Friday, March 4, 2016

വേരു തിരയൽ.

വേനലിന്റെ  നാവു പോലൊരു പെണ്ണ്,
വിയർത്തൊലിച്ചു കണ്ണീരുടക്കിയ
കറുത്തകണ്ണട പോലൊരു പുരുഷൻ,
ഒന്നും തെളിയാത്ത തലവരയുള്ള മുഖവുമായ് കുറച്ചുകുഞ്ഞുങ്ങൾ,
തെരുവിൽ പിറവിയൊരു പതിവാണ്!

ആഗ്രഹിച്ചു വിയർക്കുന്ന രാത്രികളിൽ
മരങ്ങളിലേയ്ക്കു മാത്രം
കാറ്റുവീശുന്നു,
കുളിരും വിറയുമവിടെ, 
ആരോ
നനഞ്ഞു നനഞ്ഞു
മൃദുവായൊരു
മഴ പോലെ
അവളപ്പോൾ
കുട്ടിയുടിപ്പില്ലാത്ത
കളിപ്പാട്ടങ്ങളെ പ്രസവിക്കുന്നു,
അവരും
വിശപ്പു ചോദിച്ച്
അതേ തെരുവിലേക്കിറങ്ങുന്നു.
യുദ്ധം തോറ്റ മനുഷ്യർ,
പകലിന്റെ നീളമളന്നു തളർന്നും
മൃദുവായി സംസാരിച്ചും
പെണ്ണിനെ തേടിയെത്തുന്നു,
അവൾ
ആത്മാവ്‌ തേടിതളർന്ന
അവനെ നനയുന്നു,
ആ മഴ മണ്ണിൽ,
പത്തുനാൾ കഴിയുമ്പോൾ
വിമോചനത്തിന്റെ മുദ്രാവാക്യം വിളിച്ച്
ആഗ്രഹങ്ങളുടെ പേരു തേടുന്നു,
വേരുകളിൽ
ആരുമില്ലാത്തവർ ചിരിക്കുന്നു,
പെണ്ണൊളിച്ചിരിക്കുന്നിടങ്ങൾ
 മണ്ണിനടിയിൽ
ഇനിയും കണ്ടെടുക്കപ്പെട്ടിട്ടില്ല!

No comments:

Post a Comment

Your comments here