Monday, September 5, 2016

കാടിറക്കങ്ങൾ.

രാത്രിമരങ്ങളുടെ ചില്ലകൾ
ഇരുട്ടുചുറ്റി മടുത്ത ആകാശത്തെ ഓർമ്മിപ്പിച്ചു.
കടവാവലൊച്ച,
കാലം കൊത്തിയെടുത്ത യക്ഷികഥകൾ തുപ്പിയ
മുത്തശ്ശിച്ചുണ്ടുകളെ.
ഇന്നലെയും
കരിമ്പനച്ചോട്ടിലവൾ കാത്തുനിന്നെങ്കിലും
അവൻ വന്നില്ല!
ഉന്മാദം തിന്ന കണ്ണുകളുമായി
കഥയിറങ്ങുമ്പോൾ,
നാവിലാകെ ചുണ്ണാമ്പുതേച്ചു മിനുക്കിയ

മധുരവെറ്റകളുടെ ചുവപ്പേറുന്നു.
ഇരുട്ടിൽ സംഭവിക്കുന്നത്
പകൽ പറച്ചിലുകളുടെ
വരച്ചിടീൽ മാത്രം.
ചിലയോർമ്മകൾ
ഇന്നും
കാവിലെ പനമുകളിലിരുപ്പാണ്!


1 comment:

Your comments here