Saturday, April 30, 2016

ഒരു മഴ വൈകുന്നേര ചിന്തകൾ.

പ്രണയം
കെട്ടിപ്പിടിക്കുമ്പോൾ മാത്രം കൂടിച്ചേരുന്ന ഒന്നല്ല,
കെട്ടയയുമ്പോൾ
കിറുക്കിറങ്ങുമ്പോൾ
കണ്ണകലങ്ങളെ
കീഴടക്കലത്രേ!

തണുത്ത മുഖങ്ങളിലേയ്ക്കു വീശുന്ന
നരച്ചകാറ്റുമായൊരു മഴച്ചങ്ങാത്തം.

നീ
ഒളിഞ്ഞു നോക്കുന്നു,
ഞാൻ
നിന്റെ കണ്ണുകളെ ആഗ്രഹിക്കുന്നു,
നമ്മൾ
കള്ളത്തരത്തിന്റെ കല്ലുരുട്ടി
കണ്ണുകളിലൂടെ ഒളിച്ചുപോകുന്നു.
(ചിത്രം ഇവിടെ നിന്ന് : http://www.studded-hearts.com/2014/05/judith-geher-paintings/ )

Wednesday, April 27, 2016

തിരിഞ്ഞുനോട്ടം.

നിന്നിലേക്കു നടന്നു തീർക്കുന്ന വേനലുകളിൽ
എന്റെ നഗ്നത പരിഹസിക്കപ്പെട്ട കിടക്കയിൽ
കാമുകനോട് കള്ളം പറഞ്ഞ രാത്രിയിൽ
ഇലകൊഴിച്ച ചെമ്പകത്തെ കെട്ടിപ്പിടിച്ച നട്ടുച്ചയ്ക്ക്
പടർന്നുകയറാത്ത വള്ളികൾ കൊണ്ട്
വലിഞ്ഞുമുറുക്കപ്പെട്ട വൈകുന്നേരങ്ങളിൽ
ഒക്കെ ഞാൻ നിന്നിലേയ്ക്ക് തിരിഞ്ഞു നടക്കുകയായിരുന്നു,
മറന്നു കൊണ്ട്...
വെറുത്തു കൊണ്ട്...
മത്തുപിടിച്ചു കൊണ്ട്...

Monday, April 25, 2016

*തലക്കുത്ത്.

കയറ്റുകട്ടിൽ,
മരണം മണക്കുന്ന നല്ലെണ്ണ,
മഴനനഞ്ഞൊരു കിഴവി
മൺവിളക്കിൽ
മനസ്സിലിരുന്നു കത്തുന്നു,
സ്വപ്നത്തിൽ
കൂനിപ്പിടിച്ചൊരു നിഴൽ
വിശന്നു വിശന്ന്
വിഷം തിന്നു ചാകുന്നു!
(ചിത്രം ഇവിടെ നിന്ന് : http://betterphotography.in/contest-photo/13-017203/ )

(*തലക്കുത്ത് എന്ന ആചാരത്തെക്കുറിച്ചു വന്ന പത്രവാർത്ത‍ വായിച്ച്)

Tuesday, April 19, 2016

കുന്നിൻ മുകളിലെ മരം.

പാതിരയിൽ
ചോരവാർന്ന ദേഹവുമായി
ഇരുട്ട് കൂനിക്കൂടിയിരിക്കുന്ന കുന്നിൻ മുകളിൽ
പുൽക്കൊടി പറയുന്ന സങ്കടക്കഥകളുടെ കാറ്റുവീശുമ്പോൾ
ഇലകൊഴിക്കുന്നൊരു മരം
സ്വപ്നങ്ങളിൽ നിന്നും
എന്നെയും നിന്നെയും ചീന്തിയെറിയുന്നു.
സൂര്യനണഞ്ഞിട്ടും
ഓർമ്മകൾ കത്തിജ്ജ്വലിക്കുന്നു.
ഉറക്കത്തിന്റെ കണ്ണുകളിലേയ്ക്കു ചൂട്ടെറിഞ്ഞ രാത്രികൾ
പാതിയും മുളച്ച വിത്തുകളെ കരണ്ട്
ഗർഭത്തിലേ വിതകെടുത്തി
വീണ്ടുമെന്തിനിങ്ങനെ
മൊട്ടക്കുന്നുകളിലേയ്ക്കു നമ്മെ പറഞ്ഞയക്കുന്നു?
കുന്നിൻ മുകളിലെ മരം
തടയാനാവാത്ത ചില ഇലകൊഴിച്ചിലുകൾകൊണ്ടു
മണ്ണിനെ കെട്ടിപ്പിടിക്കുന്നു?

Sunday, April 17, 2016

നിഴൽ നിഴലിനോട് പ്രണയിക്കുമ്പോൾ.

കരകൾ കാടുകൾ തേടുന്ന രാത്രി
എന്റെ മൗനത്തിലെ അവസാന വരിയും വായിക്കപ്പെട്ടേക്കാവുന്ന
നിന്റെ കൈവിരലുകൾ കൊണ്ട്
മൃദുവായി ഹൃദയം മുറിവേൽക്കുന്ന നിമിഷം മാത്രമാണ്
എന്റെ പ്രണയത്തിന്റെ ചുംബനമരങ്ങൾ മഴകൊള്ളുക,
അപ്പോൾ ഓടിവരുന്നൊരു കാറ്റ്
വിശപ്പിന്റെ ഓർമ്മകളെ കെടുത്തി
എന്തിനെന്നില്ലാതെ വീർപ്പുമുട്ടിക്കുക!
(ചിത്രം ഇവിടെ നിന്ന് : http://www.001galerie.com/products_new.html?disp_order=5&page=20 )

ഒറ്റ.

നേർത്ത കൺപോളകളുടെ
വിളറി വിശന്ന നോട്ടങ്ങൾക്കിടയിലൂടെ
നീ വരുന്നു,
എഴുകടലകലം,
വിരഹത്തിന്റെ ഉപ്പുനീറ്റൽ,
ഒരു നോട്ടംകൊണ്ട്
വെയിൽ ചുംബിച്ചു തളർന്ന
വേനൽ മരങ്ങളിൽ ചേക്കേറിയ
പെയ്യാമഴ പോലെ
നീയും ഞാനും
ഒറ്റയിലേയ്ക്ക് വീണ്ടും
ഒറ്റയ്ക്കൊറ്റയ്ക്ക്
ഒളിച്ചു പോകുന്നു..
(ചിത്രം ഇവിടെ നിന്ന് : http://www.paintingsilove.com/image/show/123552/loneliness )

Monday, April 4, 2016

നീ നിഴൽ.

മഴപെയ്തും വേനൽ വന്നും
കിതയ്ക്കുന്ന ഭൂമി പോലെ
ഇതൾ കൊഴിച്ച്
നഗ്നമാവുന്ന ചില സ്നേഹച്ചുഴിപ്പുകൾ!

വീർപ്പുമുട്ടുന്ന കണ്ണുകളിലേയ്ക്ക്
കുടിയിറങ്ങിപ്പോയ
ചില ആകാശനീലകൾ!

നീ എന്റെ മൗനത്തിൽ
വായിക്കപ്പെട്ടുകൊണ്ടേയിരിക്കുന്ന ഒരു നിഴലാണ്,
വരണ്ട ചുണ്ടുകൾ കൊണ്ട്
കുടിച്ചുവറ്റിക്കാനാകാത്ത
മഴ ദാഹങ്ങളിൽ,
വേനൽ വന്നു മുത്തുമ്പോൾ പൊള്ളുന്ന എന്തോ ഒന്ന്
വികാരമെന്ന പേരിൽ
നമ്മുടെ വിരലുകൾ
ചുട്ടെടുക്കുന്നു.
കനലും കവിതയും കെട്ട മനസ്സിൽ
പുതുമഴ കൊണ്ടു പൊള്ളലേറ്റ രണ്ടു മനുഷ്യർ ജനിക്കുന്നു,
നീ എന്റെ നിഴലെന്നു ഞാൻ വിവർത്തനം ചെയ്യുന്നു,
ഇരുൾമരങ്ങളിൽ നാം ഇണചേരുന്നു,
മണ്ണുതിന്നു മതിവരാത്ത വേനൽ
നമ്മെ നനയ്ക്കുന്ന മഴയെ കുടിച്ചുവറ്റിക്കുന്നു.
എന്റെ കുറ്റിമുല്ലകൾ
നിന്നെ കാത്തിരുന്നു കരിയുന്നു...
 (ചിത്രം ഇവിടെ നിന്ന് : http://simonbrushfield.com/simon-brushfield-painting-sold-to-sydney-businessman-2003/ )

Sunday, April 3, 2016

എത്തിനോട്ടങ്ങൾ.

മൗനം പറയാറുണ്ട്‌,
മനസ്സു മരവിച്ചിരുന്നെങ്കിലും
വിവർത്തനം ചെയ്യപ്പെടാതെ പോയ ചില മൊഴിപ്പച്ചകളെ,
ഒളിച്ചിരിക്കുമ്പോഴും
ഒരായിരംവട്ടം വന്ന്
ഓർമ്മിപ്പിച്ചു പോകുന്ന ചില കള്ള നോട്ടങ്ങളെ..