Saturday, February 27, 2016

അവൾഞാൻ.

(ചിത്രം ഇവിടെ നിന്ന് : https://www.flickr.com/photos/maarten1969/5890712068 )
എന്റെ എന്ന വാക്കിന്
എന്നിലുമാഴമുണ്ടെന്ന്
അവൾ പറയുമ്പോൾ

എനിക്കു തോന്നി.
ഞാൻ,

എന്നെ മുറിച്ചുകടന്ന്
അവളുടേതായി,
അരിച്ചുമാറ്റാനാകാത്ത വിധം

അലിഞ്ഞ്,
മധുരിച്ചുകൊണ്ട്,
ആരുമറിയാതെ,
എന്റേതല്ലാത്ത വിധം,
ആകാനാകാത്തവിധം,
ഇടിച്ചു നിരത്തപ്പെട്ടു!

നാം,
മോഹത്തിന്റെ
പരൽമണ്ണും,
തിരയുമല്ല,

സ്വപ്നത്തിന്റെ
ചില്ലും
ഹൃദയവുമാണ്,
സ്നേഹം കൊണ്ട്
മുറിവുപറ്റിയവരാണ്!

Friday, February 26, 2016

അപരിചിതരുടെ പിഴ.


നിന്നെ നുകർന്നുകൊണ്ട് ഈ രാത്രിയുമവസാനിക്കട്ടെ,
ഈ നിർവൃതിയെയും,
മറവിയെന്ന മൂന്നക്ഷരം കൊണ്ട് മായ്ച്,
നീ നിന്നിൽ
എന്നെ ഒളിപ്പിക്കുക,
കുമ്പസാരങ്ങളുടെ പകൽ വെളുക്കുന്ന
നാൾ,
വിശ്വാസിയുടെ പഴയ തോട്ടത്തിലേക്ക്
നമുക്കു നടക്കാനിറങ്ങണം,
കൈകൾ കോർക്കാതെ,
കണ്ണു കൊരുക്കാതെ,
ഒളിച്ചിരുന്ന കൊമ്പുകോർത്ത്,
നുണകളുടെ
മേലങ്കികൾ കീറിയെറിഞ്ഞു,
ഹൃദയങ്ങകുത്തി മരിക്കണം!
സ്നേഹത്തിന്റെ മണം പകുത്തു
പരസ്പരം യാചിച്ച രാത്രികളെ
ഒർത്തെടുത്തു,
പ്രണയിച്ചു പ്രണയിച്ച്,
ദേവാലയത്തിലെ മുട്ടുമണിപോലെ
മുട്ടിയുമുഞ്ഞും,
ഒരു ഭ്രാന്തൻ പ്രാർത്ഥനയാവണം,
വെയിലിൽ
നിഴലില്ലാതെ കരയണം,
കണ്ണീരുകൊണ്ടു നിന്റെ ചുണ്ടുകളെ നനച്ചു
വീണ്ടും പാപിയുടെ പുസ്തകമാകണം,
എന്റെ തണ്ണിർപ്പന്തലിൽ
ഒഴിഞ്ഞ പാനപാത്രങ്ങൾ
നീയെന്ന പോലെ
എനിക്കുവേണ്ടി ദാഹിക്കുന്നു!

സ്വയംഭോഗം.

ആത്മനിന്ദയിൽ
ആത്മ രതിയിൽ
ആത്മപ്രശംസയിൽ
ഒക്കെയുണ്ട്,
അവനവന്റെ
തുടുത്ത ചുണ്ടുകളിലേയ്ക്ക്
അമർത്തിയെറിയുന്ന
ആത്മചുംബനങ്ങൾ!

ജാരൻ.


 ചന്ദ്രനസ്തമിച്ച രാത്രികൾ,
ഉഷ്ണിക്കുന്ന ഓർമ്മകളുടെ
പെരുങ്കൂടാരങ്ങൾ പോലെ
മടങ്ങി വരുന്നു,
ഞാൻ,
കരിപുരണ്ട മുഖമുള്ളൊരു പെണ്ണായി
അയാളുടെ കിടക്കയിലേയ്ക്കു നടന്നു പോകുന്നു,
അർത്ഥം വച്ചുള്ള നോട്ടങ്ങളുടെ ഒടുക്കം,
ഏകാന്തത വിഴുങ്ങിയ പെരുമ്പാമ്പിനെപ്പോലെ,
സങ്കോചത്തോടെ,
ഓരോ പകലും പിറക്കുന്നു.
നീ വിടർത്തിയ റോസാപ്പൂ
വരവറിയിച്ചുകൊണ്ട്‌
വയറ്റത്തു ചവിട്ടുന്നുണ്ടിടക്കിടെ,
ഇതളിനു വിശക്കുമ്പോൾ മാത്രമായി
ഓരോ പൂക്കളും
വിരിഞ്ഞു വീഴുന്നു!

Tuesday, February 23, 2016

*'ഞാൻ മുട്ടുകുത്താൻ വന്നപ്പോൾ...'

ഇന്നലെ,
നട്ടുച്ചയുടെ മടിത്തട്ടിൽ,
ഉഷ്ണമേഘങ്ങളുടെ
മേൽപ്പാലത്തിനു താഴെ,
കുതറിമാറുന്ന മരണച്ചവർപ്പിനരികിലായി,
ആകാശം പാടുന്ന നേരത്ത്,
എകാകികൾ ഉന്മാദികളെന്നു പറഞ്ഞ്,
അവൾ ആത്മഹത്യ ചെയ്തു!

അവൾ,
രാജലക്ഷ്മിയുടെ മാപ്പില്ലാ ചുംബനം പോലെ
എന്റെ ഹൃദയത്തെ വരഞ്ഞു,
ഞാൻ വേരുകളിലേക്കു നോക്കി,
നിറംമങ്ങി നരച്ച പഴയ പരുത്തിത്തുണിപോലെ
അവയെന്നെ ലജ്ജിപ്പിച്ചു,
കഴുത്തു കുരുങ്ങാൻ ബലമില്ലാത്ത
നാരുകൾ പോലെ അവരെ ഞാനും
ബാലഹീനരെന്നു വിളിച്ചു,
ജീവൻ കൊണ്ട് ജീവനെടുക്കുന്ന പേരിടീൽ!
പിന്നെ ഞാൻ എനിക്കു മുന്നിലൂടെ
മുട്ടുകുത്തി ഇറങ്ങിപ്പോയി,
അവൾ,
എന്നിലും നിന്നിലുമായി
കുരുങ്ങിക്കിടക്കുന്നു!
(*രാജലക്ഷ്മിയുടെ 'മാപ്പ്' എന്ന കഥയിലെ വരികൾ)

ദിക്കുപോക്ക്.

(കടപ്പാട് : സിതാരയുടെ 'പലതരം കവിതകൾ' വായിച്ച്)
 
റമദാൻ,
നാമിനി പരാജയപ്പെട്ടേക്കില്ല,
വിലകുറഞ്ഞ വീഞ്ഞുപോലെ
നുകരപ്പെട്ടേക്കില്ല,
പലരാൽ കൈകഴുകിയ പാത്രം പോലെ,
പലരാൽ വായിക്കപ്പെട്ട കവിത പോലെ,
പലവട്ടമരിഞ്ഞെടുക്കപ്പെട്ട
നിഷേധിയുടെ പുസ്തകം പോലെ,
പല ദയയിലുമിനി എഴുതപ്പെട്ടേക്കില്ല!

ഹുദാ,
നിന്റെ മുറിവേറ്റ മാറിടം
വിവസ്ത്രമായി കിടക്കട്ടെ,
മരുഭൂമികളിൽ,
മടക്കയാത്രക്കു ദിക്കുനോക്കുന്നവനെപ്പോലെ,
ദിശയറിയാതൊരു വടക്കുനോക്കി
വഴിതെറ്റിയവിടെ എത്തും വരെ!

എൻജി,
അരങ്ങൊഴിയാത്ത
വിശപ്പിനിടയിലും
നീ അറിയുന്നുണ്ടാവണം,
തോറ്റുപോയ മനുഷ്യർ
പരസ്പരം വച്ചുമാറുന്നത്
വലിയ നുണകളിലൂടെയെന്ന്!
ചിത്രം ഇവിടെ നിന്ന്: http://fineartamerica.com/featured/old-man-of-the-desert-david-rich.html

Monday, February 22, 2016

പെൺപ്രണയങ്ങൾ.

പെണ്ണിന്റെ പ്രണയം
ഇങ്ങനെയാവാം,
അർദ്ധമൗനങ്ങളുടെ ഇടനാഴിയിൽ
കുടുങ്ങിയൊരു പുരുഷൻ,
അവളുടെ ഹൃദയത്തിലൂടെ
നടന്നുപോകുന്നുണ്ടാവുമപ്പോൾ.
പുതിയതോ പുതുമയുള്ളതോ ആയ
ഒരു വഴിയാവണമതെന്നില്ല, 

ഗന്ധർവ്വന്റെ മണവും
പാരിജാതത്തിന്റെ കൂട്ടും
ആവഴിയെ മൂടി മറച്ചിരിക്കും,
കെട്ടിയൊതുക്കിയ മുടിയിൽ
പ്രേമത്തിന്റെ പൂമാല തിരുകിയ
പുരുഷവസന്തങ്ങളപ്പോഴും,
ആ വഴി വന്നവളെ
കെട്ടിപ്പിടിച്ചിരിക്കും.
പെൺപ്രണയങ്ങൾ,
വളരുന്ന മരത്തിലേയ്ക്കു
കുരുങ്ങി വീഴുന്ന പട്ടം പോലെ
അറ്റമില്ലാതെ പറക്കുന്നു.
തിരിച്ചു വരാതെയും,
വാക്കുകളില്ലാതെയും,
ശിഖരങ്ങൾ അപ്പോഴും പെണ്ണിനെ പ്രണയിക്കുന്നു!

Sunday, February 21, 2016

മുറ.

 

(ചിത്രം ഇവിടെ നിന്ന് : http://www.claudiam.com/Paintings/DetailPages/DetailMotherChildDancing.htm )

 മച്ചിയെ പ്രാപിക്കുന്ന
മനുഷ്യന്റെ മുറവിളി പോലെ
അവളുടെ കണ്ണീർ
വലംകാലിലൂടെ മണ്ണിലേയ്ക്ക്,
ഭൂമി ചുവന്നു,
ഋതുമതിയായി,
രൂപാന്തരപ്പെടാത്ത ചിലഅടക്കം പറച്ചിലുകൾ
അവളുടെ പുഞ്ചിരികൾക്കു മുകളിലൂടെ പാഞ്ഞുപോയി,
അവൻ നിശബ്ദനായി
വലന്തോളുകൊണ്ടവൾക്ക് കുടപിടിച്ചു.

സിറിയ-സമാധാനം.

നമുക്കു വേണ്ടി വിളഞ്ഞ ഗോതമ്പുപാടങ്ങളിൽ
അവർ എന്താണു ചെയ്യുന്നത്,
യുദ്ധം?
എന്റെ കുഞ്ഞുങ്ങക്ക്
പട്ടിണി കൊണ്ട് ദാഹിക്കുന്നു,
നിന്റെ കൂർത്ത വാൾമുന കൊണ്ട്,
എന്റെ വയറു കീറിയും
ഹൃദയം വലഞ്ഞുമിരിക്കുന്നു.
വിശപ്പുകൊണ്ടു പടച്ചട്ടയിട്ട എനിക്കിനി
ഈ പടക്കളത്തിൽ ദയാവധം!
 

ഉറങ്ങുന്ന *കുതിരക്കുപ്പായക്കാർ.

എന്റെ ഹൃദയം,
ഉഴുതുമറിച്ച
കമ്പിളിക്കുപ്പായം പോലെയാണിപ്പോൾ,
നിർദയമായി
എന്റെ കണ്ണുകളെ ചുംബിച്ച
നിന്റെ തണുപ്പും പുതച്ച്,
ഈ യാത്രയുടെ ഒടുക്കം വരെ
ഞാൻ ഉറക്കത്തിലാവും.
എന്റെ ദാഹങ്ങൾ 
കുതിര പോലെ ചിനച്ചുകൊണ്ട്,
എന്റെ പ്രണയിനി നീമാത്രമെന്നു
പറയുകയാവുമപ്പോൾ,
നാം മരുഭൂമിയിലൂടെ യാത്രചെയ്ത
മുറിവുകളിൽ തടവി,
സ്നേഹത്തിന്റെ ഉരുൾപൊട്ടുന്ന
മുന്തിരിവള്ളികളിൽ പിണഞ്ഞ്,
എതുസ്വപ്നത്തിലാവും നീയിനി 
എന്നെ ഉണർത്തുക?
അവൾ
ഒരു കാമുകിയായിക്കഴിഞ്ഞു, 
യാത്രയിൽ
ഇനി ഞാൻ പരാജയപ്പെടുമെന്ന്
തോന്നുന്നില്ല!
(*മരുഭൂമിയിലൂടെ ദീർഘദൂരം യാത്ര ചെയ്യുന്നവർ)

Saturday, February 20, 2016

ഹൃദ്യമായ ചില ഭ്രാന്തുകൾ!

1.
കല പൂർണ്ണമാകുന്നത്
പിറുപിറുപ്പുകൾക്ക് മുന്നിൽ
അറുപതും കടന്നൊരു
കാണി പിറക്കുമ്പോഴാണ്!
2. 
വാക്കുകൾ കൊണ്ടു നമ്മെ
വിശുദ്ധരാക്കുന്ന
ചില മനുഷ്യരുണ്ട്‌,
റാക്കടിച്ചുന്മത്തമായ
പലരാത്രികൾ പോലെ!
3.
ഒരു സത്യത്തിലേയ്ക്കു
പറന്നു പോകുന്ന
ആയിരം വഴികളെങ്കിലും,
ഒരു കളവിനെ ചുംബിച്ചിരിക്കുന്ന
ചില ശലഭങ്ങൾ!
4.
അനുഭൂതി കൊണ്ട്
ചെറുപ്പമാക്കികളയുന്ന
ചെറുവായനകൾ!
5.
ഹൃദയത്തിലേക്ക് മഴപെയ്യുകയും
കണ്ണുകളിൽ കൊടുങ്കാറ്റു വീശുകയും
വല്ലപ്പോഴും മാത്രം വരികയും
എന്നും ഓർക്കപ്പെടുകയും ചെയ്യുന്ന 
ർമ്മദിവസങ്ങൾ!
6.
കീറിപ്പറിഞ്ഞ ഓർമ്മകളുടെ ഭാണ്ഡം
ദാഹമകറ്റുന്ന തുകൽ സഞ്ചിപോലെ സുന്ദരം!
7.
നിന്റെ കണ്ണിൽ നിന്ന്
എന്റെ വാൾമുനയിലേയ്ക്കൊരുതുള്ളി,
കടലാസ്സ് ചുവക്കുന്നു
പ്രണയം തിളയ്ക്കുന്നു!
8.
എന്റെ പരാജയം
എന്നെ അറിഞ്ഞവനിൽ മാത്രം!
9.
നമ്മുടെ ഗാനം ഇനിയും വെളിപ്പെട്ടിട്ടില്ല,
വെളിപാടുകളുടെ പറുദീസയിൽ
പുല്ലാങ്കുഴലില്ലാത്ത പാട്ടുകാർ നാം!
10.
നിലച്ചു പോയ സൂചികളുടെ സ്പന്ദനത്തിലാണ്
എന്റെ സ്വർഗ്ഗരാജ്യം!
(ചിത്രം ഇവിടെ നിന്ന്: http://www.eurasianet.org/node/68806 )

Friday, February 19, 2016

ഒറ്റഇലകളിലേയ്ക്കുള്ള അവയവനോട്ടങ്ങൾ.

(ഉത്സവപ്പറമ്പിൽ തൊഴിലിന്റെ ഭാഗമായി വന്ന ട്രൻസ്ജെൻഡർ സുഹൃത്തുക്കളെ നോട്ടംകൊണ്ടു കീറിമുറിക്കുന്ന സമൂഹത്തിൽ കണ്ണീരോടെ..)


അവളെഴുതുമ്പോൾ
അക്ഷരങ്ങൾ ചായം പൂശാത്ത
നീളൻ കുപ്പായക്കാരെപ്പോലെ
ബലമുള്ളതായിരുന്നു!

അവൻ വായിക്കുമ്പോൾ
അവളെഴുത്തുകൾ
വലിയ പൊട്ടുകൾ മാത്രമായി
ശുഷ്കിച്ചു പോകുന്നു!

ഞരക്കങ്ങൾക്കിടയിൽ
അവയവമില്ലാത്ത ആരോ
ഋതുമതിയായി
മരണം വരിക്കുന്നു..

നേർത്തുപോയ രാത്രികളുടെ
വിയർപ്പുഗന്ധങ്ങൾ മാത്രം,
ആൾപ്പറമ്പുകളിൽ
കളിയൊച്ചകൾക്കു പിന്നിൽ
ശരീരവും
മനസ്സുമായി
നടന്നു പോകുന്നു,
അവർക്കു പിന്നാലേ
കൂട്ടുനടത്തവും,
കുലുങ്ങിച്ചിരികളും,
ആണോ പെണ്ണോ എന്നറിയാത്തവ!
ചിരിയിലും
കരച്ചിലിലും
പെണ്ണും ആണും ഇല്ലാത്തവ!

നാളെ,
നാട്ടിൽ,
മഴ പെയ്തേക്കാം..
വേനൽ വന്നേക്കാം..
മുറിശരീരങ്ങൾ കൊണ്ട്
മനുഷ്യൻ മനുഷ്യനെ പ്രണയിച്ചേക്കാം,
അപൂർണ്ണമായ പ്രണയം!

അപ്പോഴെങ്കിലും
പൊട്ടിട്ട ആണിന്റെ
മുറവിളിയിൽ
കുതറിനോക്കാതെ,
പെണ്ണിനെ മാംസമാക്കാതെ,
നീ നിന്റെ കണ്ണുകളെ വെറുതേ വിടു.
എന്നിൽ ഞാൻ തെറ്റുകാരനല്ല,
ഒറ്റയിലയാണ്,
കൂട്ടം തെറ്റിയ കാട്ടുതേൻ!
 
(ചിത്രം ഇവിടെ നിന്ന് : http://blogs.worldbank.org/category/tags/lgbt )

രതി.

ഞാൻ
നിനക്കുള്ളിൽ പിറക്കുന്ന നിമിഷം
ഒരു വലിയ നേരു പിറക്കുന്നു,
തട്ടിപ്പറിച്ച സ്നേഹത്തിന്റെ തികട്ടലുകളിൽ
നുണ പോലെ.
ആരാലും നുകരപ്പെടാത്ത
നിന്റെ നനഞ്ഞ വയലറ്റു ചുണ്ടുകൾക്ക്
ഇന്ദീവരത്തിന്റെ മണമാണിപ്പോൾ,
ഇണചേരപ്പെടാതെ കിടക്കുന്ന വലിയ മൈതാനം
നിന്റെ ഹൃദയവും!
(ചിത്രം ഇവിടെ നിന്ന് : http://www.artcurel.it/ARTCUREL/ARTE/PITTURA/EKATERINAMORE.htm)

Thursday, February 18, 2016

മുടന്തൻ ഹൃദയം.

ഓരോ നോട്ടവും
ഒരു കടന്നുപോക്കാണ്,
പഴയതെല്ലാം
ഓർമ്മകൾ മാത്രമാകുന്നൊരു വാതിലിൽ
പുളകിതനാകാതെ നിൽക്കുമ്പോൾ,
നിഴൽകൂനകളുടെ ഭാരം കൊണ്ട്
നെഞ്ചുനന്നായ് വിയർക്കുന്നുണ്ട്‌,
കട്ടിരോമങ്ങൾ
ഒന്നിനോടൊന്നൊട്ടി,
കൂട്ട് തേടി
കുപ്പായത്തിനുള്ളിലിരുന്നു
നിന്നെയോർക്കുന്നു,
ഞാൻ ക്ഷീണിക്കുന്നു പെണ്ണേ..
പ്രേമം, ചെളിപ്പുഴയിലൊഴുക്കെന്നു പറഞ്ഞ
നിന്റെ ചുണ്ടുകൾ,
കുങ്കുമക്കായ പോലെ തുടുത്തവ!
പരുപരുത്ത മണ്ണിൽ 
നിന്റെ കൊലുസ്സനക്കത്തിൽ,
പൊൻവെയിൽ വീണു തിളക്കുന്ന
നട്ടുച്ച പോലെ ഞാൻ 
നിഴലുകൾ കാണുന്നു!
മുറിബീഡി പൊള്ളിച്ച ചുണ്ടിൽ
മഞ്ഞുഹൃദയം കൊണ്ടു
നീ ചുംബിച്ചു പോകുന്നു,
ഹാ! കുളിരെന്റെ പെരുമഴക്കാലവും കടന്ന്
പ്രേമമൊഴുക്കുന്നു!
കണ്ണുകൾ നിന്നെ കുഴച്ച മണ്ണിൽ,
നാം ഒന്നായൊഴുകി നടന്ന
ജനലഴികൾക്കപ്പുറം,
ഇനി എന്നാണു
വസന്തം വരിക,
നിന്റെ ശിഖരങ്ങളിൽ
എന്റെ വേരുകൾ,
ഉമ്മകൾ കൊണ്ട് പൊള്ളുക?

സ്നേഹത്തെക്കുറിച്ചു
കവലപ്രസംഗം നടത്തി ഞാൻ,
ഒരു മുടന്തൻ ഹൃദയവുമായി
മറ്റൊരു സാരിത്തലപ്പിലിരുന്നു
നിന്നിലേയ്ക്ക നടക്കുന്നു,
ഭാരമില്ലായ്മകൾ
വലിയൊരു ഭാരവും പേറി
ഭൂതകാലത്തിലേയ്ക്ക നടന്നു തീരാതെ
തുകൽസഞ്ചികൾ തുറക്കുന്നു!

Wednesday, February 17, 2016

#StandwithJNU

ഞാൻ ദരിദ്രനാണ്,
പക്ഷമില്ലായ്മകൾ കൊണ്ട്
തൊണ്ടയടച്ചുപോയൊരു
പിതാവിന്റെ മകനും!  
ഒഴുക്കിന്റെ തുടർച്ചയിൽ,
അവൻ മരിച്ചു ഞാൻ പിറക്കുന്ന
ഒടുക്കമില്ലാത്ത ചങ്ങലയിൽ,
ഒരു പേരുകൊണ്ടെന്നെ
വരച്ചിടാമെന്നു നീ കരുതരുത്..
അറിവു കൊണ്ട് ഭിക്ഷയെടുക്കാത്ത
ആരും ഞാനാണ്
എന്നുമാത്രം നീയറിയുക,
എന്നെ കെടുത്താതിരിക്കുക!

!!!

ഒരു പ്രണയം,
ഒരു മരണവും
ഒരു ശേഷിപ്പും
ഒരു നിഴൽജീവിതവുമാകുന്നു,
നിന്നെ സ്നേഹിച്ച്
അത്രമേൽ തെറ്റുചെയ്യുന്നു ഞാൻ!

Tuesday, February 16, 2016

മരമിണ.

വേരുകൾ,
ഒത്തുചേരലിന്റെ
അവിശുദ്ധിയിൽ
ആദ്യം നനഞ്ഞ
ഓർമ്മ മുറിവുകളാണ്.
അടഞ്ഞു കിടന്ന മണ്ണിനടിയിൽ
കണ്ടെടുക്കപ്പെടാത്ത കല്ലുകൾ പോലെ,

കുരുത്തംകെട്ട തണുപ്പിന്റെ
നീരൊഴുക്കു തേടി നിറംകെട്ട
സ്നേഹത്തിൽ കുരുങ്ങിയ
മുറിരാത്രികൾ,
ചീവീടുകരയാത്ത പനമരങ്ങളിൽ
തുമ്പികളായ് പറക്കുന്നു.
അവസാന വാക്കിലെ തുടക്കം പോലെ
തളിരിലകൾ കുപ്പായം തുന്നി
നമ്മെ മറക്കുന്നു,
മരമിണേ,

നിന്റെ ഇടംകയ്യൻ
ഇളം വേരിൽ
ഇടമൊതുങ്ങാതെ ഞാൻ

നിന്നെ രുചിക്കുന്നു,
തളർന്നുകൊണ്ടാ ശ്വാസത്തിൽ
നിന്റെ നെറുകിലേയ്ക്കുപെയ്യുന്ന
ശരത്കാലം നെയ്ത

പൂർണചന്ദ്രനെപ്പോലെ
തിരിച്ചു പോകാനാകാതെ
അമാവാസികൾ
മരുഭൂമിയുടെ പച്ചവേരു മുറിച്ച്
നടന്നകലുന്നു,
ഒരു വെയിൽ കാലത്തിലേയ്ക്ക്
തണൽ കിട്ടാതെ നാമും തിരിഞ്ഞുപോകുന്നു,
ലിപികളില്ലാത്ത കണ്ണുകൾ കൊണ്ടു
മരങ്ങളപ്പോൾ നമ്മെ
ഇണകളെന്നു മാത്രം വിളിക്കുന്നു,
ഒരു വേനൽ കൂടി
വേരിന്റെ മരുഭൂമി ഗർഭത്തിൽ
ചാപിള്ളപോലെ കയർത്തൊറ്റയാകുന്നു!(ചിത്രം ഇവിടെ നിന്ന് : http://www.purpleheartyoga.com/gallery/tree-of-love-painting/ )

Monday, February 15, 2016

നിരാശ.

നീ ജ്ഞാനിയാകുന്നിടത്ത്
എനിക്കു വിശക്കുന്നു,
നാം പരാജയപ്പെടുന്നു!

പുളിയനുറുമ്പുകൾ.

എല്ലുന്തിയ വേനലിൽ, 
വെയിൽപ്പൂക്കളെ ഗാഢമായി ആലിംഗനം ചെയ്ത
ഉറുമ്പുകുപ്പായക്കാരെ കാണാം!

ദിവ്യബലി.

ഓരോ ബലിയും ദിവ്യമാകുന്നത്
നീ മഴക്കടവു കടന്നെന്റെ
കൺചാലിലേയ്ക്കു നോക്കുമ്പോഴാണ്!
അൾത്താര ചുവന്ന്
സ്നേഹവീഞ്ഞു പുളിച്ച്
ഹൃദയങ്ങളിണചേർന്ന വിശുദ്ധമായ
കുന്തിരിക്കങ്ങൾ പുകഞ്ഞ്,
വലിയ പിഴകൾ ഏറ്റുപറച്ചിലിൽ
ആർദ്രമായ ചുണ്ടുകൾക്കു വഴിമാറി,
ഇലകൾകൊണ്ടു കെട്ടിപ്പിടിക്കുന്ന
ഒലിവുമരങ്ങളുടെ തണലിൽ,
മുന്തിരിപ്പാടങ്ങളിലേയ്ക്ക്
മുടിയഴിഞ്ഞു വീഴുന്ന
നിന്റെ ദൈവവിളി പോലെ,
പ്രേമത്തിന്റെ ചിത്രംവര
പങ്കുവയ്പുകളുടെ നനവുകൊണ്ട്
പൂർണ്ണമായിരിക്കുന്നു,
നീ എന്നെ മൂന്നുവട്ടം ചേർത്തണച്ചിരിക്കുന്നു!


 

(ചിത്രം ഇവിടെ നിന്ന് : http://www.purpleheartyoga.com/gallery/infinite-potential-love-painting/ )

*നിഴലിനു നിറം വരക്കുന്നവൻ.

നീ സൂഫി,
പക്ഷിയുടെ പാട്ടുപോലെ തെളിമയുള്ളവൻ,
ജലം പോലെ
ഋതുകൊണ്ട് നെറ്റിമേൽ
കാലം നിസ്ക്കാരത്തഴമ്പു വരച്ചവൻ!

നീ പ്രാർത്ഥന,
മനുഷ്യന്റെ കരുണയിൽ കുതിർന്ന മഴ,
ചില്ലകിട്ടാതെ ചാഞ്ഞ നിഴൽച്ചിത്രങ്ങളിൽ
ഒന്നിനുമല്ലാതെ തണലു വിരിച്ചവൻ!

നീ,
പാകമാകാത്ത മറവിക്കുപ്പായമുരിഞ്ഞ്,
ഓർമ്മകൾകൊണ്ടാത്മാവിൽ
നഗ്നനായവൻ,
സ്നേഹംകൊണ്ടു ഹൃദയം ഭരിക്കുന്നവൻ,
ഭാരങ്ങൾ കണ്ണിൽ പകുത്തു വാങ്ങുന്നവൻ!

നീ,
നിഴൽ പോലെ
ഒരു നിറത്തിലുമൊതുങ്ങാതെ,
സ്നേഹപ്പാടങ്ങളിൽ
വിരലോടു ചേർന്ന്
ഹൃദയം കൊയ്യുന്ന
ഭാഷയില്ലാത്തൊരു വാക്ക്!


 
(ചിത്രത്തിന് കടപ്പാട് : പ്രിയപ്പെട്ട *റാഷിദ് അനിയനോട്..)