Saturday, May 21, 2016

ഒരു ചിരി.

മൗനത്തിന്റെ ഇടവഴിയിൽ
മനസ്സു പാറിയ
നട്ടുച്ച നേരത്ത്,
വിയർത്തൊലിച്ച കവിളിൽ,
വെയിൽ ചുംബനം വരച്ച
നേർത്തവര പോലെ ഒരു ചിരി,
ആർക്കും വേണ്ടാതെ
വന്നു പോകുന്നു.

Friday, May 13, 2016

ഇര വിരലുകൾ.

ആദ്യാക്ഷരം കൊണ്ട് മുറിവേൽക്കുന്നു
വരികൾ ചിതറി കവിത ചാവേറാകുന്നു.

തെരുവിലൊരു പെണ്ണ്
പൊളിഞ്ഞ വീടിനുള്ളിൽ
പെണ്ണാടയാളങ്ങളെ തിരയുന്നവന്റെ കാൽക്കീഴിൽ
ഞെരിഞ്ഞു മരിക്കുന്നു,
പുറത്ത്
വേർപെട്ട വിരലുകളിൽ മഷി മുക്കി
സ്വസ്ഥരായ്
നമ്മൾ ചൂണ്ടുവിരലുകളെ ചരിത്രമാക്കുന്നു!

Saturday, May 7, 2016

*ഒതപ്പ് വായിച്ച്..

പ്രിയപ്പെട്ട കരീക്കൻ,
എനിക്കു ചുറ്റും
നീ മാത്രമാണ്.
വിശുദ്ധകുപ്പായത്തിനുള്ളിലെ
ഉന്മാദത്തിന്റെ പ്രാർഥനയിൽ
നീയൊഴുകിയ പുഴകളുടെ തണുപ്പുകൊണ്ടെന്നെ വിയർപ്പിക്കുന്നവനേ,
നിന്റെ മെലിഞ്ഞു നീണ്ട കയ്യിലെ മുറിവുകൾ
എന്റെ ഹൃദയത്തിന്റെ 'ഒതപ്പാകുന്നു'.
നിന്റെ വിറക്കുന്ന ചുണ്ടുകളിലെ പ്രലോഭനം
എന്റെ പ്രണയത്തിലേക്കുള്ള മുങ്ങിമരണങ്ങളും..

മഴയും വെയിലും കൊള്ളുന്ന മാർഗലീത്താ,
നിന്നെ കാത്ത്
എന്റെ ഹൃദയത്തിന്റെ വീഞ്ഞു പുളിക്കുന്നു,
ഒളിച്ചോടിപ്പോയവന്റെ വിത്ത്
വരികളില്ലാത്ത വായനപോലെ
നിന്റെ പ്രേമം വെളിപ്പെടുത്തട്ടെ..

നനഞ്ഞ വിരലുകൾക്കും
കിതക്കുന്ന ശരീരത്തിനുമിടയിൽ
കുന്നിന്മുകളിലെ കാവിൽ
പടർന്നു പോകാനിടമില്ലാത്ത
പ്രേമവുമായവളെ നോക്കുന്നവനേ,
നിന്റെ അഭയങ്ങളുടെ പാതിയായവളിതാ
നിന്റെ വിളറിയ കവിളുകളിലേയ്ക്ക്
സ്നേഹത്തിന്റെ പ്രാർത്ഥന കോറിയിടുന്നു..
പ്രേമത്തിന്റെ ഈ കിരീടം
അവളെ ഭാരപ്പെടുത്തുന്നില്ല,
ചെങ്കോലുകൾ
ചാട്ടയടികളാകുന്നില്ല..
പ്രിയപ്പെട്ടവനേ,
നീയവളിൽ പൂർണ്ണനാകുന്നു,
പള്ളിമേടയിലെ തണുത്ത തറയേക്കാൾ
സ്വസ്ഥനായി
അവളുടെ ഗർഭപാത്രത്തിൽ
നീയുറങ്ങുന്നു...
(* കടപ്പാട് : സാറാജോസഫിന്റെ ഒതപ്പ് എന്ന നോവൽ വായിച്ച്)

Friday, May 6, 2016

മുറുക്കിത്തുപ്പുന്ന കുമ്പസാരങ്ങൾ.

ചില്ലക്കും ചിറകിനുമിടയിൽ
പറന്നടുക്കാനാകാത്തൊരാകാശമുണ്ട്,
വിരലിനും ചുണ്ടിനുമിടയിൽ
വിളറിപ്പോകുന്ന വിശപ്പുകളും.
എന്റെ കുമ്പസാരം കള്ളങ്ങളുടേതാണ്
എന്റെ നിശബ്ദത
ഏറ്റുപറച്ചിലുകളുടെ മൗനത്തിന്റേതും.
തണുത്ത തറയിൽ
നിഴലൊട്ടി നിലവിളിക്കുന്ന കുഞ്ഞിനെപ്പോലെ
കരയണം,
ഭാരിച്ച മേലങ്കിയൂരി
സ്വതന്ത്രമാവണം.
നാറുന്നതെന്ന്
നിങ്ങൾക്കു തോന്നിയേക്കാവുന്ന തോൾസഞ്ചിയിൽ,
ദിവസങ്ങൾ പഴകിയ ഭക്ഷണപ്പൊതിയിലൂടെ
വിരലുകൾ സ്വർഗം തൊടുമ്പോൾ,
ആവിപാറുന്ന നിങ്ങളുടെ അടുക്കളയിൽ നിന്നു വീണ
തിളച്ച മഴകളുടെ ഓർമ്മകൾ കുടഞ്ഞ്‌
ഒളിച്ചു പോകാനൊരിടം വേണം...
മറഞ്ഞിരിക്കുന്ന തിടുക്കങ്ങളുടെ കോപ്പയിൽ തട്ടി
മനസ്സു വല്ലാതെ പൊള്ളിയിരിക്കുന്നെന്ന് വിളിച്ചുപറയാനൊരിടം...
(ചിത്രം ഇവിടെ നിന്ന് : http://paintings.name/image-files/abstract-art-introspective.php )

Tuesday, May 3, 2016

പെണ്ണിര.

ചീന്തിയെറിയുന്ന കടലാസ്സും
ചുമരെഴുത്തിലെ ചിത്രങ്ങളും നോക്കി
ചിതലുകേറുന്ന ഉടലും പൊത്തി
ഇരുട്ടിൽ ഒരായിരം പെണ്ണുങ്ങൾ,
പിന്നിൽ ഇരപിടിക്കുന്ന
പേരിടാനാകാത്ത ഇരുകാലികൾ..

അവള്‍ അമ്മ.

ആത്മാവിലുറങ്ങുന്ന ഓരോ തിരയിലും
മണ്ണായി
മരമായി
തണലായവള്‍...
നെഞ്ചുപൊള്ളിക്കുന്ന ചുംബനപ്പച്ചയില്‍
അമ്മിഞ്ഞത്തണുപ്പിറ്റി
കടലായവള്‍...
തിരുത്തിയെഴുതാത്ത കല്ലുചുമരിലെ
കരിയടയാളത്തിലും
കനിവായവള്‍...
തിരിഞ്ഞു നടക്കുന്ന തരിമ്പുസ്നേഹങ്ങളില്‍
ചിറകൊതുക്കി എപ്പൊഴോ പറക്കുവാ-
നാകാശം തന്നവള്‍...
(ചിത്രം ഇവിടെ നിന്ന് : http://fineartamerica.com/featured/love-1-sagarika-sen.html )