Thursday, December 28, 2017

ചായയും കടിയും

 (ചിത്രം ഇവിടെ നിന്ന് : https://www.pinterest.com/suzecs/art-when-im-an-old-woman-in-art/)
വിശന്നിരിക്കുമ്പൊ
ഞാനമ്മച്ചിയുടെ അടുക്കളപ്പുറത്തൂടെ
ഒന്ന് നടക്കും.
കണ്ണടച്ചിരുന്ന്
കല്ലടുപ്പിലെ തിളച്ചകാപ്പിയും
റേഷനരിവാടയുള്ള പുട്ടും
മുറിപപ്പടവും തിന്ന്
വായിലെ വെള്ളത്തെ
ഓർമ്മകളിലേക്ക് പറഞ്ഞുവിടും.

ഉളുമ്പുനാറ്റം വരാതെ
തേച്ചുമിനുക്കുന്ന
മീൻചട്ടിയിലേക്കൊന്നെത്തി നോക്കും.
നൂലിയും ചാളയും ഉപ്പിട്ടുകഴുകിയ വെള്ളമെടുത്ത്
തെങ്ങിൻചുവടുവരെ നടക്കും.
മീന്തല തിന്നാനിരിക്കുന്ന
കൊതിച്ചിക്കാക്കയോട്
'കാക്കപ്പടേ, പോ ദൂരെ'-എന്നാവർത്തിക്കും.
വക്ക് ഞണുങ്ങിയൊരു കലത്തിൽ
അരിതിളച്ചു തൂവുന്നുണ്ടാവുമപ്പോൾ.

*ചീലാന്തിമണമുള്ള വാതിലുവഴി
വാതക്കവെള്ളത്തിന്റെ കുടവും ചുമന്ന്
കുറ്റിച്ചൂലന്നേരമവിടെ വിരുന്നുവരും.
പെരയടിച്ചിറക്കാൻ
അമ്മച്ചിയതിനോടാജ്ഞാപിക്കും.
തീപിടിച്ചുപോയ ഭൂതകാലത്തിന്റെ ഭാഷ
എന്റെ ഉള്ളിലിരുന്ന് കുറുകിമുറുകും.

സ്നേഹത്തിന്റെയോ മൗനത്തിന്റെയോ
കട്ടൻചായ തിളക്കുന്ന കുഞ്ഞടുപ്പുകളിലേയ്ക്ക്
ഹൃദയമങ്ങനെ കയറിയിരുന്ന് തീകായുന്നു.
വിദൂരതയിൽ,
വിശപ്പിന്റെ മണമുണ്ണുന്നൊരു കൊതിച്ചിയായി
ഓർമ്മഭരണിയിൽ നിന്നും
ഞാനിന്നും
നെല്ലിക്കയും പുളിയും കട്ടുതിന്നാറുണ്ട്.

(*പൂവരശ്)

Friday, December 8, 2017

ഇടക്കിടെ മരിക്കുന്നൊരോർമ്മ

(ചിത്രം ഇവിടെ നിന്ന് : https://www.pinterest.com/bertacabral1/duy-huynh/ )

നിലംതുടച്ചും നിറയെവിളമ്പിയും
നീ നിറച്ച കപ്പയും കറിയും
നാളേറെയായിട്ടും
നാടുവിട്ടോടിയ ഓർമ്മകളിലുണ്ട്.

അന്ന്, നിനക്ക് രോഗം വന്നിട്ടില്ല.
മിണ്ടാതിരുന്ന്
ആരുടേയും കണ്ണിലൂടെ നീ
നിന്നെ വായിക്കാൻ തുടങ്ങിയിട്ടില്ല.
നിശബ്ദതയുടെ മേഘംപുതച്ച്
മഴത്തണലിൽ കാറ്റുകൊള്ളാനിരിക്കാറില്ല.
സ്നേഹത്തിലെ ചരിത്രമില്ലായ്മയുടെ വള്ളിച്ചൂരൽ മടക്കി
പള്ളിക്കൂടത്തിലിരിക്കുന്നെന്റെ ചന്തിക്കടിച്ചിട്ടുമില്ല.

ജീവന്റെ രുചിനുണഞ്ഞ്
അത്രയൊന്നും നമ്മളങ്ങോട്ടുമിങ്ങോട്ടും
അറിഞ്ഞിരുന്നില്ല.
അന്തിനേരത്ത്,
കായൽവാടയിൽ കാപ്പി മൊത്തുമ്പോൾ,
വാരസോപ്പിട്ടു വെളുപ്പിച്ച പാവാടയും ബ്ലൗസും
കാറ്റുകൊണ്ടുണങ്ങുന്ന അയപൊട്ടി,
അവിടെ, നിന്നെ പത്തുനാളുണങ്ങാനിടുമെന്ന്
നമ്മൾ ഓർത്തിരുന്നില്ല.
പാതിവഴിയിലിങ്ങനെ
അവനവനു രുചിക്കാത്ത  വിഭവമായിപ്പോകുമെന്ന്,
ആലിംഗനം ചെയ്യുമ്പോൾ നാമറിഞ്ഞിരുന്നില്ല.

പകലന്തിയോളം വീടൊരുക്കുമ്പോൾ
പറമ്പിലെ തണലിൽ
നീയിനി തനിച്ചുറങ്ങുമെന്ന്
പിള്ളത്തൈകളൊന്നും നിന്നോട് പറഞ്ഞിരിക്കില്ല.

നിനക്കു കരുതിയ മുല്ലപ്പൂവൊക്കെ
മുല്ലവള്ളി മുറ്റത്ത് കൊഴിച്ചിട്ടിരിക്കുന്നു.
നേർത്ത മണമുള്ള കാറ്റുവീശുമ്പോൾ   
എന്റെ പൊക്കിൾവട്ടത്തിലിരുന്നൊരു തളിരില
നിന്നെയോർക്കുന്നു.
ഒരിക്കൽ മുറിഞ്ഞുപോയ വള്ളികളിൽ
സ്നേഹമെത്രമേൽ തളിരിടുമെന്ന്
കവിളുപ്പ് രുചിച്ചുകൊണ്ട്
നമ്മൾ ഓർത്തെടുക്കുന്നു.
മണ്ണിന് മറവിയുടെ മണമുണ്ടെന്ന്
നീ വെറുതേ പരാതിപറയുന്നു.
ഒന്നിനുമല്ലാതെ ചുംബനങ്ങളിറുത്ത്
നിനക്കു പ്രിയമുള്ള ചെമ്പരത്തിയിൽ
ഞാൻ ചേർത്തുവയ്ക്കുന്നു.
പെരുമഴ വെള്ളത്തിൽ,
തൂക്കണാംകുരുവിയുടെ കൂടുപൊളിഞ്ഞ
കഥപ്പൊത്തിൽ നിന്നെന്റെ
ഹൃദയത്തിലപ്പോഴൊരു മുള്ളുകൊള്ളുന്നു.

പേറ്റുപുരയിൽ,
നീയൊഴുക്കിയ നോവുനനഞ്ഞൊരോർമ്മ
ഉള്ളിലെവിടെയോ പതിഞ്ഞുകത്തുന്ന
കെടാവിളക്കിനെ ഊതിക്കെടുത്തുന്നു.
അങ്ങനെയായിരുട്ടിൽ
എല്ലാമെല്ലാം കഥകളാകുന്നു...

Monday, November 27, 2017

തികച്ചും സാങ്കൽപ്പികം മാത്രം

മഴയുള്ളൊരു ദിവസം
ഞങ്ങൾ, മുറിഞ്ഞുപോയ
പാലത്തെക്കുറിച്ചു സംസാരിച്ചിരുന്നു. 

മഞ്ഞുള്ളൊരു ദിവസം
എരിഞ്ഞുതീർന്ന വിറകുകൊള്ളിയെ ഓർത്ത്
പുകഞ്ഞുതീർന്ന തെറുപ്പുബീഡിയെപ്പറ്റിയും സംസാരിച്ചു.

രണ്ടിനിടയിലും
എനിക്കോർമ്മവന്നത്
വലിച്ചുചത്ത അപ്പനെക്കുറിച്ചാണ്.
അല്ലെങ്കിലും
അങ്ങേരിങ്ങനെ
കുറുകിയൊരു ചുമയും ചുമച്ച്
ഉറക്കത്തിന്റെ മച്ചിൽ കയറിവരും.
കല്ലറയിലെ ബോറടി മാറ്റാൻ
നെറ്റിയിലോട്ടു ചാഞ്ഞ്
അങ്ങേരോളം ആഴമുള്ളൊരു തടവും തടവി
ചുമ്മാതങ്ങ് പൊയ്ക്കളയും.

സ്നേഹമൊക്കെ പഴക്കി വീഞ്ഞാക്കുന്നത്
അപ്പനൊരു ഹോബിയാവും.

കല്ലറയിലെന്തായാലും
അപ്പന്റെ കഞ്ചാവുകൃഷി നടക്കുന്നുണ്ട്.
ആണ്ടോടാണ്ടവിടെ നിൽക്കുമ്പൊ
ഞങ്ങളൊക്കെ അപ്പൂപ്പന്താടിയാവാറുണ്ട്...
(പടം വര : സജിത് )

Saturday, November 4, 2017

അഴകില്ലാത്തതും അകത്തുള്ളതും


ഒക്ടോബർ ലക്കം പച്ചക്കുതിരയിൽ പ്രസിദ്ധീകരിച്ച കവിത

പുറംതിരിഞ്ഞ പുസ്തകക്കെട്ടുകൾക്കിടയിൽ
സ്വാർത്ഥതയുടെ വിരലുകൾ കൊണ്ടു-
മുറിവേൽക്കുന്ന മഴനേരത്ത്,
ഒറ്റവരിയിലെ ഒറ്റയാകുന്ന ഹൃദയത്തിലേയ്ക്ക്
ഒരു വരിയുമെഴുതിയിടാതെന്റെ

പെൺചിന്തകൾ..

മരുഭൂമി,
മഴകൊള്ളുന്ന പെണ്ണ്,
പഴുത്തുവീഴുന്ന ഓർമ്മകൾ,
കറുത്തുതുടങ്ങുന്ന ചുണ്ടിലേക്ക്
ദാഹിച്ചസ്തമിക്കുന്ന പുകമറകൾ.
ഒരുന്മാദത്തിന്റെ സാരിത്തലപ്പുകൊണ്ട്
എന്റെ ശിരസ്സു മറച്ചിരിക്കുന്നു.
എത്രയോ വട്ടം നനഞ്ഞകണ്ണുകൾ
തുറന്നിരിക്കുന്നു.
ചേർത്തുപിടിക്കാൻ കൊതിക്കുമ്പോഴൊക്കെ
ചിരിയകലങ്ങൾ കൊണ്ട് തെന്നിമാറുന്നവർ
സ്വപ്നങ്ങളിൽ വന്നു പോകുന്നു.
അഴകില്ലാത്ത ഉടലുകളുടെ കിതപ്പ്
ചുമരുകൾക്കുള്ളിൽ ശ്വാസംമുട്ടി മരിക്കുന്നു...
കണ്ണാടിക്കു മുന്നിൽ നിന്ന്
എന്നിലേക്ക്‌ നടന്നു മടുത്ത ദൂരങ്ങൾ
ഇറങ്ങിയോടാൻ ഇടമില്ലാത്ത ഭ്രാന്തിയെപ്പോലെ
ഉള്ളിലിരുന്നു ചങ്ങല കിലുക്കുന്നു.
കൈ നീട്ടിയടുപ്പിക്കാത്ത പ്രേമം
കയ്ചുകൊണ്ട് തൊണ്ടയിൽ
ഞാനുപേക്ഷിക്കാതെ കുടുങ്ങിക്കിടക്കുന്നു.

പൊട്ടിച്ചിരിച്ചു കൊണ്ട്
ഒരു പെണ്ണുകൂടി
കുന്നിൻ മുകളിൽ നിന്ന്
മരുഭൂമിയിലേയ്ക്ക് ചാടുന്നു,
മരണത്തിന്റെ വരണ്ടമണം
താഴ്വരയിൽ കൊയ്തെടുക്കുന്നു,
കഥ തുടങ്ങുന്നു... ഒടുങ്ങുന്നു...

Monday, October 23, 2017

ചുറ്റും പാലപ്പൂക്കളുടെ പറഞ്ഞുവയ്ക്കാനാകാത്ത ഗന്ധം

നോക്കുന്നിടത്തൊക്കെ
പാലമരങ്ങളുണ്ടാവുക.
കവിൾ തുടിപ്പു കൊണ്ട്
പ്രണയത്തിന്റെ ഓർമ്മയെ
ഒറ്റിക്കൊടുക്കുന്നൊരു
രാത്രിയുണ്ടാവുക.
ഒരുനുള്ളു തണുപ്പിനെ പകുത്തുവച്ച്
പാതിരയിലിറങ്ങിപ്പോകുന്ന
പെണ്ണും ആണുമാവുക.
രാത്രി തളർന്നിരിക്കുന്ന മരച്ചോടുകളിൽ
അവളോളം കറുത്തുകൊണ്ട്
കണ്ണുകളിലെ പ്രേമമളക്കുക...


(പടം പിടിച്ചത്: സജിത് )

Sunday, October 1, 2017

മരിക്കാൻ തരുന്ന വായുവിനെ കുറിച്ചുതന്നെ.(സെപ്തംമ്പർ ലക്കം എഴുത്ത് മാസികയിൽ പ്രസിദ്ധീകരിച്ച കവിത)

ചാവുപുരകൾ വേലിക്കപ്പുറമാകുമ്പോൾ
കണ്ണ്, പുരയിടത്തിനുള്ളിൽ മതി.
നമുക്കിനി നമ്മളിട്ടിരിക്കുന്ന കുപ്പായം മാത്രം
അലക്കിത്തേച്ചു മിനുക്കിയാൽ മതി!

അധികാരത്തിന്റെ ചെങ്കോട്ടകളിലിരുന്ന്
ആഴമുള്ള മൗനങ്ങളും കൊറിച്ച്
അനുശോചനക്കുറിപ്പടികൾ മുറുകെപ്പിടിക്കുമ്പോൾ,
കൊന്നും തിന്നും തഴമ്പുപിടിച്ച ആയുധം
കസേരക്കുള്ളിൽ ഭദ്രമായിരിക്കട്ടെ.

കാവിക്കണക്കിൽ ശരീരങ്ങൾ പൊതിഞ്ഞ്,
ഇല്ല, ശരീരങ്ങളായിട്ടില്ല,
വിത്തുകൾ പൊതിഞ്ഞ്
ഭൂമിയില്ലാത്ത മക്കളെ
ജാതിയുള്ള മരണത്തിൽ കിടത്തിയുറക്കുക.

തട്ടിയുറക്കിയ കൈകൊണ്ട്
താങ്ങിയെടുക്കുമ്പോൾ,
തളർച്ച മാറ്റുവാൻ
ചാണകവെള്ളം തളിച്ചവരെ വിശുദ്ധരാക്കുക!

മരിച്ചും മരവിച്ചും
മനുഷ്യരായിമാത്രമിനിയും ചിലർ
കടത്തിണ്ണകളിലിരുപ്പുണ്ടെങ്കിൽ,
വയറു കീറിയും കഴുത്തു ഞെരിഞ്ഞും
'സ്വയംമരിച്ചവരുടെ' കഥകൾ പറ-
ഞ്ഞവരേയും നന്നായുറക്കിക്കിടത്തുക!

വിശന്നിരിക്കുന്നവരുടെ കീശയിൽ നോക്കിയും
ദാഹിക്കുന്നവരുടെ തൊണ്ടയിൽ
'താഴ്ന്നവരെന്നു' തുപ്പിയും
കുറച്ചുകൂടി കൊടികൾ
ആഴത്തിൽ നാട്ടുക,
ഇനിയും ശേഷിച്ചിട്ടുണ്ട്
അമ്പലവും പള്ളിയും…

വെളിച്ചമില്ലാത്ത വീടുകൾക്കുള്ളിലെ
കരഞ്ഞുതളർന്ന  മനുഷ്യരെക്കാണാതിരിക്കുക,
മുലപ്പാൽ വറ്റിയചുണ്ടുകളിലെ
ജീവന്റെ വിശപ്പു നീലിച്ചുതന്നെകിടക്കുട്ടെ.


പേരില്ലാത്ത മക്കളേ,
നമുക്കിനി നിശ്ശബ്ദരായിരുന്നാൽ മതി...
വകയില്ലാത്തവന്റെ വഴിക്ക്
വിളക്കുകാലുകളുമായി
നാൽക്കാലികളുടെ ജാഥ ഇപ്പോൾ വരും,
നവഭാരതത്തിന്റെ വെളിച്ചം
അവർ നമ്മുടെ ചിതകളിലേയ്ക്ക് പകരും,
ഇതാ, നമ്മൾ 'അച്ഛേദിന്നിലേയ്ക്കു' കുതിക്കുകയായി!

Wednesday, September 20, 2017

വേനലാണൊടുക്കം.

കലാകൗമുദിയിൽ പ്രസിദ്ധീകരിച്ച കവിത
നിനക്കറിയാമോ,
തണലുകളുടെ അവസാനം
തരിമ്പുപോലും ദയയില്ലാത്തൊരു
വേനലൊളിച്ചിരിപ്പുണ്ടെന്ന്?
നനഞ്ഞ മഴക്കും
ഓർമ്മകൾ പെയ്ത കടലിനുമിടയിൽ
നീയോ ഞാനോ മുങ്ങിമരിക്കുന്നെന്ന്?
തണുത്തുറഞ്ഞ റസ്സായികൾക്കപ്പുറവും
വിയർപ്പുമണമുള്ള കഥകൾ
വെയിലുകായുന്നുണ്ടെന്ന്?

ഉടൽകനക്കുന്ന ഋതുക്കളിൽ വിരുന്നെത്തുന്ന

കാവൽക്കാരാ,
വേനൽ നിനക്ക് ലഹരിയാകുന്നു.
ഞാൻ പോകുന്നു.
തുമ്പികൾ പറന്നു നടക്കുന്ന കുന്നിൻ

മുകളിൽ കാറ്റുകൊള്ളാൻ.
നീ വരയ്ക്കുന്ന അടയാളങ്ങളിലേയ്ക്ക്
ചുരുണ്ടുകൂടാൻ.
പനി പോലെ കുളിരാൻ.
മൃദുവായി ചുംബിക്കുന്ന ചുണ്ടുകളുടെ അരികുപറ്റി
ചിലവിശപ്പുകൾ വരുന്നുണ്ടെങ്കിലും
സ്നേഹത്തിന്റെ വിയർപ്പൂട്ടി നീയവയെ കെട്ടിയിടുന്നു.
അങ്ങനെ നിന്റെ തടവുകാർ
സ്നേഹം കൊണ്ടു സമ്പന്നർ!

ഹൃദയത്തിലേയ്ക്കുള്ള ഒതുക്കുകല്ലുകൾ,
പതിവുതെറ്റിവന്ന പച്ചപ്പായലുകൾ,
ആഴം കുറഞ്ഞൊരു കടൽ,
വേനൽ കനക്കുമ്പോൾ
നിനക്കോ എനിക്കോ വഴുതിവീഴാനിടമില്ലാതെ
നമ്മൾ, കടലും പായലും പോലെ വരണ്ടുപോകുന്നു.

നീലമഷി കൊണ്ടു വരച്ച കണ്ണുകളിലേയ്ക്ക്,
നിന്നോടുള്ള പ്രിയം ഞാൻ ഒളിച്ചുവച്ചിരിക്കുന്നു.
കാറ്റുകൊള്ളാൻ പുഴയിനിയും വരണ്ടും നിറഞ്ഞും
നിന്റെ നനവുതേടട്ടെ.
അപ്പൊഴും, എന്റെ മുഖം
നിന്റെ രാത്രിയുടെ നെഞ്ചിലേക്കു
ചായുന്ന നേരത്ത്,
സൂര്യനെ കാണാതെ ഒരു വേനൽ തിളയ്ക്കുന്നുണ്ട്,
എനിയ്ക്കുള്ളിൽ...

Tuesday, September 19, 2017

തത്വമസി.

( ചിത്രം ഇവിടെ നിന്ന് : https://in.pinterest.com/pin/672162313106803098/ )

നിന്റെ ഇരുട്ടുകാണാത്ത ആർക്കോ
ചൂട്ടുകത്തിച്ചു നീ,
വരമ്പത്തു കുത്തിയിരിക്കുന്നു.
ചാഞ്ഞുപോകുന്ന വെട്ടം
വഴിച്ചാലിലെ ചെളിയിൽ
നമ്മളൊന്നിച്ച് കുത്തിക്കെടുത്തുന്നു...

Thursday, September 7, 2017

#GauriLankesh

ഒളിച്ചിരിക്കുന്നവരേ,
ഞെരിഞ്ഞും ഞരങ്ങിയും
എന്നാൽ ഞെളിഞ്ഞും
സമരമരങ്ങൾ നട്ട മനുഷ്യരെ
എന്തെളുപ്പമാണല്ലേ വെടിവച്ചുകൊല്ലാൻ!
ദൂരെനിന്ന് കല്ലെറിയുന്ന ആയിരംപേർക്കു നടുവിൽ,
ആശയത്തിന്റെ തണലിലിരിക്കുന്ന അരപ്പേനയെ ഭയക്കുന്നവരേ,
'വെടി' ഒരൊച്ച മാത്രമാണ്...
വെടിഞ്ഞതെന്നു നിങ്ങൾ കരുതുന്ന ഒരുജീവൻ,
ഒരുകാടിനെ കരുതിയിരുന്നെന്ന്
തെരുവിൽ നിങ്ങൾ കാണും...
തുണിയുരിയുന്നവനു വേണ്ടി വാളെടുക്കുന്നവരോടല്ല,
തളച്ചിടപ്പെട്ടവർക്കുവേണ്ടി മഷിതുപ്പുന്ന കൈകളോടാവും
അവിടെ നിങ്ങൾക്ക് യുദ്ധം ചെയ്യേണ്ടിവരിക!


 ( ചിത്രം ഇവിടെ നിന്ന് : http://www.thehindu.com/news/national/gauri-lankesh-murder-similar-murders-different-investigations/article19631544.ece )

Tuesday, August 29, 2017

ചുമരുകളിലെ ചുവന്നകുന്നുകൾ.

വീഞ്ഞുകരുതിവച്ചിരിക്കുന്ന
മുന്തിരിവള്ളികളുടെ അറ്റത്തേയ്ക്കു
പടർന്നുകയറാനൊരു പുളിമരം
നാവിലെ പുളിപ്പുകരുതുന്നു.

സ്നേഹത്തിന്റെ ഉപ്പുവീണ ചുമരിൽ
മാറാലയും ചിലന്തിയും പോലെ കാലം
കടലാസ്സുപൂക്കളുടെ കാടൊരുക്കുന്നു.

ചില കാട്ടുറവകൾ
രാത്രിമഴയുടെ കവിളോളം ചെന്ന്,
കുന്നിറങ്ങാത്ത ദുഃഖത്തിന്റെ
കരിയിലപ്പൊതികളായ്
മടങ്ങിപ്പോരുന്നു.

തുളുമ്പാത്ത ദാഹങ്ങൾ
ചുമരുംചാരി
ഓർമ്മകളുടെ പഴയകുപ്പായം
പൊടിപിടിച്ചൊരു മൂലയ്ക്കിട്ടു തീകായുന്നു!


 (ചിത്രം ഇവിടെ നിന്ന് : https://in.pinterest.com/pin/535717318152771083/ )

Sunday, August 27, 2017

ചിതറുമ്പോൾ മാത്രം.

മോഹമഴകളുടെ ഒടുവിൽ
നാമെഴുതിവയ്ക്കുന്ന കടലാസിനുമീതേ
കാലമൊരു കല്ലുവയ്ക്കുന്നു,
വേനലുടുത്തുകരിഞ്ഞൊരടിവയറ്റിൽ ചിലരപ്പൊഴും
കടൽവെള്ളംകൊണ്ടു മുറിവുണക്കുന്നു.


  (ചിത്രം ഇവിടെ നിന്ന്  : https://in.pinterest.com/pin/537687642984527583/ )

Saturday, August 26, 2017

വിളവിടങ്ങൾ.

പെണ്ണൊരു നിഴലിൽ
ആകാശത്തിന്റെ ചതുരം മുറിച്ച്
വഴിവക്കിൽ വിരിച്ചും
മുല കൊടുത്തും
ഭൂമിയിൽ സ്നേഹം നടുന്നു,
നനവിന്റെ ചെളികുഴക്കുന്നു.
ചതഞ്ഞും മുഷിഞ്ഞും
ചിലപ്പോൾ ചുംബിക്കപ്പെട്ടും
ഭൂമി തേടുന്നവർ,
അവളുടെ വേരിൽ
വീണ്ടും വീണ്ടും
മരമാകുന്നു,
മഴയാകുന്നു,
അങ്ങനെ നാം പരിവർത്തനം ചെയ്യപ്പെടുന്നു...

(ചിത്രം ഇവിടെ നിന്ന് : https://in.pinterest.com/pin/354588170635584835/ )

Wednesday, August 2, 2017

പ്രണയഗീതത്തിന്റെ ഒന്നാം വരി

അലസമായ നോട്ടങ്ങൾ കൊണ്ട്
ഹൃദയത്തിലേയ്ക്കു കയറിവരിക,
തണുത്ത വിരലുകളാൽ
നരവീണ മരത്തിലൊരു വസന്തം നടുക.


മൊത്തിമധുരിച്ച തെച്ചിപ്പഴങ്ങളി-
ലുമ്മവച്ചിരിക്കുന്ന ഓർമ്മകളുടുത്ത്,
ഋതുമതിയായ ചക്രവാളത്തിൽ
ശലഭങ്ങളായിനി നമ്മൾ അസ്തമിക്കുക.


കയർത്തും കലമ്പിയും
പ്രണയംവിയർക്കുന്ന നേരത്തുമാത്രം
വെയിലുകളുരിഞ്ഞു നടക്കാനിറങ്ങുക.


കരയെവരച്ച കടലാഴം നോക്കി,
ലഹരിയോടെ മാത്രം
സ്നേഹത്തെക്കുറിച്ചു മിണ്ടുക.


ഒഴിച്ചുവയ്ക്കുമ്പോളുറഞ്ഞുപോകുന്ന
വാക്കുകളെടുത്ത്,
വേലിക്കമ്പിലെ കോളാമ്പിച്ചെടികൾക്കു
ജീവൻകൊടുക്കുക.


പേരില്ലാത്ത നിറചിരികൾ കൊണ്ട്
മണ്ണുനനയ്ക്കാനൊരു മഴപെയ്യിക്കുക.
കളയും കാടും നനഞ്ഞൊടുവിൽ
അവനവനിൽ തളർന്നിരിക്കുമ്പോൾ,
താളംപിടിക്കുന്ന രാത്രികളെ-

ക്കൊരുത്തങ്ങോട്ടുമിങ്ങോട്ടും ഹാരങ്ങളാവുക.

സ്നേഹംവരിഞ്ഞുകെട്ടിയ ദിവസങ്ങളെ ചുമലേറ്റി
ഉച്ചയുറക്കത്തിലേയ്ക്കു പലായനം ചെയ്യുമ്പോൾ,
ഒരുവരിയുമെഴുതാത്ത നെഞ്ചിലൊട്ടിച്ചേർ-
ന്നത്രമാത്രം നമ്മൾ വെളിപ്പെട്ടിരിക്കുന്നു! (ചിത്രം ഇവിടെ നിന്ന് : https://in.pinterest.com/pin/396527942167371868/ )

Thursday, June 15, 2017

#IntheShadeofFallenChinar

ഉണങ്ങിവീണ മരങ്ങളുടെ ചില്ലയിൽ
മഷിതേച്ച മുഖങ്ങൾ കൊണ്ട്,
മറന്നുപോകാത്തൊരു വികാരമെഴുതിവയ്ക്കുക.

കോറിയും കരണ്ടും
സ്വാതന്ത്ര്യം കെടുമ്പോൾ,
വരച്ച വിരലുകളിൽ നോക്കിയും
തോളിലെ സംഗീതംകൊണ്ടു മനുഷ്യരെക്കണ്ടും,
ചുവന്ന ഇലകളുടെ തണലിലുറങ്ങുന്ന
ഖബറുകളിൽ ചുംബിച്ചും,
ചിന്തിക്കുന്ന മനുഷ്യരായ്
താഴ്വരയിൽ
ഒറ്റക്കൂടാരങ്ങൾ തീർക്കുക.

വായ കെട്ടിയും
വിരലുമുറിച്ചും
'ചിലരായി മാത്രം' നിങ്ങളെ കാണുമ്പോൾ,
മുറിഞ്ഞതുകൊണ്ടു വരച്ചും
കെട്ടിയടച്ചതുകൊണ്ടു പാടിയും
'പലരായി' നിങ്ങൾ
സ്വാതന്ത്ര്യമെഴുതുക...

Tuesday, June 6, 2017

#മാധവിക്കുട്ടി

ഉരുവങ്ങളുടെ ഇടയിലേയ്ക്ക്
നീയിന്നുമൊഴുകാറുണ്ടോ?
തളർന്നതെങ്കിലും
തിളക്കമുള്ള കണ്ണുകളിലേയ്ക്ക്
അമർത്തിച്ചുംബിക്കുന്നൊരോർമ്മ പോലെ
തുളുമ്പാതെ നിൽക്കുന്നൊരുമഴയുണ്ട്
നീ വിളമ്പിത്തന്ന ഓരോ അത്താഴത്തിലും...

Monday, May 8, 2017

മറഞ്ഞിരിപ്പുണ്ട് ചിലകട്ടുറുമ്പുകൾ.

മഞ്ഞുവീഴുന്നത്
മരവിച്ചൊരൊറ്റയടിപ്പാതയിലെ
ഇനിയും മധുരം വിളമ്പുന്ന
നിന്റെ കണ്ണുകളിലൂടെയാകുമ്പോൾ,
മഴയാകാതെ എന്റെ ഓർമ്മകൾ
മടങ്ങിപ്പോകുവതെങ്ങിനെ?
ഹൃദയം വറ്റിപ്പോകുന്ന

ചില വെയിലനക്കങ്ങളിൽ
നാമിനിയും ബന്ധിക്കപ്പെട്ടിരിക്കുമ്പോൾ,

മരച്ചുവടുകൾ
മറവിയുടുത്ത ചെമ്പകങ്ങൾ കൊണ്ട് നിറയുമ്പോൾ,
ആകാശത്തുനോക്കി കരഞ്ഞുകൊണ്ടു
നമുക്കൊരു കടലുണ്ടാക്കണം,
പറഞ്ഞുതീരാത്ത രാത്രികളുടെ
മധുരമുള്ള മുറിവുകൾ കൊണ്ടുപായകെട്ടിയൊരു

വഞ്ചിയുണ്ടാക്കണം,
തുഴഞ്ഞുപോകുന്ന ഹൃദയത്തിന്റെ ആഴത്തിലേക്ക്
മറിഞ്ഞുവീഴാനൊരു മഴക്കാലമെങ്കിലും കരുതിവച്ച്,
മറഞ്ഞിരിപ്പുണ്ട് ചിലകട്ടുറുമ്പുകൾ.
വെറുതേ മൗനത്തിലേക്കു തറച്ചുവച്ച്
ഓർമ്മകളുടെ മധുരംകൊണ്ടുകടിക്കുന്ന
ചിലകട്ടുറുമ്പുകൾ.
അവരിപ്പൊഴും എനിക്കുള്ളിൽ
നിന്റെ കാടൊരുക്കുന്നുണ്ട്,
വെയിൽകിതപ്പുകളെ പുതച്ചുകൊണ്ട്
ആകാശംനോക്കാതെ ഞാനിന്നും
നിന്റെ വേരുകളിലേയ്ക്ക്
എന്നെപ്പറിച്ചു നടുന്നു,
നാമിരുപേർ ചേർന്ന്
ഒരുകാടാകുന്നു.
ചുണ്ടുകൾ കൊണ്ട് പൂവിറുത്ത്
ഓരോകിളിയും
നമ്മുടെ നിശബ്ദതയിലേയ്ക്ക്
സ്നേഹത്തിന്റെ എരിവുപകുത്തുവയ്ക്കുന്നു.

(ചിത്രം ഇവിടെ നിന്ന് : http://familyfriendseverythingyouneed.blogspot.in/2013/02/abstract-paintings.html)

Sunday, February 5, 2017

ഒരില നനയുന്നത്.

അകലം മരണമാകുന്നതെങ്ങനെ
ഓർമ്മകളിങ്ങനെ

നിന്റെ ചായ്‌പ്പിൽ
ചുരുണ്ടുകൂടുമ്പോൾ?

വിരലകലങ്ങൾ വഴിയിലുപേക്ഷിച്ച നിറങ്ങൾ
ഹൃദയത്തിലിരുന്നു നിന്നെ വരക്കുമ്പോഴാവണം

സ്നേഹം പനിപോലെയാകുന്നത്,
മഞ്ഞുപൊള്ളിച്ച മരച്ചില്ലയിൽ
മൗനംകൊണ്ടൊരു പക്ഷി ചിലയ്ക്കുന്നത്,
ഞാനുന്മാദിയുടെ പുതപ്പുരിയുന്നത്,
നിറകണ്ണുകൾകൊണ്ടാകാശമതിന്റെ
ചെമ്പരത്തിത്തോപ്പുകൾ നനയ്ക്കുന്നത്,
കലങ്ങിയ കവിത പോലെ യൗവ്വനം
വെള്ളികെട്ടിയെന്റെ മുടിയിഴയിലൂടെ
നിന്നെത്തേടിയിറങ്ങുന്നത്,
പാതി നിറഞ്ഞ കണ്ണുകൾക്കുള്ളിൽ
പെയ്തുതോരാതെ
ഒരില നനയുന്നത്,
മഴത്തണുപ്പുംമുത്തി പിന്നെയും ചുണ്ടുകൾ
സ്നേഹം സ്നേഹമെന്നാർത്തു കയർക്കുന്നത്,
ആകാശം നീലിക്കുന്നതിനു മുൻപുള്ള
ആ നിമിഷത്തിൽ,
അപ്പോൾ മാത്രമാവണം
നിറങ്ങളില്ലാത്ത ചില സ്വർഗ്ഗങ്ങളിൽ
വസന്തം വരുന്നതും!

 
 (ചിത്രം ഇവിടെ നിന്ന് : https://www.pinterest.com/pin/22095854397044436/ )