Wednesday, August 24, 2016

കൂട്ടിരിപ്പുകാർ.

ഇന്നും,
രാത്രിയിൽ,
സ്വപ്നമില്ലാത്ത
ഉറക്കത്തെ കെട്ടിപ്പിടിച്ചു ഞാൻ
നിന്നെ ഓർക്കും,

സ്നേഹം തട്ടി മുറിഞ്ഞ
ചില പൊട്ടിക്കരച്ചിലുകളിൽ,
നീ കാത്തുനിന്ന പെരുവഴിയിലെ
പഴയ കഥകൾ വിരുന്നുവരുന്ന
അത്താഴമുറിയിൽ,
എന്റെ ഒഴിഞ്ഞ ഹൃദയത്തിന്റെ
ഭാരവും പകുത്തുതന്ന്
പറവയെപ്പോലെ ഞാൻ
നിന്റെ ആകാശം കടം ചോദിക്കും.
പാതിമയക്കത്തിന്റെ 
പരിഭവവും കൊണ്ട്
നീ എന്റെ   മഴച്ചാറ്റലിലേയ്ക്കു മടങ്ങും.
വേനൽ മുറിച്ചുകടന്നൊരു പുഴ
തിരികെയെത്തുന്ന രാത്രിയാണത്,
കവിതയുണങ്ങിയൊരു പാട്
നീ എന്റെ കവിളിൽ
വരച്ചിട്ട രാത്രി,
കരിയിലയുടുപ്പുകൾ
കരിഞ്ഞുതീരും വരെ
കൂട്ടിരിക്കാതെ
മഷിവറ്റിയ പേനയും കൊണ്ടു നീ
തിരിഞ്ഞു നടന്ന രാത്രി.
സ്വപ്നങ്ങൾ വറ്റി
തീകാഞ്ഞു പോയൊരു ഭൂതകാലത്തെ
നാമിനിയും
മുഷിഞ്ഞൊരോർമ്മ കൊണ്ടു 

മൂടിയ്ക്കുന്നതെന്തിനാണ്?
(ചിത്രം ഇവിടെ നിന്ന് : http://taraleaver.com/2013/11/inspired-by-kathy-jones/ )

No comments:

Post a Comment

Your comments here