകുടീരം കാണാം,
ചിറകുമുറിഞ്ഞ തുമ്പികളെ
അടക്കം ചെയ്ത
കണ്ണീരില്ലാത്ത കരിമ്പാറ പോലെ!

8
എന്റെ പ്രേമം
പ്രേമിച്ചുതീരാത്ത
മാവിലയോടും
മഞ്ചാടിയോടും!


9
പ്രിയപ്പെട്ടതു പകുത്തു തന്ന്
ഞാൻ കൂട്ടുകാരിയായപ്പോൾ,
പ്രിയപ്പെട്ടതു മുഴുവൻ തന്ന്
അവൾ പ്രിയപ്പെട്ട കൂട്ടുകാരിയായി! 

10
സബർമ്മതീ,
രക്തച്ചൊരിച്ചിലിനൊടുവിൽ
പതിയെത്താതെ വൈധവ്യമുടുത്ത
പെണ്ണിന്റെ മുഖമാണു നിനക്ക്! 

11
നിന്നിലേക്കു ഞാനെന്ന് പറഞ്ഞ്
മഞ്ഞെന്തിനിങ്ങനെ
വേനലുപോലുരുകുന്നു!


12
നമ്മുടെ കണ്ണുകളിൽ കൂടി,
നമ്മുടെ കവിളുകളിൽ കൂടി,
നാമറിയാതെ പെയ്തതത്രേ മഴ! 

13
വരിയില്ലാത്ത വരകളുമായി 
കടന്നു വരുന്നവനേ,
വാക്കില്ലാത്ത കവിതകളുമായി

ഞാൻ കാത്തിരിക്കുന്നു,
നമുക്ക് നിറങ്ങളില്ലാത്ത
ചിത്രങ്ങൾ വരയ്ക്കാം!

4 comments:

  1. ജീവിതമൊടുക്കാനൊരു
    കയറു തേടി കടയിലേയ്ക്ക്,
    ജീവിതം നടത്താനൊരു
    കയറു വിൽപ്പന കണ്ട്
    തിരിഞ്ഞോട്ടം!

    ഒരുപാട് ഇഷ്ടപ്പെട്ടു

    ReplyDelete
    Replies
    1. ഒരുപാട് നന്ദി സുഹാസ്.. :)

      Delete
  2. "നമ്മുടെ കണ്ണുകളിൽ കൂടി,
    നമ്മുടെ കവിളുകളിൽ കൂടി,
    നാമറിയാതെ പെയ്തതത്രേ മഴ!"



    വളരെ മനോഹരം ഈ ചിന്തകൾ... എന്റെ ആശംസകൾ

    ReplyDelete
    Replies
    1. നന്ദി സുഹൃത്തേ.. :)

      Delete

Your comments here