Tuesday, September 27, 2016

പറുദീസയിലേയ്ക്കിറങ്ങിപ്പോയ രണ്ടുപേർ.

പ്രേമത്തോടെ
എന്നെ പാനം ചെയ്യുന്നവനേ,
ഈ കാത്തിരിപ്പിനൊടുവിൽ
എതുകാരണങ്ങളുടെ കുരിശിലാണ്
നീ തറയ്ക്കപ്പെടുന്നത്?
ഏതു മൗനത്തിന്റെ മുൾക്കിരീടത്തിലാണ്
നീ വായിക്കപ്പെടുന്നത്?
നിന്റെ നോട്ടം
എന്റെ കണ്ണിൽ തറഞ്ഞ മുള്ളാകുന്നു.
വിയർത്തു വേദനിക്കുമ്പോൾ
സ്നേഹത്തിന്റെ അപ്പം വച്ചുനീട്ടുന്ന
അവസാനത്തെ കഴുമരത്തിലേയ്ക്ക് 
നമുക്കിറങ്ങി നടക്കാം.
ഏദനിൽ,
ആപ്പിളുകൾ പൂക്കുന്ന തോട്ടത്തിനരികിൽ,
പലനിറമുള്ള ചെമ്പരത്തികൾ നട്ട്,
കിളിയും പാമ്പും വന്നവിടമാകെ
കാടാകുന്നതുവരെ,
കാത്തിരിപ്പിന്റെ പച്ചപ്പിലുറങ്ങാം.
കുളിരുകളുടെ ചെറുതേൻ കുടി-
ച്ചിണക്കുരുവികളെപ്പോലെ,
കളവുപറയുന്ന കാറ്റുമായ്ക്കൂടി
ലഹരികൾ രുചിക്കാം.
ആകാശച്ചെരുവിലെ അരുവിയിൽ കുളിച്ച്
ആത്മാവുകുതിരുമ്പോൾ,
ദേഹം വിശക്കുമ്പോൾ,
ഹൃദയം വിളമ്പുന്ന വിരുന്നുകാരാകാം.

നിന്റെ കൈപിടിക്കുമ്പോൾ മാത്രം
ഓർമ്മകൾ ഇലകൊഴിക്കുന്നൊരു മരമായ്,
ഇനിയും പൊഴിഞ്ഞുതീരാത്ത
പ്രേമത്തിൻ നൂലുപൊന്തിയ
കമ്പിളിയും പിഴിഞ്ഞുണക്കി ഞാൻ.

പാതിമുറിഞ്ഞ കണ്ണീരിനി
മണ്ണിലെന്റെ വിരഹം
വരച്ചിടുന്ന രാത്രിയിൽ,
ഉമ്മകൾ വീണ നെറുകുകൾ തുടച്ച്
ദേവാലയങ്ങളടഞ്ഞ വഴിയിൽ,
ഒരുവട്ടം കൂടി
പ്രേമം നഷ്ടപ്പെടാത്തവരായ്
നമുക്ക് പുനർജനിക്കണം.
കടുംചുവപ്പുള്ള ചെമ്പരത്തികൾ കൊണ്ട്
അന്നും നീ എന്റെ കഴുത്തിൽ ചുംബിക്കുമെന്നെനിക്കറിയാം!

എന്നെ വരിഞ്ഞുകൊണ്ടുള്ള
നിന്റെ മോഹങ്ങളുടെ പറുദീസയിൽ,
കടൽമേശയ്ക്കിരുപുറമിരിക്കുന്ന
നമ്മുടെ കണ്ണുകളിലെ
മഷിയുണങ്ങാത്തൊരിടവേളയാകട്ടെ
ഇനിയുള്ള ഓരോ ഇറങ്ങിപ്പോക്കും!
(ചിത്രം ഇവിടെ നിന്ന് : http://canvaspainting4less.com/category/abstracts-and-modern-art/ )

Monday, September 26, 2016

അമ്മക്കുള്ളിലെ അപ്പൂപ്പൻതാടികൾ.

ഉടലിലെവിടെയോ മഴപെയ്യുന്ന നേരത്ത്
ഉദരത്തിലുണരുന്ന കുഞ്ഞുമ്മകൾ,
ഉള്ളുപൂക്കുമ്പോൾ മാത്രം
കാറ്റോളം പറന്നപ്പൂപ്പൻ താടിയായ്
അമ്മയാകുന്നവൾക്കുള്ളിലെ കുഞ്ഞുപെണ്ണ്!
(ചിത്രം ഇവിടെ നിന്ന്: https://www.pinterest.com/mazelannie/femmes-maternit%C3%A9/ )

Monday, September 19, 2016

നീ വരികൾ.

     -1- 
നീ മരമാവേ
ഞാൻ വേരായി.
നീ മണമാവേ
ഞാൻ ഇലയായി.
ഇരുവസന്തങ്ങൾ തേടി ഒരുമരം,
ഇലപൊഴിച്ചുന്മത്തരായ് നാമിരുപേർ!

     -2-

നീ നിഴലാകുമ്പോൾ മാത്രം
നിറംവയ്ക്കുന്നെന്റെ ഉള്ളുമ്മകൾ.
നീ നനവാകുമ്പോൾ മാത്രം
നാണമെറിയുന്നെന്റെ കണ്ണിണകൾ.
നിന്റെ നെഞ്ചിൽ
എന്റെ കടൽ തിളയ്ക്കുന്നുണ്ട്.
ചുവന്ന പൂക്കളെത്തേടി ഒരുമരം
ഇനിയുമെന്റെ ചുണ്ടിലിരുപ്പാണ്,
വേനലുംകൊണ്ട് നീ വരുവോളം!

     -3-

വസന്തങ്ങൾ വന്നുപോകുമ്പോൾ
നീ ശലഭവും
ഞാൻ ആകാശവുമാകുന്നതിനെക്കുറിച്ച്
നീ എന്തുപറയുന്നു?

     -4-

പാതികൂമ്പിയ നിന്റെ കണ്ണുകളിലെവിടെയോ
എന്റെ പകൽ ചായുന്നുണ്ട്,
രാവേറെ കഥകൾ പറയാൻ..

     -5-

നീ എന്റെ മുടിയിഴയിലൊളിക്കുന്ന മുഖം.
ഞാൻ
നിന്റെ ശ്വാസമേറ്റേറെപ്പൂത്തുപോയൊരു
പൂമരം!

     -6-

കടലസ്തമിക്കുന്നിടത്താണ്
നീയുദിക്കുന്നത്.
നിലാവുകൊണ്ടെന്നെ പുതപ്പിക്കുന്ന
നിന്റെ വിരുന്നുതേടി,
ഞാനൊരു തിരയാകുന്നിടം!

     -7-

രാവണഞ്ഞിട്ടും
മരം നനഞ്ഞിട്ടും
പെയ്തുതോരാതെ നമ്മൾ,
പ്രണയിച്ചുതീരാത്ത നമ്മൾ!

     -8-

നീ നൃത്തം ചെയ്യുമ്പോൾ
അലങ്കാരങ്ങൾ അഴിച്ചുവച്ച്
എന്റെ ശരീരമിതാ സ്നേഹം വിളമ്പുന്നു,

ആത്മാവിലെ എരിവുകൊണ്ടു നാം
മുറിപ്പെടുന്നു!

     -9-

നിന്റെ വിരൽ ചുവന്നെന്റെ
ഹൃദയത്തിലേയ്‌ക്കൊരു തുള്ളി.
സ്നേഹം വിയർത്തെന്റെ
വറ്റുപാത്രത്തിലൊരു പരൽ.
നാമിറ്റിയ ഭ്രാന്തുകളുടെ രുചി പകുക്കുമ്പോൾ,
പ്രിയപ്പെട്ടവനേ,
നീ എനിയ്ക്കുപ്പാകുന്നു!

(ചിത്രം ഇവിടെ നിന്ന് : https://mixedmediaartistsinternational.blogspot.in/2011_07_01_archive.html )

Friday, September 16, 2016

തലകീഴായ ചിന്തകൾ.

സന്ധ്യക്ക്‌ കൂടണയുന്ന ഓരോ കാക്കയിലും
തെരുവിന്റെ മണം..
വെളുപ്പിനേ പൂക്കുന്ന കുറ്റിമുല്ലകൾക്കിടയിൽ കാട്ടുതീ..
വരണ്ട നാവുകൊണ്ട്
ഭൂമിയെ ഉമ്മവക്കുന്ന ആകാശം..
പൊളിഞ്ഞുവീഴാറായ ദേവാലയത്തിലെ പ്രാർത്ഥന പോലെ
ഇടയ്ക്കിടെ മണ്ണിലേയ്ക്ക് ഓടിവരുന്ന
തലകീഴായ മെഴുകുതിരികൾ..
മറിഞ്ഞുവീഴുന്ന ഓർമ്മകളിലിരുന്ന്
കുറുകുന്ന പ്രാവുകളുടെ ഓരോ ചോദ്യവും
ഉത്തരമില്ലാത്ത ആർക്കൊപ്പമൊക്കെയൊ ഓടിപ്പോകുന്നു..

ഭൂമി

പച്ചമരങ്ങളുടെ വേരുകൾ കൊണ്ട്
ആഴത്തിൽ മുറിവേറ്റ പാടുകളെ തടവി
പകലസ്തമിക്കാൻ കാത്തിരിക്കുന്നു,
രാത്രികൾ പിറക്കുന്നു..
ഓരോ രാത്രിയും
ഒരു ഏറ്റുപറച്ചിലാണ്,
അവനവനിലേക്കു മടങ്ങുന്ന
കുമ്പസാരങ്ങളിലേയ്ക്കൊരു രഹസ്യവാതിൽ..
ഓരോ വേനലും ഒരു മറഞ്ഞുപോക്കാണ്,
നിലതെറ്റിയ ഓർമ്മഭാണ്ഡങ്ങളിലേ-
യ്ക്കൊരുതരം ഒളിച്ചുപോക്ക്,
വരാനിരിക്കുന്ന മഴത്തണുപ്പിലേയ്ക്കൊരു പലായനം..

ഓർമ്മകൾക്ക്

ചിലപ്പോഴൊക്കെ
ഇലകൊഴിക്കുന്ന മരങ്ങളുടെ മുഖമാണ്,
മരണം തണുക്കുന്ന മഞ്ഞുമണവും,
അവിടെവിടെയാണ് കൊഴിയാതൊരു ചെമ്പകം
ലഹരികൊണ്ടു നിന്റെ
പുറംകഴുത്തിലേയ്ക്ക്
അമർത്തിയുള്ള ചുംബനങ്ങളെറിയുക?
ചുണ്ടെരിഞ്ഞുകൊണ്ട് ഹൃദയങ്ങൾ ചുവക്കുക?

ഒടുവിലൊരു കടൽത്തീരം..

മഷിതെറിച്ച മുഖം തുടക്കാതെ
തീരത്തു വെറുതേയിരിക്കുന്ന ഞാൻ,
ഒരു കാറ്റകലത്തിൽ
നിശബ്ദതകൊണ്ടെു യുദ്ധം ചെയ്യുന്ന നീ..
കണ്ണീരിനേക്കാൾ ഉപ്പുള്ള വിയർപ്പുതുള്ളികൾ തുടച്ച്
സ്നേഹത്തെക്കുറിച്ച് ആവേശം കൊള്ളുന്ന നിന്നോട്,
വരണ്ടുകിടക്കുന്ന ശരീരം കൊണ്ട് കഥപറയുന്ന
പെണ്ണിനെപ്പോലെ കടലിനി
നമുക്കിടയിലെ ദൂരമളക്കുന്നതെങ്ങിനെയാവും?

Tuesday, September 13, 2016

പ്രവചനം.

ദിവസങ്ങൾ
കാലാവസ്ഥ പോലെയാണ്,
മഴ പെയ്യാനും
പെയ്യാതിരിക്കാനും

ഏറെ സാധ്യതകൾ!
 (ചിത്രം ഇവിടെ നിന്ന്: http://borda.deviantart.com/art/Will-I-be-Forever-Alone-oil-painting-349124211 )

Monday, September 5, 2016

കൊത്തുകൊള്ളുന്ന ഹൃദയങ്ങൾ.

ആൾമറയില്ലാത്ത
ഓർമ്മക്കൊത്തുകൾ കൊണ്ട്
നീലിച്ചുപോയൊരാകാശമുണ്ട്

നിന്റെ ഹൃദയത്തിൽ!
 (ചിത്രം ഇവിടെ നിന്ന് : http://marilynbokartist.com/index.php/about-artist/ )

കാടിറക്കങ്ങൾ.

രാത്രിമരങ്ങളുടെ ചില്ലകൾ
ഇരുട്ടുചുറ്റി മടുത്ത ആകാശത്തെ ഓർമ്മിപ്പിച്ചു.
കടവാവലൊച്ച,
കാലം കൊത്തിയെടുത്ത യക്ഷികഥകൾ തുപ്പിയ
മുത്തശ്ശിച്ചുണ്ടുകളെ.
ഇന്നലെയും
കരിമ്പനച്ചോട്ടിലവൾ കാത്തുനിന്നെങ്കിലും
അവൻ വന്നില്ല!
ഉന്മാദം തിന്ന കണ്ണുകളുമായി
കഥയിറങ്ങുമ്പോൾ,
നാവിലാകെ ചുണ്ണാമ്പുതേച്ചു മിനുക്കിയ

മധുരവെറ്റകളുടെ ചുവപ്പേറുന്നു.
ഇരുട്ടിൽ സംഭവിക്കുന്നത്
പകൽ പറച്ചിലുകളുടെ
വരച്ചിടീൽ മാത്രം.
ചിലയോർമ്മകൾ
ഇന്നും
കാവിലെ പനമുകളിലിരുപ്പാണ്!


സ്നേഹവാർഷികങ്ങൾ.

പരസ്പരമകപ്പെടുന്നതിലൊരു
സ്വാതന്ത്ര്യമുണ്ട്.
നീ ഞാനാകുന്നതിലും
ഞാനുരുകി നീ പിറക്കുന്നതിലും
പറയപ്പെടാത്തൊരു വാക്കിന്റെ
വീഞ്ഞ് പതയുന്നുണ്ട്.
സ്നേഹത്തിന്റെ പുളിപ്പ്
ഉദാസീനമായി ലഹരി നുണയുന്ന ഹൃദയത്തോളം
വിശാലമാകുമ്പോൾ,
നീ എന്റെ ചെമ്പകച്ചോടും
ഞാനതിന്റെ കടുംമണവുമാവാതിരിക്കുന്നതെങ്ങിനെ!

(ചിത്രം ഇവിടെ നിന്ന് : https://www.pinterest.com/pin/372321094167490795/ )

Tuesday, August 30, 2016

ഒരേ കഥ.

        -1-
എന്റെ നിലവിളി വീണ
മൺചുമരന്നു നനഞ്ഞ മഴ,
നിന്റെ വേനലിൽ കുതിർന്ന
പുതുമണം തേവി
വിയർത്തൊട്ടി
വിരുന്നെത്തിയൊരു പ്രണയം,
ഉള്ളടങ്ങാത്ത രാത്രിപ്പുതപ്പുകളിൽ
നെടുവീർപ്പിടുന്ന രണ്ടു മനുഷ്യരും!

        -2-

ഞാനുറങ്ങുന്ന നിന്റെ ഉള്ളംകൈകൾ
പ്രണയംകൊണ്ടെന്തിനിങ്ങനെ വിവശമാകുന്നു?
വഴുതിപ്പോകുന്ന ഓരോ പകലും
നിന്നിലേക്കുമടങ്ങുന്ന എന്നെ
രാത്രികൊണ്ടടയാളപ്പെടുത്തുന്നു,
ഓരോ ഋതുവും 
നിന്നെ നുകർന്ന് ലഹരികൊള്ളുന്നു! 
;
(ചിത്രം ഇവിടെ നിന്ന് : https://in.pinterest.com/pin/175570085449924105/ )

Sunday, August 28, 2016

ചിലപ്പോഴൊക്കെ.

നീയുദിക്കും മുൻപേ
അസ്തമിച്ചു പോയൊരു വെറുപ്പിന്റെ കഥയെ
സ്നേഹം പുരട്ടി ഞാൻ
പഴയകാലമെന്നു വിളിക്കട്ടെ.
വീട്ടാകടങ്ങളുടെ വിയർപ്പിറങ്ങി
ചവർക്കുന്നോരോർമ്മപ്പാടത്തെ
നോക്കുകുത്തിയാവാനാണെനിക്കിഷ്ടം
ചിലപ്പോഴൊക്കെ..


ചുമലേറ്റങ്ങൾ.

പാതിയെങ്കിലും
പകുത്ത ചുമലിന്റെ ഭാരം,
പാതയോരത്ത്
പാതിയിടറി നീയും...
പേറുന്നു നിന്നെ ഞാനെന്റെ
ഹൃദയം കനക്കുന്ന ഓർമ്മയോരത്തെങ്ങോ
മണ്ണുപറ്റി മരണം തണുക്കുന്ന നേരം,
നീല ഞരമ്പുകൾ ചുവക്കുന്ന കാലം വരേക്കും!!

(ചിത്രം വരച്ചത് : നിപിൻ നാരായൺ)

Wednesday, August 24, 2016

മഴയിടം.

മഴയുണ്ടോ അവിടെ?
പകൽച്ചൂരിൽ
ഉഷ്‌ണത്തിന്റെ ഇലത്തോപ്പുകളെ
ഓർമ്മയുടെ വിയർപ്പുമണം കൊണ്ടുമൂടുന്ന
നിന്റെ തോളോടു ചേർന്ന്
ഇന്നും മഴയുണ്ടോ അവിടെ?

Monday, July 18, 2016

വിരുന്നു വരുന്ന വെളിച്ചങ്ങൾ.

വിചിത്രമാണത്
സ്നേഹത്തിന്റെ വള്ളികൾ കൊണ്ട്
വരിഞ്ഞുകെട്ടുമ്പോൾ
ഹൃദയം വിങ്ങിയൊരു മഴ പെയ്തുതോരുന്നത്!

Thursday, July 14, 2016

ശിശിരങ്ങൾ.

ചിലനേരങ്ങൾ
മതിവരാത്ത തോണിയാത്രയുടെ തണുപ്പുപോലെയും
ഇഷ്ടം നിറച്ച നോട്ടങ്ങളുടെ ഭാഷപോലെയും
നിന്റെ ചുവന്ന ചായക്കൂട്ടുനിറച്ചെന്റെ
പ്രേമത്തിന്റെ കൊക്കുകളെ ചുവപ്പിക്കുന്നു!

കുന്തിരിക്കങ്ങൾ പുകയുന്നത്
നിലാവുള്ള രാത്രികളിലാണെന്ന്.
പൂർണ്ണചന്ദ്രൻ അതിന്റെ അടയാളങ്ങളെ
പൂഴ്ത്തിവച്ചു പാടുന്ന രാത്രിപ്പാട്ടുകൾ
നിന്റെ ഉള്ളുനിറയെ കോരിയൊഴിച്ച്
എന്നിലെ അവസാനമഴയും പെയ്തുതോരട്ടെ!

നിശബ്ദതയിലേയ്ക്കു നടക്കുന്ന ദൂരത്തിൽ
നീയിനിയും
പ്രേമത്തിന്റെ വിരലുകൾ കൊണ്ടെന്നെ
അളന്നുകൊള്ളൂ.
നാം
ഒരു മഴയകലത്തിൽ
ഓർമ്മച്ചോട്ടിൽ
പെയ്യുന്ന കവിതയാകട്ടെ,
നിന്റെ ഏകാന്തതയുടെ തണലിലേയ്ക്ക്
എന്റെ ഹൃദയപ്പച്ചകൾ ഇലകൊഴിക്കട്ടെ...
 (ചിത്രം ഇവിടെ നിന്ന് : http://www.borongaja.com/648000-rainy-day-in-the-autumn.html )

Friday, July 1, 2016

ഇറങ്ങിപ്പോകുന്ന യൗവ്വനങ്ങൾ പോലെ എന്തോ ഒന്ന്..

വറ്റിപ്പോയ പുഴ
വറുതിയിലെ മഴ
വിരഹം കൊണ്ടുപൂക്കുന്നൊരോർമ്മ
നീ ചിലപ്പോഴൊക്കെ
എന്നെ ആലിംഗനം ചെയ്തു മുറിവേൽപ്പിക്കുന്ന നിശബ്ദത!

ദാഹിക്കുന്ന ധൂർത്തുകൾ
നമുക്കിടയിലിറങ്ങിപ്പോകുന്ന  യൗവ്വനങ്ങൾ പോലെ
ഹൃദയത്തിലേക്കു വരക്കുന്ന ചില കുത്തിവരകൾ.

മുറിവേറ്റു തീക്ഷ്ണമാകുന്ന
സ്നേഹത്തിന്റെ മറുഭാഷ കൊണ്ട്
നീയും ഞാനും നിറമില്ലാത്ത നിഴലുകളാകുന്നു.

നീയൊരുങ്ങുന്ന കാട്,
ഞാനൊളിക്കുന്ന ഉണക്കില വീട്,
മഴച്ചാറ്റലിൽ
ചായ്പിലൊതുങ്ങുന്ന പകൽ
നമുക്ക് നെയ്തുതന്ന
കിന്നാരങ്ങളുടെ കറുത്തപാട്ട്.

ലിപിയില്ലാത്ത നോട്ടങ്ങളുടെ

ചൂടുപകർന്ന നിന്നോട്,
തോണിയില്ലാത്ത കടത്തുകാരനെപ്പോലെ
ഞാൻ വിധേയനായിരുന്നു,
എനിക്കുള്ളിലപ്പോഴും സുഖപ്പെടാതെ പ്രണയം,
നീ കൊണ്ടുവരുന്ന കാറ്റിന് മുല്ലപ്പൂമണം!

(ചിത്രം ഇവിടെ നിന്ന് : https://www.pinterest.com/pin/301881981244556372/)

Wednesday, June 22, 2016

മുറിവരകൾ.

വിഷാദത്തിന്റെ നീലമുള്ളുകൾ
മഞ്ഞുമൂടിക്കിടക്കുന്ന നിന്റെ നിശബ്ദത
അടുക്കളവക്കത്തു കൂനിക്കൂടിയിരിക്കുന്ന ഞാൻ
ഓർമ്മകളുടെ ഗോവണിയിറങ്ങി
ചുംബിച്ചു ചുവക്കുന്ന നിഴലുകൾക്കുമീതേ
ഇലകൊഴിച്ച മഴവെട്ടങ്ങൾ.
മുറിഞ്ഞ വിരലുകൾ കൊണ്ടു
കഥപറഞ്ഞ നിന്റെ കണ്ണുകളിൽ
എന്റെ ചക്രവാളങ്ങളസ്തമിക്കുന്നു.
പൂവരശു തണലിൽ
തളംകെട്ടിയ ദാഹങ്ങളിലേയ്ക്ക്
ഏതോ വേനൽ കൈവീശി
നടന്നു പോകുന്നു.
വിവശമായ ഒരു ഗന്ധത്തിലേയ്ക്ക്
മോഹങ്ങളൊക്കെയൊളിച്ചിരിയ്ക്കുന്നു.
രാത്രിയുടെ ചില്ലകൾ
നമ്മുടെ പാദങ്ങളിലേയ്ക്ക്
പിച്ചവയ്ക്കുമ്പോൾ മാത്രം
നാമുന്മത്തരായി നൃത്തം ചെയ്യുന്നു,
എഴുത്തുപുരകളിലെ വരണ്ട അക്ഷരങ്ങൾ
നമ്മോടുകൂടെ ഇണചേരുന്നു.
ചെളികയറിയ നഖക്കുത്തുകൾക്കു പിന്നിൽ
അപ്പോഴും ചിലമുഖങ്ങൾ നമ്മൾ ഒളിച്ചുവയ്ക്കുന്നു.
നീയെന്റെ ശരീരത്തിലേയ്ക്ക്
മഴകൊണ്ട വിരലുകളെ നട്ടുവയ്ക്കുമ്പോൾ
എന്നിലെ വസന്തം പെയ്യുന്ന മരങ്ങളിൽ
പേരിടാത്തൊരു ഋതു പിറക്കുന്നു,
പങ്കിട്ടെടുത്തു മുറിവേറ്റ പലകടലുകളെ നാമപ്പോൾ
സ്നേഹത്തിന്റെ മുറിവരകൾ കൊണ്ട് മൂടിവയ്ക്കുന്നു..
(ചിത്രം ഇവിടെ നിന്ന് : http://88artstreet.com/love-impression )

Sunday, June 12, 2016

ഉള്ളിൽ.

ഇല കൊഴിയുന്നു!
ആകാശത്തേയ്ക്കു തുറന്നുവച്ച
ഹുക്കയിൽ നിന്ന
കണ്ണിൽ പുക നിറയുന്നു,
മഴ വീണ മരുഭൂമി പോലെ
വിഷാദം പൊള്ളുന്ന,
ഒരു നിറവുമില്ലാത്ത
വൈകുന്നേരങ്ങൾ
പകലിനെ വിഴുങ്ങി 

വെറുതേ പ്രണയിക്കുന്നു...

Saturday, May 21, 2016

ഒരു ചിരി.

മൗനത്തിന്റെ ഇടവഴിയിൽ
മനസ്സു പാറിയ
നട്ടുച്ച നേരത്ത്,
വിയർത്തൊലിച്ച കവിളിൽ,
വെയിൽ ചുംബനം വരച്ച
നേർത്തവര പോലെ ഒരു ചിരി,
ആർക്കും വേണ്ടാതെ
വന്നു പോകുന്നു.

Friday, May 13, 2016

ഇര വിരലുകൾ.

ആദ്യാക്ഷരം കൊണ്ട് മുറിവേൽക്കുന്നു
വരികൾ ചിതറി കവിത ചാവേറാകുന്നു.

തെരുവിലൊരു പെണ്ണ്
പൊളിഞ്ഞ വീടിനുള്ളിൽ
പെണ്ണാടയാളങ്ങളെ തിരയുന്നവന്റെ കാൽക്കീഴിൽ
ഞെരിഞ്ഞു മരിക്കുന്നു,
പുറത്ത്
വേർപെട്ട വിരലുകളിൽ മഷി മുക്കി
സ്വസ്ഥരായ്
നമ്മൾ ചൂണ്ടുവിരലുകളെ ചരിത്രമാക്കുന്നു!

Saturday, May 7, 2016

*ഒതപ്പ് വായിച്ച്..

പ്രിയപ്പെട്ട കരീക്കൻ,
എനിക്കു ചുറ്റും
നീ മാത്രമാണ്.
വിശുദ്ധകുപ്പായത്തിനുള്ളിലെ
ഉന്മാദത്തിന്റെ പ്രാർഥനയിൽ
നീയൊഴുകിയ പുഴകളുടെ തണുപ്പുകൊണ്ടെന്നെ വിയർപ്പിക്കുന്നവനേ,
നിന്റെ മെലിഞ്ഞു നീണ്ട കയ്യിലെ മുറിവുകൾ
എന്റെ ഹൃദയത്തിന്റെ 'ഒതപ്പാകുന്നു'.
നിന്റെ വിറക്കുന്ന ചുണ്ടുകളിലെ പ്രലോഭനം
എന്റെ പ്രണയത്തിലേക്കുള്ള മുങ്ങിമരണങ്ങളും..

മഴയും വെയിലും കൊള്ളുന്ന മാർഗലീത്താ,
നിന്നെ കാത്ത്
എന്റെ ഹൃദയത്തിന്റെ വീഞ്ഞു പുളിക്കുന്നു,
ഒളിച്ചോടിപ്പോയവന്റെ വിത്ത്
വരികളില്ലാത്ത വായനപോലെ
നിന്റെ പ്രേമം വെളിപ്പെടുത്തട്ടെ..

നനഞ്ഞ വിരലുകൾക്കും
കിതക്കുന്ന ശരീരത്തിനുമിടയിൽ
കുന്നിന്മുകളിലെ കാവിൽ
പടർന്നു പോകാനിടമില്ലാത്ത
പ്രേമവുമായവളെ നോക്കുന്നവനേ,
നിന്റെ അഭയങ്ങളുടെ പാതിയായവളിതാ
നിന്റെ വിളറിയ കവിളുകളിലേയ്ക്ക്
സ്നേഹത്തിന്റെ പ്രാർത്ഥന കോറിയിടുന്നു..
പ്രേമത്തിന്റെ ഈ കിരീടം
അവളെ ഭാരപ്പെടുത്തുന്നില്ല,
ചെങ്കോലുകൾ
ചാട്ടയടികളാകുന്നില്ല..
പ്രിയപ്പെട്ടവനേ,
നീയവളിൽ പൂർണ്ണനാകുന്നു,
പള്ളിമേടയിലെ തണുത്ത തറയേക്കാൾ
സ്വസ്ഥനായി
അവളുടെ ഗർഭപാത്രത്തിൽ
നീയുറങ്ങുന്നു...
(* കടപ്പാട് : സാറാജോസഫിന്റെ ഒതപ്പ് എന്ന നോവൽ വായിച്ച്)

Friday, May 6, 2016

മുറുക്കിത്തുപ്പുന്ന കുമ്പസാരങ്ങൾ.

ചില്ലക്കും ചിറകിനുമിടയിൽ
പറന്നടുക്കാനാകാത്തൊരാകാശമുണ്ട്,
വിരലിനും ചുണ്ടിനുമിടയിൽ
വിളറിപ്പോകുന്ന വിശപ്പുകളും.
എന്റെ കുമ്പസാരം കള്ളങ്ങളുടേതാണ്
എന്റെ നിശബ്ദത
ഏറ്റുപറച്ചിലുകളുടെ മൗനത്തിന്റേതും.
തണുത്ത തറയിൽ
നിഴലൊട്ടി നിലവിളിക്കുന്ന കുഞ്ഞിനെപ്പോലെ
കരയണം,
ഭാരിച്ച മേലങ്കിയൂരി
സ്വതന്ത്രമാവണം.
നാറുന്നതെന്ന്
നിങ്ങൾക്കു തോന്നിയേക്കാവുന്ന തോൾസഞ്ചിയിൽ,
ദിവസങ്ങൾ പഴകിയ ഭക്ഷണപ്പൊതിയിലൂടെ
വിരലുകൾ സ്വർഗം തൊടുമ്പോൾ,
ആവിപാറുന്ന നിങ്ങളുടെ അടുക്കളയിൽ നിന്നു വീണ
തിളച്ച മഴകളുടെ ഓർമ്മകൾ കുടഞ്ഞ്‌
ഒളിച്ചു പോകാനൊരിടം വേണം...
മറഞ്ഞിരിക്കുന്ന തിടുക്കങ്ങളുടെ കോപ്പയിൽ തട്ടി
മനസ്സു വല്ലാതെ പൊള്ളിയിരിക്കുന്നെന്ന് വിളിച്ചുപറയാനൊരിടം...
(ചിത്രം ഇവിടെ നിന്ന് : http://paintings.name/image-files/abstract-art-introspective.php )

Tuesday, May 3, 2016

പെണ്ണിര.

ചീന്തിയെറിയുന്ന കടലാസ്സും
ചുമരെഴുത്തിലെ ചിത്രങ്ങളും നോക്കി
ചിതലുകേറുന്ന ഉടലും പൊത്തി
ഇരുട്ടിൽ ഒരായിരം പെണ്ണുങ്ങൾ,
പിന്നിൽ ഇരപിടിക്കുന്ന
പേരിടാനാകാത്ത ഇരുകാലികൾ..

അവള്‍ അമ്മ.

ആത്മാവിലുറങ്ങുന്ന ഓരോ തിരയിലും
മണ്ണായി
മരമായി
തണലായവള്‍...
നെഞ്ചുപൊള്ളിക്കുന്ന ചുംബനപ്പച്ചയില്‍
അമ്മിഞ്ഞത്തണുപ്പിറ്റി
കടലായവള്‍...
തിരുത്തിയെഴുതാത്ത കല്ലുചുമരിലെ
കരിയടയാളത്തിലും
കനിവായവള്‍...
തിരിഞ്ഞു നടക്കുന്ന തരിമ്പുസ്നേഹങ്ങളില്‍
ചിറകൊതുക്കി എപ്പൊഴോ പറക്കുവാ-
നാകാശം തന്നവള്‍...
(ചിത്രം ഇവിടെ നിന്ന് : http://fineartamerica.com/featured/love-1-sagarika-sen.html )

Saturday, April 30, 2016

ഒരു മഴ വൈകുന്നേര ചിന്തകൾ.

പ്രണയം
കെട്ടിപ്പിടിക്കുമ്പോൾ മാത്രം കൂടിച്ചേരുന്ന ഒന്നല്ല,
കെട്ടയയുമ്പോൾ
കിറുക്കിറങ്ങുമ്പോൾ
കണ്ണകലങ്ങളെ
കീഴടക്കലത്രേ!

തണുത്ത മുഖങ്ങളിലേയ്ക്കു വീശുന്ന
നരച്ചകാറ്റുമായൊരു മഴച്ചങ്ങാത്തം.

നീ
ഒളിഞ്ഞു നോക്കുന്നു,
ഞാൻ
നിന്റെ കണ്ണുകളെ ആഗ്രഹിക്കുന്നു,
നമ്മൾ
കള്ളത്തരത്തിന്റെ കല്ലുരുട്ടി
കണ്ണുകളിലൂടെ ഒളിച്ചുപോകുന്നു.
(ചിത്രം ഇവിടെ നിന്ന് : http://www.studded-hearts.com/2014/05/judith-geher-paintings/ )

Wednesday, April 27, 2016

തിരിഞ്ഞുനോട്ടം.

നിന്നിലേക്കു നടന്നു തീർക്കുന്ന വേനലുകളിൽ
എന്റെ നഗ്നത പരിഹസിക്കപ്പെട്ട കിടക്കയിൽ
കാമുകനോട് കള്ളം പറഞ്ഞ രാത്രിയിൽ
ഇലകൊഴിച്ച ചെമ്പകത്തെ കെട്ടിപ്പിടിച്ച നട്ടുച്ചയ്ക്ക്
പടർന്നുകയറാത്ത വള്ളികൾ കൊണ്ട്
വലിഞ്ഞുമുറുക്കപ്പെട്ട വൈകുന്നേരങ്ങളിൽ
ഒക്കെ ഞാൻ നിന്നിലേയ്ക്ക് തിരിഞ്ഞു നടക്കുകയായിരുന്നു,
മറന്നു കൊണ്ട്...
വെറുത്തു കൊണ്ട്...
മത്തുപിടിച്ചു കൊണ്ട്...

Monday, April 25, 2016

*തലക്കുത്ത്.

കയറ്റുകട്ടിൽ,
മരണം മണക്കുന്ന നല്ലെണ്ണ,
മഴനനഞ്ഞൊരു കിഴവി
മൺവിളക്കിൽ
മനസ്സിലിരുന്നു കത്തുന്നു,
സ്വപ്നത്തിൽ
കൂനിപ്പിടിച്ചൊരു നിഴൽ
വിശന്നു വിശന്ന്
വിഷം തിന്നു ചാകുന്നു!
(ചിത്രം ഇവിടെ നിന്ന് : http://betterphotography.in/contest-photo/13-017203/ )

(*തലക്കുത്ത് എന്ന ആചാരത്തെക്കുറിച്ചു വന്ന പത്രവാർത്ത‍ വായിച്ച്)

Tuesday, April 19, 2016

കുന്നിൻ മുകളിലെ മരം.

പാതിരയിൽ
ചോരവാർന്ന ദേഹവുമായി
ഇരുട്ട് കൂനിക്കൂടിയിരിക്കുന്ന കുന്നിൻ മുകളിൽ
പുൽക്കൊടി പറയുന്ന സങ്കടക്കഥകളുടെ കാറ്റുവീശുമ്പോൾ
ഇലകൊഴിക്കുന്നൊരു മരം
സ്വപ്നങ്ങളിൽ നിന്നും
എന്നെയും നിന്നെയും ചീന്തിയെറിയുന്നു.
സൂര്യനണഞ്ഞിട്ടും
ഓർമ്മകൾ കത്തിജ്ജ്വലിക്കുന്നു.
ഉറക്കത്തിന്റെ കണ്ണുകളിലേയ്ക്കു ചൂട്ടെറിഞ്ഞ രാത്രികൾ
പാതിയും മുളച്ച വിത്തുകളെ കരണ്ട്
ഗർഭത്തിലേ വിതകെടുത്തി
വീണ്ടുമെന്തിനിങ്ങനെ
മൊട്ടക്കുന്നുകളിലേയ്ക്കു നമ്മെ പറഞ്ഞയക്കുന്നു?
കുന്നിൻ മുകളിലെ മരം
തടയാനാവാത്ത ചില ഇലകൊഴിച്ചിലുകൾകൊണ്ടു
മണ്ണിനെ കെട്ടിപ്പിടിക്കുന്നു?

Sunday, April 17, 2016

നിഴൽ നിഴലിനോട് പ്രണയിക്കുമ്പോൾ.

കരകൾ കാടുകൾ തേടുന്ന രാത്രി
എന്റെ മൗനത്തിലെ അവസാന വരിയും വായിക്കപ്പെട്ടേക്കാവുന്ന
നിന്റെ കൈവിരലുകൾ കൊണ്ട്
മൃദുവായി ഹൃദയം മുറിവേൽക്കുന്ന നിമിഷം മാത്രമാണ്
എന്റെ പ്രണയത്തിന്റെ ചുംബനമരങ്ങൾ മഴകൊള്ളുക,
അപ്പോൾ ഓടിവരുന്നൊരു കാറ്റ്
വിശപ്പിന്റെ ഓർമ്മകളെ കെടുത്തി
എന്തിനെന്നില്ലാതെ വീർപ്പുമുട്ടിക്കുക!
(ചിത്രം ഇവിടെ നിന്ന് : http://www.001galerie.com/products_new.html?disp_order=5&page=20 )

ഒറ്റ.

നേർത്ത കൺപോളകളുടെ
വിളറി വിശന്ന നോട്ടങ്ങൾക്കിടയിലൂടെ
നീ വരുന്നു,
എഴുകടലകലം,
വിരഹത്തിന്റെ ഉപ്പുനീറ്റൽ,
ഒരു നോട്ടംകൊണ്ട്
വെയിൽ ചുംബിച്ചു തളർന്ന
വേനൽ മരങ്ങളിൽ ചേക്കേറിയ
പെയ്യാമഴ പോലെ
നീയും ഞാനും
ഒറ്റയിലേയ്ക്ക് വീണ്ടും
ഒറ്റയ്ക്കൊറ്റയ്ക്ക്
ഒളിച്ചു പോകുന്നു..
(ചിത്രം ഇവിടെ നിന്ന് : http://www.paintingsilove.com/image/show/123552/loneliness )

Monday, April 4, 2016

നീ നിഴൽ.

മഴപെയ്തും വേനൽ വന്നും
കിതയ്ക്കുന്ന ഭൂമി പോലെ
ഇതൾ കൊഴിച്ച്
നഗ്നമാവുന്ന ചില സ്നേഹച്ചുഴിപ്പുകൾ!

വീർപ്പുമുട്ടുന്ന കണ്ണുകളിലേയ്ക്ക്
കുടിയിറങ്ങിപ്പോയ
ചില ആകാശനീലകൾ!

നീ എന്റെ മൗനത്തിൽ
വായിക്കപ്പെട്ടുകൊണ്ടേയിരിക്കുന്ന ഒരു നിഴലാണ്,
വരണ്ട ചുണ്ടുകൾ കൊണ്ട്
കുടിച്ചുവറ്റിക്കാനാകാത്ത
മഴ ദാഹങ്ങളിൽ,
വേനൽ വന്നു മുത്തുമ്പോൾ പൊള്ളുന്ന എന്തോ ഒന്ന്
വികാരമെന്ന പേരിൽ
നമ്മുടെ വിരലുകൾ
ചുട്ടെടുക്കുന്നു.
കനലും കവിതയും കെട്ട മനസ്സിൽ
പുതുമഴ കൊണ്ടു പൊള്ളലേറ്റ രണ്ടു മനുഷ്യർ ജനിക്കുന്നു,
നീ എന്റെ നിഴലെന്നു ഞാൻ വിവർത്തനം ചെയ്യുന്നു,
ഇരുൾമരങ്ങളിൽ നാം ഇണചേരുന്നു,
മണ്ണുതിന്നു മതിവരാത്ത വേനൽ
നമ്മെ നനയ്ക്കുന്ന മഴയെ കുടിച്ചുവറ്റിക്കുന്നു.
എന്റെ കുറ്റിമുല്ലകൾ
നിന്നെ കാത്തിരുന്നു കരിയുന്നു...
 (ചിത്രം ഇവിടെ നിന്ന് : http://simonbrushfield.com/simon-brushfield-painting-sold-to-sydney-businessman-2003/ )

Sunday, April 3, 2016

എത്തിനോട്ടങ്ങൾ.

മൗനം പറയാറുണ്ട്‌,
മനസ്സു മരവിച്ചിരുന്നെങ്കിലും
വിവർത്തനം ചെയ്യപ്പെടാതെ പോയ ചില മൊഴിപ്പച്ചകളെ,
ഒളിച്ചിരിക്കുമ്പോഴും
ഒരായിരംവട്ടം വന്ന്
ഓർമ്മിപ്പിച്ചു പോകുന്ന ചില കള്ള നോട്ടങ്ങളെ..

Wednesday, March 30, 2016

പ്രണയം കിതക്കുന്നു.

കണ്ണുടക്കങ്ങളും
ഉടൽമുറുക്കങ്ങളും മറന്ന രണ്ടു നിഴലുകൾ
മണ്ണിൽ നിറങ്ങളില്ലാതെ ഊർന്നു വീഴുമ്പോൾ
എന്റെ ഉടൽ പ്രണയം പ്രണയം എന്നാർക്കുന്നു.

പുതപ്പിട്ടു കെട്ടിവച്ച പുറഞ്ചേലുകൾ,
പാതിയും മാഞ്ഞുപോയ ചുവന്ന പൊട്ട്,
കരിപടർന്ന കണ്ണുകൾ,
പറന്നു പതഞ്ഞ മുടി,
ഒന്നും ബാക്കിയില്ലാത്ത നോട്ടങ്ങൾ,
കൊയ്തുമെതിച്ച സാരിത്തലപ്പ്,
ഞാനൊളിച്ച നിന്റെ അടയാളങ്ങളുടെ
മുദ്രമോതിരം,
ഏതോ മറവിക്കിടക്കയിൽ
ദൂരമകറ്റി തളർന്നു തണുത്ത സ്പർശനങ്ങൾ,
നീ വരുമ്പോൾ ചിതറുന്ന പൂപ്പാത്രത്തിലെ വസന്തത്തിനായ്
ഞാൻ കാത്തിരിക്കുന്നു...
( ചിത്രം ഇവിടെ നിന്ന് : https://www.etsy.com/ca/listing/236447878/abstract-painting-painting-face-mask )

Monday, March 28, 2016

എനിക്കുണ്ടായിരുന്ന പറവയ്ക്കുമുണ്ടായിരുന്നു
ചിറകില്ലാത്തൊരാകാശം!

Friday, March 25, 2016

വെള്ളി മരങ്ങൾ.

വിശപ്പു കൊറിക്കുവാൻ
പാടത്തു വന്ന പറവകളേ,
അവന്റെ
വേദന ചുരത്തുന്ന മുറിവുകളിൽ
കതിരു കൊത്തി നിങ്ങൾ
കാറ്റു കൊടുത്താലും.
അമ്മ കരയുന്നു,
മരം ചുമക്കുന്ന മകനോട്
ഭാരത്തിന്റെ പങ്കു ചോദിക്കുന്നു.
മുള്ളേറിയ മനസ്സിൽ
എനിക്കു വേണ്ടി കരഞ്ഞവൻ
മുൾക്കിരീടം ചൂടിയ രാജാവാകുന്നു.
വേദന കൂടുകൂട്ടുന്ന മലമുകളിൽ
വേനലിന്റെ അത്തിപ്പഴങ്ങൾ
മുപ്പതുവെള്ളിയെ പൊറുത്ത്
ഭൂമിയുടെ നെറുകയിൽ ചുംബിക്കുന്നു.
അവൻ
അവനേറിയ മരം കൊണ്ട്
എനിക്കു തണലാകുന്നു..

Tuesday, March 22, 2016

ഒരു വഴിയായി.

തിരക്കിട്ടു നടക്കുന്ന മനുഷ്യരുള്ള ഒരു വഴി,
തവിട്ടു നിറമുള്ള മരങ്ങൾ നിറഞ്ഞ
ഇരുവശങ്ങളിലായി
ചാഞ്ഞ ഓർമ്മകൾ,
ചില കാലങ്ങൾ
എത്രപെട്ടന്നാണ് തിരിച്ചെത്തുന്നത്?
വെറുപ്പിന്റെ നിറമെഴുതുന്നത്?

വേനലിൽ
നിനക്കു വെയിലിന്റെ നിറമാണ്,
എന്റെ നിശബ്ദതയ്ക്ക്
പൊടിമണവും.
നമുക്കിടയിലെ ദൂരം
വിരലുകൊണ്ടളക്കുന്ന
കാലത്ത്,
മഞ്ഞിച്ചു തുപ്പുന്ന
ഒരു നിയോൺ വിളക്കിനു താഴെ
നമുക്ക് പറക്കാം,
കാടില്ലാത്ത
പക്ഷികളെപ്പോലെ!

എന്തിനാണ് നീ
വെയിലിൽ വരുന്നത്?
നിനക്ക് മഴയത്തു വന്നൂടേ?
കുടമറയില്ലാത്ത എന്റെ ഹൃദയത്തിൽ നിന്നൂടേ?
ആവിപറക്കുന്ന
ചുണ്ടുകളിൽ മുത്തി
ഒരു കപ്പ്
കാപ്പി കുടിച്ചൂടേ?

വേണ്ടാത്ത തോന്നലുകളിൽ
വീണ്ടും
നമ്മൾ ഉരുണ്ടു വീഴുന്നു,
ഒരു തുറന്ന കത്തെഴുതുന്നു,
ഓടയിൽ നിന്ന് തിരികെയെത്തിയ
വൃത്തികെട്ട ഭൂതത്തെക്കുറിച്ച്,
കഴുത്തു ഞെരിച്ചുകൊന്ന
ദിവസങ്ങളെക്കുറിച്ച്,
നഗരത്തിലൂടെ നടന്നു പോയ
പേരറിയാത്ത മുഖങ്ങളെക്കുറിച്ച്,
ഓരോ നോട്ടത്തിലും
അവർ പ്രാപിച്ചപ്പോൾ

കൊഴിഞ്ഞു വീണ ഇലകളെക്കുറിച്ച്,
അവരോടു തോന്നിയ വെറുപ്പിനെക്കുറിച്ച്..

ചിലകാലങ്ങൾ
എത്രപെട്ടന്നാണ്‌ തിരിച്ചെത്തുന്നത്,
ഇരുട്ട് നെഞ്ചിലിരുന്ന്
വെറുപ്പ് പറയുന്നത്?

ചെമ്പരത്തികൾ ചോര ചൂടുന്നു.

ഒരുതുള്ളി ചോരയിൽ
എന്തുണ്ട്?
പിടിവിട്ടുപോയൊരു പെണ്ണിന്റെ നെഞ്ചിലെ
പുകക്കുഴൽ തുപ്പിയ കന്യക മയങ്ങിക്കിടപ്പുണ്ട്!

Monday, March 21, 2016

ജീവിതത്തിൽ ചാണകം മണക്കുമ്പോൾ.

പെണ്ണ്
ഒരു ജാതിയാണ്
എന്നാണ്
അച്ഛന്റെ മതം,
അമ്മ
തൊഴികൊണ്ടും
തൊഴുത്തിൽ കെട്ടിയും
താനേ വളരുന്ന
കറവപ്പശുവിനേക്കാൾ
കേമിയല്ലെന്നതാണ്
അച്ഛന്റെ ജാതി.
പാൽചുരത്തലും
ചാണകമിടീലും തമ്മിൽ
പെണ്ണും
പശുവുമെന്ന അന്തരമുണ്ടെന്ന്
ചില പുരുഷന്മാർ
ഇനിയും അറിയേണ്ടിയിരിക്കുന്നു,
അമ്മയ്ക്ക്
രണ്ടുകാലും ഒരു വാലും കുറവുണ്ടെന്നും!

Sunday, March 20, 2016

വേനൽ, മഴ, മഞ്ഞ്.

ഏകാന്തതയുടെ കുന്നുകളിൽ
ക്ഷയക്കൂടുപോലെ പിടയുന്ന
മണ്ണു നെഞ്ചിൽ,
നിനക്കൊപ്പം പങ്കിട്ട ശൈത്യകാലം
എന്റെ ഹൃദയത്തെ പൊള്ളിക്കുന്നു.

പ്രണയം വറ്റിയൊരു പുഴയെ
വേനൽ കുടിച്ചുതീർക്കുന്നതെങ്ങനെ എന്നു പറഞ്ഞ്,
ഉഷ്ണിക്കുന്ന തുരുത്തിൽ,
നിന്റെ കണ്ണിൽ കുരുങ്ങിയ നോട്ടങ്ങളെ
തിരിച്ചുപിടിക്കാനാവാത്ത
എന്റെ ചിലരാത്രികളുടെ മൂളലുകളിൽ,
ഏതോ ചീവീടു മടുത്തുറങ്ങുന്നുണ്ട്.

ഈ വേനലും കടന്നു പോകും,
വറ്റിയ പുഴ
വരണ്ടു മരിച്ച്,
മറക്കപ്പെട്ട്,
ഏതോ പൂവിന്റെ തേങ്ങലിൽ,
മഞ്ഞുകാലമായ് വരും.
അന്നും,
വരുത്തൻ ചീവീടുകൾ,
മടുത്തുറങ്ങുന്ന മൂവന്തിയിൽ
വറ്റിയ കണ്ണുകളുമായി
ഇരുട്ടിൽ പെയ്ത മഴകളിലേയ്ക്ക്
നോട്ടം പായിക്കുകയാവും.
വേനലും മഴയും മഞ്ഞും,
നമുക്കുകിട്ടിയ ഋതുശാപങ്ങളുടെ ശൈത്യവും
ഒരു കഥ പറഞ്ഞു തന്ന്
നമ്മിലേയ്ക്ക് ചുഴിഞ്ഞു നോക്കുകയാവും..

നീക്കുപോക്കുകൾ.

പങ്കിടലിനൊടുവിൽ
പൊടിപിടിച്ച ഓർമ്മകളുടെ മാനത്ത്,
മാറാലകെട്ടാത്ത ഒരു ചുമരു ഞാൻ കരുതിയിട്ടുണ്ട്,
കുത്തിവരക്കാൻ
കരിപ്പെൻസിലുകളുമായി
നിന്നിലേയ്‌ക്കൊതുങ്ങിക്കൂടി
നെടുവീർപ്പിടാനൊരു കവിതയും...

Saturday, March 19, 2016

ഞാനെന്തൊക്കെയോ ഓർക്കുന്നു!

കരിയില വഴി,
പഴയതെന്തോ മറന്നു വച്ച
പകുതിവെന്ത വാക്കിന്റെ മണം,
ആരും കൂട്ടിനില്ലാത്ത
ആത്മപ്രണയത്തിന്റെ നാളുകൾ,
ഹാ! മനുഷ്യൻ നൂലഴിഞ്ഞ പട്ടം പോലെ
സ്വയം പ്രണയിച്ചു പറക്കുന്ന കാഴ്ചകൾ.
 
ഈ വേനലിൽ
നിനക്കെന്നെ ആലിംഗനം ചെയ്യാമോ,
ഋതുകൊണ്ട് മുറിവേറ്റ വൈകുന്നേരം,
മഴയില്ലാത്ത മാനത്തുനോക്കി നിൽക്കവേ,
പിന്നിലൂടെ വന്നു
പതിഞ്ഞ ശബ്ദത്തിൽ
സ്നേഹം കൊണ്ട് പറ്റിക്കാമോ?

വേനൽ, മരുഭൂമി, ഉഷ്ണിക്കുന്ന മനുഷ്യർ
ഞാനെന്തൊക്കെയോ ഓർക്കുന്നു!
ചില നിഴലുകൾ
മെലിഞ്ഞ കഴുത്തിൽ
നീണ്ടകൈകൾ കൊണ്ട്
കെട്ടിപ്പിടിച്ച്
സ്നേഹം തരുന്നു,
മധുരത്തിന്റെ ആ നിമിഷത്തിൽ വഴിതെറ്റിയ ആരാലോ,
മനുഷ്യൻ പറ്റിക്കപ്പെടുന്നു.
ചുമന്നു മടുത്ത ഓർമ്മകളുടെ
കടുംനീലകൾ,
എന്റെ അഭയമേ,
നിന്നെത്തേടിയിറങ്ങുന്നു..
വേനൽ, മരുഭൂമി, ഉഷ്ണിക്കുന്ന മനുഷ്യർ
ഞാനെന്തൊക്കെയോ ഓർക്കുന്നു!

Thursday, March 17, 2016

ഇരുട്ടിഴച്ചിൽ.

ഇരുട്ട്
ഇഴഞ്ഞു പോകുന്നൊരു പാമ്പാണ്,
വിചിത്രമായ വികാരങ്ങളുടെ പടമുരിയുന്ന
വാക്കുമാത്രമായി ഞാൻ
ഈ ഇരുട്ടിൽ
എന്തിനാണ് നിന്നെത്തേടുന്നത്?

Sunday, March 13, 2016

ഞാൻ പുഴു.

ചിലനേരങ്ങളിൽ ഞാൻ
കടലിലേയ്ക്കിറങ്ങി പോകുന്നു,
നിലാവുണ്ണാനില്ലാത്ത രാത്രികളെക്കുറിച്ച്
പരാതി പറയുന്ന കുയിലിനെ പോലെ
കൂവി മുറുകുന്നു,
ഒച്ചയില്ലാത്ത അലമാരിക്കുള്ളിൽ
ചത്തുകിടക്കുന്ന ചിതലിനെപ്പോലെ
പുത്തനുടുത്ത പല ദിവസങ്ങളിലും
കാൽതെറ്റി വീഴുന്നു,
പുഞ്ചിരിക്കാനറിയാതെ
പുറപ്പെട്ടുപോയ കാലങ്ങളെ
കരണ്ടുതിന്നു മടുക്കുന്നു!

Tuesday, March 8, 2016

വലിയ വട്ടങ്ങൾ.

നിശബ്ദതയിലൂടെ നടക്കുന്ന
യക്ഷികളുടെ നിറമെന്താണ്?

അവർക്ക്, ചുണ്ടിൽ ചുവപ്പുതേച്ച വിശപ്പുകളുണ്ടോ?
വെയിൽ പുതച്ചുകൊണ്ട്‌ ആരെങ്കിലും അവരോട്
കഥകൾ പറയാറുണ്ടോ?
ആ കഥകളിൽ, പൊട്ടുവച്ച്
പകൽ വെളിപ്പിക്കുന്ന പെൺയൗവ്വനങ്ങൾ
വലിയ വൃത്തങ്ങൾ വരക്കാറുണ്ടോ?
അവർ, മേലങ്കികൾ ധരിച്ചിട്ടുണ്ടോ?
അവരെ അവർ
അതിനു പിന്നിൽ മറച്ചു പിടിച്ചിട്ടുണ്ടോ?
അവരുടെ സ്വാതന്ത്ര്യത്തിനു ചുറ്റും
തെരുവിലെ ഏതോ
പൊളിഞ്ഞുവീഴാറായ ദാബയിൽ
വിളമ്പി വച്ചിരിക്കുന്ന
പഴകിയ ഭക്ഷണത്തിലെന്ന പോലെ
ഈച്ചകൾ ആർക്കുന്നുണ്ടോ?

ചുറ്റുമതിൽ കെട്ടിയ
വക്കുപൊട്ടിയൊരു ഭൂപടത്തിൽ,
പുറങ്കാഴ്ചകൾ, മൂടുപടം പോലെ അവരെ
വലയം ചെയ്തിരിക്കുന്നു.
കേട്ടുകേൾവികൾ
കടും ചുവപ്പുകൊടുത്ത
ഏതോ ഋതുവിൽ,
മുടിക്കെട്ടിലെ കൊഴിഞ്ഞ പൂവുമാത്രമായ്,
ഓരോ യക്ഷിയും പെണ്ണുടലിനെ പ്രാപിക്കുന്നു.
പേരിടാത്ത പ്രണയ ചുംബനങ്ങൾ
മണ്ണിലേക്കു പൊഴിഞ്ഞു വീഴുന്നു.
തോരാത്ത പെൺമഴകളെന്നു നാമതിനെ പേരിടുന്നു!

മണ്ണെടുപ്പ്‌.

ചാടിക്കടക്കുമ്പോഴാണ്
ഓരോ പുഴയും
ചാലിലേയ്ക്കു ചുരുങ്ങുന്നത്!

Monday, March 7, 2016

#IWD2016

പുഴയിൽ ചാടിയ പെണ്ണും
പുഴവക്കത്തു കാത്തിരിക്കുന്ന പൂവും
തേടുന്നത്
ഒരേ ചെവിയാണെങ്കിൽ
നിങ്ങളെന്തു പറയും?

മതിൽക്കെട്ടുകൾക്കുള്ളിൽ സംഭവിക്കുന്നത്‌.

വരണ്ട വിചാരങ്ങൾ
ഒരു വൈകുന്നേരം കൂട്ടിനെത്തുന്നു,
കറുപ്പുകേറിയ നഖം കടിച്ചുകൊണ്ട്
അവനപ്പോൾ
നിന്നെ ഉമ്മവച്ചോട്ടെ എന്നു ചോദിക്കുന്നു,
പുകയില മണക്കുന്ന ചുണ്ടുകൊണ്ട്
അവൾ പാടില്ല എന്നു പറയുന്നു.
നഖമൂരിയ വിരൽകൊണ്ട്
അവനവളെ
കുറ്റിക്കാട്ടിലേയ്ക്കു വലിച്ചിഴയ്ക്കുന്നു,
അവൾ അപ്പോഴും
പാടില്ല എന്നു മാത്രം പറയുന്നു!

പ്രേമികളുടെ ജനനം.

നീ എന്നുച്ചരിക്കുമ്പോൾ
 ഞാൻ കണ്ടെത്തുന്നൊരനുഭൂതിയുണ്ട്,
സമുദ്രം കണ്ടിട്ടില്ലാത്ത നദി
കാലങ്ങളലഞ്ഞ്
കടലോടു ചേർന്ന പൂർണ്ണത!

ഞാനുരുകുമ്പോൾ,
ശൂന്യതയിൽ,
നീ വരുന്നു,
നാമൊരുമിച്ചു പാടുന്നു, 

നൃത്തം ചെയ്യുന്നു,
 പെയ്യാനിരിക്കുന്ന മേഘങ്ങളുടെ സംഗീതം കൊണ്ട്
എന്നെ
നീ അതിശയിപ്പിക്കുന്നു,
നല്ല പാട്ടുകാരാ,

ഞാൻ നിന്നിൽ കുരുങ്ങിക്കിടക്കുന്നു.

നീ പോകാനൊരുങ്ങുമ്പോൾ,
ഇത്രമേൽ സങ്കീർണ്ണമായ വേദന,
എന്നിലെന്തിനെന്ന്
ഞാൻ കയർക്കുന്നു.
നീ ചിരിക്കുന്നു,
എന്നിൽ
അത് അട്ടഹാസം പോലെ പ്രതിധ്വനിക്കുന്നു.


നിന്നെ പകർന്നു കിട്ടിയ വേളകൾ
മൃദുചുംബനങ്ങൾ കൊണ്ട് ഞാൻ ചുവപ്പിക്കുന്നു, 
നിന്നിൽ നിന്നു മോചിപ്പിക്കപ്പെടാതെ
ഞാൻ സ്നേഹിക്കപ്പെടട്ടെ, 

ഞാൻ നിന്നെ പ്രതിരോധിക്കുന്നില്ല!
(ചിത്രം ഇവിടെ നിന്ന് : https://www.pinterest.com/pin/283375001529870935/ )