Wednesday, March 30, 2016

പ്രണയം കിതക്കുന്നു.

കണ്ണുടക്കങ്ങളും
ഉടൽമുറുക്കങ്ങളും മറന്ന രണ്ടു നിഴലുകൾ
മണ്ണിൽ നിറങ്ങളില്ലാതെ ഊർന്നു വീഴുമ്പോൾ
എന്റെ ഉടൽ പ്രണയം പ്രണയം എന്നാർക്കുന്നു.

പുതപ്പിട്ടു കെട്ടിവച്ച പുറഞ്ചേലുകൾ,
പാതിയും മാഞ്ഞുപോയ ചുവന്ന പൊട്ട്,
കരിപടർന്ന കണ്ണുകൾ,
പറന്നു പതഞ്ഞ മുടി,
ഒന്നും ബാക്കിയില്ലാത്ത നോട്ടങ്ങൾ,
കൊയ്തുമെതിച്ച സാരിത്തലപ്പ്,
ഞാനൊളിച്ച നിന്റെ അടയാളങ്ങളുടെ
മുദ്രമോതിരം,
ഏതോ മറവിക്കിടക്കയിൽ
ദൂരമകറ്റി തളർന്നു തണുത്ത സ്പർശനങ്ങൾ,
നീ വരുമ്പോൾ ചിതറുന്ന പൂപ്പാത്രത്തിലെ വസന്തത്തിനായ്
ഞാൻ കാത്തിരിക്കുന്നു...
( ചിത്രം ഇവിടെ നിന്ന് : https://www.etsy.com/ca/listing/236447878/abstract-painting-painting-face-mask )

Monday, March 28, 2016

എനിക്കുണ്ടായിരുന്ന പറവയ്ക്കുമുണ്ടായിരുന്നു
ചിറകില്ലാത്തൊരാകാശം!

Friday, March 25, 2016

വെള്ളി മരങ്ങൾ.

വിശപ്പു കൊറിക്കുവാൻ
പാടത്തു വന്ന പറവകളേ,
അവന്റെ
വേദന ചുരത്തുന്ന മുറിവുകളിൽ
കതിരു കൊത്തി നിങ്ങൾ
കാറ്റു കൊടുത്താലും.
അമ്മ കരയുന്നു,
മരം ചുമക്കുന്ന മകനോട്
ഭാരത്തിന്റെ പങ്കു ചോദിക്കുന്നു.
മുള്ളേറിയ മനസ്സിൽ
എനിക്കു വേണ്ടി കരഞ്ഞവൻ
മുൾക്കിരീടം ചൂടിയ രാജാവാകുന്നു.
വേദന കൂടുകൂട്ടുന്ന മലമുകളിൽ
വേനലിന്റെ അത്തിപ്പഴങ്ങൾ
മുപ്പതുവെള്ളിയെ പൊറുത്ത്
ഭൂമിയുടെ നെറുകയിൽ ചുംബിക്കുന്നു.
അവൻ
അവനേറിയ മരം കൊണ്ട്
എനിക്കു തണലാകുന്നു..

Tuesday, March 22, 2016

ഒരു വഴിയായി.

തിരക്കിട്ടു നടക്കുന്ന മനുഷ്യരുള്ള ഒരു വഴി,
തവിട്ടു നിറമുള്ള മരങ്ങൾ നിറഞ്ഞ
ഇരുവശങ്ങളിലായി
ചാഞ്ഞ ഓർമ്മകൾ,
ചില കാലങ്ങൾ
എത്രപെട്ടന്നാണ് തിരിച്ചെത്തുന്നത്?
വെറുപ്പിന്റെ നിറമെഴുതുന്നത്?

വേനലിൽ
നിനക്കു വെയിലിന്റെ നിറമാണ്,
എന്റെ നിശബ്ദതയ്ക്ക്
പൊടിമണവും.
നമുക്കിടയിലെ ദൂരം
വിരലുകൊണ്ടളക്കുന്ന
കാലത്ത്,
മഞ്ഞിച്ചു തുപ്പുന്ന
ഒരു നിയോൺ വിളക്കിനു താഴെ
നമുക്ക് പറക്കാം,
കാടില്ലാത്ത
പക്ഷികളെപ്പോലെ!

എന്തിനാണ് നീ
വെയിലിൽ വരുന്നത്?
നിനക്ക് മഴയത്തു വന്നൂടേ?
കുടമറയില്ലാത്ത എന്റെ ഹൃദയത്തിൽ നിന്നൂടേ?
ആവിപറക്കുന്ന
ചുണ്ടുകളിൽ മുത്തി
ഒരു കപ്പ്
കാപ്പി കുടിച്ചൂടേ?

വേണ്ടാത്ത തോന്നലുകളിൽ
വീണ്ടും
നമ്മൾ ഉരുണ്ടു വീഴുന്നു,
ഒരു തുറന്ന കത്തെഴുതുന്നു,
ഓടയിൽ നിന്ന് തിരികെയെത്തിയ
വൃത്തികെട്ട ഭൂതത്തെക്കുറിച്ച്,
കഴുത്തു ഞെരിച്ചുകൊന്ന
ദിവസങ്ങളെക്കുറിച്ച്,
നഗരത്തിലൂടെ നടന്നു പോയ
പേരറിയാത്ത മുഖങ്ങളെക്കുറിച്ച്,
ഓരോ നോട്ടത്തിലും
അവർ പ്രാപിച്ചപ്പോൾ

കൊഴിഞ്ഞു വീണ ഇലകളെക്കുറിച്ച്,
അവരോടു തോന്നിയ വെറുപ്പിനെക്കുറിച്ച്..

ചിലകാലങ്ങൾ
എത്രപെട്ടന്നാണ്‌ തിരിച്ചെത്തുന്നത്,
ഇരുട്ട് നെഞ്ചിലിരുന്ന്
വെറുപ്പ് പറയുന്നത്?

ചെമ്പരത്തികൾ ചോര ചൂടുന്നു.

ഒരുതുള്ളി ചോരയിൽ
എന്തുണ്ട്?
പിടിവിട്ടുപോയൊരു പെണ്ണിന്റെ നെഞ്ചിലെ
പുകക്കുഴൽ തുപ്പിയ കന്യക മയങ്ങിക്കിടപ്പുണ്ട്!

Monday, March 21, 2016

ജീവിതത്തിൽ ചാണകം മണക്കുമ്പോൾ.

പെണ്ണ്
ഒരു ജാതിയാണ്
എന്നാണ്
അച്ഛന്റെ മതം,
അമ്മ
തൊഴികൊണ്ടും
തൊഴുത്തിൽ കെട്ടിയും
താനേ വളരുന്ന
കറവപ്പശുവിനേക്കാൾ
കേമിയല്ലെന്നതാണ്
അച്ഛന്റെ ജാതി.
പാൽചുരത്തലും
ചാണകമിടീലും തമ്മിൽ
പെണ്ണും
പശുവുമെന്ന അന്തരമുണ്ടെന്ന്
ചില പുരുഷന്മാർ
ഇനിയും അറിയേണ്ടിയിരിക്കുന്നു,
അമ്മയ്ക്ക്
രണ്ടുകാലും ഒരു വാലും കുറവുണ്ടെന്നും!

Sunday, March 20, 2016

വേനൽ, മഴ, മഞ്ഞ്.

ഏകാന്തതയുടെ കുന്നുകളിൽ
ക്ഷയക്കൂടുപോലെ പിടയുന്ന
മണ്ണു നെഞ്ചിൽ,
നിനക്കൊപ്പം പങ്കിട്ട ശൈത്യകാലം
എന്റെ ഹൃദയത്തെ പൊള്ളിക്കുന്നു.

പ്രണയം വറ്റിയൊരു പുഴയെ
വേനൽ കുടിച്ചുതീർക്കുന്നതെങ്ങനെ എന്നു പറഞ്ഞ്,
ഉഷ്ണിക്കുന്ന തുരുത്തിൽ,
നിന്റെ കണ്ണിൽ കുരുങ്ങിയ നോട്ടങ്ങളെ
തിരിച്ചുപിടിക്കാനാവാത്ത
എന്റെ ചിലരാത്രികളുടെ മൂളലുകളിൽ,
ഏതോ ചീവീടു മടുത്തുറങ്ങുന്നുണ്ട്.

ഈ വേനലും കടന്നു പോകും,
വറ്റിയ പുഴ
വരണ്ടു മരിച്ച്,
മറക്കപ്പെട്ട്,
ഏതോ പൂവിന്റെ തേങ്ങലിൽ,
മഞ്ഞുകാലമായ് വരും.
അന്നും,
വരുത്തൻ ചീവീടുകൾ,
മടുത്തുറങ്ങുന്ന മൂവന്തിയിൽ
വറ്റിയ കണ്ണുകളുമായി
ഇരുട്ടിൽ പെയ്ത മഴകളിലേയ്ക്ക്
നോട്ടം പായിക്കുകയാവും.
വേനലും മഴയും മഞ്ഞും,
നമുക്കുകിട്ടിയ ഋതുശാപങ്ങളുടെ ശൈത്യവും
ഒരു കഥ പറഞ്ഞു തന്ന്
നമ്മിലേയ്ക്ക് ചുഴിഞ്ഞു നോക്കുകയാവും..

നീക്കുപോക്കുകൾ.

പങ്കിടലിനൊടുവിൽ
പൊടിപിടിച്ച ഓർമ്മകളുടെ മാനത്ത്,
മാറാലകെട്ടാത്ത ഒരു ചുമരു ഞാൻ കരുതിയിട്ടുണ്ട്,
കുത്തിവരക്കാൻ
കരിപ്പെൻസിലുകളുമായി
നിന്നിലേയ്‌ക്കൊതുങ്ങിക്കൂടി
നെടുവീർപ്പിടാനൊരു കവിതയും...

Saturday, March 19, 2016

ഞാനെന്തൊക്കെയോ ഓർക്കുന്നു!

കരിയില വഴി,
പഴയതെന്തോ മറന്നു വച്ച
പകുതിവെന്ത വാക്കിന്റെ മണം,
ആരും കൂട്ടിനില്ലാത്ത
ആത്മപ്രണയത്തിന്റെ നാളുകൾ,
ഹാ! മനുഷ്യൻ നൂലഴിഞ്ഞ പട്ടം പോലെ
സ്വയം പ്രണയിച്ചു പറക്കുന്ന കാഴ്ചകൾ.
 
ഈ വേനലിൽ
നിനക്കെന്നെ ആലിംഗനം ചെയ്യാമോ,
ഋതുകൊണ്ട് മുറിവേറ്റ വൈകുന്നേരം,
മഴയില്ലാത്ത മാനത്തുനോക്കി നിൽക്കവേ,
പിന്നിലൂടെ വന്നു
പതിഞ്ഞ ശബ്ദത്തിൽ
സ്നേഹം കൊണ്ട് പറ്റിക്കാമോ?

വേനൽ, മരുഭൂമി, ഉഷ്ണിക്കുന്ന മനുഷ്യർ
ഞാനെന്തൊക്കെയോ ഓർക്കുന്നു!
ചില നിഴലുകൾ
മെലിഞ്ഞ കഴുത്തിൽ
നീണ്ടകൈകൾ കൊണ്ട്
കെട്ടിപ്പിടിച്ച്
സ്നേഹം തരുന്നു,
മധുരത്തിന്റെ ആ നിമിഷത്തിൽ വഴിതെറ്റിയ ആരാലോ,
മനുഷ്യൻ പറ്റിക്കപ്പെടുന്നു.
ചുമന്നു മടുത്ത ഓർമ്മകളുടെ
കടുംനീലകൾ,
എന്റെ അഭയമേ,
നിന്നെത്തേടിയിറങ്ങുന്നു..
വേനൽ, മരുഭൂമി, ഉഷ്ണിക്കുന്ന മനുഷ്യർ
ഞാനെന്തൊക്കെയോ ഓർക്കുന്നു!

Thursday, March 17, 2016

ഇരുട്ടിഴച്ചിൽ.

ഇരുട്ട്
ഇഴഞ്ഞു പോകുന്നൊരു പാമ്പാണ്,
വിചിത്രമായ വികാരങ്ങളുടെ പടമുരിയുന്ന
വാക്കുമാത്രമായി ഞാൻ
ഈ ഇരുട്ടിൽ
എന്തിനാണ് നിന്നെത്തേടുന്നത്?

Sunday, March 13, 2016

ഞാൻ പുഴു.

ചിലനേരങ്ങളിൽ ഞാൻ
കടലിലേയ്ക്കിറങ്ങി പോകുന്നു,
നിലാവുണ്ണാനില്ലാത്ത രാത്രികളെക്കുറിച്ച്
പരാതി പറയുന്ന കുയിലിനെ പോലെ
കൂവി മുറുകുന്നു,
ഒച്ചയില്ലാത്ത അലമാരിക്കുള്ളിൽ
ചത്തുകിടക്കുന്ന ചിതലിനെപ്പോലെ
പുത്തനുടുത്ത പല ദിവസങ്ങളിലും
കാൽതെറ്റി വീഴുന്നു,
പുഞ്ചിരിക്കാനറിയാതെ
പുറപ്പെട്ടുപോയ കാലങ്ങളെ
കരണ്ടുതിന്നു മടുക്കുന്നു!

Tuesday, March 8, 2016

വലിയ വട്ടങ്ങൾ.

നിശബ്ദതയിലൂടെ നടക്കുന്ന
യക്ഷികളുടെ നിറമെന്താണ്?

അവർക്ക്, ചുണ്ടിൽ ചുവപ്പുതേച്ച വിശപ്പുകളുണ്ടോ?
വെയിൽ പുതച്ചുകൊണ്ട്‌ ആരെങ്കിലും അവരോട്
കഥകൾ പറയാറുണ്ടോ?
ആ കഥകളിൽ, പൊട്ടുവച്ച്
പകൽ വെളിപ്പിക്കുന്ന പെൺയൗവ്വനങ്ങൾ
വലിയ വൃത്തങ്ങൾ വരക്കാറുണ്ടോ?
അവർ, മേലങ്കികൾ ധരിച്ചിട്ടുണ്ടോ?
അവരെ അവർ
അതിനു പിന്നിൽ മറച്ചു പിടിച്ചിട്ടുണ്ടോ?
അവരുടെ സ്വാതന്ത്ര്യത്തിനു ചുറ്റും
തെരുവിലെ ഏതോ
പൊളിഞ്ഞുവീഴാറായ ദാബയിൽ
വിളമ്പി വച്ചിരിക്കുന്ന
പഴകിയ ഭക്ഷണത്തിലെന്ന പോലെ
ഈച്ചകൾ ആർക്കുന്നുണ്ടോ?

ചുറ്റുമതിൽ കെട്ടിയ
വക്കുപൊട്ടിയൊരു ഭൂപടത്തിൽ,
പുറങ്കാഴ്ചകൾ, മൂടുപടം പോലെ അവരെ
വലയം ചെയ്തിരിക്കുന്നു.
കേട്ടുകേൾവികൾ
കടും ചുവപ്പുകൊടുത്ത
ഏതോ ഋതുവിൽ,
മുടിക്കെട്ടിലെ കൊഴിഞ്ഞ പൂവുമാത്രമായ്,
ഓരോ യക്ഷിയും പെണ്ണുടലിനെ പ്രാപിക്കുന്നു.
പേരിടാത്ത പ്രണയ ചുംബനങ്ങൾ
മണ്ണിലേക്കു പൊഴിഞ്ഞു വീഴുന്നു.
തോരാത്ത പെൺമഴകളെന്നു നാമതിനെ പേരിടുന്നു!

മണ്ണെടുപ്പ്‌.

ചാടിക്കടക്കുമ്പോഴാണ്
ഓരോ പുഴയും
ചാലിലേയ്ക്കു ചുരുങ്ങുന്നത്!

Monday, March 7, 2016

#IWD2016

പുഴയിൽ ചാടിയ പെണ്ണും
പുഴവക്കത്തു കാത്തിരിക്കുന്ന പൂവും
തേടുന്നത്
ഒരേ ചെവിയാണെങ്കിൽ
നിങ്ങളെന്തു പറയും?

മതിൽക്കെട്ടുകൾക്കുള്ളിൽ സംഭവിക്കുന്നത്‌.

വരണ്ട വിചാരങ്ങൾ
ഒരു വൈകുന്നേരം കൂട്ടിനെത്തുന്നു,
കറുപ്പുകേറിയ നഖം കടിച്ചുകൊണ്ട്
അവനപ്പോൾ
നിന്നെ ഉമ്മവച്ചോട്ടെ എന്നു ചോദിക്കുന്നു,
പുകയില മണക്കുന്ന ചുണ്ടുകൊണ്ട്
അവൾ പാടില്ല എന്നു പറയുന്നു.
നഖമൂരിയ വിരൽകൊണ്ട്
അവനവളെ
കുറ്റിക്കാട്ടിലേയ്ക്കു വലിച്ചിഴയ്ക്കുന്നു,
അവൾ അപ്പോഴും
പാടില്ല എന്നു മാത്രം പറയുന്നു!

പ്രേമികളുടെ ജനനം.

നീ എന്നുച്ചരിക്കുമ്പോൾ
 ഞാൻ കണ്ടെത്തുന്നൊരനുഭൂതിയുണ്ട്,
സമുദ്രം കണ്ടിട്ടില്ലാത്ത നദി
കാലങ്ങളലഞ്ഞ്
കടലോടു ചേർന്ന പൂർണ്ണത!

ഞാനുരുകുമ്പോൾ,
ശൂന്യതയിൽ,
നീ വരുന്നു,
നാമൊരുമിച്ചു പാടുന്നു, 

നൃത്തം ചെയ്യുന്നു,
 പെയ്യാനിരിക്കുന്ന മേഘങ്ങളുടെ സംഗീതം കൊണ്ട്
എന്നെ
നീ അതിശയിപ്പിക്കുന്നു,
നല്ല പാട്ടുകാരാ,

ഞാൻ നിന്നിൽ കുരുങ്ങിക്കിടക്കുന്നു.

നീ പോകാനൊരുങ്ങുമ്പോൾ,
ഇത്രമേൽ സങ്കീർണ്ണമായ വേദന,
എന്നിലെന്തിനെന്ന്
ഞാൻ കയർക്കുന്നു.
നീ ചിരിക്കുന്നു,
എന്നിൽ
അത് അട്ടഹാസം പോലെ പ്രതിധ്വനിക്കുന്നു.


നിന്നെ പകർന്നു കിട്ടിയ വേളകൾ
മൃദുചുംബനങ്ങൾ കൊണ്ട് ഞാൻ ചുവപ്പിക്കുന്നു, 
നിന്നിൽ നിന്നു മോചിപ്പിക്കപ്പെടാതെ
ഞാൻ സ്നേഹിക്കപ്പെടട്ടെ, 

ഞാൻ നിന്നെ പ്രതിരോധിക്കുന്നില്ല!
(ചിത്രം ഇവിടെ നിന്ന് : https://www.pinterest.com/pin/283375001529870935/ )

രണ്ടു മുനമ്പുകൾ.

ശൈത്യകാലത്തിൽ നീ നഗ്നനായി നടക്കുന്നത് കണ്ട് എനിക്കു കുളിർന്നു,
സത്യത്തിന്റെ ഉടൽ തുറന്നടിക്കപ്പെടേണ്ടതെന്നു പറഞ്ഞു നീ തീ കാഞ്ഞു.
നീതിയെ കൊല്ലുന്ന നിങ്ങൾ എനിക്കു മരണം തന്നാലും,
കണ്ണുപോയവൻ നാവറുക്കുന്ന ഈ ലോകത്ത് രണ്ടു മുനമ്പുകൾ ഒരിക്കലും കണ്ടുമുട്ടില്ല!

Sunday, March 6, 2016

നീ.

ചില മനുഷ്യർക്കു പേരില്ല,
പല പൂക്കളും
അവരുടെ കലമ്പലുകൾക്കു മേലേ
എന്തോ ഒന്നു വരച്ചു പോകും,
എത്ര മറന്നാലും
പകലുകളെ ഉദിപ്പിച്ച്,
ആ ചിലർ,
വിരഹം പോലെ എന്തോ ഒന്നു പറയും!

ഒച്ചുകൾ.

നിനക്കു നടക്കാൻ
ഞാൻ എന്നിലേക്കൊരു വഴിവെട്ടും,
അതുവഴി നടന്ന്
ആരുമറിയാത്തൊരു നഗരത്തിൽ
നാമെത്തപ്പെടും,
അന്നു നീ ചോദിക്കും,
നീ വയറ്റിൽ
ഒരു പുരാതന നഗരത്തെ
ഒളിപ്പിച്ചിട്ടുണ്ടോ എന്ന്?
അപ്പോൾ നമുക്ക്
പുറന്തോടു പൊളിച്ചു കളഞ്ഞ്,
പതിയെ ഇഴയുന്ന ഒച്ചുകളാവാം,
മെഴുക്കുള്ള ശരീരം കൊണ്ട്
ഒളിച്ചിരിക്കാൻ
ഒരു പുരാതന നഗരം വരയ്ക്കാം,
ഉച്ചത്തിൽ സംസാരിക്കുന്ന
ശൂന്യമായൊരു നഗരം!

പെൺതോടുകൾ.

പെണ്ണ പെണ്ണിനെ കൊത്തും
വർണ്ണക്കടലാസൊട്ടിയ
അടഞ്ഞ വാതിലിനു പിന്നിൽ,
പെണ്ണിനു മാത്രമാറിയുന്നൊരു
ഒളിച്ചുകളിയാണത്‌!

വേടനും തുമ്പിയും.

ഈ ഇരുട്ട്
ചിലപ്പോഴൊരു പുഴയാകാം,
ചിലപ്പോഴൊരു വേടനും
തുറന്നു വിട്ട കിളിയെ ഓർക്കുന്ന വേടൻ.
 
വാക്കുകൾ
പതുങ്ങി വരുന്നു,
നീയില്ലാത്ത
വിരസമായ വൈകുന്നേരങ്ങളെ
അതിലേറെ വിരസമായ തോന്നലുകൾ കൊണ്ട്
കീറിമുറിക്കുന്നു,
ഞാൻ നിഴലാകുന്നു,
നിറംകെട്ടുപോയ നീലപ്പാവാടകളുടെ
പഴകിമുറുത്തു കരിമ്പേൻ കേറിയ കറുത്ത നിഴൽ!

നിഴലിനു നീലനിറം വേണമായിരുന്നു,
മാദകമായ മെഴുകുതിരി തലപ്പിലൂടെ കാണുന്ന കരിം നീല,
രാത്രിക്കു മഞ്ഞയും,
ഉമ്മവെച്ചുമുറുകിയ കവിളുകളുടെ വിവർണ്ണമായ മഞ്ഞ,
നീല നിഴൽ
പലനിറമുള്ള പകലിന്റെ നാടമുറിച്ച്,
പാത്തു പാത്ത്
രാത്രിമഞ്ഞകളെ പ്രാപിക്കുന്നത്
തെരുവോരത്തിരുന്നൊരു തുമ്പി സ്വപ്നംകാണുന്നുണ്ടാവണം,
വേടൻ അതിനെയാവണം
അമ്പെയ്തു കൊന്നത്,
പകരം ചിറകിൽ കെട്ടുകെട്ടിയ കിളിയെ
തുറന്നു വിട്ടതും!

മടിപിടിച്ചു ചെയ്യാതിരുന്നത്.

തിരയാൻ,
തിളച്ചാറി
മണ്ണു പറ്റിയ
ഓർമ്മക്കുറ്റികളിൽ,
നേർത്ത വിരലുകൾ കൊണ്ട്‌
കൊതിയോടെ ഒരുമ്മ കൊടുത്താൽ പോരേ?

Saturday, March 5, 2016

മങ്ങിയതെങ്കിലും മായാത്തത്.

കാരയിൽ തൂങ്ങിമരിച്ച
വേപ്പിന്റെ ആത്മശാന്തിക്കും
തെങ്ങുവച്ചു!
വേനൽ വന്നു പൊള്ളിച്ച
നാവുകൊണ്ട്
തറയപ്പോൾ
വെട്ടിയ മഴുവിനെ പ്രാകി.
വെറുപ്പ്‌,
മരിച്ചുപോയ
മരങ്ങളിലേയ്ക്കു ചാഞ്ഞനാൾ,
ഒരുത്തിക്ക്,
അകാല മരണമടഞ്ഞ
മൂവണ്ടാനെ മാത്രമോർമ്മവന്നു.
പാതി കത്തിയ അവന്റെ ചിതയും
പിന്നിലെരിഞ്ഞ മാംസത്തിന്റെ മണവും
തീകെടുത്താൻ കരഞ്ഞ
ഊഞ്ഞാലാട്ടങ്ങളും
ബാക്കിനിൽക്കുന്ന
തായ് വേരും,
അറുതിയില്ലാതെ പെയ്ത
ഏതോ മഴ വീണു പൊള്ളിയ
പേരില്ലാത്തൊരു ജീവിയായ്
അവളെ പ്രഖ്യാപിച്ചു.
ഉപ്പുകാറ്റുകൾ
വീശാത്ത കരയിൽ
മഞ്ഞിച്ച മുഖങ്ങൾക്കും
തണുക്കുന്നുണ്ടാവണം,
ഓർമ്മകൾക്ക്
പുറംതിരിഞ്ഞു നടക്കുന്ന
മനുഷ്യരുണ്ടിവിടെ!

ഞാൻ എന്റെ മറവികളുടെ പടി കേറുന്നു,
തോന്നലുകൾ,
പകലും രാത്രിയുമായി
മജ്ജയും വെള്ളവും
മുറുക്കിത്തുപ്പുന്നു,
തുമ്പികൾ ആ വഴിയിൽ
ആത്മാവുതേടി,
നഗരത്തിലെ മുഷിഞ്ഞ കവാടത്തിൽ
തവിട്ടു പൂക്കളിലിരുന്നു
തേൻ കുടിക്കുന്നു.
വഴിതെറ്റിയ ഏതോ വരുത്തൻ
വിരുന്നുണ്ണാനിടമില്ലാതെ
വേച്ചു പോകുന്നു,
സന്ധ്യക്കു പോലും
നട്ടുച്ചയുടെ വിയർപ്പുമണം,
ഞാനിതാ
ഭൂമിക്കും ആകാശത്തിനുമിടയിലെ കിടങ്ങ്
മുറിച്ചുകടക്കുന്നു,
അവിടേയും
ആരോ കരഞ്ഞുപോകുന്ന
വിശപ്പുമണം,
പല്ലിനിടയിൽ കുടുങ്ങിയ ഈർക്കിലി പോലെ
പാവം വിശപ്പ്‌!

അന്ധൻ.


ഇലകൾ കൊഴിയുമ്പോൾ
നമ്മൾ കൊഴിയുന്നു,
വരിതെറ്റിയ കുഞ്ഞനുറുമ്പു വന്നുകയറിയ
ശിശിരരാത്രി പോലെ,
ശിഖരം കാണിച്ചിരിക്കുന്ന
മരത്തിന്റെ നഗ്നതയിൽ,
ഓരോ ഓർമ്മയും
ഉമ്മകൾ തന്ന്
കുളിർപ്പിക്കുന്നു.
അക്ഷരങ്ങളെ പെറുക്കിക്കൂട്ടിയ
അന്ധന്റെ വഴി തേടി,
പതിഞ്ഞ കാലടികളുമായി
പാതിയിടറാതെ
പാവം ചുണ്ടുകൾ
നടന്നുപോകുന്നുണ്ട്,
ആരുമറിയാതെ,
പകൽ വെളുക്കുന്നില്ലെന്നും
രാവിരുട്ടുന്നില്ലെന്നും
പുലമ്പിക്കൊണ്ട്.
അന്ധൻ,
ഇരുട്ടിൽ
ഇല്ലാതാകുന്ന വെളിച്ചത്തെ
പാത്തുവച്ചവൻ!

Thursday, March 3, 2016

കാടൊരുക്കുന്നവർ.

കാടിനറ്റത്ത്,
ഒറ്റയാകുന്ന ആകാശമുനമ്പിൽ,
ചിറകൊരുക്കിയ
ഇണയില്ലാ പൈങ്കിളിയുടെ
പ്രേമം പങ്കിട്ടെടുത്ത
വയലറ്റ് പൂക്കളാണു
നിനക്കെന്റെ സമ്മാനം,
കാലം കരുതിയ
കരിംനീല സ്നേഹത്തിൽ
മധുരമുന്തിരി വീഞ്ഞുചേർത്തുരുക്കി
ഇളം നിറമാക്കിയ മനസ്സിന്റെ
കാട്ടുവയലറ്റുകൾ!

തളർന്ന മരപ്പൊത്തിലെ
ഏകാന്തത വീണു വശംകെട്ടൊരോർമ്മയായ്,
വേനലിൽ
കിളികൾ വന്നു പോകട്ടെ,
ഞാനിതാ,
കൊക്കുകൾ കൊണ്ട്
വിരുന്നൊരുക്കുന്നു!
കൊത്തിമുറിവേറ്റ പാടുകൾ കണ്ടു
നീയെന്നെയോർക്കുക,
രാവിൽ,
അമാവാസി ചന്ദ്രനെ വിളിച്ചുണർത്തി,
നിലാവിന്റെ മെഴുകുതിരി വെട്ടത്തിൽ,
കാടു തേടുക,
വരിക,
വയലറ്റുപൂക്കളുടെ
ഇളംനീല വിരുന്നുണ്ണുക!

(ചിത്രം ഇവിടെ നിന്ന് : https://www.flickr.com/photos/studebakerbirds/8715128154 )

ഭൂമിയിൽ സ്വർഗ്ഗമില്ലാതെ.

വേനൽ വൈകുന്നേരങ്ങളിൽ
നട്ടുച്ചപോലെ വിയർക്കുന്നവളെ
വിരഹമെന്നു വിവർത്തനം ചെയ്യുന്നു,
പാകമാകാത്ത കുപ്പായങ്ങളിൽ
ഇറുകി ഇറുകി,
ഒരു വസന്തം വീണുപോകുന്നുണ്ടവളിൽ!

Wednesday, March 2, 2016

വഴിയൊടുക്കങ്ങൾ.


വിഷംതേച്ച വിമുഖതകൾ
നമുക്കിടയിൽ വരച്ചിട്ട
വിശുദ്ധദൂരങ്ങൾ!

ഇതു മരണം!

(ചിത്രം ഇവിടെ നിന്ന് : https://www.pinterest.com/arylmitchell/art-i-love/ )

ഓർമ്മകൾ ഉഴുതുമറിച്ച മാറിടം പോലെ
വിവർണ്ണമാകുന്നതെന്തുണ്ട്?

ചില വേളകളിൽ
മുഖമില്ലാതായി,
മരണംകൊണ്ടു മാത്രം
വിഷാദത്തിന്റെ നോവുകൾക്കു 

ചിതയൊരുക്കി,
സ്വയമൊരുങ്ങി,
മരിച്ചു ശയിച്ചാലോ?
അല്ലെങ്കിൽ,
ഈ മൂകതയിൽ
ചുംബിച്ചു പടർന്ന്,
പാമ്പിണ ചേർന്നു വിഷം തൂവിയ
പച്ചിലയിൽ പിറന്ന
ഒടുവിലെ നാമ്പുപോലെ

കരിഞ്ഞാലോ?

ചുണ്ടിൽ,
നഖപ്പാടുകൊണ്ടേറ്റ മുറിവിൽ,
നനവു കണ്ടെടുക്കാനിനി
കാലം തിരിച്ചുനടക്കുന്ന വഴിയിൽ,
നിന്റെ പുസ്തകത്തിനുള്ളിൽ,
എന്റെ സ്മാരകം
പഴകി മറന്ന ഗന്ധമായ്
ശേഷിച്ചേക്കാവുന്ന

നോട്ടത്തിൽ പോലും
നാമിനി കണ്ടുപോകരുത്!


നിന്റെ വള്ളികൾ
ഇരുട്ടിലേക്കോടിയൊളിക്കുന്ന
മരണ നിമിഷത്തിലും,
കണ്ണീരു തൂവാതെ,
ചെറിമരം പോലെ,
ചുവന്നു തുടുത്ത്,
ഹൃദയം നീലിച്ച്,
ഞാനിനി
പകപോക്കാൻ ഒരുങ്ങി നിൽക്കട്ടെ!


നാം  
പരസ്പരം വിവർത്തനം ചെയ്യപ്പെടാതെ  
വിട്ട നിമിഷങ്ങൾ,
നിറമില്ലാത്ത കടുംകെട്ടുകൾ കൊണ്ടെന്നെ
ശ്വാസം മുട്ടിക്കുന്നു,
കവിത വിയർത്തുകൊണ്ട്
കാമുകനെ ഓർത്തു വയ്ക്കുന്നു ഞാൻ!

ഭാര്യയുടെ കുടുംബകാര്യം.

നീ മദ്യപിക്കുമ്പോൾ
ഞാൻ
പാറാവുകാരി,
ഇടിച്ചും പിഴിഞ്ഞും
സത്തെടുത്ത ചണ്ടി പോലെ
വിവർണ്ണമായ കണ്ണുകൾകൊണ്ട്
കറി വിളമ്പുന്ന
അടുക്കളക്കാരി,
അമർഷങ്ങളില്ലാതെ
അടങ്ങിയൊതുങ്ങുന്ന
അടിമ,
വിരൽത്തുമ്പിൽ
വിധിപോലെ കണ്ണീരിറ്റിച്ചുകൊണ്ട്
രാവോളം ചിരിക്കുന്ന
അമ്മ,
മെരുങ്ങി മെരുങ്ങി
മെരുക്കത്തിൽ മുൻപിൽ കെട്ടിയ
നല്ല മൃഗം!