Saturday, March 19, 2016

ഞാനെന്തൊക്കെയോ ഓർക്കുന്നു!

കരിയില വഴി,
പഴയതെന്തോ മറന്നു വച്ച
പകുതിവെന്ത വാക്കിന്റെ മണം,
ആരും കൂട്ടിനില്ലാത്ത
ആത്മപ്രണയത്തിന്റെ നാളുകൾ,
ഹാ! മനുഷ്യൻ നൂലഴിഞ്ഞ പട്ടം പോലെ
സ്വയം പ്രണയിച്ചു പറക്കുന്ന കാഴ്ചകൾ.
 
ഈ വേനലിൽ
നിനക്കെന്നെ ആലിംഗനം ചെയ്യാമോ,
ഋതുകൊണ്ട് മുറിവേറ്റ വൈകുന്നേരം,
മഴയില്ലാത്ത മാനത്തുനോക്കി നിൽക്കവേ,
പിന്നിലൂടെ വന്നു
പതിഞ്ഞ ശബ്ദത്തിൽ
സ്നേഹം കൊണ്ട് പറ്റിക്കാമോ?

വേനൽ, മരുഭൂമി, ഉഷ്ണിക്കുന്ന മനുഷ്യർ
ഞാനെന്തൊക്കെയോ ഓർക്കുന്നു!
ചില നിഴലുകൾ
മെലിഞ്ഞ കഴുത്തിൽ
നീണ്ടകൈകൾ കൊണ്ട്
കെട്ടിപ്പിടിച്ച്
സ്നേഹം തരുന്നു,
മധുരത്തിന്റെ ആ നിമിഷത്തിൽ വഴിതെറ്റിയ ആരാലോ,
മനുഷ്യൻ പറ്റിക്കപ്പെടുന്നു.
ചുമന്നു മടുത്ത ഓർമ്മകളുടെ
കടുംനീലകൾ,
എന്റെ അഭയമേ,
നിന്നെത്തേടിയിറങ്ങുന്നു..
വേനൽ, മരുഭൂമി, ഉഷ്ണിക്കുന്ന മനുഷ്യർ
ഞാനെന്തൊക്കെയോ ഓർക്കുന്നു!

3 comments:

  1. നല്ലൊരു മഴ പെയ്തിരുന്നെങ്കിൽ!!!!!

    ReplyDelete
    Replies
    1. അതെ സുഹൃത്തേ..:)

      Delete
  2. നല്ലൊരു മഴ പെയ്തിരുന്നെങ്കിൽ!!!!!

    ReplyDelete

Your comments here