Friday, September 16, 2016

തലകീഴായ ചിന്തകൾ.

സന്ധ്യക്ക്‌ കൂടണയുന്ന ഓരോ കാക്കയിലും
തെരുവിന്റെ മണം..
വെളുപ്പിനേ പൂക്കുന്ന കുറ്റിമുല്ലകൾക്കിടയിൽ കാട്ടുതീ..
വരണ്ട നാവുകൊണ്ട്
ഭൂമിയെ ഉമ്മവക്കുന്ന ആകാശം..
പൊളിഞ്ഞുവീഴാറായ ദേവാലയത്തിലെ പ്രാർത്ഥന പോലെ
ഇടയ്ക്കിടെ മണ്ണിലേയ്ക്ക് ഓടിവരുന്ന
തലകീഴായ മെഴുകുതിരികൾ..
മറിഞ്ഞുവീഴുന്ന ഓർമ്മകളിലിരുന്ന്
കുറുകുന്ന പ്രാവുകളുടെ ഓരോ ചോദ്യവും
ഉത്തരമില്ലാത്ത ആർക്കൊപ്പമൊക്കെയൊ ഓടിപ്പോകുന്നു..

ഭൂമി

പച്ചമരങ്ങളുടെ വേരുകൾ കൊണ്ട്
ആഴത്തിൽ മുറിവേറ്റ പാടുകളെ തടവി
പകലസ്തമിക്കാൻ കാത്തിരിക്കുന്നു,
രാത്രികൾ പിറക്കുന്നു..
ഓരോ രാത്രിയും
ഒരു ഏറ്റുപറച്ചിലാണ്,
അവനവനിലേക്കു മടങ്ങുന്ന
കുമ്പസാരങ്ങളിലേയ്ക്കൊരു രഹസ്യവാതിൽ..
ഓരോ വേനലും ഒരു മറഞ്ഞുപോക്കാണ്,
നിലതെറ്റിയ ഓർമ്മഭാണ്ഡങ്ങളിലേ-
യ്ക്കൊരുതരം ഒളിച്ചുപോക്ക്,
വരാനിരിക്കുന്ന മഴത്തണുപ്പിലേയ്ക്കൊരു പലായനം..

ഓർമ്മകൾക്ക്

ചിലപ്പോഴൊക്കെ
ഇലകൊഴിക്കുന്ന മരങ്ങളുടെ മുഖമാണ്,
മരണം തണുക്കുന്ന മഞ്ഞുമണവും,
അവിടെവിടെയാണ് കൊഴിയാതൊരു ചെമ്പകം
ലഹരികൊണ്ടു നിന്റെ
പുറംകഴുത്തിലേയ്ക്ക്
അമർത്തിയുള്ള ചുംബനങ്ങളെറിയുക?
ചുണ്ടെരിഞ്ഞുകൊണ്ട് ഹൃദയങ്ങൾ ചുവക്കുക?

ഒടുവിലൊരു കടൽത്തീരം..

മഷിതെറിച്ച മുഖം തുടക്കാതെ
തീരത്തു വെറുതേയിരിക്കുന്ന ഞാൻ,
ഒരു കാറ്റകലത്തിൽ
നിശബ്ദതകൊണ്ടെു യുദ്ധം ചെയ്യുന്ന നീ..
കണ്ണീരിനേക്കാൾ ഉപ്പുള്ള വിയർപ്പുതുള്ളികൾ തുടച്ച്
സ്നേഹത്തെക്കുറിച്ച് ആവേശം കൊള്ളുന്ന നിന്നോട്,
വരണ്ടുകിടക്കുന്ന ശരീരം കൊണ്ട് കഥപറയുന്ന
പെണ്ണിനെപ്പോലെ കടലിനി
നമുക്കിടയിലെ ദൂരമളക്കുന്നതെങ്ങിനെയാവും?

1 comment:  1. ആവോ!!അളക്കണ്ടാന്ന് പറ.

    (ഒരു അശ്രദ്ധ)

    ReplyDelete

Your comments here