Sunday, January 24, 2016

എവിടെയായിരുന്നെന്ന ഒരുപാട് ചോദ്യങ്ങളിൽ ഒന്നിന്..

ചിലപ്പോൾ മാത്രം പെയ്യുന്ന ചില മഴകളുണ്ട്..
ഒന്നിനുമല്ലാതെ നനയിച്ചു നനയിച്ച്
ഭൂതകാലത്തിന്റെ
നെല്ലിപ്പലകയിലേക്കു
വെറുതേ ഉന്തിയിട്ട്,
വെറുങ്ങനേ
ഒരു നിമിഷത്തേക്കു മാത്രം
മുഖാമുഖം വന്ന്,
പരുപരുത്ത കൈയിലേയ്ക്കു
പരുപരുത്തുകൊണ്ടു ചേർന്നു നിന്ന്,
പാതിയടഞ്ഞ കണ്ണുകളിൽ
വിടർന്ന കാഴ്ചകൾ കൊണ്ടു
തോരണം കെട്ടി,
ഒരുപാട് ചോദ്യങ്ങളിൽ
ഒന്നു മാത്രം ചോദിച്ച്,
ഒന്നിനുമല്ലാതെ
കാണാൻ കാത്തിരിക്കുന്നവർ..
കാലം തെറ്റി പെയ്യുന്ന ചിലരെങ്കിലുമുണ്ട്,
ചുമലിലേയ്ക്ക
സ്നേഹംകൊണ്ട
ഭാരമില്ലാതായൊരു
ഭാണ്ഡം ചുമന്നു തരാൻ!
സ്നേഹവായനയിൽ
അല്പസ്വല്പം
അന്ധതയുള്ളവരാണു
നാമെന്ന്
നിക്കറിവുള്ളതാണല്ലോ അല്ലേ!

Friday, January 22, 2016

നിനക്കുള്ള കത്തുകൾ.

വികാരം കൊണ്ടു പൂത്തും
വിശുദ്ധികൊണ്ട് തളിർത്തും
ഹൃദയമെഴുതുന്ന ഒറ്റവരിയാണ്
നിനക്കുള്ള ഓരോ കത്തും.
സ്നേഹം വിയർത്തും
ഹൃദയത്തോടൊട്ടിയും
അടർന്നുമാറലുകളിലെവിടെയോ
ആത്മാവടർത്തിയ
വിചിത്രമായൊരക്ഷരമാല..
കാതങ്ങളകലെ
കൈകൊണ്ടു ചുംബിക്കുമ്പോഴും
കണ്ണുകൊണ്ട് കെട്ടിപ്പിടിക്കുമ്പോഴും
ചിതറിവീഴുന്ന നിന്റെ ചില്ലയിലേയ്ക്ക്
എന്റെ വാക്കുകൾ
ഈ കടലാസുകൂട്ടിൽ
യാത്രചെയ്യുന്നു..

Thursday, January 21, 2016

ഭാഷയില്ലാത്ത അറിവ്.

അവസാനമുടയുന്ന
സാരിത്തലപ്പിലെ
ഒടുവിലെ നനവിലാണ്
തുടച്ചുമാറ്റപ്പെടാത്ത
അമ്മ നനവെന്ന്!

Saturday, January 16, 2016

ജെല്ലിക്കെട്ട്.

കുത്തിമുറിവേൽപ്പിക്കുകയെന്നാൽ
കയററ്റം കൈയിൽ പിടിച്ച്
സ്വാതന്ത്ര്യം കൊടുക്കുക എന്നുകൂടിയാണ്!

Wednesday, January 13, 2016

ചെമ്പകങ്ങൾ വിടരുന്നത്.

പുനർജന്മങ്ങളുടെ
പാതവക്കത്ത്
തീവ്രമോഹങ്ങളുടെ
പുഴയൊഴുകുമ്പോഴാണ്
നമ്മുടെ ചുണ്ടകലങ്ങളിൽ
ചെമ്പകങ്ങൾ വിടരുന്നത്..

Tuesday, January 12, 2016

സ്നേഹിച്ചു സ്നേഹിച്ചു വരണ്ടടങ്ങുന്നതും..

നീ വിശക്കുന്ന കണ്ണുകളുമായി
വന്ന ദിവസമാണ്
നഗ്നമായികിടന്ന ആത്മാവിനെ
മറവിയുടെ കിടക്കയിൽ
കൈമോശം വന്നത്.
തോരാതെ മഴ പെയ്തതും
പുതപ്പുകൾക്കടിയിൽ
മടങ്ങിപ്പോക്കിന്റെ ഋതുക്കൾ
നിലവിളിച്ചുണർന്നതും,
ഒരേ സ്വപ്നത്തിന്റെ
രസച്ചരടുമുറിഞ്ഞ രണ്ടുമനുഷ്യരായ്
തീരമില്ലാത്ത ഒഴുക്കുകളിലേയ്ക്കു നാം വീണതും,

മറവിയുടെ മുള്ളുകൾകൊണ്ട മനസ്സിൽ
മീൻകൊത്തി,
അപരിചിതരായി
ചുംബിക്കാൻ പഠിച്ചതും,
ഓർമ്മനനവില്ലാത്ത
വരണ്ട പാടങ്ങൾ പോലെ
വേരുറക്കാതെ നാം
നമ്മിലേയ്ക്കു കൊഴിഞ്ഞതും,
വിശക്കുന്നകണ്ണുകളിൽ
വിരഹം നിർത്താതെ
നിലവിളിച്ചുണർന്നതും,
പൊറുക്കപ്പെടാതെയും
അഴിയപ്പെടാതെയും
നിഴലുകളായി നാം പടിയിറങ്ങുന്നതും,
കുതറിമാറാതങ്ങു
സ്നേഹിച്ചു സ്നേഹിച്ചു
മൗനത്തിലേയ്ക്കു
വരണ്ടടങ്ങുന്നതും..

Monday, January 11, 2016

മനുഷ്യൻ.

മണ്ണിനും ആകാശത്തിനും
മഞ്ഞച്ചരടിൽ കൊരുത്ത
പേരില്ലാത്തൊരടയാളം
പത്താംനാൾ പിറന്ന
പാപിയെ ഓർമ്മിപ്പിച്ചു!

Sunday, January 10, 2016

മകളെയെറിഞ്ഞുകളയുന്ന പുറംവാതിലുകളിൽ!

തൊണ്ട വരളുന്നുണ്ട്,
വേദന കടിച്ചിറക്കിയ
തുണിക്കെട്ടിൽ
ചൊതുങ്ങിയിരുന്നൊരു
പിഞ്ചുകരച്ചിലെന്റെ

ചൂടു പറ്റുന്നുമുണ്ട്,
ഭയം കൊണ്ട്
പായയിൽ ചരിഞ്ഞു കിടന്നിള്ളയിടുന്ന

പെണ്ണിനെ നോക്കി
കരയണോ ചിരിക്കണോ
എന്നറിയാതെ,
നരകേറിയ മുടിപറ്റി
വിയർപ്പേറുന്ന
കഴുത്തിലേയ്ക്കൊന്നമർത്തി
സ്വയം മരിച്ചു കരയുന്ന
മറ്റൊരുപെണ്ണു മാത്രമല്ല ഇന്നു ഞാൻ,
പേറ്റുനോവിറങ്ങുന്ന പിന്നാമ്പുറങ്ങളിൽ
മകളെയെറിഞ്ഞു കൊടുത്തു മാനം നേടുന്ന
ഒരുവന്റെയാരോ കൂടിയാണു ഞാൻ!(കടപ്പാട് : ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലൊന്നിൽ പണിയെടുത്ത അനുഭവങ്ങൾ പറഞ്ഞുകൊണ്ടേയിരിക്കുന്ന കൂട്ടുകാരിയോട്..)

Tuesday, January 5, 2016

മഞ്ഞിന്റെ സ്നേഹിതന്..

നിന്റെ മുറ്റത്തെ
ഗുൽമോഹറെങ്കിലുമാകാതെ
ഈ വേനൽ
കടന്നു പോവുന്നതെങ്ങിനെ?
നിന്നെ നനയാതെ ഈ മഴ
മണ്ണിലേക്കു മടങ്ങുന്നതെങ്ങിനെ?
നീലശലഭങ്ങളുടേയും
മഞ്ചാടിക്കുരുക്കളുടേയും സ്നേഹിതാ,
നീ എന്റേതുകൂടിയാണ്..

കരിപിടിക്കാത്തവർ.

പ്രണയം...
മുങ്ങുന്ന കടൽ പോലെയും
എരിയുന്ന തീ പോലെയും
നീ എന്റെ സിരയിൽ കുറിച്ചിട്ട
ഭ്രാന്തിന്റെ മൂന്നക്കം!
നിന്റെ കണ്ണിൽ
ഞാനെന്നെ കൊന്നടക്കം ചെയ്ത
പ്രേമത്തിന്റെയൊരു മുറിവുണ്ട്,
ഏത് അകലത്തിലും
ഏതു ചൂടിലും
ഏതു മഴയിലും
ഏതു തണുപ്പിലും
ഇന്ദ്രനീലം പോലെരിഞ്ഞ
ഉടൽ മുറുക്കങ്ങളിൽ,
പ്രേമിച്ചു തീരാത്ത
കുന്നിൻ തലപ്പിലെ
കരിമഷിയിട്ട
കൈയകലങ്ങളിൽ
മഴനനഞ്ഞെത്തുന്ന
രണ്ടു മനുഷ്യരായ്
ഒരു കാലത്തും
മറവിയുടെ കരിപിടിക്കാതെ
നമ്മെയടക്കം ചെയ്തമുറിവ്!

Sunday, January 3, 2016

നിറമില്ലായ്മകൾ!

പച്ചമണ്ണിൽ
പെരുമഴയത്തു
മുഖമമർത്തിക്കരയുന്ന
പാതിരയുടെ
നിറം തേടുമ്പോഴൊക്കെ,
ഞാനില്ലാത്ത 
നിന്റെ ഹൃദയത്തിന്റെ
കറുത്തനിറമായിരുന്നു
പൊരിവെയിലിനു പോലും!

Friday, January 1, 2016

കാക്കഭാണ്ഡങ്ങൾ.

വേരുകൾ
അപ്പനുറങ്ങുന്ന കല്ലറപോലെയാണ്,
മറന്നു വളർന്നിട്ടില്ലെന്നു പറഞ്ഞ്,
വേനലിൽ വിരുന്നുവന്ന കാക്കയുടെ
പുഴവറ്റിയ കഥകൾ കേട്ട്,
കുയിലിന്റെ മുട്ടയ്ക്കടയിരിക്കുന്ന
പറ്റിക്കപ്പെട്ട ഉടലിലെ
പിടിച്ചടക്കപ്പെട്ട ചൂടുപോലെയും.

ഓരോ വേരിലുമൊരു മരമുണ്ട്,

ഓരോ മരത്തിലുമൊരു കാക്കയും,
കറുത്തു കരിവാളിച്ച
പാവാടത്തലപ്പിലെ
ചില്ലുവട്ടത്തിൽ,
പകൽ വന്നെന്നു വിളിക്കുന്ന
പിറവിയുടെ കാക്ക,
ഒരുരുളനിറവിന്റെ
കൊത്തിനോവിക്കലിന്
കൈകൊട്ടി വിളിക്കുന്ന
ഒടുവിലെ കാക്ക.

കാക്കകൾ
കാലത്തെ കൊത്തിവലിക്കുന്ന
ചില ചുണ്ടുകളാണ്,
ചുംബിച്ചു കറുത്ത ചില ചുണ്ടുകൾ!

ചില കാലങ്ങൾ,
പറ്റിക്കപ്പെട്ടവന്റെ
മുനയൊടിഞ്ഞ സ്വപ്നത്തലപ്പുകളേറ്റു
മുഷിഞ്ഞു തുടങ്ങിയ ഭാണ്ഡങ്ങളും!(ചിത്രം ഇവിടെ നിന്ന്  : https://www.pinterest.com/pin/387661480395782793/ )